ബുധന്റെ കാരകത്വം

വിദ്യാവിജ്ഞാനവാണീഗണിതലിപികലാ-
ശുക്തിയുക്തിത്വഗിജ്യാ-
സ്വസ്രീയാ മാതുലാദ്യാ വിനയഹരിവിവാ-
ദാര്യ ചാതുര്യശിഷ്യാഃ
പത്രം മിത്രം ച ശാസ്ത്രാദ്ധ്യയനഗൃഹസതീർ-
ത്ഥ്യാഗമാചാരകാവ്യ-
ഗ്രന്ഥാ മന്ത്രോപവാസാദ്യപി വികിരബുധാ
രാമകൃഷ്ണാദയോ ജ്ഞാൽ.

സാരം :-

വിദ്യ, ശില്പശാസ്ത്രാദികളിലുള്ള അറിവ്, വാക്ക്, ഗണിതം, കണക്ക്, എഴുത്ത്, അക്ഷരം, അച്ചടിയന്ത്രം, മുദ്രകൾ, ശുക്തിദ്രവ്യങ്ങൾ, യുക്തി, ത്വഗിന്ദ്രിയം, യാഗം, ഭാഗിനേയൻ, മാതുലൻ, ബന്ധുക്കൾ, സ്നേഹിതൻ, വിനയം, വിഷ്ണു, വിവാദം, പൂജ്യനായ ജനം, ചാതുര്യം, ശിഷ്യൻ, പുസ്തകങ്ങൾ, ഗ്രന്ഥങ്ങൾ, ഓലകൾ, കടലാസുകൾ, മിത്രങ്ങൾ, ശാസ്ത്രപാഠം, പാഠശാല, പള്ളിക്കൂടം, പള്ളി, സതീർത്ഥ്യന്മാർ, ആഗമങ്ങൾ, സദാചാരം, കാവ്യനാടകാലങ്കാരങ്ങൾ, മന്ത്രോപവാസങ്ങൾ, പക്ഷിവർഗ്ഗങ്ങൾ, വിദ്വാന്മാർ, ശ്രീരാമകൃഷ്ണാദികളായ വൈഷ്ണവാവതാരമൂർത്തികൾ മുതലായവയെല്ലാം ബുധനെക്കൊണ്ട് പറയണം.