മന്ത്രം എന്നാൽ എന്ത്?

ആവർത്തിച്ചാവർത്തിച്ചുള്ള ചിന്തനം കൊണ്ടും മനനം കൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നൽകുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്ന് പറയുന്നു. മാനനാത് മന്ത്രഃ എന്ന് യാസ്കമഹർഷി നൽകിയ  വ്യുത്പത്തി. മത്രി രഹസ്യഭാഷണേ എന്ന ധാതുവിൽ നിന്നും മന്ത്രശബ്ദത്തിന്റെ നിഷ്പത്തി പറയാം. ഇപ്പോൾ രഹസ്യമായി പറയുന്നത് മന്ത്രം എന്ന് അർത്ഥം കിട്ടുന്നു. മന്ത്രത്തിന്റെ മറ്റൊരു നിർവചനം നോക്കുക.

മനനം വിശ്വവിജ്ഞാനം ത്രാണം സംസാരബന്ധനാത്
യതഃ കരുതി സംസിദ്ധിം മന്ത്ര ഇത്യുച്യതേ തതഃ

സാരം :-

ലൗകിക ബന്ധനങ്ങളിൽ നിന്ന് മുക്തി നൽകുകയും, ചിന്തിക്കുന്നതുകൊണ്ട് ലോകത്തിനെപ്പറ്റിയുള്ള അറിവു നൽകുകയും, സംസാരബന്ധനത്തിൽനിന്നും മോചനം നൽകുകയും എല്ലാത്തരം സിദ്ധികളേയും നൽകുന്നത് മന്ത്രം. 

ശിവൻ പർവ്വതിക്ക് മന്ത്രത്തിനെപ്പറ്റിയുള്ള വിവരണം നൽകുന്നത് ഇപ്രകാരമാണ്.

മനനാത് ത്രാണനാച്ചൈവദ്രൂപസ്യൈവ ബോധനാത്
മന്ത്ര ഇത്യുച്യതേ സമ്യക്മദധിഷ്ഠാനതഃ പ്രിയേ

സാരം :-

പ്രിയപ്പെട്ട പാർവ്വതി, മനനം കൊണ്ടും ത്രാണനം കൊണ്ടും എന്റെ സ്വരൂപത്തെത്തന്നെ ബോധിപ്പിക്കുന്നതും, എന്നെത്തന്നെ ആശ്രയിച്ചിരിക്കുന്നതുമായതിനെ മന്ത്രം എന്ന് പറയുന്നു. ശ്രീ പരമേശ്വരൻ ശ്രീ പാർവ്വതിക്കുപദേശിക്കുന്നത്.

ലളിതാസഹസ്രനാമഭാഷ്യത്തിലും ആചാര്യൻ മന്ത്രത്തെ നിർവചിച്ചിരിക്കുന്നത് നോക്കുക. ഗവേഷണം കൊണ്ട് ആത്മാവിനെ ഉത്തേജിപ്പിക്കുന്നതും, ലോകത്തിനെ ഉന്നതിയിലേക്ക് നയിക്കാൻ കഴിവുള്ളതുമാണ് മന്ത്രം. ഗുരു നൽകുന്ന രഹസ്യ ഉപദേശത്തേയും മന്ത്രം എന്ന് പറയാം. ചുരുക്കിപ്പറഞ്ഞാൽ മന്ത്രം ദേവതാ സ്വരൂപമാണ്.

മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. മന്ത്രദ്രഷ്ടാക്കളായ ഋഷികൾ നിരന്തരസാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യ ദേവതാ ശക്തിയെ ബീജാക്ഷരങ്ങളിൽ കൂടി മന്ത്ര രൂപം നൽകി, ലോകോപകാരത്തിനുവേണ്ടി ഉപദേശിച്ചിട്ടുള്ളവയാണ് മന്ത്രങ്ങൾ. 

ഒരു ചത്രത്തിൽ നിറംകൊണ്ട് ദേവതയുടെ രൂപത്തെ ചിത്രകാരൻ പ്രത്യക്ഷപ്പെടുത്തുന്നതുപോലെ തന്നെയാണ് നാദം അഥവാ ധ്വനിയിൽ കൂടി മന്ത്രദ്രഷ്ടാക്കൾ ദേവതാ രൂപത്തെ ആലേഖനം ചെയ്തിരിക്കുന്നത്. രണ്ടിലും മാധ്യമത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളു. ഒന്നിൽ നിറം മാധ്യമമാകുമ്പോൾ മറ്റൊന്നിൽ ധ്വനി മാധ്യമമാകുന്നു. 

ഒരു സാധകൻ ലൗകിക ചിന്തയെല്ലാം ഉപേക്ഷിച്ച് യമനിയമാസനപ്രാണായാമപ്രത്യാഹാരധാരണാധ്യാന സമാധികളാകുന്ന അഷ്ടാംഗയോഗമനുസരിച്ച് സാധന ചെയ്ത് മന്ത്രസിദ്ധി വരുത്തുമ്പോൾ അയാൾക്കും മന്ത്രദ്രഷ്ടാക്കൾ ദർശിച്ച അതേ ദേവതാ രൂപം തന്നെ അനുഭവഗോചരമാകും. ഇത്തരത്തിൽ മന്ത്രമെന്നു പറയുന്നത് മന്ത്രസിദ്ധി വരുത്തിയവർക്ക് മാത്രം ദർശിക്കാൻ കഴിയുന്ന, ദേവതയുടെ ധ്വന്യാത്മക രൂപമാണ്. ഒരു നിശ്ചിതലയം ആരോഹാവരോഹങ്ങൾ, ഇവയോടുകൂടി യോഗശാസ്ത്രം നിർദ്ദേശിക്കുന്ന ക്രമമനുസരിച്ച് (യമനിയമപ്രാണായാമപ്രത്യാഹാരധാരണാധ്യാനസമാധികൾ) ഉത്തമനായ ഗുരുവിന്റെ മേൽനോട്ടത്തിൽ നിശ്ചിത മന്ത്രസംഖ്യ ആവർത്തിച്ചുകഴിയുമ്പോൾ സാധകന് സിദ്ധി വരുകയും മന്ത്രത്തിൽ ദേവതാരുപം ദൃശ്യമാകുകയും ചെയ്യുന്നു എന്ന് മന്ത്രശാസ്ത്രം അനുശാസിക്കുന്നു.