ശനിയെക്കൊണ്ട് വനദേവത, ബന്ധുജനങ്ങളാലയയ്ക്കപ്പെട്ട പ്രേതബാധ, നീചബാധകള്‍, ക്ഷേത്രവാസിയായ ശാസ്താവിനെയും നായാട്ടുദേവനേയും, ആയിരവല്ലി, പുഷ്പശോഭി, പ്രേതങ്ങള്‍, പിശാച്, മുതലായ ദുര്‍ദേവതകള്‍ മുതലായവരെ പറയണം

ബൌധേ കാനനദേവതാ ശനിരപി പ്രേതഃ  സുഹൃല്‍പ്രേഷിതോ
ദൈവം നീചസമര്‍പ്പിതം ശശിഗൃഹേ സിംഹേ സുരാവാസഗഃ
ശാസ്താ ഖേടപിശാചകശ്ച ഗുരുഭേ ഗന്ധര്‍വ്വഭേദാ മണീ-
സംഘാതാര്‍ത്തവ വിശ്രുതോƒഥ നിജഭേ പ്രേതഃപിശാചാദ്യപി ഇതി.

സാരം :-

ശനി മിഥുനത്തിലോ കന്നിയിലോ നിന്നാല്‍ വനദേവതയേയും ബന്ധുജനങ്ങളാലയയ്ക്കപ്പെട്ട പ്രേതബാധയേയും പറയണം. 

ശനി കര്‍ക്കടകത്തില്‍ നിന്നാല്‍ നീചബാധകളെ പറയണം.

ശനി ചിങ്ങം രാശിയില്‍ നിന്നാല്‍ ക്ഷേത്രവാസിയായ ശാസ്താവിനെയും നായാട്ടുദേവനേയും പറയണം.

ശനി ധനുരാശിയിലോ മീനം രാശിയിലോ നിന്നാല്‍ ആയിരവല്ലി എന്നും പുഷ്പശോഭി എന്നും പ്രസിദ്ധരായ ഗന്ധര്‍വ്വന്മാരെ പറയണം.

ശനി മകരം രാശിയിലോ കുംഭം രാശിയിലോ നിന്നാല്‍ പ്രേതങ്ങള്‍, പിശാച്, മുതലായ ദുര്‍ദേവതകള്‍ എന്നിവരെ പറയണം.

ശനിയെക്കൊണ്ട് അപസ്മാരയക്ഷനേയും ബ്രാഹ്മണശാപത്തേയും ഭൂതനാഥന്മാരെയും ഉത്സവവിഘ്നം നിമിത്തം കോപിക്കപ്പെട്ട ശാസ്താവ് മുതലായ ഭൂതനാഥന്മാരെയും പറയണം

ഗവ്യപസ്മാരയക്ഷസ്തദൃക്ഷീ ശാപോ ദ്വിജസ്യ ച
ജൂകേ ശാസ്ത്രാദിഭൂതേശാഃ ക്രുദ്ധാ മഹവിഘാതതഃ

സാരം :-

ഇടവം രാശിയില്‍ ശനി നിന്നാല്‍ അപസ്മാരയക്ഷനേയും അപസ്മാരയക്ഷിയേയും ബ്രാഹ്മണശാപത്തേയും പറയണം.

ശനി തുലാം രാശിയില്‍ നിന്നാല്‍ ഉത്സവവിഘ്നം നിമിത്തം കോപിക്കപ്പെട്ട ശാസ്താവ് മുതലായ ഭൂതനാഥന്മാരെ പറയണം. 

ശനിയെക്കൊണ്ട് അതിഘോരമായ അപസ്മാരത്തെയും, ശിവഭൂതത്തിന്‍റെ ഉപദ്രവത്തെയും പറയണം

അസാദ്ധ്യാപസ്മൃതിര്‍മ്മേഷേ കീടേ പ്രാഗ്ജന്മപീഡിതഃ
ശിവാലയസ്ഥസ്തദ്ഭൂതോ വക്തവ്യോ ഭാനുനന്ദനഃ

സാരം :-

ശനി മേടത്തില്‍ നിന്നാല്‍ ശമനം വരുത്താന്‍ നിവൃത്തിയില്ലാത്ത അതിഘോരമായ അപസ്മാരത്തെ പറയണം.

ശനി വൃശ്ചികത്തില്‍ നിന്നാല്‍ കഴിഞ്ഞജന്മത്തില്‍ ഉപദ്രവിച്ചു വന്നതും ശിവക്ഷേത്രത്തില്‍ ഉള്ളതും ആയ ശിവഭൂതത്തിന്‍റെ ഉപദ്രവത്തെ പറയണം. 

ശുക്രനെക്കൊണ്ട് അപസ്മാരദേവത, ചുഴലിദേവത, കാലപിശാച് മുതലായവരെ പറയണം

മന്ദക്ഷേത്രഗതഃ ശുക്രഃ സ്യാദപസ്മാരദേവതാ
വാത്യാപ്രഭൃതയഃ കാലപിശാചശ്ചാത്ര ബാധകഃ

സാരം :-

മകരത്തിലോ കുംഭാത്തിലോ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് അപസ്മാരദേവതയേയും ചുഴലിദേവത മുതലായവയേയും  കാലപിശാചനേയും പറഞ്ഞുകൊള്ളണം.

ശുക്രനെക്കൊണ്ട് ബ്രാഹമണശാപത്തേയും, ദുര്‍ഗ്ഗാഭഗവതി, യക്ഷി, വിദ്യാഭ്യാസ സംബന്ധമായ സംഗതിവശാല്‍ ചെയ്തിട്ടുള്ള ആഭിചാരദേവതകള്‍ മുതലായവരെ പറയണം

ഭൌമക്ഷേത്രഭൃഗുസ്തു ജീവവല്‍ദജേ യക്ഷസ്തഥാ രാക്ഷസഃ
സ്വര്‍ക്ഷേ കര്‍ക്കടകേ ച യക്ഷസഹിതാഃ യക്ഷീബുധര്‍ക്ഷേ പുനഃ
വിദ്യാഭ്യാസഭവാഭിചാര ഇനഭേ യക്ഷീ സുരക്ഷേത്രഗാ
ചാപേ ബ്രാഹ്മണശാപ ഏവ, ഝഷഭേ ദുര്‍ഗ്ഗാ ഭവേദ്ഭാര്‍ഗ്ഗവഃ

സാരം :-

ശുക്രന്‍ മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ഈ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വ്യാഴത്തെക്കൊണ്ട് പറഞ്ഞിട്ടുള്ള ദേവതകളെയെല്ലാം പറയാം. വിശേഷിച്ചു മേടം രാശിയില്‍ നിന്നാല്‍ യക്ഷനേയും രാക്ഷസനേയും കൂടി പറഞ്ഞുകൊള്ളണം.

ഇടവം തുലാം എന്നീ രാശികളില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് യക്ഷനേയും യക്ഷിയേയും പറയണം.

മിഥുനം കന്നി എന്നീ രാശികളില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് വിദ്യാഭ്യാസ സംബന്ധമായ സംഗതിവശാല്‍ ചെയ്തിട്ടുള്ള ആഭിചാരദേവതകളെ പറയണം.

ചിങ്ങത്തില്‍ നില്‍ക്കുന്ന ശുക്രനെക്കൊണ്ട് ദേവാലയത്തില്‍ വസിക്കുന്ന യക്ഷിയുടെ ബാധയെ പറയണം.

ശുക്രന്‍ ധനുവില്‍ നില്‍ക്കുന്നുവെങ്കില്‍ ബ്രാഹ്മണശാപത്തെയും മീനത്തില്‍ നില്‍ക്കുകയാണെങ്കില്‍ ദുര്‍ഗ്ഗാഭഗവതിയേയും പറയണം. 

പ്രസവിച്ചശേഷം മാതാവ് ശിശുവിനെ ഉപേക്ഷിയ്ക്കുന്നതാണ്

ആരാര്‍ക്കജയോസ്ത്രികോണഗേ
ചന്ദ്രേര്‍ക്കേ ച വിസൃജ്യതേംബയാ
ദൃഷ്‌ടേമരരാജമന്ത്രിണാ
ദീര്‍ഗ്ഘായുസ്സുഖഭാക് ച സ സ്മൃതഃ

സാരം :-

ഈ ശ്ലോകത്തിലെ പൂര്‍വ്വാര്‍ദ്ധത്തിലെ 'ച' കാരത്തിന് വികല്പമാണ് അര്‍ത്ഥമെന്നും ആദ്യം ധരിയ്ക്കണം. ചൊവ്വയും ശനിയും ഒരേ രാശിയില്‍ നില്‍ക്കുക, ഇവരുടെ അഞ്ചിലോ ഒമ്പതിലോ സൂര്യചന്ദ്രന്മാരില്‍ ഒന്നും നില്‍ക്കുക; ഈ യോഗസമയത്താണ് ജനിച്ചതെങ്കില്‍ പ്രസവിച്ചശേഷം മാതാവ് ശിശുവിനെ ഉപേക്ഷിയ്ക്കുന്നതാണ്. ശനികുജന്മാരുടെ ത്രികോണത്തില്‍ നില്‍ക്കുന്ന ഗ്രഹമാണിവിടെ യോഗകര്‍ത്താവെന്നും അറിയണം. ഈ യോഗകര്‍ത്താവിന് വ്യാഴത്തിന്‍റെ പൂര്‍ണ്ണദൃഷ്ടിയുണ്ടെങ്കില്‍ മാതാവിനാല്‍ ഉപേക്ഷിയ്ക്കപ്പെട്ടാലും ആ ശിശു വളരെക്കാലം സുഖമായി ജീവിച്ചിരിയ്ക്കയും ചെയ്യും. ഈ പറഞ്ഞതുകൊണ്ടുതന്നെ യോഗകര്‍ത്താവിന് പാപദൃഷ്ടിയാണുള്ളതെങ്കില്‍ ഉപേക്ഷിയ്ക്കപ്പെട്ട ഉടനെ മരിയ്ക്കുകയോ, ജീവിയ്ക്കുന്ന പക്ഷം ദുഃഖിയായി കാലം കഴിയേണ്ടിവരികയോ ചെയ്യുമെന്നുകൂടി പറയാം. "അമരരാജമന്ത്രിണം" എന്ന പദംകൊണ്ട് യോഗകര്‍ത്താവിനെ നോക്കുന്ന വ്യാഴം അതിബലവാനാണെങ്കില്‍ ശിശു ദേവതുല്യനും സാധാരണ ബലവാനാണെങ്കില്‍ രാജാവും, ബലം കുറഞ്ഞവനാണെങ്കില്‍ മന്ത്രിയും ആവുമെന്നുകൂടി ഒരു അഭിപ്രായമുണ്ട്. ഈ ശാസ്ത്രത്തിന് ആഗമമൂലത്വമുണ്ടാകയാല്‍ ഇപ്രകാരമുള്ള യോഗങ്ങളൊക്കയും തീര്‍ച്ചയായും ഫലിക്കുമെന്ന് കൂടി "സ്മൃതഃ" എന്ന പദംകൊണ്ടും സൂചിപ്പിച്ചിരിയ്ക്കുന്നു.

പ്രശ്നാക്ഷരങ്ങളുടെ ഫലം പറയുന്നതിനുവേണ്ടി അക്ഷരങ്ങളെ പലതരത്തില്‍ വിഭജിക്കുകയും അതിന്‍റെ ഫലങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്

പ്രശ്നാക്ഷരങ്ങളുടെ ഫലം പറയുന്നതിനുവേണ്ടി അക്ഷരങ്ങളെ പലതരത്തില്‍ വിഭജിക്കുകയും അതിന്‍റെ ഫലങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട വര്‍ഗീകരണങ്ങളും അവയുടെ ഫലവും മാത്രം താഴെ പറയാം.

ആദ്യം അക്ഷരങ്ങളെ 2 തരത്തില്‍ തിരിക്കുന്നു.

1. സ്വരങ്ങള്‍, 2. വര്‍ഗാക്ഷരങ്ങള്‍

ഇതില്‍ സ്വരാക്ഷരങ്ങളെ മുഴുവന്‍ ജീവന്‍ എന്നും വര്‍ഗ്ഗാക്ഷരങ്ങളെ ശരീരം എന്നും പറയുന്നു.

ഇതില്‍ പൃഛകന്‍റെ വാക്കുകളിലെ ആദ്യാക്ഷരം സ്വരമായിരുന്നാല്‍ ദോഷം ശരീരത്തിനാണെന്നും ജീവനല്ലെന്നും പറയണം. ഇത് കൂടാതെ മുകളില്‍ പറഞ്ഞ 35 അക്ഷരങ്ങളെ വായു അക്ഷരങ്ങള്‍, അഗ്നി അക്ഷരങ്ങളം ഇന്ദ്രാക്ഷരങ്ങള്‍, നപുംസകാക്ഷരങ്ങള്‍ എന്ന് തരം തിരിച്ചിട്ടുണ്ട്.

വ്യാഴത്തിനെക്കൊണ്ട് യാഗസംരക്ഷകരായ ദേവതകള്‍, ഗന്ധര്‍വ്വന്‍, ഭസ്മപിശാചന്‍, ആഭിചാരം ചെയ്യിക നിമിത്തം ഉണ്ടായിട്ടുള്ള ദേവതകള്‍ മുതലായവരെ പറയണം.

തുംഗസ്ഥഃ ഖലു ദേവതാഗ്നിഗൃഹഗാ ഗന്ധര്‍വ്വമുഖ്യസ്തഥാ
സിംഹസ്ഥോ നൃപസേവകൈരിഹ നൃണാമുദ്ദിശ്യകാന്തം സ്ത്രീയഃ
നാരീണാഞ്ച കൃതാഭിചാരജനിതാ ദുര്‍ദ്ദേവതാ വാക്പതിര്‍
ഭസ്മാപ്സംഗിപിശാചകാവധമഗന്ധര്‍വ്വശ്ശനേര്‍ന്ന സ്വഭേ.

സാരം :-

വ്യാഴം കര്‍ക്കിടകം രാശിയില്‍ നിന്നാല്‍ യാഗസംരക്ഷകയായ ദേവതയേയും പ്രബലനായ ഗന്ധര്‍വ്വനേയും പറയണം.

