ഐന്ദ്ര്യാം മേഷവൃഷാ, വഗ്നികോണേ മിഥുനഭം സ്ഥിതം,
യാമ്യാം കർകടസിംഹൗ സ്തോ, നൈരൃത്യാം ദിശി കന്യകാ,
വാരുണ്യാം തു തുലാകീടൗ, വായുകോണേ ധനുസ്ഥിതിഃ,
സൗമ്യാം മൃഗഘടൗ സ്യാതാ, മൈശാന്യാം ദിശി മീനഭം.
ഭൂമിചക്രമിതി പ്രോക്തം വിഷ്വഗ്ദൈവവിദഃ സ്ഥിതം
തത്ര യത്ര സ്ഥിതഃ പ്രഷ്ടാ *പൃച്ഛത്യാരൂഢഭം ഹി തൽ,
ആരൂഢത്വാൽ പൃച്ഛകേന രാശിരാരൂഢ ഉച്യതേ
തസ്മിൻ സമ്യക്പരിജ്ഞാതേ സർവം തേനൈവ ചിന്ത്യതാം.
സാരം :-
മേടം, ഇടവം, എന്നീ രാശികൾ കിഴക്കേ ദിക്കിലും മിഥുനം രാശി അഗ്നികോണിലും കർക്കടകം, ചിങ്ങം എന്നീ രാശികൾ തെക്കേ ദിക്കിലും കന്നി രാശി നൈതൃതകോണിലും തുലാം വൃശ്ചികം എന്നീ രാശികൾ പടിഞ്ഞാറേ ദിക്കിലും ധനു രാശി വായുകോണിലും മകരം കുംഭം എന്നീ രാശികൾ വടക്കേ ദിക്കിലും മീനം രാശി ഈശാനകോണിലും ഇങ്ങിനെ ജ്യോതിഷക്കാരന്റെ നാലുപുറത്തും ആയി രാശിചക്രം നില്ക്കുന്നുവെന്നു കല്പിക്കണം.
ജ്യോതിഷക്കാരന്റെ നാലുപുറത്തും രാശിചക്രം ഇങ്ങിനെ എന്ന് കല്പിച്ചാൽ അതുകളിൽവച്ച് ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢമെന്നു പറയുന്നു.
പൃച്ഛകനാൽ ആരോഹിക്കപ്പെട്ടതാകകൊണ്ട് " ആരൂഢം " എന്നു പറയുന്നു.
ജ്യോതിഷക്കാരന്റെ നേരെ കിഴക്കുനിന്നു പൃച്ഛകൻ ചോദിച്ചാൽ മേടമോ ഇടവമോ ആരൂഢമാകും. അതിൽ അല്പം വടക്കു നീങ്ങിയാണെങ്കിൽ മേടവും അല്പം തെക്കു നീങ്ങിയാണ് നില്ക്കുന്നതെങ്കിൽ ഇടവവും ആരൂഢമായിരിക്കും. ഈ ആരൂഢരാശി ഇന്നതാണെന്നു നല്ലവണ്ണം അറിഞ്ഞാൽ എല്ലാ ഫലങ്ങളും ഈ ആരൂഢം കൊണ്ടുതന്നെ വിചാരിക്കണം. ഇതിനെത്തന്നെ ലഗ്നമെന്നും പറയുന്നു.
--------------------------------------------* രാശിരാരൂഢഭം (പാ. ഭേ.)