വിശിഷ്ടവസ്തുക്കളൊന്നും തന്നെ കാലടികൊണ്ട് തൊടരുത്. കവച്ചു കടക്കുകയുമരുത്. അമ്പലത്തില്‍ പെരുമാറുമ്പോള്‍ ഈ വിഷയത്തില്‍ സത്വരശ്രദ്ധ എപ്പോഴും എല്ലാവര്‍ക്കും വേണം. തിരുമുറ്റത്തിനകത്തും പുറത്തുമുണ്ട് അനേകം ബലിപീടങ്ങള്‍ അഥവാ ബലിക്കല്ലുകള്‍. മന്ത്രപൂര്‍വം പ്രതിഷ്ഠയുടെ ക്രിയകള്‍ ചെയ്തിട്ടുള്ള ദേവതാസ്ഥാനങ്ങളാണവ എന്നോര്‍ക്കുക. ശ്രദ്ധിക്കാതെ നടന്നാല്‍ കാലടി ബലിക്കല്ലില്‍ തട്ടാം.ക്ഷേത്രത്തില്‍ രക്തസ്രാവം സംഭവിച്ചാല്‍ പുണ്യാഹവിഷയമുണ്ടെന്ന വസ്തുത മറക്കരുത്. മുറിവ് പറ്റുന്നത് ഒന്നുകൊണ്ടും നല്ലതുമല്ല. അപ്പോള്‍ നല്ലവണ്ണം മനസ്സിരുത്തുകതന്നെ വേണം. ഇനി അഥവാ കാലുതട്ടിപോയി എന്നുതന്നെയിരിക്കട്ടെ ആ കൈ മൂര്‍ദ്ധാവില്‍ തൊടുകയും വേണം. തിരക്കുണ്ടാകുമ്പോള്‍ മറ്റുള്ളവരുടെമേല്‍ നമ്മുടെ കാല്‍ തൊട്ടുപോകാനുമിടയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ഉടനെ, "ശിവ ശിവ" എന്നോ, "ഹരി ഹരി" എന്നോ തുഷ്ണിയായിട്ടു ജപിച്ച് (മറ്റുള്ളവര്‍ കേള്‍ക്കാനിടവരാത്തവിധം പതുക്കെ എന്നാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. "ഉപാംശു" എന്നാണ് ഈ ഉച്ചാരണസമ്പ്രദായത്തിന്റെ ശരിയായ സംജ്ഞ. ചുണ്ടനങ്ങണം; ശബ്ദം തൊട്ടടുത്തുള്ള ഒരാള്‍ കേട്ടാലും അസ്തു; മൂന്നാമതൊരാള്‍ കേള്‍ക്കാനിടവരരുത്) ആ വ്യക്തിയെ തോട്ടുതലയില്‍ വയ്ക്കണം.
അമ്പലത്തിന്റെ നാലമ്പലത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഉമ്മറപ്പടി തൊട്ടു തലയില്‍ വയ്ക്കുന്നത് നല്ലതുതന്നെ.