ആലോകേ ഖലു യസ്യകസ്യചിദസാവായാതി യൽ കിഞ്ചന
പ്രഷ്ടും മാം പ്രതി നൂനമിത്യവഹിതസ്തന്ന്യസ്തദൃഷ്ടിർദൃഢം
തച്ചേഷ്ടാദികമാകലയ്യ സകലം തൽകാലജാതം പുനർ -
ജാനീയാത്സദസന്നിമിത്തമപി ച ശ്വാസസ്ഥിതിംചാത്മനഃ
സാരം :-
സ്വസ്ഥചിത്തനായിരിക്കുന്ന ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ ഇയ്യാൾ എന്റെ അടുക്കലേക്ക് എന്തോ ഒന്നു ചോദിപ്പാൻ വേണ്ടി വരികയാണെന്നു കരുതി നല്ലവണ്ണം അയാളുടെ സ്പർശം, ചേഷ്ട, വസ്ത്രം, നോക്കൽ, മുതലായതിനെ സാവധാനമായി നോക്കിയറിഞ്ഞു ദൈവവശാൽ താൽക്കാലത്തിൽ കോകിലശബ്ദം മുതലായ ശുഭനിമിത്തങ്ങളോ ക്ഷുതം മുതലായ അശുഭനിമിത്തങ്ങളോ ഉണ്ടാകുന്നതെല്ലാം ഗ്രഹിച്ചുവെച്ചു തന്റെ ശ്വാസസ്ഥിതി ഏതു വിധം ഇരിക്കുന്നുവെന്നും പരിശോധിച്ചറിയണം. ഇതുകളെല്ലാം പിന്നെ ഫലനിരൂപണത്തിനുപയോഗിക്കപ്പെടുമെന്നു സാരം.