വ്യാഴം ചിങ്ങം രാശിയില്‍ നിന്നാല്‍ പുരുഷന്മാര്‍ക്കുവേണ്ടി രാജഭൃത്യന്മാരുടെ ആഭിചാര കര്‍മ്മം നിമിത്തം ബാധിച്ചിരിക്കുന്ന ദേവതകളെയും അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ ഉദ്ദേശിച്ച് മറ്റൊരു സ്ത്രീയെക്കൊണ്ട് ആഭിചാരം ചെയ്യിക്ക നിമിത്തം ഉണ്ടായിട്ടുള്ള ദേവതകളെയും പറയണം.

വ്യാഴം മകരത്തിലോ കുംഭാത്തിലോ നിന്നാല്‍ ഭസ്മപിശാചന്‍ അധമഗന്ധര്‍വ്വന്‍ എന്നിവരെ പറയണം.

വ്യാഴം സ്വക്ഷേത്രത്തില്‍ നിന്നാല്‍ ബാധയെ പറയരുത്. 

വ്യാഴത്തെക്കൊണ്ട് ആഭിചാരബാധകളായ ദുര്‍ദേവതകള്‍, അപസ്മാരയക്ഷി, നപുംസകദേവത മുതലായവരെ പറയണം

ഭൌമര്‍ക്ഷേ കുപിതേശഭൂതനിവഹോ ദുര്‍ദ്ദേവതാ ചാഭിചാ
രോത്ഥാ ഭൂമിസുരസ്യ, ഭാര്‍ഗ്ഗവഗൃഹേ യക്ഷീച യക്ഷോപ്യുഭൌ
തീവ്രാപസ്മൃതിദൗ, ഗുരുര്‍ബുധഗൃഹേ ക്ലീബാത്മികാ ദേവതാ
വിപ്രാണാമപി ചാഭിചാരജനിതാ വാ ദേവകോപോദ്ഭവാ.

സാരം :-

വ്യാഴം മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ശിവകോപത്താല്‍ ശിവഭൂതങ്ങളും ബ്രാഹ്മണരുടെ ആഭിചാരം നിമിത്തം ആഭിചാരബാധകളായ ദുര്‍ദേവതകളും കോപിച്ചിരിക്കുന്നു എന്ന് പറയണം.

വ്യാഴം ഇടവത്തിലോ തുലാത്തിലോ നിന്നാല്‍ അപസ്മാരയക്ഷനേയും അപസ്മാരയക്ഷിയേയും പറയണം.

മിഥുനത്തിലും കന്നിയിലും നില്‍ക്കുന്ന വ്യാഴത്തെക്കൊണ്ട് ബ്രാഹ്മണരുടെ ആഭിചാരപ്രവൃത്തി ഹേതുവായോ അല്ലെങ്കില്‍ ദൈവകോപം ഹേതുവായോ നപുംസകദേവതകളുടെ ഉപദ്രവം സംഭവിച്ചിരിക്കുന്നു എന്ന് പറയണം. 

പ്രസവത്തിന്‍റെ സാമാന്യസ്ഥലവിശേഷത്തെ പറയുന്നു

രാശ്യംശസമാനഗോചരേ
മാര്‍ഗ്ഗേ ജന്മ ചരേ സ്ഥിരേ ഗൃഹേ
സ്വര്‍ക്ഷാംശഗതേ സ്വമന്ദിരേ
ബലയോഗാത് ഫലമംശകര്‍ക്ഷയോഃ

സാരം :-

ഇതിനുമുമ്പ് ആറ് ശ്ലോകങ്ങളെക്കൊണ്ട് പറഞ്ഞ യോഗങ്ങളിലോന്നുമില്ലെങ്കില്‍ പ്രസവിച്ച സമയത്തെ ഉദയലഗ്നം അതിന്‍റെ നവാംശകം ഇതുകളില്‍ ബലം അധികമുള്ള രാശിയ്ക്ക് അനുരൂപമായ സ്ഥലത്താന് പ്രസവിച്ചതെന്ന് പറയണം. ഇതിനെ ഉദാഹരണസഹിതം വിവരിയ്ക്കാം. മേല്പറഞ്ഞ രാശി മേടമാണെങ്കില്‍ ആടുകള്‍ സഞ്ചരിക്കുന്ന പ്രദേശം, സ്വര്‍ണ്ണാദി ധാതുക്കള്‍ വിളയുന്ന പ്രദേശം, രത്നങ്ങളുള്ളേടം, തോട്, കാട്, പാമ്പിന്‍കാവ് ഇത്യാദി സ്ഥലങ്ങളിലും, ഇടവം രാശിയാണെങ്കില്‍ കൃഷിസ്ഥലം, മനോഹരപ്രദേശം, പശുക്കളും കാളകളും മേയുന്ന സ്ഥലം ഇത്യാദി പ്രദേശത്തും, മിഥുനം രാശിയാണെങ്കില്‍ ഉദ്യാനം, ദേവാലയം, നര്‍ത്തഭൂമി, കിടപ്പുമുറി മുതലായ വിജനസ്ഥലം, പുരം (നാനാജനങ്ങളും രാജധാനിയും കച്ചവടസ്ഥലങ്ങളുമുള്ള പ്രദേശത്തിനാണ് പുരമെന്ന പേര്‍) ഈ വക സ്ഥലത്തും, കര്‍ക്കിടകം രാശിയിലാണെങ്കില്‍ ഞണ്ടുകള്‍ സഞ്ചരിക്കുന്നേടം, ഓര്‍പ്പുളിയുള്ള പ്രദേശം, തോട്, ദേവസ്ത്രീസഞ്ചാരയോഗ്യമായ താമരപ്പൊയ്കയുടെ സമീപം ഈവകപ്രദേശത്തും, ചിങ്ങം രാശിയാണെങ്കില്‍ കാട്, ഗുഹ, ഉയരമുള്ള പര്‍വതാഗ്രപ്രദേശം, ദേവന്മാരും ബ്രാഹ്മണരും പശുക്കളുമുള്ളേടം ഇത്യാദി ദിക്കുകളിലും, കന്നി രാശിയിലാണെങ്കില്‍ അമ്പലം, ആനപ്പന്തി, കുതിരപ്പന്തി, സമുദ്രം, കൃഷിസ്ഥലം, അധികം സസ്യങ്ങളും വെള്ളമുള്ളതിന്‍റെ സമീപം, ഗ്രാമം (രണ്ടുവരിയായി വളരെ ബ്രാഹ്മണഗൃഹങ്ങള്‍ മാത്രമുള്ളതാണ് ഗ്രാമം) ഇവിടങ്ങളിലും, തുലാം രാശിയാണെങ്കില്‍ കച്ചവടസ്ഥലം, ഗ്രാമം, തേര്‍വീഥി, കാടുവക പ്രദേശത്തും, വൃശ്ചികം രാശിയാണെങ്കില്‍ ശ്മശാനം ആഴമുള്ള സ്ഥലം, ഗുഹ, കിണറ്, പുറ്റുള്ളേടം, കുളം ഇത്യാദി സ്ഥലങ്ങളിലും, ധനുരാശിയാണെങ്കില്‍ ഉദ്യാനം, യുദ്ധസ്ഥലം, സൈന്യഗൃഹം, മതിലിന് സമീപപ്രദേശം, കാട്, രാജധാനി, ഇവിടങ്ങളിലും, മകരം രാശിയിലാണെങ്കില്‍ സമുദ്രം, കാട്, പുഴവക്ക്, കാട്ടാളന്മാരുടെ ഭവനം; അഴിമുഖം ഇത്യാദി പ്രദേശങ്ങളിലും, കുംഭം രാശിയാണെങ്കില്‍ കുളം, കുംഭക്കാരന്‍റെ വീട്, അടുക്കള, കാട്ടാളന്മാരുടെ ഭവനം, കാട് എന്നീ പ്രദേശങ്ങളിലും, മീനം രാശിയിലാണെങ്കില്‍ പുഴവക്ക്, സമുദ്രതീരം, പുണ്യതീര്‍ത്ഥസമീപം, ദേവാലയം, ബ്രാഹ്മണഗൃഹം, കുണ്ടും മടകളുമുള്ള പ്രദേശം  ഇത്യാദി സ്ഥലങ്ങളിലുമാണ് പ്രസവിച്ചതെന്ന് പറയണം.  ഈ പറഞ്ഞതിനും പുറമേ ഈ ഗ്രന്ഥത്തിലെ സംജ്ഞാദ്ധ്യായാദികളിലും ഗ്രന്ഥാന്തരങ്ങളിലും  മേഷാദിരാശികളുടേതായി പറഞ്ഞിട്ടുള്ള മറ്റു പ്രദേശങ്ങളേയും ജലസ്ഥലവിഭാഗം ഗ്രാമ്യാരണ്യനഗരാദിഭേദം ഇത്യാദികളേയും വിചാരിച്ച് പ്രസവസ്ഥലത്തെപ്പറയേണ്ടതാണെന്നും അറിയേണ്ടതാണ്.

ഈ (ഉദയലഗ്നം അതിന്‍റെ നവാംശകം ഇതുകളില്‍ ബലമുള്ള) രാശി ചരമാണെങ്കില്‍ സ്വഗൃഹത്തില്‍ നിന്ന് ദൂരത്തുവെച്ചും, സ്ഥിരരാശിയാണെങ്കില്‍ സ്വഗൃഹത്തിലുമാണ് പ്രസവിച്ചതെന്നും പറയണം. ഇവിടെ ഉദയരാശിയെപ്പറ്റിപറഞ്ഞിട്ടിലാത്തതിനാല്‍ ഉദയരാശിയുടെ പൂര്‍വ്വാര്‍ദ്ധമാണ്‌ ലഗ്നമെങ്കില്‍ സ്ഥിരരാശിപോലേയും ഉത്തരാര്‍ദ്ധമാണെങ്കില്‍ ചരരാശിപോലെയും വിചാരിയ്ക്കേണ്ടതെന്നും സൂചിപ്പിച്ചിരിക്കുന്നു. "ചരാസന്നമര്‍ദ്ധം ചരവല്‍, സ്ഥിരാസന്നമര്‍ദ്ധം സ്ഥിരവല്‍" എന്ന് പ്രമാണമുണ്ട്.

ലഗ്നാധിപന്‍ സ്വക്ഷേത്രത്തിലോ, സ്വനവാംശകത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ സ്വഗൃഹത്തില്‍വെച്ചാണ് പ്രസവിച്ചതെന്ന് പറയണം. ഇതുകൊണ്ടുതന്നെ ലഗ്നാധിപന്‍ ഉച്ചസ്ഥനാണെങ്കില്‍ ദേവഗൃഹം, രാജഭവനം മുതലായ സ്ഥലത്തും, അതിബന്ധുക്ഷേത്രത്തിലാണെങ്കില്‍ തന്‍റെ ഏറ്റവും ബന്ധുവായ ഒരാളുടെ ഭവനത്തിലും ബന്ധുക്ഷേത്രത്തിലാണെങ്കില്‍ തന്‍റെ ബന്ധുഗൃഹത്തിലും, സമക്ഷേത്രത്തിലാണെങ്കില്‍ ബന്ധുവും ശത്രുവമല്ലാത്ത സമന്‍റെ ഗൃഹത്തിലും, ലഗ്നാധിപനോ അംശകാധിപനോ  നില്‍ക്കുന്നത് ശത്രുക്ഷേത്രത്തിലോ ശത്രുഭവനാംശകത്തിലോ ആണെങ്കില്‍ ശത്രുഭവനത്തിലും, നീചസ്ഥനാണെങ്കില്‍ തന്നേക്കാള്‍ എല്ലാ അംശംകൊണ്ടും താഴ്ചയുള്ള ഒരുവന്‍റെ ഭവനത്തിലുമാണ് പ്രസവിച്ചതെന്ന് പറയണം.

ഈ ശ്ലോകം കൊണ്ട് പ്രസവിച്ച പ്രദേശം മുതലായതിനേയാണ് വിവരിച്ചിരിയ്ക്കുന്നത്. എങ്കിലും ജാതകപ്രശ്നാദിഫലവിചാരത്തില്‍ ഏതേതു ദിക്കിലാണോ സ്ഥലം, ദൂരസാമീപ്യാദികള്‍, ഉല്‍കര്‍ഷാപകര്‍ഷാദികള്‍  ഇത്യാദിഫലങ്ങളെ അറിയേണ്ടതായി വരുന്നത് അവിടങ്ങളിലൊക്കെയും മേല്‍പറഞ്ഞ ചിന്താരീതിയനുസരിച്ച് ഫലം വിചാരിയ്ക്കാവുന്നതുമാണ്.

പ്രശ്നാക്ഷരചിന്ത

പൃഛകന്‍ ദൈവജ്ഞസന്നിധിയില്‍ വന്നു നിന്നിട്ട് ദൈവജ്ഞനോട് പറയുന്ന വാക്കുകളിലെ അക്ഷരങ്ങളെയാണ് "പ്രശ്നാക്ഷരങ്ങള്‍" എന്ന് പറയുന്നത്. പൃഛകന്‍റെ ചോദ്യത്തിലെ അക്ഷരങ്ങള്‍ എന്നര്‍ത്ഥം. ഈ പ്രശ്നാക്ഷരങ്ങള്‍ പ്രശ്നഫലത്തിന്‍റെ ശുഭാശുഭത്വത്തെ സൂചിപ്പിക്കുന്നു എന്ന് പ്രശ്നസിദ്ധാന്തങ്ങള്‍ അനുശാസിക്കുന്നു. ഫലപ്രവചനത്തിന് വേണ്ടി അക്ഷരങ്ങളെ പലതരത്തില്‍ വിഭജിക്കുകയും അതനുസരിച്ച് തന്നെ ഫലങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്.

