ചുഴി, കാക്കപ്പുള്ളി, അരിമ്പാറ, അവയവവിഭാഗങ്ങളുടെ രോഗാദ്യുപദ്രവങ്ങൾ

കംദൃക്ച്ഛോത്രനസാകപോലഹനവോ വക്ത്രഞ്ച ഹോരാദയ-
സ്തേ കണ്ഠാംസകബാഹുപാർശ്വഹൃദയക്രോഡാനി നാഭിസ്തഥാ
വസ്തിഃശിശ്നഗുദേ, തതശ്ച വൃഷണാ വൂരൂ തതോ ജാനുനീ
ജംഘേംƒഘ്രീത്യുഭയത്ര വാമമുദിതൈർദ്രേക്കാണഭാഗൈ സ്ത്രിധാ.

സാരം :-

1). ഏതു രാശിയുടേയും ആദ്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ കഴുത്തിനു മേൽഭാഗത്ത് പന്ത്രണ്ടു രാശിയേയും കല്പിക്കേണ്ടതാണ്. രാശിയുടെ രണ്ടാംദ്രേക്കാണത്തിലാണ് ജനനമെങ്കിൽ കഴുത്തിനു ചോടെ (താഴെ) അരയ്ക്കു മീതേയുള്ള (മുകളിലുള്ള) മദ്ധ്യശരീരത്തിലും, മൂന്നാം ദ്രേക്കാണത്തിലാണെങ്കിൽ അരയ്ക്കു ചുവട്ടിലുള്ള (താഴെയുള്ള) അധഃകായത്തിലും പന്ത്രണ്ടു രാശികളെ കല്പിയ്ക്കണം.

ലഗ്നത്തിൽ ഉദിച്ച ഭാഗം തുടങ്ങി ഏഴാംഭാവത്തിൽ ഉദിച്ച  ഭാഗത്തോളം വരുന്ന രാശികളെ ശരീരത്തിന്റെ വലത്തും ശേഷം ദൃശ്യാർദ്ധസ്ഥങ്ങളായ ആറു രാശികളെ ഇടത്തും കല്പിയ്ക്കണം. ഇതിനെ കുറച്ചുകൂടി വ്യക്തമാക്കാം. ലഗ്നം പ്രഥമദ്രേക്കാണത്തിലാണെങ്കിൽ ലഗ്നത്തിൽ ഉദിച്ച ഭാഗം ശിരസ്സിന്റെ ഇടത്തും ഉദിയ്ക്കുവാനുള്ളതു  ശിരസ്സിന്റെ വലത്തും കല്പിയ്ക്കുക; ഇങ്ങിനെ രണ്ടും പന്ത്രണ്ടും ഭാവങ്ങൾ വലത്തും ഇടത്തും കണ്ണുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങൾ രണ്ടു ചെവികളിലും, നാലും പത്തും ഭാവങ്ങൾ നാസികയുടെ വലത്തും  ഇടത്തും ഭാഗങ്ങളിലും, അഞ്ചും ഒമ്പതും ഭാവങ്ങൾ രണ്ടു കവിൾത്തടങ്ങളിലും, ആറും എട്ടും ഭാവങ്ങൾ ഹനു (കവിൾത്തടത്തിന്റെ പിന്നും കീഴുമായ ഭാഗങ്ങളാണ് ഹനുക്കൾ) ക്കളിലും, ഏഴാം ഭാവത്തിന്റെ ഉദിപ്പാനുള്ള ഭാഗം വായയുടെ ഇടത്തും അസ്തമിച്ച ഭാഗം വലത്തും ആണ് കല്പിക്കേണ്ടത്.

മേൽപ്പറഞ്ഞ പ്രകാരംതന്നെ മദ്ധ്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ലഗ്നത്തിലെ ഉദിച്ചഭാഗം കഴുത്തിന്റെ ഇടത്തും ഉദിപ്പാനുള്ള ഭാഗം കഴുത്തിന്റെ വലത്തുഭാഗമായും ക്രമത്താലേ രണ്ടും പന്ത്രണ്ടും ഭാവങ്ങൾ രണ്ടു ചുമലുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങൾ രണ്ടു കയ്യുകളിന്മേലും, നാലും പത്തും ഭാവങ്ങൾ രണ്ടു വാരിപ്പുറങ്ങളിലും അഞ്ചും ഒമ്പതും ഭാവങ്ങൾ ഹൃദയത്തിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും ആറും എട്ടും ഭാവങ്ങൾ വയറിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും ഏഴാം ഭാവത്തിന്റെ അസ്തമിച്ച ഭാഗത്തെ നാഭിയുടെ വലത്തും അസ്തമിപ്പാനുള്ളതിനെ ഇടത്തും കല്പിയ്ക്കുക.

