ഭൂനിരപ്പിന്റെ വിത്യാസങ്ങളനുസരിച്ച് പറമ്പുകളെ എട്ട് വിത്യസ്ത രീതികളിലും പേരുകളിലുമായി തരംതിരിച്ചിരിക്കുന്നു. അവയില്‍ ഗൃഹം പണിതു പാര്‍ത്താല്‍ വിവിധ ഫലങ്ങളെ ഉളവാക്കുന്നതാണ്.
1. ഗോവീഥി :- കിഴക്ക് ദിക്ക് താഴ്ന്ന് പടിഞ്ഞാറ് ദിക്ക് ഉയര്‍ന്ന ഭൂമിയെ ഗോവീഥി എന്ന് പറയും. ഇവിടെ ഗൃഹം പണിതു പാര്‍ത്താല്‍ അഞ്ഞൂറ് വര്‍ഷക്കാലം അഭിവൃദ്ധിയുണ്ടാകുന്നതാണ്.
2. ജലവീഥി :- കിഴക്ക്ദിക്ക് ഉയര്‍ന്ന് പടിഞ്ഞാറ് ദിക്ക് താഴ്ന്ന ഭൂമിയെ ജലവീഥി. ഇവിടെ വീട് പണിത് താമസിച്ചാല്‍ കേവലം പത്ത് വര്‍ഷക്കാലത്തെ അഭിവൃദ്ധിയേ ലഭിക്കു. ദാരിദ്ര്യം, പുത്രനാശം, വിപത്തുകള്‍ മുതലായവയായിരിക്കും പിന്നീടുള്ള ഫലങ്ങള്‍.
3. അഗ്നിവീഥി :- തെക്ക് കിഴക്ക് ദിക്കിനെ അഗ്നികോണ്‍ എന്നും വടക്ക് പടിഞ്ഞാറ് ദിക്കിനെ വായു കോണ്‍ എന്നും പറയും. അഗ്നികോണ്‍ താഴ്ന്ന് വായുകോണ്‍ ഉയര്‍ന്നഭൂമിയെ അഗ്നിവീഥി എന്ന് പറയും. ഈ സ്വഭാവത്തിലുള്ള ഭൂമിയില്‍ ഗൃഹം പണിത് പാര്‍ത്താല്‍ പന്ത്രണ്ട് വര്‍ഷക്കാലത്തേക്ക് മാത്രമേ ഐശ്വര്യം ലഭിക്കുകയുള്ളൂ. ദാരിദ്രവും അഗ്നിബാധയുമായിരിക്കും മറ്റ് ഫലങ്ങള്‍.
4. കാലവീഥി :- തെക്ക് ദിക്ക് താഴ്ന്ന് വടക്ക് ദിക്ക് ഉയര്‍ന്ന ഭൂമിയെ അന്തകവീഥി അഥവാ കാലവീഥി എന്ന് വിളിക്കും. കേവലം മൂന്ന് വര്‍ഷത്തേക്ക് മാത്രം സമാധാനവും സുഖവും നല്‍കുന്ന ഇത്തരം ഭൂമിയില്‍ പാര്‍ത്താല്‍, ഭാവിയില്‍ അപമൃത്യു, ധനനഷ്ടം എന്നീ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതാണ്.
5. ഗജവീഥി :- തെക്ക് ദിക്ക് ഉയര്‍ന്ന് വടക്ക് ദിക്ക് താഴ്ന്ന ഭൂമിയാണ് ഗജവീഥി. ഗജവീഥിയില്‍ വീട് പണിതു പാര്‍ത്താല്‍ നൂറ് വര്‍ഷക്കാലത്തേയ്ക്ക് അഭിവൃദ്ധിയുണ്ടാകുന്നതാണ്.
6. ഭൂതവീഥി :- തെക്കുപടിഞ്ഞാറ് ദിക്കിനെ നിറുതികോണ്‍ എന്നും വടക്ക് കിഴക്ക് ദിക്കിനെ ഈശകോണ്‍ എന്നും പറയുന്നു. നിറുതികോണ്‍ താഴ്ന്ന് ഈശകോണ്‍ ഉയര്‍ന്ന ഭൂമിയാണ് ഭൂതവീഥി. ഈ ഭൂമിയില്‍ വീട് പണിത് പാര്‍ത്താല്‍ കേവലം ആറ് വര്‍ഷക്കാലത്തേക്ക് മാത്രമേ സുഖവും സമാധാനവും ലഭിക്കുകയുള്ളൂ. അനന്തരം കഷ്ടതയായിരിക്കും.
7. ധാന്യവീഥി :- നിറുതികോണ്‍ ഉയര്‍ന്ന് ഈശകോണ്‍ താഴ്ന്ന ഭൂമി ധാന്യവീഥി എന്ന് പറയുന്നു. ധാന്യവീഥിയിലെ വാസം ആയിരം വര്‍ഷക്കാലത്തേയ്ക്ക് അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു.
8. സര്‍പ്പവീഥി :- വായുകോണ്‍ താഴ്ന്ന് അഗ്നികോണ്‍ ഉയര്‍ന്ന ഭൂമിയെ സര്‍പ്പവീഥി എന്ന് വിളിക്കും. സര്‍പ്പവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച് പാര്‍ത്താല്‍ സന്താനനാശമായിരിക്കും ഫലം.