ബുധനെക്കൊണ്ട് ജ്വരത്തിന്‍റെ ദേവത, ഗന്ധര്‍വ്വന്‍, കിന്നരന്‍, ജലസഞ്ചാരിയായ പിശാച്, നാഗകന്യക, ചാമുണ്ഡി മുതലായവരെ പറയണം

ഭൌമക്ഷേത്രബുധോ ജ്വരോ ഭൃഗുഗൃഹേ ഗന്ധര്‍വ ഏഷഃ സ്വഭേ
ഗന്ധര്‍വ്വോƒപിച കിന്നരോപി ഹിമഗോരംഭഃ പിശാചോ ഗൃഹേ,
സിംഹേ പന്നഗകന്യാകാ, ഗുരുഗൃഹേ രുഷ്ടദ്വിജപ്രേരിതാ
ചാമുണ്ഡീ, കവചീ പിശാചയുഗമാഘാതാശ്രിതാ മന്ദഭേ.

സാരം :-

ബുധന്‍ മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ജ്വരത്തിന്‍റെ ദേവതയെ പറയണം.

ബുധന്‍ ഇടവത്തിലോ തുലാത്തിലോ നിന്നാല്‍ ഗന്ധര്‍വ്വനെയാണ് പറയേണ്ടത്.

ബുധന്‍ മിഥുനത്തിലോ കന്നിയിലോ നിന്നാല്‍ ഗന്ധര്‍വ്വനേയും കിന്നരനേയും പറയണം.

ബുധന്‍ കര്‍ക്കിടകം രാശിയില്‍ നിന്നാല്‍ ജലസഞ്ചാരികളായ പിശാചുകളെ പറയണം.

ബുധന്‍ ചിങ്ങം രാശിയില്‍ നിന്നാല്‍ നാഗകന്യകകളെയും പറയണം.

ബുധന്‍ ധനു രാശിയിലോ മീനം രാശിയിലോ നിന്നാല്‍ ഒരു ബ്രാഹ്മണന്‍ കോപിച്ചു ഒരു ചാമുണ്ഡിയെ അയച്ചിരിക്കുന്നു എന്ന് പറയണം. 

ബുധന്‍ മകരം രാശിയിലോ കുംഭം രാശിയിലോ നിന്നാല്‍ യുദ്ധഭൂമിയില്‍ നിവസിക്കുന്ന കവചിശൂലപിശാചന്‍ എന്നിവരെ പറയണം. 

ശ്മശാനസ്ഥലത്താണ് പ്രസവിച്ചതെന്ന് പറയണം

നൃലഗ്നഗം പ്രേക് ഷ്യ കുജഃ ശ്മശാനേ
രമ്യേ സിതേന്ദു ഗുരുരഗ്നിഹോത്രേ
രവിര്‍ന്നരേന്ദ്രാമരഗോകുലേഷു
ശില്പ്യാലയേ ജ്ഞഃ പ്രസവം കരോതി.

സാരം :-

പൂര്‍വ്വശ്ലോകങ്ങളിലെ യോഗകര്‍ത്താവായ മന്ദനെ ഇവിടേയും യോഗകര്‍ത്തൃത്വേന സ്വീകരിച്ച് "നൃലഗ്നഗം" എന്നതിന്‍റെ വിശേഷ്യമാക്കി അന്വയിയ്ക്കേണ്ടതാണ്. "നൃലഗ്നഗം മന്ദം" എന്ന് അന്വയിയ്ക്കേണമെന്നു താല്പര്യം.

മിഥുനം, തുലാം മുതലായ മനുഷ്യരാശികളില്‍ ഒരു പ്രസവകാലോദയലഗ്നമാവുകയും, ഈ ലഗ്നത്തില്‍ ശനി നില്‍ക്കുകയും ചെയ്ക; ഈ ശനിയ്ക്ക് ചൊവ്വയുടെ ദൃഷ്ടിയുണ്ടെങ്കില്‍ ശ്മശാനസ്ഥലത്താണ് പ്രസവിച്ചതെന്ന് പറയണം. സ്ഥലവിഷയകമായ ചിന്തയിങ്കല്‍ പ്രേതകാരകനായ ശനി മനുഷ്യരാശിയില്‍ നിന്നാല്‍ അതിനെക്കൊണ്ട് മനുഷ്യപ്രേതത്തെസ്സംബന്ധിച്ച സ്ഥലമെന്നും, ആ ശനിയെ അഗ്നികാരകനായ കുജന്‍  നോക്കിയാല്‍ അവിടെ അഗ്നിയുടെ ബന്ധവും കൂടിയുണ്ടെന്ന് സ്പഷ്ടമായിതന്നെ നമുക്കറിയാവുന്നതാണ്. അഗ്നിയുടെയും മനുഷ്യപ്രേതത്തിന്‍റെയും സംബന്ധമുള്ള സ്ഥലം ശ്മശാനമാണല്ലോ. മേല്‍ക്കാണിച്ച യുക്തിയെ അനുസരിച്ചാണ് നരരാശിസ്ഥനും കുജദൃഷ്ടനുമായ ശനിയെക്കൊണ്ട് ശ്മശാനസ്ഥലത്തേയാണ് ചിന്തിയ്ക്കേണ്ടതെന്നു പറഞ്ഞിരിക്കുന്നത്. ഈ പറഞ്ഞ യുക്തിയെ എല്ലാകാര്യങ്ങളിലും ചിന്തിക്കാവുന്നതുമാണ്.

മനുഷ്യരാശിയില്‍ ലഗ്നത്തില്‍ നില്‍ക്കുന്ന ശനിയെ ശുക്രചന്ദ്രന്മാരില്‍ ഒന്നാണ് നോക്കുന്നതെങ്കില്‍ ഏറ്റവും മനോഹരമായ ദിക്കിലും, വ്യാഴമാണ് നോക്കുന്നതെങ്കില്‍ അഗ്നിഹോത്രമുറി, സല്‍ക്കര്‍മ്മം ചെയ്യുന്ന മറ്റു പ്രദേശങ്ങള്‍ ഇവിടങ്ങളിലും (അഗ്നിഹോത്രം എന്നതിന് സല്‍കര്‍മ്മം ചെയ്യുന്നേടം എന്നേ താല്പര്യമുള്ളൂ എന്നൊരു പക്ഷക്കാരുമുണ്ട്. അതനുസരിച്ചാണ് ഇങ്ങനെ വ്യാഖ്യാനിച്ചത്.) മേല്‍പറഞ്ഞ ശനിയെ ഉച്ചാദിസ്ഥിതികൊണ്ട് ബലവാനായ സൂര്യനാണ് നോക്കുന്നതെങ്കില്‍ ദേവാലയം രാജഗൃഹം മുതലായ ഉല്‍കൃഷ്ട സ്ഥാനത്തും, ബലഹീനനായ സൂര്യന്‍റെതാണ് ദൃഷ്ടിയുള്ളതെങ്കില്‍ പശുത്തൊഴുത്തിലും, മനുഷ്യരാശിലഗ്നസ്ഥനായ ശനിയെ ബുധന്‍ നോക്കുന്നതായാല്‍ കൌശലപ്പണികള്‍ ചെയ്യുന്ന ഗൃഹത്തിലുമാണ് പ്രസവിച്ചതെന്ന് പറയാം. പ്രസവസ്ഥാനത്തെസ്സംബന്ധിച്ചു പറഞ്ഞ ഈ യോഗങ്ങളെക്കൊണ്ടൊക്കെയും പ്രശ്നാദികളിലെ സ്ഥാനചിന്തയിലും വിചാരിയ്ക്കാവുന്നതാണ്. "ജാതകേ യദൃദുദ്ദിഷ്ടം തത്തല്‍ പ്രശ്നേƒപി ചിന്തയേത്" എന്ന് പ്രമാണമുണ്ട്.

ആരൂഢലഗ്നത്തിനേയും ഉദയ ലഗ്നത്തിനേയും കണക്കാക്കി ശകുനഫലം പറയുന്നതുപോലെ പൃഛകന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട സമയത്തെ ലഗ്നമാക്കിയും ശകുന ഫലം പറയാവുന്നതാണ്.

ആരൂഢരാശിയുടേയും ഉദയലഗ്നത്തിന്‍റെയും 3, 6, 8 എന്നീ ഭാവങ്ങളില്‍ ശുഭന്മാരും, പാപന്മാരുമായ ഗ്രഹങ്ങള്‍ നിന്നാല്‍ അനുകൂലവും പ്രതികൂലവുമായ ഫലം മുന്‍കൂട്ടിപറയാന്‍ സാധിയ്ക്കുന്നതുപോലെ പൃഛകാരൂഢ രാശിയില്‍ നിന്നോ പ്രശ്നാരൂഢ രാശിയില്‍ നിന്നോ 4, 7, 10 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ പൃഛകന്‍ വഴിയില്‍ ശുഭശകുനങ്ങള്‍ കണ്ടു എന്ന് വരാം . 4, 7, 10 എന്നീ ഭാവങ്ങളില്‍ ബലവാനായ പാപഗ്രഹമാണ് നില്‍ക്കുന്നതെങ്കില്‍ അശുഭ ശകുനങ്ങള്‍ കണ്ടു എന്ന് വരാം. ആരൂഢലഗ്നത്തിനേയും ഉദയ ലഗ്നത്തിനേയും കണക്കാക്കി ശകുനഫലം പറയുന്നതുപോലെ പൃഛകന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട സമയത്തെ  ലഗ്നമാക്കിയും ശകുന ഫലം പറയാവുന്നതാണ്.

ചൊവ്വയെക്കൊണ്ട് കുട്ടിച്ചാത്തന്‍, വീരഭദ്രനേയും, ഉത്സവവിഘ്നം നിമിത്തം കോപിച്ചിരിക്കുന്ന ദേവന്‍റെ ഉപദ്രവത്തെയും ശത്രുകൃതമായ ആഭിചാരം നിമിത്തം കോപിച്ചിട്ടുള്ള ദേവതകളുടെ അനിഷ്ടത്തെയും പറയണം

ധനുര്‍ഝഷസ്ഥഃ ഖലു കുക്ഷി ശാസ്താ
സ വീരഭദ്രോƒഥ മൃഗേ ച കുംഭേ
നിജോത്സവദ്ധ്വംസനരുഷ്ടദേവഃ
പരാഭിചാരോത്ഭവദേവതാശ്ച.

സാരം :-

ചൊവ്വ ധനുരാശിയിലോ മീനം രാശിയിലോ നിന്നാല്‍ കുട്ടിച്ചാത്തനേയും വീരഭദ്രനേയും പറയണം. 

മകരത്തിലോ കുംഭത്തിലോ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ഉത്സവവിഘ്നം നിമിത്തം കോപിച്ചിരിക്കുന്ന ദേവന്‍റെ ഉപദ്രവത്തെയും ശത്രുകൃതമായ ആഭിചാരം നിമിത്തം കോപിച്ചിട്ടുള്ള ദേവതകളുടെ അനിഷ്ടത്തെയും പറയണം. 

ചൊവ്വയെക്കൊണ്ട് ഭൈരവി, യക്ഷി, നരസിംഹം മുതലായ വിഷ്ണുവംശങ്ങളായ മൂര്‍ത്തികള്‍, ധര്‍മ്മദൈവ രൂപിണിയായ ഭഗവതി, കൃഷ്ണ ചാമുണ്ഡി, ശൈവമൂര്‍ത്തികള്‍, വനദേവതകള്‍, ശിവഭൂതങ്ങള്‍ മുതലായവരെ പറയണം

ഭൗമോ ഭൈരവയക്ഷ ഏതദബലാ ശൌക്രേƒഥബൌധേ സ്ഥിതോ
ഗന്ധര്‍വ്വോരതികാമ ഇത്യയമഥോ യക്ഷീ ച രുഷ്ടോ ഹരിഃ
കര്‍ക്കിസ്ഥഃ പരദേവതാ ഭഗവതീ വാ കൃഷ്ണചാമുണ്ഡ്യസൃക്
സിംഹസ്ഥോ വനദേവതാശ്ച ശിവഭൂതൗഘാശ്ച രുഷ്ടശ്ശിവഃ

സാരം :-

ചൊവ്വ ഇടവം രാശിയില്‍ നിന്നാല്‍ ഭൈരവിയേയും യക്ഷിയേയും തുലാം രാശിയില്‍ നിന്നാല്‍ ഭൈരവനേയും യക്ഷനേയും പറയണം.

ചൊവ്വ മിഥുനത്തിലോ കന്നിയിലോ നിന്നാല്‍ നരസിംഹം മുതലായ വിഷ്ണുവംശങ്ങളായ മൂര്‍ത്തികളെ പറയണം. പക്ഷേ മിഥുനം രാശിയില്‍ നിന്നാല്‍ രതികാമനെന്ന ഗന്ധര്‍വ്വനേയും കന്നി രാശിയില്‍ നിന്നാല്‍ രതികാമിനിയെന്ന യക്ഷിയേയും പറയണം.

ചൊവ്വ കര്‍ക്കിടകം  രാശിയില്‍ നിന്നാല്‍ തങ്ങളുടെ ധര്‍മ്മ ദൈവരൂപിണിയായ ഭഗവതിയേയും കൃഷ്ണ ചാമുണ്ഡിയേയും വിചാരിക്കണം.

ചൊവ്വ ചിങ്ങം രാശിയില്‍ നിന്നാല്‍ സംഹാരരുദ്രന്‍ മുതലായ ശൈവമൂര്‍ത്തികളേയും വനദേവതകളേയും ശിവഭൂതങ്ങളേയും പറയണം. 

പ്രസവിച്ച സ്ഥലം

മന്ദേƒബ്ജഗതേ വിലഗ്നഗേ
ബുധസൂര്യേന്ദുനിരീക്ഷിതേ ക്രമാത്
ക്രീഡാഭവനേ സൂരാലയേ
പ്രസവം സോഷരഭൂമിഷൂദ്ദിശേത്.

