ഒരു ഗുരുവിനെ സ്വീകരിച്ച് പിന്നീട് അദ്ദേഹം അനഭിമതനാണെന്ന് തോന്നിയാൽ മറ്റൊരാളെ ഗുരുവായി സ്വീകരിക്കാമോ?

സാധാരണയായി പരശിഷ്യന്മാരെ ഒരു ഗുരുവും സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു. എന്നാൽ ഗുരു പൂർണ്ണദീക്ഷ നൽകുന്നതിന് മുമ്പ് മരണപ്പെട്ടാൽ ശിഷ്യന് മറ്റൊരു ഗുരുവിനെ സ്വീകരിക്കാവുന്നതാണ്. അതേപോലെ ഗുരു പരിമിതപ്രജ്ഞനാണെന്ന് ബോധ്യപ്പെട്ടാൽ ആദ്യഗുരുവിന്റെ അനുജ്ഞയോടെ മറ്റൊരു ഗുരുവിനെ സ്വീകരിക്കാവുന്നതാണ്. രണ്ടുമൂന്നു പ്രാവശ്യം അനുജ്ഞ ചോദിച്ചിട്ടും ഗുരു സ്വാർത്ഥതകൊണ്ട് അനുവദിച്ചില്ലെങ്കിൽ ശിഷ്യന് സ്വമേധയാ പൂർണ്ണപ്രജ്ഞനായ ഗുരുവിനെ സ്വീകരിക്കുന്നതിൽ തെറ്റില്ല. തേൻ ആഗ്രഹിച്ച വണ്ട് ഒരു പുഷ്പത്തിൽ നിന്നും മറ്റൊരു പുഷ്പത്തിലേയ്ക്ക് പോകുന്നതുപോലെ ജ്ഞാനാർത്ഥിയായ ശിഷ്യന് മറ്റൊരു ഗുരുവിനെ സ്വീകരിക്കാവുന്നതാണ്.