ദൈവജ്ഞേന സമാഹിതേന സമയോ ദേശഃ സ്വവായുർദശാ
പ്രഷ്ടുഃ സ്പർശനമാശ്രിതർക്ഷഹരിതൗ പ്രശ്നാക്ഷരാണി സ്ഥിതിഃ
ചേഷ്ടാ ഭാവവിലോകനേ ച വസനാദ്യന്യച്ച തൽകാലജം
പൃച്ഛായാഃ സമയേ തദേതഖിലം ജ്ഞേയം ഹി വക്തും ഫലം.
സാരം :-
പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം. അതുകൾ മേലിൽ ഫലം പറയേണ്ടതിന് ആവശ്യകങ്ങളാകുന്നു.
1). സമയം
2). പൃച്ഛകൻ വന്നു ചോദിച്ച ദേശം
3). ജ്യോതിഷക്കാരന്റെ ശ്വാസഗതി
4). അവസ്ഥ എന്നാൽ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ താനും ദൂതനും ചെയ്യുന്ന വ്യാപാരം
5). പ്രഷ്ടാവ് സ്പർശിച്ചിരിക്കുന്ന സാധനം
6). പൃച്ഛകൻ നില്ക്കുന്ന രാശി
7). കിഴക്കുമുതലായ ഏതുദിക്കിൽ പൃച്ഛകൻ നില്ക്കുന്നുവെന്ന്
8). ചോദ്യത്തിനുപയോഗിച്ച അക്ഷരങ്ങൾ
9). പൃച്ഛകൻ ഏതുമാതിരി നില്ക്കുന്നുവെന്ന്
10). പൃച്ഛകൻ കയ്യ്, കാല് മുതലായ അവയവങ്ങളെക്കൊണ്ടു എടുക്കുന്ന വ്യാപാരം
11). പൃച്ഛകന്റെ പ്രസാദം ദുഃഖം മുതലായ ഭാവവിശേഷം
12). പൃച്ഛകൻ എവിടേക്കു നോക്കിയിരിക്കുന്നുവെന്നത്
13). ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറം അവസ്ഥ മുതലായവ
14). കടകം കുണ്ഡലം മുതലായി പൃച്ഛകൻ ധരിച്ച വസ്തുക്കൾ
15). താൽക്കാലത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ എന്നാൽ വേണുവീണാദിശബ്ദങ്ങൾ ഉപശ്രുതികൾ വിലാപപ്രലാപാദികൾ ഇതുകളാകുന്നു അറിയേണ്ടവ. ഇതുകളുടെ ശുഭാശുഭത്വങ്ങളെ ഈ നിർദ്ദേശക്രമേണ അനുപദം തന്നെ പറയുന്നതാകുന്നു.