സാരം :-

പ്രസവകാലോദയലഗ്നം ജലരാശിയാവുക, ആ ലഗ്നത്തില്‍ ശനി നില്‍ക്കുകയും ചെയ്ക. ഈ ശനിയെ ബുധന്‍ മാത്രം നോക്കുമ്പോഴാണ് പ്രസവമെങ്കില്‍ ക്രീഡാഗൃഹത്തിലും, ആദിത്യന്‍ മാത്രം നോക്കുമ്പോഴാണെങ്കില്‍ അമ്പലത്തിലും, ചന്ദ്രന്‍ മാത്രം നോക്കുമ്പോഴാണെങ്കില്‍ ഓര്‍പ്പുളിയുള്ള പ്രദേശത്തുമായിരുന്നു പ്രസവിച്ചതെന്ന് പറയണം. ശനിയെ നോക്കുന്നവരായ ബുധാദികള്‍ ഉച്ചാദിസ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണെങ്കില്‍ ക്രീഡാഭവനാദി സ്ഥാനങ്ങളില്‍ തന്നെ ഉയര്‍ന്ന സ്ഥലത്തും, നീചാദിസ്ഥാനങ്ങളില്‍ നില്‍ക്കുന്നവരാണെങ്കില്‍ താണപ്രദേശത്തുമായിരുന്നു പ്രസവിച്ചത് എന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയാവുന്നതാണ്. 

പൃഛകസ്ഥിതി

ദൈവജ്ഞസന്നിധിയില്‍ പൃഛകന്‍ വന്നു നില്‍ക്കുന്ന ദിക്കും, കിഴക്ക്, തെക്കുകിഴക്ക്‌, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക്‌ എന്നീ എട്ടു ദിക്കുകളില്‍ ഒരു ദിക്ക് ഭാവിഫലത്തെ സൂചിപ്പിക്കുന്നു.

സ്ത്രീകളെ സംബന്ധിച്ച പ്രശ്നമാണെങ്കില്‍ ദൂതന്‍ കോണ്‍ ദിക്കുകളില്‍ നിന്നാല്‍ തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക്‌ എന്നിവടങ്ങളില്‍ ഭാവിഫലം ശുഭമായിരിക്കും. ദൈവജ്ഞന്‍ തന്‍റെ ചുറ്റുമുള്ള പ്രദേശത്തെ മനസ്സുകൊണ്ട് 8 ആയി വിഭജിച്ചു കൊള്ളണം.

പുരുഷനെ സംബന്ധിച്ച പ്രശ്നമാണെങ്കില്‍ പൃഛകന്‍ തെക്കുദിക്കില്‍ വന്ന് നില്‍ക്കുകയോ തെക്കുദിക്കിനോട് ആഭിമുഖ്യം കാണിക്കുകയോ ചെയ്‌താല്‍ പൃഛകന്‍റെ ആയുസ്സിന് ഹാനികരമാണെന്ന് പറയണം.

ദൈവജ്ഞനോട് തന്‍റെ ആഗമനോദ്ദേശ്യം പറയുമ്പോള്‍ പൃഛകനോ ദൂതനോ ഇടതുകാല്‍ മുന്നോട്ടു വെച്ചിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ശുഭമാണ്. വലതു കാലാണ് മുന്നോട്ട് വച്ചിട്ടുള്ളതെങ്കില്‍ അശുഭമാണ്. പൃഛകന്‍ ശരീരം വളയാതെ ഉയര്‍ന്ന ഇരിപ്പിടത്തില്‍ ദൈവജ്ഞന്നഭിമുഖമായിരുന്നാല്‍ ശുഭഫലമായിരിക്കും. ചോദ്യം ചോദിക്കുമ്പോള്‍ ഇരുന്ന സ്ഥാനത്തുനിന്ന് എഴുന്നേല്‍ക്കുന്നതും ചോദ്യം ചോദിച്ചിട്ട് ഇരിയ്ക്കുന്നതും നല്ല ലക്ഷണങ്ങളാണ്.

പൃഛകന്‍ ദൈവജ്ഞന്‍റെ ദൃഷ്ടിയില്‍ പെട്ടശേഷം എത്ര സ്ഥലത്ത് നിന്ന് നിന്ന് വന്നുവോ അത്രയും ദിവസങ്ങള്‍ കഴിഞ്ഞ് കാര്യം നടക്കും.

ചൊവ്വയെക്കൊണ്ട് ഭൂതരാക്ഷസന്‍, ബ്രഹ്മരാക്ഷസന്‍, നരഭോജിനി, ബാലപ്രഭക്ഷിണി മുതലായവരെ പറയണം

സ്യാദ്ഭൂതരാക്ഷസോ ബ്രാഹ്മരാക്ഷസോ നരഭോജിനീ
ബാലപ്രഭക്ഷിണീത്യാദ്യാഃ സ്വര്‍ക്ഷസ്ഥഃ ക്ഷിതിനന്ദനഃ

സാരം :-

ചൊവ്വ മേടത്തില്‍ നിന്നാല്‍ ഭൂതരാക്ഷസനേയും ബ്രഹ്മരാക്ഷസനേയും പറയണം.

വൃശ്ചികത്തില്‍ നിന്നാല്‍ നരഭോജിനി, ബാലപ്രഭക്ഷിണി മുതലായവരെ പറയണം. 

ചന്ദ്രനെക്കൊണ്ട് ആകാശഗന്ധര്‍വ്വന്‍, പ്രേതങ്ങള്‍, ശൂലപിശാചന്‍, കശ്മലന്‍ മുതലായവരെ പറയണം

ചാപസ്ഥോ വ്യാമഗന്ധര്‍വ്വസ്തല്‍സ്ത്രീ മീനഗതഃ ശശീ
പ്രേതശൂലപിശാചാദ്യഃ ശശീ മന്ദഗൃഹസ്ഥിതഃ

സാരം :-

ചന്ദ്രന്‍ ധനുരാശിയില്‍ നിന്നാല്‍ ആകാശഗന്ധര്‍വ്വനേ പറയണം.

ചന്ദ്രന്‍ മീനം രാശിയില്‍ നിന്നാല്‍ ആകാശഗന്ധര്‍വ്വസ്ത്രീയേയും പറയണം.

മകരത്തിലും കുംഭത്തിലും നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് പ്രേതങ്ങള്‍, ശൂലപിശാചന്‍, കശ്മലന്‍ മുതലായവരെ പറയണം. 

ചന്ദ്രനെക്കൊണ്ട് നാഗം, ധര്‍മ്മദൈവം, ഭഗവതി എന്നിവരെ കണ്ടുപിടിക്കുന്നത് എങ്ങനെ?

സ്വഗൃഹസ്ഥഃ ശശീ നാഗോ ധര്‍മ്മദൈവം ബലീ സ ചേല്‍
സിംഹരാശി സ്ഥിതശ്ചന്ദ്രോ ഭഗവത്യന്യ പൂജിതാ

സാരം :-

കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് നാഗങ്ങളെ പറയണം. ആ ചന്ദ്രന്‍ പ്രബലനാണെങ്കില്‍ ധര്‍മ്മദൈവങ്ങളെയാണ് പറയേണ്ടത്. 

ചിങ്ങം രാശിയില്‍ നില്‍ക്കുന്ന ചന്ദ്രനെക്കൊണ്ട് അന്യന്മാര്‍ ഉപാസിച്ചുവരുന്ന ഭഗവതിയെയാണ് പറയേണ്ടത്. 

ചന്ദ്രനെക്കൊണ്ട് ചാമുണ്ഡി, യക്ഷി, ധര്‍മ്മദൈവം, വിമാനസുന്ദരി എന്നീ മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ?

ചാമുണ്ഡീ സുരസത്മഗാജഗശശീ നീചാര്‍ച്ചിതാ കീടഗ-
ശ്ചാമുണ്ഡീ യദി മേഷഗസ്സ വിബലോ വാച്യേ ഉഭേ തേ അപി
യക്ഷീ ശുക്രഗൃഹസ്ഥിതഃശിശിരഗുര്‍വ്വാ ധര്‍മ്മദൈവം ബുധ-
ക്ഷേത്രസ്ഥസ്തു വിമാനസുന്ദര ഉത സ്ത്രീ വാസ്യ പുംസ്ത്രീവശാല്‍.

സാരം :-

ചന്ദ്രന്‍ മേടം രാശിയില്‍ നിന്നാല്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ചാമുണ്ഡിയേയും വൃശ്ചികം രാശിയില്‍ നിന്നാല്‍ പറയര്‍ മുതലായവര്‍ പൂജിച്ചു വരുന്ന ചാമുണ്ഡിയേയും പറയണം. ചന്ദ്രന്‍ ബലഹീനനായി മേടത്തില്‍ നില്‍ക്കുന്നു എങ്കില്‍ മേല്‍പറഞ്ഞ ചാമുണ്ഡികളേയും പറയണം.

ചന്ദ്രന്‍ ഇടവം തുലാം എന്നീ രാശികളില്‍ നിന്നാല്‍ യക്ഷിയേയും ധര്‍മ്മദൈവത്തേയും പറയണം.

ചന്ദ്രന്‍ മിഥുനത്തിലോ കന്നിയിലോ നിന്നാല്‍ വിമാനസുന്ദരനേയും വിമാന സുന്ദരിയേയും പറയണം. 

തടവുമുറിയുടെ ഉള്ളില്‍ കിടന്നിട്ടാണ് പ്രസവിച്ചതെന്ന് പറയണം

ഉദയോഡുപയോര്‍വ്യയസ്ഥിതേ
ഗുപ്ത്യാം പാപനിരീക്ഷിതേ യമേ
അളികര്‍ക്കിയുതേ വിലഗ്നഗേ
സൗരേ ശീതകരേക്ഷിതേƒവടേ

സാരം :-

ലഗ്നം ചന്ദ്രന്‍ ഇതുകളിലൊന്നിന്‍റെ പന്ത്രണ്ടാം ഭാവത്തില്‍ പാപദൃഷ്ടിയോടുകൂടിയ ശനി നിന്നാല്‍ - ഇങ്ങിനെ യോഗമുള്ളപ്പോഴാണ് പ്രസവിച്ചതെങ്കില്‍ എന്ന് സാരം - തടവുമുറിയുടെ ഉള്ളില്‍ കിടന്നിട്ടാണ് പ്രസവിച്ചതെന്ന് പറയണം. ഇവിടെ ശനിയും അതിനെ നോക്കുന്ന പാപനും നല്ല ബലമുള്ളവരും, ഇവര്‍ ചങ്ങല, കയറ്, സര്‍പ്പം ഇവ ധരിച്ചുകൊണ്ടുള്ള ദ്രേക്കാണത്തില്‍ നില്‍ക്കാതിരിയ്ക്കുന്നവരും ആണെങ്കില്‍, ഏതോ കാര്യവശാല്‍ തടവുമുറിയില്‍ ചെന്നപ്പോള്‍ അവിടെ വെച്ച് പ്രസവിച്ചതായും, ഈ രണ്ടു ഗ്രഹങ്ങളും വിബലന്മാരും സര്‍പ്പപാശാദികളെ ധരിച്ചിരിയ്ക്കുന്ന ദ്രേക്കാണത്തില്‍ നില്‍ക്കുന്നവരുമാണെങ്കില്‍ ഏതോ നികൃഷ്ടകര്‍മ്മം ചെയ്യുക നിമിത്തം തടവില്‍ കിടക്കേണ്ടിവന്നപ്പോള്‍ പ്രസവിച്ചതായും യുക്തിയ്ക്കനുസരിച്ച് പറയുകയും വേണം. "ഹോരാദ്വാദശരാശൌ ഷഷ്ഠേ വാ ഭവതി ബന്ധനം രവിജേ" എന്ന് പ്രമാണമുണ്ട്. "ഗുപ്ത്യാം എന്നതിന് തടവുമുറി എന്നല്ല വിജനസ്ഥലമെന്നാണ് അര്‍ത്ഥമെന്നും ഒരു പക്ഷക്കാരുണ്ട്.

കര്‍ക്കിടകം വൃശ്ചികം ഇതിലൊന്ന് ലഗ്നമാവുക, ആ ലഗ്നത്തില്‍ ശനി നില്‍ക്കുക, ആ ശനിയെ ബലവാനായ ചന്ദ്രന്‍ ഏഴില്‍ നിന്ന് നോക്കുകയും ചെയ്ക, ഈ യോഗമുള്ളപ്പോഴാണ് പ്രസവിച്ചതെങ്കില്‍ പ്രസവം കുഴിയിലാണുണ്ടായതെന്ന് പറയണം. പ്രശ്നത്തിലും ഈ യോഗം ചിന്തിക്കാവുന്നതാണ്. കര്‍ക്കിടവൃശ്ചികങ്ങളില്‍ ഒന്ന് ലഗ്നമാവുകയും; അവിടേയ്ക്ക് പാപഗ്രഹദൃഷ്ടിയോ പാപഗ്രഹയോഗമോ ഉണ്ടാവുകയും ചെയ്‌താല്‍ പ്രഷ്ടാവ് കിണറ് കുഴി മുതലായ അഗാധസ്ഥലത്ത് വീഴുമെന്ന് പറയുക. - "പാപവീക്ഷിതേ കൂപാദൗ പതനം വാച്യമാരൂഢേƒളിനി വേന്ദുഭേ" എന്ന് പ്രമാണമുണ്ട്.

പ്രസവിച്ചത് വെള്ളത്തിലാണെന്നും പറയേണ്ടതാണ്

ആപ്യോദയമാപ്യഗശ്ശശീ സമ്പൂര്‍ണ്ണസ്സമവേക്ഷതേഥവാ
മേഷൂരണബന്ധുലഗ്നഗഃ സ്യാത്സൂതിസ്സലിലേ ന സംശയഃ

സാരം :-

ലഗ്നം ജലരാശിയാവുക, പൂര്‍ണ്ണ - വെളുത്ത ചതുര്‍ദ്ദശി പൌര്‍ണ്ണമാസി ഇതിലൊരു ദിവസത്തെ - ചന്ദ്രന്‍ ലഗ്നാല്‍ ഏഴാംഭാവത്തില്‍ ജലരാശിയില്‍ നിന്നുകൊണ്ട് ലഗ്നത്തെ നോക്കുക. അല്ലെങ്കില്‍ ഈ പറഞ്ഞ ലഗ്നത്തിലോ അതിന്‍റെ 4 - 10 എന്നീ ഭാവങ്ങളിലോ ജലരാശിയില്‍ ചന്ദ്രന്‍ നില്‍ക്കുക. ഈ യോഗമുള്ളപ്പോഴാണ് പ്രസവിച്ചതെങ്കില്‍ പ്രസവിച്ചത് വെള്ളത്തിലാണെന്നും പറയേണ്ടതാണ്. ഇവിടെ "സലിലേ സൂതിഃ" എന്ന് പറഞ്ഞതുകൊണ്ട് ലക്ഷണയാ വെള്ളത്തിന്‍റെ അത്യന്തം സമീപത്താണ് പ്രസവിച്ചതെന്നും പറയാവുന്നതാണ്. ഈ യോഗത്തില്‍ ലഗ്നാധിപന്‍ ലഗ്നഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ നടക്കുമ്പോഴും നാലിലാണെങ്കില്‍  കിടക്കുമ്പോഴും ഏഴിലാണെങ്കില്‍ ഇരിയ്ക്കുമ്പോഴും, ലഗ്നാധിപന്‍ പത്തിലാണെങ്കില്‍ നില്‍ക്കുമ്പോഴുമാണ് പ്രസവിച്ചതെന്ന് പറയാവുന്നതാണ്.