ലഗ്നം തൃതീയദ്രേക്കാണമാണെങ്കിൽ മേൽപ്രകാരം തന്നെ രണ്ടും പന്ത്രണ്ടും ഭാവങ്ങൾ വസ്തി പ്രദേശം (നാഭിയുടേയും ലിംഗത്തിന്റെയും മദ്ധ്യമായ ഭാഗം, മൂന്നും പതിനൊന്നും ഭാവങ്ങൾ ശിശ്നം (ലിംഗം) നാലും പത്തും ഭാവങ്ങൾ ഗുദം (മലദ്വാരം), അഞ്ചും ഒമ്പതും ഭാവങ്ങൾ ഈരണ്ടു വൃഷണങ്ങൾ, ആറും എട്ടും ഭാവങ്ങൾ രണ്ടു തുടകൾ, മുട്ടുകൾ, കണങ്കാലുകൾ, ഏഴാം ഭാവത്തിന്റെ ഉദിപ്പാനുള്ള ഭാഗം വലത്തും അസ്തമിച്ച ഭാഗത്തെ നാഭിയുടെ വലത്തും അസ്തമിപ്പാനുള്ള ഭാഗം ഇടത്തും കാലടികൾ ഇവിടങ്ങളിലും കല്പിയ്ക്കണം.

-----------------------------------------------------------------------------------

2). മേൽപ്പറഞ്ഞ രാശികല്പന മറ്റൊരു വിധത്തിലുംകൂടി ചെയ്യാറുണ്ട്. അതും ഇവിടെ വിവരിക്കാം. ഏതു രാശിയുടേയും പ്രഥമ ദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ആ ദ്രേക്കാണം മാത്രം ശിരസ്സിലും ലഗ്നസപ്തമഭാവങ്ങളുടെ ഉദിയ്ക്കുകയും അസ്തമിയ്ക്കുകയും ചെയ്യുന്ന ഭാഗങ്ങളെക്കൊണ്ട് ഇടത്തും വലത്തും ഭാഗങ്ങളെ കല്പിയ്ക്കുന്നതും മറ്റും മുൻപറഞ്ഞപ്രകാരം തന്നെയാകുന്നു.

രണ്ടും പന്ത്രണ്ടും ഭാവങ്ങളുടെ പ്രഥമദ്രേക്കാണം വലത്തും ഇടത്തും കണ്ണുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ കർണ്ണങ്ങളിലും, നാലും പത്തും ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ നാസികയുടെ (മൂക്കുകളുടെ) ഇടതുവലതുഭാഗങ്ങളിലും, അഞ്ച്, ഒബത് ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ കവിൾത്തടങ്ങളിലും, ആറു എട്ടു ഭാവങ്ങളുടെ പ്രഥമദ്രേക്കാണങ്ങളെ ഇടത്തും വലത്തും ഹനുക്കളിലും, ഏഴാം ഭാവത്തിന്റെ പ്രഥമദ്രേക്കാണങ്ങളെ വായയിലും ആയി കല്പിയ്ക്കണം.

ലഗ്നമദ്ധ്യദ്രേക്കാണം കഴുത്തിലും രണ്ടും പന്ത്രണ്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം ഇടത്തും വലത്തും ചുമലുകളിലും, മൂന്നും പതിനൊന്നും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം കയ്യുകളിലും, നാലും പത്തും ഭാവങ്ങളുടെ  മദ്ധ്യദ്രേക്കാണങ്ങളെ വാരിപ്രദേശങ്ങളിലും, അഞ്ചും ഒമ്പതും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണങ്ങളെ ഹൃദയത്തിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും, ആറും എട്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണങ്ങളെ വയറിന്റെ ഇടത്തും വലത്തും ഭാഗങ്ങളിലും ഏഴാം ഭാവത്തിന്റെ മദ്ധ്യദ്രേക്കാണം നാഭിയിലും കല്പിയ്ക്കണം.

