അപൃച്ഛതഃ പൃച്ഛതോ വാ ജിജ്ഞാസോര്യസ്യ കസ്യചിൽ
ഹോരാകേന്ദ്രത്രികോണേഭ്യഃ ശുഭാശുഭഫലം വദേൽ.
വസിഷ്ഠവചനാദസ്മാജ്ജിജ്ഞാസോരപ്യപൃച്ഛതഃ
ദർശനേ ദൈവവിദ്ബ്രൂയാദാരൂഡേന ശുഭാശുഭം.
സാരം :-
ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ ഏതായാലും ജ്യോതിഷക്കാരൻ ജിജ്ഞാസായുള്ളവനോടു ലഗ്നത്തേയും കേന്ദ്രങ്ങളേയും ത്രികോണങ്ങളേയും ആലോചിച്ചു ശുഭഫലത്തേയും അശുഭഫലത്തേയും പറയണം. എന്നു വസിഷ്ഠമഹർഷി പറഞ്ഞിട്ടുണ്ട്. അതുഹേതുവായിട്ടു മുൻപു പറഞ്ഞ നിഷേധമുണ്ടെങ്കിലും അറിവാൻ മോഹമുള്ളവൻ ചോദിച്ചില്ലെങ്കിലും അവനെ കണ്ടാൽ ജ്യോതിഷക്കാരൻ ആരൂഢംകൊണ്ടു ശുഭാശുഭഫലങ്ങളെ പറഞ്ഞുകൊടുക്കണം. ഇവിടെ ഹോരാകേന്ദ്രത്രികോണേഭ്യഃ എന്നതു ല്യബ്ളോപേകർമണി പഞ്ചമീ; ഫലം പറയുന്നതിൽ ഹോരാകേന്ദ്രത്രികോണങ്ങൾക്ക് അധികാവകാശമുണ്ടായാൽ അതുകളെ വിശേഷിച്ചു കാണിച്ചുവെന്നു മാത്രമേ ഉള്ളു. അതിനെ ഇതരോപലക്ഷണത്വേന കല്പിച്ചാൽ മതി. ഹോരാ = ലഗ്നം കേന്ദ്രാന്തർഭൂതമാണെങ്കിലും ചതുർത്ഥസപ്തമദശമാപേക്ഷയാ പ്രാധാന്യമുണ്ടാകയാൽ വേറെ കാണിച്ചതാകുന്നു. ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷഃ എന്നു വചനവുമുണ്ട്.