ഗുരു ശബ്ദത്തിന്റെ നിർവ്വചനം എന്ത്?

ഗുരുശബ്ദത്തിന്റെ നിർവ്വചനം കുളാർണ്ണവതന്ത്രത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 'ഗു' ശബ്ദം അന്ധകാരത്തെയും 'രു' ശബ്ദം അതിന്റെ നിരോധനത്തെയും സൂചിപ്പിക്കുന്നു. അതിനാൽ അജ്ഞാനാന്ധകാരത്തെ നിരോധിച്ച് ജ്ഞാനപ്രകാശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തുകൊണ്ടെയിരിക്കുന്നത്. മൂന്ന് കണ്ണുകളില്ലാത്ത ശിവനും നാലുകൈകളില്ലാത്ത വിഷ്ണുവും, നാല് മുഖങ്ങളില്ലാത്ത ബ്രഹ്‌മാവും തന്നെയാണ് ഗുരു എന്ന് അറിഞ്ഞുകൊള്ളണം. ശ്രീഗുരുവിൽ ത്രിമൂർത്തി തത്വങ്ങൾ ഇഴുകിച്ചേർന്നിരിക്കുന്നു എന്നർത്ഥം. സകലദേവതാമയനാണ് ശ്രീഗുരു. നെറ്റിയിലെ കണ്ണും ചന്ദ്രക്കലയും മറച്ചുവെച്ചുകൊണ്ട് സാക്ഷാൽ പരമശിവൻ തന്നെ നല്ല ശിഷ്യന്മാരെ അനുഗ്രഹിക്കാൻ വേണ്ടി രഹസ്യമായി ഗുരുരൂപത്തിൽ വിഹരിക്കുന്നു എന്ന് പറയപ്പെടുന്നു. ശിഷ്യന്മാർ ഗുരുവിനെ ഈ തരത്തിൽ സങ്കല്പിക്കേണ്ടതാണ്.