ലഗ്നത്തിന്റെ അന്ത്യദ്രേക്കാണങ്ങൾ ശിശ്നഗുദങ്ങളുടെ ഇടത്തും വലത്തും ഭാഗങ്ങൾ, വൃഷണങ്ങൾ, തുടകൾ, മുട്ടുകൾ, കണങ്കാലുകൾ എന്നിവടങ്ങളിലും, ഏഴാം ഭാവത്തിന്റെ അന്ത്യദ്രേക്കാണം രണ്ടു കാലടികളിലും കല്പിയ്ക്കണം.

രാശിയുടെ മദ്ധ്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ലഗ്നമദ്ധ്യദ്രേക്കാണം ശിരസ്സിലും, ലഗ്നാന്ത്യദ്രേക്കാണം കഴുത്തിലും, ലഗ്നാദ്യദ്രേക്കാണം വസ്തിപ്രദേശത്തും, രണ്ടും പന്ത്രണ്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം ക്രമേണ ഇടത്തുവലത്തു കണ്ണുകളിലും, അന്ത്യദ്രേക്കാണം ചുമലുകളിലും, ആദ്യദ്രേക്കാണം ശിശ്നഗുദങ്ങളുടെ വലത്തും ഇടത്തും ഭാഗങ്ങളിലും, മൂന്നും പതിനൊന്നും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം വലത്തും ഇടത്തും ചെവികളിലും, അന്ത്യദ്രേക്കാണം രണ്ടു കയ്യുകളിലും, ആദ്യദ്രേക്കാണം വൃഷണങ്ങളിലും, നാലും പത്തും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം നാസികയിലും, അന്ത്യദ്രേക്കാണം വാരിപ്രദേശങ്ങളിലും, ആദ്യദ്രേക്കാണം തുടകളിലും, അഞ്ചും ഒമ്പതും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം കവിൾത്തടങ്ങളിലും, അന്ത്യദ്രേക്കാണം ഹൃദയത്തിന്റെ വലത്തും ഇടത്തും ഭാഗങ്ങളിലും, ആദ്യദ്രേക്കാണം മുട്ടുകളിലും, രണ്ടും എട്ടും ഭാവങ്ങളുടെ മദ്ധ്യദ്രേക്കാണം രണ്ടു ഹനുക്കളിലും, അന്ത്യദ്രേക്കാണം വയറ്റിന്റെ ഇടത്തുവലത്തു ഭാഗങ്ങളിലും, ആദ്യദ്രേക്കാണം കണങ്കാലുകളിലും, ഏഴാം ഭാവത്തിന്റെ മദ്ധ്യദ്രേക്കാണം വക്ത്രത്തിലും (മുഖം), അന്ത്യദ്രേക്കാണം നാഭിയിലും, ആദ്യദ്രേക്കാണം കാലിന്റെ അടിയിലും കല്പിയ്ക്കുക.

ലഗ്നാന്ത്യദ്രേക്കാണത്തിലാണ് ജനനമെങ്കിൽ ലഗ്നരാശിയുടെ അന്ത്യദ്രേക്കാണം ശിരസ്സിലും, ആദ്യദ്രേക്കാണം കഴുത്തിലും, ലഗ്ന മദ്ധ്യദ്രേക്കാണം വസ്തിപ്രദേശത്തും ഇങ്ങനെ എല്ലാ രാശികളുടെയും അന്ത്യദ്രേക്കാണത്തെ ഊർദ്ധ്വകായത്തിലും, ആദിദ്രേക്കാണത്തെ മദ്ധ്യശരീരത്തിലും, മേൽപ്പറഞ്ഞ ക്രമത്തിൽ കല്പിയ്ക്കുക. എന്നാൽ ലഗ്നാൽ ഏഴാം ഭാവ രാശിയുടെ അന്ത്യദ്രേക്കാണം വക്ത്രത്തിലും (മുഖം), ആദ്യദ്രേക്കാണം നാഭിയിലും, മദ്ധ്യദ്രേക്കാണം കാലടികളിലുമായി വരും.

