ലഗ്നഭാവഫലം

ലഗ്നേശേ കേന്ദ്രത്രികോണ സ്ഫുടകരനികരേ
സ്വോച്ചഭേ വാ സ്വഭേ വാ
കേന്ദ്ര ദന്യത്ര സംസ്ഥേ നിധനഭവനപേ
സൗമ്യയുക്തേ വിലഗ്നേ
ദീർഘായുസ്സദ്ധനാഢ്യോ മഹിതഗുണയുതോ
ഭ്രമിപാലപ്രശസ്തോ
ലക്ഷ്മീവാൻ സുന്ദരാംഗോ ദൃഢതനുരഭയോ
ധാർമ്മികസ്സൽകുടുംബീ.

സാരം :-

ലഗ്നാധിപനായ ഗ്രഹം മൗഢ്യാദിദോഷങ്ങൾകൂടാതെയും രശ്മിബലമുള്ളവനായും കേന്ദ്രത്രികോണഭാവങ്ങളിൽ ഉച്ചം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നീ ഇഷ്ടരാശികളിൽ നിൽക്കുകയും എട്ടാം ഭാവാധിപതിയായ ഗ്രഹത്തിന് കേന്ദ്രമൊഴിച്ചുള്ള ഭാവങ്ങളിലെ സ്ഥിതിവരികയും ലഗ്നത്തിൽ ശുഭഗ്രഹമുണ്ടായിരിക്കുകയും ചെയ്‌താൽ ദീർഘായുസ്സും ധനാഭിവൃദ്ധിയും അനേക സദ്‌ഗുണങ്ങളും, രാജമാന്യതയും സമ്പത്തും സൗന്ദര്യവും ആരോഗ്യദൃഢഗാത്രതയും നിർഭയത്വവും ധർമ്മിഷ്ഠത്വവും സൽകുടുംബാഭിവൃദ്ധിയും ഉള്ളവനയും ഭവിക്കും.

വിഖ്യാതഃ കിരണോജ്വലേ തനുപതൌ
സുസ്ഥേ സുഖീവർദ്ധനോ
ദുസ്ഥേ ദുഃഖയുതശ്ച നീചഭവനേ
വാസോ നികൃഷ്ടസ്ഥലേ
സ്വസ്ഥോ ജീവതി ശക്തിമത്യുഭയഭേ
വർദ്ധിഷ്ണുരൂർജ്ജസ്വലോ
നിശ്ശക്തോ നിഹതോƒസുഹൃത്ഭിരസകൃൽ
ഖിന്നോ ഭവേദാതുരഃ

സാരം :-

ലഗ്നാധിപനായ ഗ്രഹം രശ്മിസഹിതനായി  ദുഃസ്ഥാനമൊഴിച്ചുള്ള ഭാവത്തിൽ നിൽക്കുന്നു എങ്കിൽ ജാതകൻ സുഖവും അഭ്യുദയവും ഉള്ളവനായി ഭവിക്കും. 

ലഗ്നാധിപനായ ഗ്രഹം ദുഃസ്ഥാനങ്ങളിൽ നിന്നാൽ ദുഃഖിയായും ഭവിക്കും.

ലഗ്നാധിപനായ ഗ്രഹം നീചത്തിൽ നിന്നാൽ നികൃഷ്ടസ്ഥലത്തു താമസിക്കുന്നവനായും ഭവിക്കും.

ലഗ്നാധിപനായ ഗ്രഹം ബലവാനായി ഉഭയരാശിയിൽ നിന്നാൽ സ്വാസ്ഥ്യവും അഭിവൃദ്ധിയും ഊർജ്ജിതവും ഉള്ളവനായും ഭവിക്കും.

ലഗ്നാധിപനായ ഗ്രഹം ബലഹീനനും ദുഃസ്ഥനും ആയി നിന്നാൽ ശത്രുപീഡയും ദുഃഖവും രോഗവും ക്ലേശവും നിരന്തരവും അനുഭവിക്കുന്നവനായും ഭവിക്കും.