ചിന്ത്യം ചംക്രമണം ലഗ്നാച്ഛയനം തു ചതുര്‍ത്ഥതഃ
സപ്തമേനോപവേശശ്ച ചിന്ത്യാ ദശമതഃ സ്ഥിതിഃ
എന്ന് പ്രമാണമുണ്ട്

ലഗ്നാധിപന്‍ ലഗ്നാല്‍ കേന്ദ്രത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ഭാവംകൊണ്ടും മേല്‍പറഞ്ഞവിധം ചിന്തിയ്ക്കാവുന്നതാണ്. ഈ യോഗത്തില്‍ ചന്ദ്രന്‍ കേന്ദ്രത്തിലല്ലാതെ ഇരിയ്ക്കയില്ലല്ലോ. വര്‍ഷപ്രശ്നത്തിങ്കലും ഈ യോഗംകൊണ്ട് ചിന്തിയ്ക്കാവുന്നതാണ്. എങ്ങിനെയെന്നാല്‍ "സലിലേ" എന്നതിന് "ജലവിഷയമായ" എന്നും 'സൂതി' എന്നതിന്നു 'ഉദ്ഭവം' എന്നും അര്‍ത്ഥം കല്പിയ്ക്കാം. മഴ പെയ്യുമോ ഇല്ലയോ എന്നാ പ്രശ്നത്തിങ്കല്‍ ചന്ദ്രന്‍ പൂര്‍വ്വപക്ഷഗതനും പൂര്‍ണ്ണനുമായി ലഗ്നത്തിലോ ലഗ്നകേന്ദ്രത്തിലോ നിന്നാല്‍ മഴ പെയ്യുമെന്ന് പറയാവുന്നതാണ്.

വര്‍ഷപ്രശ്നേ സലിലനിചയം രാശിമാശ്രിത്യ ചന്ദ്രോ
ലഗ്നം യാതോ ഭവതി, യദി വാ കേന്ദ്രഗഃ ശുക്ലപക്ഷേ
എന്ന് പ്രമാണമുണ്ട്

ഈ യോഗത്തെത്തന്നെ മറ്റൊരുവിധത്തില്‍കൂടി ചിന്തിയ്ക്കാവുന്നതാണ്. ചിന്താപ്രശ്നവിഷയത്തില്‍ മുന്‍പറഞ്ഞ യോഗമുണ്ടായാല്‍, പൂര്‍ണ്ണനും ജലരാശിയില്‍ നില്‍ക്കുന്നവനുമായ ചന്ദ്രന്‍ ലഗ്നകേന്ദ്രത്തില്‍ നിന്നാല്‍ പ്രശ്നം ജലവിഷയമാണെന്നും പറയാവുന്നതാണ്. അവിടെ നാലാം ഭാവത്തിലാണ് ചന്ദ്രന്‍റെ നിലനില്പെങ്കില്‍ കിണറ്, കുളം മുതലായ അധോജലങ്ങളെസംബന്ധിച്ചും, സപ്തമസ്ഥനാണെങ്കില്‍ നദി മുതലായ ഒഴുകുന്ന ജലത്തെ ഉദ്ദേശിച്ചും പത്തിലാണെങ്കില്‍ മഴയുടെ വെള്ളത്തെ വിചാരിച്ചുമാണ് പ്രശ്നം ചെയ്തതെന്ന് വിചാരിയ്ക്കാം. 

"ഹിബുകേനാധഃ സലിലം  നദ്യാഗമനം തു സപ്തമേനൈവ. ദശമേ ന വൃഷ്ടിപതനം"

എന്ന് പ്രമാണമുണ്ട്.

ഗന്ധര്‍വ്വന്‍, യക്ഷി, ശാസ്താവ്, പിശാച്, വേട്ടയ്ക്കൊരുമകന്‍ എന്നീ മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ?

ഗന്ധര്‍വയക്ഷൗ ധനുഷി സ്ഥിതോƒര്‍ക്ക-
സ്തയോഃ സ്ത്രീയൗ മീനഗതസ്തു ഭാനുഃ
ശാസ്താ പിശാചോ മൃഗയാപ്രധാനഃ
കിരാതമൂര്‍ത്തിശ്ച ശനേര്‍ഗൃഹസ്ഥഃ

സാരം :-

ധനു രാശിയില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് ഗന്ധര്‍വ്വനേയും  യക്ഷകനേയും പറയണം. 

മീനത്തില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് ഗന്ധര്‍വ്വസ്തീയേയും യക്ഷിയേയും പറയണം. 

ആദിത്യന്‍ മകരത്തിലും കുംഭത്തിലും നിന്നാല്‍ ശാസ്താവിനെയും പിശാചിനെയും വേട്ടയ്ക്കൊരുമകന്‍ ഇങ്ങനെയുള്ള നായാട്ടു ദേവന്മാരേയും പറയണം.

പൃഛകന്‍ സ്വയം ഒരു സൂചനയും നല്‍കാതെ തന്നെ പൃഛകനുണ്ടായ അനുഭവത്തെപ്പറ്റി ദൈവജ്ഞന്‍ വിവരണം നല്‍കുമ്പോള്‍

ദൈവജ്ഞസന്നിധിയില്‍ പൃഛകന്‍ വന്നു നിന്ന രാശിയെ "ആരൂഢരാശി" എന്ന് പറയുന്നു.

കിഴക്ക് ഭാഗത്ത് നോക്കി ഇരിക്കുന്ന ദൈവജ്ഞന്‍ താന്‍ ഇരിക്കുന്ന മുറിയില്‍ മനസ്സുകൊണ്ട് ഒരു രാശിചക്രം വരച്ച് പ്രശ്നകര്‍ത്താവ് വന്നു നിന്ന സ്ഥാനം ഏത് രാശിയില്‍ വരുന്നു എന്ന് മാനസികമായി തിട്ടപ്പെടുത്തി ആരൂഢരാശിയെ കണ്ടുപിടിച്ചുകൊള്ളണം. അന്നത്തെ ഗ്രഹനിലയും മനസ്സില്‍ വരച്ച് ഒരു രാശിചക്രത്തില്‍ അടയാളപ്പെടുത്തി ആരൂഢ രാശിയേയും അതില്‍ അടയാളപ്പെടുത്തണം. മനസ്സിന് അത്ര ഏകാഗ്രത കിട്ടുന്നില്ലെങ്കില്‍ കടലാസില്‍ തന്നെ രാശിചക്രം വരച്ച് അന്നത്തെ ഗ്രഹസ്ഥിതിയും ആരൂഢ രാശിയും അടയാളപ്പെടുത്തികൊള്ളണം.

പൃഛകന്‍ വന്നു നിന്ന ആരൂഢരാശി അംഗസ്പര്‍ശം, ശ്വാസ പരീക്ഷണം ഇവ നല്ല പോലെ മനസ്സിലാക്കിക്കഴിയുമ്പോള്‍ തന്നെ ദൈവജ്ഞന് പ്രശ്നഫലത്തിന്‍റെ അനുകൂലതാ പ്രതികൂലതകളെപ്പറ്റി ഒരു ഏകദേശ നിശ്ചയം ഉണ്ടായികഴിയും. അടുത്തതായി വേണ്ടത് പൃഛകന്‍റെ മനസ്സില്‍ ദൈവജ്ഞന്‍റെ കഴിവിനെപ്പറ്റിയും ജ്യോതിഷത്തിന്‍റെ വിശ്വസനീയതെയെപ്പറ്റിയും വിശ്വാസം ജനിപ്പിക്കലാണ്. അതിനുവേണ്ടി പൃഛകനോ ദൂതനോ ദൈവജ്ഞനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പേ തന്നെ ദൈവജ്ഞന്‍ ആരൂഢരാശിയും ഗ്രഹങ്ങളും ബന്ധപ്പെടുന്നതിനെ കണക്കാക്കി പൃഛകന് മുന്‍ ദിവസങ്ങളിലും ദൈവജ്ഞനെ കാണാന്‍ പുറപ്പെടുന്ന സമയത്തും ഉണ്ടായ ചില അനുഭവങ്ങളെപ്പറ്റി ഒരു വിവരണം മുന്‍കൂട്ടി നല്‍കണം. പൃഛകന്‍ സ്വയം ഒരു സൂചനയും നല്‍കാതെ തന്നെ പൃഛകനുണ്ടായ അനുഭവത്തെപ്പറ്റി ദൈവജ്ഞന്‍ വിവരണം നല്‍കുമ്പോള്‍ പൃഛകന് ദൈവജ്ഞനോടുള്ള ആദരവ് വര്‍ദ്ധിക്കുകയും ജ്യോതിഷത്തിനോടുള്ള വിശ്വാസം കൂടുകയും ചെയ്യും.

32 തരത്തിലുള്ള അംഗസ്പര്‍ശത്തിന്‍റെ ഫലങ്ങള്‍

32 തരത്തിലുള്ള അംഗസ്പര്‍ശത്തിന്‍റെ ഫലങ്ങള്‍ താഴെ വിവരിക്കുന്നു.



1. കിഴക്ക് ദിക്ക് എന്ന ധ്വജയോനിയില്‍ നിന്ന്
1. ശിരസ്സാകുന്ന ധ്വജയോനിയെ സ്പര്‍ശിച്ചാല്‍ ധനലാഭം
2. മുഖമാകുന്ന സിംഹയോനിയെ സ്പര്‍ശിച്ചാല്‍ പശുലാഭം
3. കഴുത്താകുന്ന വൃഷഭ (കാള) യോനിയെ സ്പര്‍ശിച്ചാല്‍ വാഹനലാഭം
4. ഹൃദയമാകുന്ന ഗജ (ആന) യോനിയെ സ്പര്‍ശിച്ചാല്‍ ആഭരണലാഭം

2. തെക്കേദിക്കില്‍ സിംഹയോനിയില്‍ നിന്നുകൊണ്ട് 
5. മുഖമാകുന്ന സിംഹയോനിയെ സ്പര്‍ശിച്ചാല്‍ ശത്രുനാശം
6. കഴുത്താകുന്ന വൃഷഭ (കാള) യോനിയെ സ്പര്‍ശിച്ചാല്‍ ധനലാഭം
7. ഹൃദയമാകുന്ന ഗജ (ആന) യോനിയെ സ്പര്‍ശിച്ചാല്‍ സത്പുത്രലാഭം
8. ശിരസ്സാകുന്ന ധ്വജയോനിയെ സ്പര്‍ശിച്ചാല്‍ ബന്ധു ലാഭം

3. പടിഞ്ഞാറേ ദിക്കായ വൃഷ (കാള) യോനിയില്‍ നിന്നുകൊണ്ട് 
9. കഴുത്താകുന്ന വൃഷഭ (കാള) യോനിയെ സ്പര്‍ശിച്ചാല്‍ വൃഷഭ (കാള) ലാഭം
10. ഹൃദയമാകുന്ന ഗജ (ആന) യോനിയെ സ്പര്‍ശിച്ചാല്‍ വാഹനലാഭം
11. ശിരസ്സാകുന്ന ധ്വജയോനിയെ സ്പര്‍ശിച്ചാല്‍ സരസ്വതീലാഭം
12. മുഖമാകുന്ന സിംഹയോനിയെ സ്പര്‍ശിച്ചാല്‍ ബന്ധുലാഭം.

4. വടക്ക് ദിക്കായ ഗജ (ആന) യോനിയില്‍ നിന്നുകൊണ്ട് 
13. ഹൃദയമാകുന്ന ഗജ (ആന) യോനി സ്ഥാനത്തെ സ്പര്‍ശിച്ചാല്‍ ഉത്തമ ഗജലാഭം
14. ശിരസ്സാകുന്ന ധ്വജയോനിയെ സ്പര്‍ശിച്ചാല്‍ ആഭരണ ലാഭം
15. മുഖമാകുന്ന സിംഹയോനിയെ സ്പര്‍ശിച്ചാല്‍ ബന്ധുലാഭം
16. കഴുത്താകുന്ന വൃഷഭ (കാള) യോനിയെ സ്പര്‍ശിച്ചാല്‍ പുത്രലാഭം

5. തെക്കുകിഴക്കാകുന്ന ധൂമയോനില്‍ നിന്നുകൊണ്ട് 
17. മൂക്കാകുന്ന ധൂമയോനിയെ സ്പര്‍ശിച്ചാല്‍ മരണ ഭയം
18. ചെവി, കണ്ണ് എന്ന ശുനക (പട്ടി) യോനിയെ സ്പര്‍ശിച്ചാല്‍ ദുഃഖം
19. കൈകളാകുന്ന ഖര (കഴുത) യോനിയെ സ്പര്‍ശിച്ചാല്‍ വ്രതനാശം
20. കാലുകലാകുന്ന കാക്ക യോനിയെ സ്പര്‍ശിച്ചാല്‍ കുടുംബനാശം

6. തെക്കുപടിഞ്ഞാറെന്ന ശുനക (പട്ടി) യോനിയില്‍ നിന്നുകൊണ്ട്
21. ചെവി, കണ്ണ് എന്ന ശുനക (പട്ടി) യോനിയില്‍ സ്പര്‍ശിച്ചാല്‍ രോഗം
22. കൈകളാകുന്ന ഖര (കഴുത) യോനിയെ സ്പര്‍ശിച്ചാല്‍ പുത്രനാശം
23. കൈകാലുകളാകുന്ന കാക്കയോനിയെ സ്പര്‍ശിച്ചാല്‍ ആപത്ത്
24. മൂക്കാകുന്ന ധൂമ യോനിയെ സ്പര്‍ശിച്ചാല്‍ ദ്രവ്യനാശം

7. വടക്കുപടിഞ്ഞാറാകുന്ന കഴുതയോനിയില്‍ നിന്നുകൊണ്ട് 
25. കൈകളാകുന്ന ഖര (കഴുത) യോനിയില്‍ സ്പര്‍ശിച്ചാല്‍ വിവാദം
26. കാലുകളാകുന്ന കാക്കയോനിയില്‍ സ്പര്‍ശിച്ചാല്‍ പശുനാശം
27. മൂക്കാകുന്ന ധൂമ യോനില്‍ സ്പര്‍ശിച്ചാല്‍ ആയുധോപദ്രവം
28. ചെവി, കണ്ണ് എന്ന ശുനക (പട്ടി) യോനിയില്‍ സ്പര്‍ശിച്ചാല്‍ ഭാര്യാരോഗം

8. വടക്കുകിഴക്കെന്ന കാക്ക യോനിയില്‍ നിന്നുകൊണ്ട്
29. കാലുകളാകുന്ന കാക്കയോനിയെ സ്പര്‍ശിച്ചാല്‍ ബന്ധുപീഡ
30. മൂക്കാകുന്ന ധൂമയോനിയില്‍ സ്പര്‍ശിച്ചാല്‍ ദന്തനാശം
31. ചെവി, കണ്ണ് എന്ന ശുനക (പട്ടി) യോനിയില്‍ സ്പര്‍ശിച്ചാല്‍ നീചന്മാരെക്കൊണ്ട് മരണം
32. കൈകളാകുന്ന കഴുതയോനിയെ സ്പര്‍ശിച്ചാല്‍ പുത്രന്മാര്‍ക്കു ആപത്ത്.