ഇതിൽ ഒന്നാമത്തെ പക്ഷപ്രകാരമാണെങ്കിൽ പ്രഥമദ്രേക്കാണത്തിൽ ജനിച്ചാൽ ഊർദ്ധ്വശരീരത്തിൽ മാത്രമേ അംഗന്യാസം ചെയ്വാൻ കഴികയുള്ളു. ഇങ്ങനെ ജനനം മദ്ധ്യദ്രേക്കാണത്തിലാണെങ്കിൽ മദ്ധ്യശരീരത്തിലും, അന്ത്യദ്രേക്കാണത്തിലാണെങ്കിൽ ശരീരത്തിന്റെ അധോഭാഗത്തും മാത്രമാണല്ലോ അംഗവിഭാഗം ചെയ്‌വാൻ കഴിയുക. രണ്ടാമതു പറഞ്ഞ  പ്രകാരമാണെങ്കിൽ ആ വക അവ്യാപ്തി ദോഷങ്ങളൊന്നും വരുവാനില്ലായ്കയാൽ രണ്ടാംപക്ഷപ്രകാരമുള്ള അംഗന്യാസം നിർദ്ദിഷ്ടമാണെന്നും അറിയേണ്ടിയിരിക്കുന്നു.*

മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ ഗ്രഹങ്ങൾ നിന്നാൽ പ്രസവിയ്ക്കുമ്പോൾ ഉള്ളതും, അന്തരകാലങ്ങളിൽ സംഭവിയ്ക്കാവുന്നതുമായ ലക്ഷണനിർദ്ദേശോപയോഗത്തെ പറയുന്നു.

***************************************************************

*. മേൽപ്പറഞ്ഞ വിധം അവയവവിഭാഗം ചെയ്യേണ്ടത് ലഗ്നദ്രേക്കാണാധിപൻ പൂർണ്ണബലമുള്ളപ്പോഴാണ്. അതിന്നു ബലമില്ലെങ്കിലും പ്രശ്നവിഷയത്തിലും അവയവവിഭാഗം ചെയ്യേണ്ടത് ഇങ്ങനെയല്ല.

ലഗ്നവും അതിന്റെ അംശകവും ചരരാശിയാണെങ്കിൽ പ്രഥമദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, അവ രണ്ടും സ്ഥിരരാശിയാണെങ്കിൽ മദ്ധ്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, ഉഭയരാശിയാണെങ്കിൽ അന്ത്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയുമാണ് അവയവവിഭാഗം ചെയ്യേണ്ടത്. ലഗ്നരാശിയും തന്നവാംശകവും ഭിന്നങ്ങളായി - ഒന്ന് ചരവും മറ്റേതു സ്ഥിരോഭയങ്ങളിൽ ഒന്നും ആയി - വന്നാൽ ഇപ്രകാരമല്ല അവയവവിഭാഗം ചെയ്യേണ്ടത്.

ലഗ്നം ഊർദ്ധ്വമുഖരാശിയായാൽ പ്രഥമദ്രേക്കാണം പോലെയും, തിര്യങ്മുഖരാശിയായാൽ മദ്ധ്യദ്രേക്കാണം പോലെയും, അധോമുഖരാശിയായാൽ അന്ത്യദ്രേക്കാണം പോലെയും ആണ് വേണ്ടത്. സൂര്യന് ബലമില്ലെങ്കിൽ ഇങ്ങനേയും അല്ല അവയവവിഭാഗം വേണ്ടത്.

ശീർഷോദയം ലഗ്നമായാൽ പ്രഥമദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, പൃഷ്ഠോദയരാശിയായാൽ മദ്ധ്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും, ഉഭയോദയരാശിയായാൽ അന്ത്യദ്രേക്കാണത്തിന്നു പറഞ്ഞതുപോലെയും ആണ് അവയവവിഭാഗം ചെയ്യേണ്ടത്, ഇങ്ങനെ ആണ്  പല ജ്യോതിഷ ആചാര്യന്മാരുടെയും അഭിപ്രായം.

"ചരോർദ്ധ്വവക്ത്ര ശീർഷോദയാദീനാം ലഗ്നഗത്വതഃ കകണ്ഠവസ്തി പൂർവ്വാംഗഗ്രഹണം ന ദൃഗാണതഃ രാശ്യംശയോശ്ചരാദിത്വ സംവാദേ തു ചരാദിഭിഃ തദഭാവേƒംഗഗ്രഹണം കോദയാദിഭിഃ " എന്നും മറ്റും പ്രമാണങ്ങളും ഉണ്ട്.

പ്രശ്നത്തിൽ അവയവവിഭാഗം ചെയ്യേണ്ടതിന്നു ഇനിയും പക്ഷാന്തരങ്ങളുണ്ടെങ്കിലും വിസ്തരഭയത്താൽ പറയാത്തതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.