ഗുരുവിന് പ്രത്യേകം വേഷവിധാനങ്ങൾ ആവശ്യമുണ്ടോ? കാവി വസ്ത്രം ധരിക്കാമോ?

കൗളസമ്പ്രദായത്തിൽ ഗുരുവിന് പ്രത്യേക വേഷവിധാനങ്ങൾ ഒന്നും ഇല്ല. മാന്യമായ ഏത് വേഷവും ധരിക്കാം. എന്നാൽ മറ്റുള്ളർക്ക് തിരിച്ചറിയാൻവേണ്ടി പാരമ്പര്യരീതിയിലുള്ള വേഷവിധാനങ്ങൾ ധരിക്കാവുന്നതാണ്. കൗളൻ കാവിവേഷം ധരിക്കുന്നത് വേദാന്ത സംന്യാസത്തെ അനുകരിക്കലാണ്. കൗളന് അതിന്റെ ആവശ്യമില്ല. കൗളന്റെ ഈ അനുകരണഭ്രമം തന്നിലുള്ള അധമത്വബോധത്തെ സ്ഫുരിപ്പിക്കുന്നതാകുന്നു. ഇത് വേദാന്ത സംന്യാസിമാരെ വഞ്ചിക്കുന്ന തരത്തിലുമാകുന്നു. സാധനയുടെ ഏറ്റവും ഉയർന്ന സോപാനത്തിൽ വിരാജിക്കുന്ന കൗളസാധകന്മാർ ഇത്തരം അധമബോധം കൈവരിക്കേണ്ടതില്ല. അതാണ് സുസ്ഥിര ആശയം എന്ന പദംകൊണ്ട് നേരത്തെ വിവക്ഷിച്ചിട്ടുള്ളത്. സംന്യാസിയ്ക്ക് രുദ്രാക്ഷമാല മാത്രമേ ധരിക്കാൻ പാടുള്ളുവെങ്കിൽ കൗളന് രുദ്രാക്ഷവും, രത്‌നവും, സ്വർണ്ണവും എല്ലാം ധരിയ്ക്കാം.