മുകളില്‍ പറഞ്ഞ 32 ഫലങ്ങളെ - 8 x 4 - വിശകലനം ചെയ്‌താല്‍ ആദ്യം പറഞ്ഞ 16 ഫലങ്ങള്‍ - 4 x 4 - ശുഭങ്ങളും അടുത്തു പറഞ്ഞ 16 ഫലങ്ങള്‍ - 4 x 4 - അശുഭങ്ങളും ആണെന്ന് കാണാം.

ഇതിന് വിപരീതമായി ധൂമയോനിയായ തെക്കുകിഴക്കോ ശുനക (പട്ടി) യോനിയായ തെക്കുപടിഞ്ഞാറോ, ഖര (കഴുത) യോനിയായ വടക്കുപടിഞ്ഞാറോ, കാക്കയോനിയായ വടക്കുകിഴക്കോ നിന്നുകൊണ്ട് ദേഹത്തിലുള്ള ധ്വജയോനിസ്ഥാനത്തേയോ - ശിരസ്സ്‌,  - സിംഹയോനി സ്ഥാനത്തേയോ മുഖം, -  വൃഷയോനി സ്ഥാനത്തേയോ - കഴുത്ത്,  - ഗജയോനി സ്ഥാനത്തേയോ - ഹൃദയം,  സ്പര്‍ശിച്ചാല്‍ അത് സമ്പത്തിനേയോ ആപത്തിനേയോ സൂചിപ്പിക്കാതെ മധ്യമഫലത്തെ സൂചിപ്പിക്കും.

മുകളില്‍ പറഞ്ഞ ഫലങ്ങളെ വിശ്ലേഷണം ചെയ്‌താല്‍ താഴെ പറയുന്നവിധം ലഭിക്കും.

1. ദിക്കുകളില്‍ നിന്നുകൊണ്ട് - ധ്വജം, സിംഹം, കാള, ഗജം (ആന), ദിഗ് യോനികള്‍ സൂചിപ്പിക്കുന്ന അവയങ്ങളെ - ശിരസ്സ്‌, മുഖം, കഴുത്ത്, ഹൃദയം - പൃഛകന്‍ സ്പര്‍ശിച്ചാല്‍ നല്ല ഫലങ്ങള്‍

2. വിദിഗ് യോനികളില്‍ നിന്നുകൊണ്ട് - ധൂമം, ശുനകം (പട്ടി), ഖരം (കഴുത), കാക്ക വിദിഗ് യോനി അവയവങ്ങളെ - മൂക്ക്, ചെവി, കണ്ണ്, കൈകള്‍, കാലുകള്‍, എന്നിവയില്‍ പൃഛകന്‍ സ്പര്‍ശിച്ചാല്‍ അശുഭഫലങ്ങള്‍.

3. നാല് ദിക്കുകളില്‍ നിന്നുകൊണ്ട് 4 വിദിഗ് യോന്യവയവങ്ങളെ സ്പര്‍ശിച്ചാല്‍ മധ്യമഫലം.

4. നാല് വിദിക്കുകളില്‍ നിന്നുകൊണ്ട് 4 ദിഗ് യോന്യവയവങ്ങളെ സ്പര്‍ശിച്ചാല്‍ മധ്യമഫലം.

ധര്‍മ്മദൈവങ്ങളേയും സര്‍പ്പദൈവങ്ങളേയും നിത്യവും ഉപാസിച്ചുവരുന്ന ദേവതയേയും പറയണം

ധര്‍മ്മദൈവഞ്ച നാഗാശ്ച ഭാസ്കരഃ കര്‍ക്കടസ്ഥിതഃ
സിംഹസ്ഥോ ദേവതാ സാ യാ പൂജ്യതേ നിത്യമാത്മനാ

സാരം :-
ആദിത്യന്‍ കര്‍ക്കടകത്തില്‍ നിന്നാല്‍ ധര്‍മ്മദൈവങ്ങളേയും സര്‍പ്പദൈവങ്ങളേയും പറയണം.

ആദിത്യന്‍ ചിങ്ങം രാശിയില്‍ നിന്നാല്‍ തങ്ങള്‍ നിത്യവും ഉപാസിച്ചുവരുന്ന ദേവതയെ പറയണം. 

ശിവന്‍ / യക്ഷി / ഭദ്രകാളി / ശ്രീരാമന്‍ മുതലായ വിഷ്ണുദശാവതാരങ്ങളായ ദേവന്മാര്‍ / മഹാവിഷ്ണു എന്നീ മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ?

ഭൌമക്ഷേത്രഗതോ രവിസ്ത്രിനയനഃ കീടേ സ്വയംഭൂരജേ
മര്‍ത്ത്യൈരുച്ചത ഊര്‍ദ്ധ്വമത്ര തദധോ ദേവൈഃ പ്രതിഷ്ഠാപിതഃ
യക്ഷീ ഗോഗത ഏഷ ജൂകഗൃഹഗഃ കാളീ പുനഃസ്ത്രീഗതഃ
ശ്രീരാമാദ്യവതാരവിഷ്ണുരഥ വിഷ്ണുസ്ത്വേഷ വീണാഗതഃ

സാരം :-

ആദിത്യന്‍ മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ശിവനെയാണ് വിചാരിക്കേണ്ടത്. പക്ഷേ വൃശ്ചികത്തില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് സ്വയം ജാതനായ (ആരും പ്രതിഷ്ഠിക്കാതെ ശക്തി വിശേഷം കൊണ്ട് താനേ ഉണ്ടായ) ശിവനെ പറയണം. മേടത്തില്‍ പരമോച്ചകാലം പത്തു തീയതിക്കുള്ളില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് ദേവന്മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവനെ പറയണം. ഈ മേടത്തില്‍ തന്നെ പരമോച്ചകാലം പത്തു തീയതി കഴിഞ്ഞതിനുശേഷമുള്ള ഭാഗത്തില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് മനുഷ്യനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവനെ പറയണം. 

ആദിത്യന്‍ ഇടവത്തില്‍ നിന്നാല്‍ യക്ഷിയെ പറയണം.

ആദിത്യന്‍ തുലാം രാശിയില്‍ നിന്നാല്‍ ഭദ്രകാളിയെ പറയണം.

ആദിത്യന്‍ കന്നിരാശിയില്‍ നിന്നാല്‍ ശ്രീരാമന്‍ മുതലായ വിഷ്ണുദശാവതാരങ്ങളായ ദേവന്മാരെ പറയണം.

ആദിത്യന്‍ മിഥുനം രാശിയില്‍ നിന്നാല്‍ മഹാവിഷ്ണുവിനെതന്നെ പറയണം. 

കപ്പല്‍ തോണി മുതലായ ജലവാഹനങ്ങളിലോ നാല്ഭാഗവും അധികം വെള്ളമുള്ള ചെറുദ്വീപുകളിലോ ആണ് പ്രസവമുണ്ടായെന്നു പറയേണ്ടതാണ്

പൂര്‍ണ്ണേ ശശിനിസ്വരാശിഗേ സൗമ്യേ ലഗ്നഗതേ ശുഭേ സുഖേ
ലഗ്നേജലഭേƒസ്തഗേ പി വാ ചന്ദ്രേ പോതഗതാ പ്രസൂയതേ

സാരം :-

1). ചന്ദ്രന്‍ പൂര്‍ണ്ണനായി കര്‍ക്കടകത്തിലും (ഇത് മകരമാസത്തില്‍ മാത്രമേ വരികയുള്ളു) ബുധന്‍ ലഗ്നത്തിലും ഗുരുശുക്രന്മാരില്‍വെച്ച് ഒരു ശുഭഗ്രഹം നാലാംഭാവത്തിലും നില്‍ക്കുക. അല്ലെങ്കില്‍, 2). കര്‍ക്കടകം മകരത്തിന്‍റെ ഒടുവിലെ രണ്ടു ദ്രേക്കാണങ്ങള്‍, മീനം ഈ ജലരാശികളിലൊന്ന് ലഗ്നമാവുകയും ഈ ലഗ്നത്തിന്‍റെ ഏഴില്‍ ചന്ദ്രന്‍ നില്‍ക്കുകയും ചെയ്ക. പ്രസവസമയത്ത് മേല്‍പറഞ്ഞവയില്‍ ഒരു യോഗമുണ്ടായാല്‍ കപ്പല്‍ തോണി മുതലായ ജലവാഹനങ്ങളിലോ, അഥവാ കാലം ദേശം ജാതി അവസ്ഥ ഇതുകളെ ഔചിത്യപൂര്‍വ്വം വിചാരിച്ച് നാല്ഭാഗവും അധികം വെള്ളമുള്ള ചെറുദ്വീപുകളിലോ ആണ് പ്രസവമുണ്ടായെന്നു പറയേണ്ടതാണ്.

വര്‍ഷപ്രശ്നത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ ജലരാശിയിലും - ചന്ദന്‍ ജലമായനാകയാല്‍ "സ്വരാശി" എന്നതിന്ന് ജലരാശി എന്ന് താല്പര്യം - ബുധന്‍ പ്രശ്നലഗ്നത്തിലും നിന്നാല്‍ മഴ പെയ്യുമെന്ന് പറയാമെന്നു ദശാദ്ധ്യായിവ്യാഖ്യാതാവ് പറയുന്നു. 

ശിശുവിന്‍റെ പിതാവിനെ സംബന്ധിച്ച വിശേഷത്തെയാണ് പറയുന്നത്

ക്രൂരര്‍ക്ഷഗതാവശോഭനൗ സൂര്യാദ് ദ്യൂനനവാത്മജസ്ഥിതൗ
ബദ്ധസ്തു പിതാ വിദേശഗഃ സ്വേ വാ രാശിവശാത്തഥാ പഥി.

സാരം :-

പ്രസവകാലോദയലഗ്നം ഏത് രാശിയിലായാലും വേണ്ടതില്ല, അപ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ 5 - 7 - 9 എന്നീ മൂന്ന് ഭാവങ്ങളിലായി രണ്ടു പാപന്മാര്‍ - (ഇവിടെ അശോഭനൗ എന്ന ദ്വിവചനംകൊണ്ട് കുജമന്ദന്മാരേയാണ് സൂചിപ്പിച്ചിട്ടുള്ളതെന്നും അറിയേണ്ടതാണ്. രാഹുകേതുക്കള്‍ക്ക് ഇത്ര പ്രാധാന്യമില്ലല്ലോ) - നില്‍ക്കുകയും, ആ പാപന്മാര്‍ നില്‍ക്കുന്ന രാശി പാപരാശിയാവുകയും ചെയ്‌താല്‍ ശിശുവിന്‍റെ പിതാവ് പ്രസവസമയത്ത് ബന്ധനത്തിലായിരുന്നുവെന്ന് പറയണം. ഇവിടെ സൂര്യന്‍ ചരരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വിദേശത്തിലും, ഉഭയത്തിലാണെങ്കില്‍ മാര്‍ഗ്ഗമദ്ധ്യത്തിലും, സ്ഥിരരാശിയിലാണെങ്കില്‍സമീപത്തുമാണ് പിതാവ് ബന്ധനായിട്ടിരിയ്ക്കുന്നതെന്നും പറയണം.

ഈ യോഗത്തില്‍ സൂര്യന്‍ നീചത്തിലോ ശത്രുക്ഷേത്രത്തിലോ മറ്റോ ആണ് നില്‍ക്കുന്നതെങ്കില്‍ പിതാവ് തടവില്‍ കിടക്കുകയാണെന്നും, നേരെ മറിച്ച് സൂര്യന്‍റെ സ്ഥിതി ഉച്ചസ്വക്ഷേത്രാദിശുഭസ്ഥാനങ്ങളിലാണെങ്കില്‍ ഏതെങ്കിലും ഒരു ഉല്‍കൃഷ്ടകാര്യവശാല്‍ മാത്രം ബന്ധനാണെന്നും പറയേണ്ടതാണ്. "കാര്യാദാവൃണതശ്ച ബന്ധനമിന പ്രാബല്യദൗര്‍ബ്ബല്യതഃ" എന്നുണ്ട്. സര്‍പ്പം, കയറ്, ചങ്ങല എന്നിവയെ ധരിച്ചുകൊണ്ടുള്ള ദ്രേക്കാണത്തിലാണ് സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ അക്രമപ്രവൃത്തി കടം എന്നിവയെക്കൊണ്ടും, സൂര്യന്‍റെ നില്പ് അങ്ങിനെയല്ലെങ്കില്‍ കാര്യവശാലുമാണ് ബന്ധനായിരിയ്ക്കുക എന്ന് ഒരു പക്ഷവും കൂടിയുണ്ട്.

ഇവിടെ പിതൃകാരകനായ സൂര്യനെക്കൊണ്ട്, യോഗം കല്പിച്ചതുപോലെ മറ്റു കാരകഗ്രഹങ്ങളേക്കൊണ്ടും, ഭാവരാശി ഭാവാധിപന്‍ എന്നിവകളെക്കൊണ്ടും മേല്‍പറഞ്ഞവിധം യോഗം കല്പിച്ച് അതാതാളുകളുടേയും ബന്ധനത്തെപറയാവുന്നതാണ്. ഇതു ഒന്നുകൂടി വിവരിയ്ക്കാം. ഭ്രാതൃകാരകനായ കുജന്‍റെ 5 - 7 - 9 എന്നീ ഭാവങ്ങളില്‍ പാപരാശിയില്‍ രണ്ടുപാപന്മാര്‍ നിന്നാല്‍ ഭ്രാതാവ് ബന്ധനായിരുന്നുവെന്ന് പറയാവുന്നതാണ്. ഇവിടേയും കുജന്‍ നിന്ന രാശിയുടെ ചരത്വാദികളെക്കൊണ്ട് ബന്ധനായ ഭ്രാതാവിന്‍റെ ദൂരസമീപ്യാദികളേയും, കുജന്‍റെ ബലാബലങ്ങളെക്കൊണ്ട് ബന്ധനത്തിന്‍റെ ഉല്‍കൃഷ്ടാപകൃഷ്ടത്വാദികളേയും മറ്റും ഊഹിച്ചുകൊള്ളണം. "ഇദം സ്വകാരകവശാദ്യോജ്യം" എന്ന് പ്രമാണമുണ്ട്.

ഈ യോഗത്തെ പ്രശ്നാദികളിലും ഭാവഭാവാധികാരകന്മാരേക്കൊണ്ടും വിചാരിക്കാവുന്നതാണ്.  എങ്ങിനെയെന്നാല്‍ പ്രശ്നലഗ്നത്തിന്‍റെ 5 - 7 - 9 എന്നീ ഭാവങ്ങളില്‍ പാപരാശിയില്‍ പാപന്മാര്‍ നിന്നാല്‍ പ്രഷ്ടാവ് ബന്ധനാണെന്നും ലഗ്നാധിപന്‍ ലഗ്നരാശി ഇതുകളുടെ ബലാബലങ്ങളെക്കൊണ്ട് ബന്ധനത്തിന്‍റെ ഉല്‍കൃഷ്ടത്വാപകൃഷ്ടത്വാദികളേയും  യുക്തിയ്ക്കുതക്കവണ്ണം പറയേണ്ടതാണ്. ഇവിടെ ചന്ദ്രന്‍ പാപനാണെങ്കില്‍ കര്‍ക്കടകവും, ബുധന്‍ പാപസഹിതനാണെങ്കില്‍ മിഥുനം കന്നി എന്നീ രാശികളും പാപരാശികളാണെന്നറിക.

അംഗസ്പര്‍ശം

ദൈവജ്ഞസന്നിധിയില്‍ വന്നു നിന്ന ദൂതന്‍ (ചോദ്യകര്‍ത്താവ് / പ്രശ്നകര്‍ത്താവ്) കിഴക്ക്, കിഴക്ക് തെക്ക് തുടങ്ങിയ ഏതെങ്കിലും ഒരു ദിക്കിലാണല്ലോ വന്നു നില്‍ക്കുന്നത്. അതുപോലെ തന്നെ അവിടെ നിന്ന് കൊണ്ട് താനറിയാതെ തന്‍റെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ തൊട്ടു എന്നും വരാം. ഈ ശരീരഭാഗം ശിരസ്സ്‌, മൂക്ക്, മുഖം, കാത് (ചെവി), കഴുത്ത്, കൈകള്‍, ഹൃദയം, കാലുകള്‍ ഇവയിലേതെങ്കിലുമാകാം. ഇങ്ങനെ ദൈവജ്ഞസന്നിധിയില്‍ അജ്ഞാത പ്രേരണയാല്‍ വന്നുചേരുന്ന പ്രശ്നകര്‍ത്താവ് താനറിയാതെ തന്നെ ഏതെങ്കിലും ഒരു ദിക്കില്‍ നിന്നുകൊണ്ട് മനഃപൂര്‍വ്വമല്ലാതെ തന്നെ തന്‍റെ ഏതെങ്കിലും ശരീരഭാഗത്തെ തൊടുന്നതിന് "അംഗസ്പര്‍ശം" എന്ന് പറയുന്നു.

പ്രശ്നകര്‍ത്താവിന്‍റെ ഈ അംഗസ്പര്‍ശം 32 തരത്തില്‍ സംഭവിക്കാം. 8 ദിക്കുകളേയും 8 ശരീരാവയവങ്ങളേയും ബന്ധപ്പെടുത്തിയാണ് അംഗസ്പര്‍ശം പറഞ്ഞിരിക്കുന്നത്. ഫലം പറയുന്നതിനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ 8 യോനികളായി വിഭജിച്ച്‌ 8 പേരുകളും നല്‍കിയിരിക്കുന്നു.


ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍, രക്തേശ്വരി, രക്തചാമുണ്ഡി, ഭദ്രകാളി മുതലായ ദേവതകളുടെ ബാധയെ പറയണം

ഭൗമേന ഭൈരവോ ഘണ്ടാകര്‍ണ്ണ ഇത്യാദയഃ സ്മൃതാഃ
വാച്യാരക്തേശ്വരീ രക്തചാമുണ്ഡ്യതിഭയങ്കരീ
കാളീ ചേത്യാദയസ്ത്വോജയുഗ്മരാശ്യംശഭേദതഃ
ഓജയുഗ്മത്വഭേദേ തു ഭാംശയോര്‍ദ്വിവിധാ അപി.

സാരം :-

ചൊവ്വ ബാധകാധിപനായി ഓജരാശിയില്‍ ഓജരാശ്യംശകത്തില്‍ നിന്നാല്‍ ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍ മുതാലായ ദേവതകളെ പറയണം. 

ചൊവ്വ ബാധകാധിപനായി യുഗ്മരാശിയില്‍ നില്‍ക്കുകയും അംശകിക്കുകയും ചെയ്‌താല്‍ ഭയങ്കരരൂപിണികളായ രക്തേശ്വരി, രക്തചാമുണ്ഡി, ഭദ്രകാളി മുതലായ ദേവതകളുടെ ബാധയെ പറയണം.

 ചൊവ്വ ഓജരാശിയില്‍ നില്‍ക്കുകയും യുഗ്മരാശിയില്‍ അംശകിക്കുകയും ചെയ്‌താല്‍ ഭൈരവന്‍ മുതലായവര്‍, രക്തേശ്വരി മുതലായവര്‍ ഈ രണ്ടുകൂട്ടരേയും പറഞ്ഞുകൊള്ളണം.

മാതാവിനെ വിവാഹം കഴിച്ച പുരുഷനില്‍ നിന്നോ, അതല്ല ജാരാദികളായ മറ്റു വല്ലവരില്‍ നിന്നോ, ജനിച്ച ശിശുവിന്‍റെ ഉല്പത്തി?

ന ലഗ്നമിന്ദുഞ്ച ഗുരുര്‍ന്നിരീക്ഷിതേ
ന വാ ശശാംകോ രവിണാ സമാഗതഃ
സപാപകോര്‍ക്കേണ യുതോഥവാ ശശീ
പരേണ ജാതം പ്രവദന്തി നിശ്ചയാത്

സാരം :-

1). ലഗ്നത്തിനും ചന്ദ്രനും വ്യാഴത്തിന്‍റെ ഒരു പ്രകാരത്തിലുള്ള ദൃഷ്ടിയോഗങ്ങളില്‍ ഒന്നോ, അല്ലെങ്കില്‍ ദ്രേക്കാണ ഹോരനവാംശകാദി ഷഡ്വര്‍ഗ്ഗങ്ങളില്‍ ഒന്നിന്‍റെയെങ്കിലും ബന്ധമോ ഇല്ലാത്ത സമയത്താണ് ജനനമെങ്കില്‍, ആ ശിശു ജാരപുരുഷങ്കല്‍ നിന്ന് ജനിച്ചതാണെന്നും പറയണം.

2). ലഗ്നത്തിനും ചന്ദ്രനും വ്യാഴത്തിന്‍റെ മുന്‍പറഞ്ഞ യോഗദൃഷ്ട്യാദിബന്ധങ്ങളൊന്നുമില്ലെങ്കിലും ജനനസമയത്ത് സൂര്യചന്ദ്രന്മാര്‍ ഒരേ രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ആ ശിശു ജാരപുരുഷനില്‍ നിന്ന് ജനിച്ചവനല്ല എന്നേ പറയേണ്ടതുള്ളു. 

ലഗ്നചന്ദ്രന്മാര്‍ക്ക് വ്യാഴത്തിന്‍റെ യാതൊരു സംബന്ധവുമില്ല. സൂര്യചന്ദ്രന്മാര്‍ ഒരേ രാശിയില്‍ നില്‍ക്കുന്നതുമുണ്ട്, പക്ഷേ ആ ചന്ദ്രനും വേറെ ഒരു പാപനും അത്യന്തം (ഒരംശകം) അടുത്തും ആദിത്യന്‍ ആ ചന്ദ്രസ്ഥിതരാശിയിലും നില്‍ക്കുന്നു. ഇങ്ങനേയുള്ള സമയത്താണ് ജനനമെങ്കില്‍ ആ ശിശു ജാരപുരുഷസന്തതിയാണെന്നുതന്നെ പറയുകയും വേണം.

ഇവിടെ "ഗുരുര്‍ന്നിരീക്ഷതേ" എന്ന മൂലത്തിന് യോഗവും ഷഡ്വര്‍ഗ്ഗബന്ധവും മറ്റും വ്യാഖ്യാനിച്ചതെങ്ങനെ എന്ന് ശങ്കിക്കേണ്ടതില്ല.

"ഗുരുക്ഷേത്രഗതേ ചന്ദ്രേ തദ്യുക്തേ വാന്യരാശിഗേ
തദ്രേക്കാണേ തദംശേ വാ ന പരൈര്‍ജ്ജാത ഇഷ്യതേ"

എന്ന് പ്രമാണം കണ്ടിട്ടുണ്ട്.

മേല്‍പറഞ്ഞ യോഗത്തിന്‍റെ സ്വഭാവം ദേശം കാലം ജാതി അവസ്ഥ എന്നിവയേയും, സംഭാവ്യാസംഭാവ്യാദ്യവസ്ഥാ വിശേഷങ്ങളേയും ഊഹാപോഹങ്ങളെക്കൊണ്ട് നല്ലപോലെ സൂക്ഷമമായി ആലോചിച്ചേ മേല്‍പറഞ്ഞ ജാരപുത്രത്വാദി ഫലം പറയാവു എന്നതിനേയാണ് "നിശ്ചയാല്‍" എന്ന പദംകൊണ്ട് ആചാര്യന്‍ സൂചിപ്പിച്ചിട്ടുള്ളത്. അങ്ങനെ ജാരപുരുഷജാതനാണ് ആ ശിശു എന്ന് തീര്‍ച്ചപ്പെട്ടാല്‍, ലഗ്നാല്‍ ഒന്‍പതാം ഭാവം, ഒന്‍പതാം ഭാവാധിപന്‍ എന്നിവയെക്കൊണ്ട് സംജ്ഞാദ്ധ്യായത്തില്‍ അവരവര്‍ക്ക് പറഞ്ഞ ജാതി ദേഹസ്വഭാവം നിറം മുതലായി ജാരഗതങ്ങളായുള്ള എല്ലാ വിശേഷങ്ങളേയും പറയുകയും ആവാം. 

പറയര്‍ വച്ച് പൂജിച്ചുവരുന്ന ചാമുണ്ഡിയുടെ / വാരാഹി എന്ന ദേവിയുടെ ബാധയുണ്ടെന്ന് പറയണം

ദിവാകീര്‍ത്ത്യര്‍ച്ചിതാ വാച്യാ ചാമുണ്ഡീ സഹകേതുനാ
പഞ്ചമി ബുധയുക്തേന തല്‍ക്ഷേത്രസ്ഥേന വാസൃജാ

സാരം :-

ചൊവ്വാ ബാധകാധിപനായി കേതുവിനോടുകൂടി നിന്നാല്‍ പറയര്‍ വച്ച് പൂജിച്ചുവരുന്ന ചാമുണ്ഡിയുടെ ബാധയുണ്ടെന്ന് പറയണം. 

ചൊവ്വാ ബാധകാധിപനായി ബുധനോടുകൂടുകയോ ബുധക്ഷേത്രത്തില്‍ നില്‍ക്കുകയോ ചെയ്‌താല്‍ വാരാഹി എന്ന ദേവിയുടെ ബാധയുണ്ടെന്ന് പറയണം. 

വീട്ടില്‍വച്ച് നിത്യവും പൂജിച്ചുവരുന്ന ദേവത / ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവന്മാര്‍ / നീചന്മാര്‍ പൂജിച്ചുവരുന്ന ദേവത / വനത്തില്‍ നിവസിക്കുന്ന വനദേവത എന്നിവരാണ് ബാധകള്‍ എന്ന് പറയണം

സൗമ്യര്‍ക്ഷാംശകയോസ്സ്ഥിതോയദിഭവേദ്ബാധാധിപഃ സ്വാലയേ
സംസ്ഥാപ്യാന്വഹമര്‍ച്ചിതോത്തമജനൈര്‍ബാധാകരീദേവതാ
ജീവര്‍ക്ഷാംശകയോഃ സുരലയഗതാഃ മാന്ദ്യേ തു നീചാര്‍ച്ചിതാ
ഭീമോദ്യാനനിവാസിനീ സ യദി ചേല്‍ സ്വാംശേƒഥവാസ്വാലയേ.

സാരം :-

ബാധകാധിപന്‍ ബുധക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ശ്രേഷ്ഠന്മാര്‍ തങ്ങളുടെ വീട്ടില്‍വച്ച് നിത്യവും പൂജിച്ചുവരുന്ന ദേവതയാണ് ഇവിടെ ബാധയായി തീര്‍ന്നിട്ടുള്ളതെന്നു പറയണം.

ബാധകാധിപന്‍ വ്യാഴക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ  ചെയ്‌താല്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവന്മാര്‍ തന്നെയാണ് ബാധയായി തീര്‍ന്നിരിക്കുന്നത് എന്ന് പറയണം.

ബാധകാധിപന്‍ ശനിക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ നീചന്മാര്‍ പൂജിച്ചുവരുന്ന ദേവതയാണ് ബാധയെന്ന് പറയണം.

ബാധകാധിപന്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ അതിഭയങ്കരമായ വനത്തില്‍ നിവസിക്കുന്ന വനദേവതയാണ് ബാധയായി തീര്‍ന്നിരിക്കുന്നത് എന്ന് പറയണം. 

ദൈവജ്ഞ പൃഛകാനുഭവ സാദൃശ്യം

പ്രശ്നകര്‍ത്താവ് ദൈവജ്ഞനെ സമീപിക്കുമ്പോള്‍ സ്നാനം, ഭോജനം, നിദ്ര തുടങ്ങിയ ഏതുതരത്തിലുള്ള അനുഭവങ്ങളാണോ ദൈവജ്ഞനുണ്ടാകുന്നത് അതേ തരത്തിലുള്ള അനുഭവങ്ങള്‍ പ്രശ്നകര്‍ത്താവിനുമുണ്ടാകുമെന്നു പറയണം. 

പ്രശ്നകര്‍ത്താവ് ദൈവജ്ഞനെ കാണാന്‍ വരുമ്പോള്‍ ദൈവജ്ഞന്‍ നഷ്ടപ്പെട്ടുപോയ എന്തെങ്കിലും വസ്തു തിരഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ പൃഛകന്‍ നഷ്ടപ്പെട്ടു പോയ ഏതോ  വസ്തുവിന്‍റെ കാര്യം ചോദിക്കാനാണ് വന്നിരിക്കുന്നത് എന്ന് പറയണം. 

ശ്വാസ പരീക്ഷണം നടത്തുന്നത് എന്തിന്?

ദൈവജ്ഞന്‍റെ ശ്വാസം പ്രശ്നസമയത്തുള്ള ഗ്രഹസ്ഥിതി, പൃഛക സ്ഥിതി ഇവയുടെ ഒരു മാപിനി (Meter) ആയി മാറുകയാണ്. അത് എങ്ങനെയെന്ന് നോക്കാം. പ്രശ്നകര്‍ത്താവ് ദൈവജ്ഞന്‍റെ മുമ്പാകെ വരുമ്പോള്‍ പൃഛകന്‍റെയും ദൈവജ്ഞന്‍റെയും ശാരീരിക മാനസിക കാന്തിക ശക്തികളുടെ (Electro Magnetic Force) പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനഫലമായി പൃഛകന്‍റെ പ്രശ്നത്തെ സംബന്ധിച്ച ഒരു ശക്തി പ്രസരം ആ അന്തരീക്ഷത്തിലുണ്ടാകുന്നു. അന്തരീക്ഷത്തിലാകെ പ്രസരിക്കുന്ന ഈ ശക്തിക്ക് പഞ്ചഭൂതങ്ങളുമായും ഗ്രഹങ്ങളുമായും ബന്ധമുണ്ട്. ഈ ബന്ധം പൃഛക പ്രശ്നത്തിന് അനുകൂലമോ പ്രതികൂലമോ ആകാം. ഈ ശക്തിയുടെ വലയത്തില്‍പെടുന്ന ഭൂതം ദൈവജ്ഞന്‍റെ ശ്വാസഗതിയില്‍ കൂടി പുറത്ത് വരുന്നു. അതുപോലെ ചന്ദ്രനുമായോ സൂര്യനുമായോ ബന്ധപ്പെട്ട് ഇഡയായോ പിംഗലയായോ മാറുന്നു. അന്തരീക്ഷത്തില്‍ വരുന്ന താപ മാറ്റത്തിനനുസരിച്ച് വികസിക്കുന്ന രസം (Mercury) താപമാപിനിയില്‍ (Barometer) കൂടി അന്തരീക്ഷത്തില്‍ വരുന്ന മാറ്റത്തെ സൂചിപ്പിക്കുന്നതുപോലെ പൃഛകദൈവജ്ഞ സമാഗമ സമയത്ത് ആ അന്തരീക്ഷത്തില്‍ പഞ്ചഭൂതങ്ങളും നവഗ്രഹങ്ങളും പൃഛകന്‍റെ  അനുഭവമായി ബന്ധപ്പെടുന്ന രീതിയെ ദൈവജ്ഞന്‍റെ ശ്വാസഗതി പ്രകടമാക്കുന്നു. ഇവിടെ സിദ്ധമന്ത്രനും ദൈവജ്ഞനുമായ ദൈവജ്ഞന്‍ പ്രകൃതിയുടെ മാധ്യമമാകുകയാണ്.

രോഗപ്രശ്നവും ശ്വാസഗതിയും

പുരുഷനായ രോഗി ജീവിക്കുമോ എന്ന രോഗ പ്രശ്നത്തില്‍ ദൈവജ്ഞന്‍റെ ശ്വാസഗതി വലത് മൂക്കില്‍ കൂടി ആയിരിക്കുകയും പൃഛകന്‍ ദൈവജ്ഞന്‍റെ വലതുഭാഗത്ത് നിന്ന് കൊണ്ട് പ്രശ്നം ചോദിക്കുകയും ചെയ്‌താല്‍ രോഗിക്ക് രോഗം വേഗം ഭേദമാകുകയും രോഗി ജീവിക്കുകയും ചെയ്യും.

രോഗി സ്ത്രീയായിരിക്കുകയും രോഗ പ്രശ്നസമയത്ത് ദൈവജ്ഞന്‍റെ ഇടത് മൂക്കില്‍ കൂടി ശ്വാസം പോകുകയും പൃഛകന്‍ ദൈവജ്ഞന്‍റെ ഇടത് ഭാഗത്ത് നിന്നുകൊണ്ട് ചോദ്യം ചോദിക്കുകയും ചെയ്‌താല്‍ രോഗിണിക്ക് രോഗം ഭേദമാകുകയും രോഗിണി ജീവിക്കുകയും ചെയ്യും.

രോഗപ്രശ്ന സമയത്ത് ശ്വാസം ദൈവജ്ഞന്‍റെ ഇടതു മൂക്കില്‍ കൂടി പോകുക, പൃഛകന്‍ ദൈവജ്ഞന്‍റെ വലതു ഭാഗത്ത് നില്‍ക്കുക. അഥവാ ശ്വാസം ദൈവജ്ഞന്‍റെ വലതുമൂക്കില്‍ കൂടി പോകുക, പ്രശ്നകര്‍ത്താവ് ഇടതുഭാഗത്തില്‍ നില്‍ക്കുക ഇങ്ങനെ വന്നാല്‍ രോഗം മാറുന്നത് ബുദ്ധിമുട്ടായിരിക്കും.

രോഗി പുരുഷനായാലും സ്ത്രീയായാലും പൃഛകസ്ഥിതിയും ദൈവജ്ഞ ശ്വാസഗതിയും ഒരേ ദിക്കിലായിരുന്നാല്‍ രോഗി ജീവിക്കും.

ശ്വാസഗതിയും യാത്രാ പ്രശ്നവും

ഒരു കാര്യത്തിന് പുറപ്പെടുമ്പോള്‍ ഇടത് മൂക്കില്‍ കൂടിയാണ് ശ്വാസം സഞ്ചരിക്കുന്നതെങ്കില്‍ നല്ലതാണ്. ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ ശ്വാസഗതി വലത് മൂക്കില്‍ കൂടി സഞ്ചരിക്കുന്നതാണ് നല്ലത്.

പൃഛകനും ദൈവജ്ഞ ശ്വാസഗതിയും

പ്രശ്നകര്‍ത്താവ് ദൈവജ്ഞന്‍റെ ശ്വാസം സഞ്ചരിക്കുന്ന ഭാഗത്തില്‍ വന്നു നില്‍ക്കുക, ശ്വാസം ഭൂമിയുമായോ, ജലവുമായോ ഭൂതങ്ങളുമായി ബന്ധപ്പെടുക എന്ന് വന്നാല്‍ പ്രശ്നകര്‍ത്താവ് ദീര്‍ഘായുസ്സും ഗുണവാനും നല്ല കളത്രം (ഭാര്യ) ഉള്ളവനും നല്ല സന്താനങ്ങളുള്ളവനും ധനസമൃദ്ധിയുള്ളവനും ആയിരിക്കും. സത്സന്താനങ്ങളും പുത്രസമൃദ്ധിയും ഉണ്ടാകും

ഇതിനു വിപരീതമായി ശ്വാസം അഗ്നി, വായു, ആകാശം എന്നീ ഭൂതങ്ങളുമായി ബന്ധപ്പെടുകയും പ്രശ്നകര്‍ത്താവ് ശ്വാസം വരാത്ത ഭാഗത്ത് നില്‍ക്കുകയും ചെയ്‌താല്‍ ഭാര്യാ നാശം, പുത്രനാശം, ധനനാശം, ആയുസ്സ് കുറവ് എന്നിവ അനുഭവപ്പെടും.

പഞ്ചഭൂതങ്ങളും ശ്വാസവും


ശ്വാസം ഏതു മൂക്കില്‍ കൂടിയാണ് പോകുന്നതെന്നും അതിന് ഏത് ഭൂതവുമായിട്ടാണ് ബന്ധം എന്നും ശ്വാസദൈര്‍ഘ്യം കൊണ്ട് മനസ്സിലാക്കികഴിഞ്ഞാല്‍ താഴെ പറയുന്ന രീതിയില്‍  ഫലങ്ങള്‍ ചിന്തിച്ചുകൊള്ളണം

ഭൂമി  - ഇടത് മൂക്ക്  - ഉയര്‍ന്ന കെട്ടിടങ്ങളിലും പ്രാകാരങ്ങളിലും പ്രവേശനം, പട്ടാഭിഷേകം, മറ്റുതരത്തിലുള്ള ശുഭഫലങ്ങള്‍

ജലം - ഇടത് മൂക്ക്  - കിണറുകുഴിക്കല്‍, വിവാഹം

ജലം - വലത് മൂക്ക് - ജലഭയം

അഗ്നി - വലുത് മൂക്ക്, ഇടത് മൂക്ക് - ശത്രുഭയം, ആയുധക്ഷയം, ശരീരത്തില്‍ മുറിവ്, വീട്, തീപിടിക്കള്‍, കുട്ടികള്‍ തീയില്‍ വീഴല്‍

വായു - വലത് മൂക്ക്, ഇടത് മൂക്ക് - ചോരഭയം, വീട് വിട്ട് ഓടിപ്പോകല്‍, അശ്വഗജാദ്യാരോഹണം.

ആകാശം - വലത് മൂക്ക്, ഇടത് മൂക്ക് - മന്ത്രോപദേശം, ദേവപ്രഷിഷ്ഠ, ദീക്ഷ, വ്യാധി, ആരംഭം, ശരീര പീഡ

മേല്‍പറഞ്ഞ ഫലങ്ങള്‍ പഞ്ചഭൂതങ്ങളെക്കൊണ്ട് പറയണം.

ബാധകള്‍ ഇന്നതാണെന്നും നിശ്ചയിക്കേണ്ടതാണ്

ബാധകഗതതന്നാഥഗ്രഹതോ ജ്ഞേയാ ഹി ദേവതാഭേദാഃ
തദധിഷ്ഠിതരാശ്യംശൈരപി ഭേദഃ സ്യാല്‍ സ കഥ്യതേ തദനു

സാരം :-

ബാധാരാശിയില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ബാധകാധിപനെക്കൊണ്ടും പീഡിപ്പിക്കപ്പെട്ട ബാധകള്‍ ഇന്നതാണെന്നും നിശ്ചയിക്കേണ്ടതാണ്. കൂടാതെ മേല്‍പറഞ്ഞ ഗ്രഹങ്ങള്‍ ഏത് രാശികളില്‍ അംശകിച്ചിരിക്കുന്നുവോ ആ അംശകങ്ങളെക്കൊണ്ട് ഉപദ്രവബാധയെ ചിന്തിക്കേണ്ടതാണ്.

പ്രസവിയ്‌ക്കുമ്പോള്‍ ശിശുവിന്‍റെ ശരീര അവയവത്തില്‍, നാഭിനാളം (പൊക്കിള്‍ക്കൊടി) അല്ലെങ്കില്‍ അതിനോട് തുല്യമായ മറ്റൊരു പദാര്‍ത്ഥം ചുറ്റിയിരുന്നുവെന്ന് പറയാവുന്നതാണ്.

ഛാഗസിംഹവൃഷേ ലഗ്നേ തത്‌സ്ഥേ സൗരേഥവാ കുജേ
രാശ്യംശസദൃശേ ഗാത്രേ ജായതേ നാളവേഷ്ടിതഃ

സാരം :-

മേടം, ഇടവം, ചിങ്ങം എന്നീ മൂന്നു രാശികളില്‍  ഏതെങ്കിലും ഒന്ന് പ്രസവകാലോദയലഗ്നമാവുകയും, ശനികുജന്മാരില്‍ ഒന്ന് ലഗ്നത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകം കൊണ്ട് വിധിച്ചപ്രകാരം ആ ലഗ്നരാശി അല്ലെങ്കില്‍ നവാംശകരാശി ഏത് അവയവത്തില്‍ വരുന്നു, പ്രസവിക്കുമ്പോള്‍ അവിടെ, നാഭിനാളം (പൊക്കിള്‍ക്കൊടി) അല്ലെങ്കില്‍ അതിനോട് തുല്യമായ മറ്റൊരു പദാര്‍ത്ഥം ചുറ്റിയിരുന്നുവെന്ന് പറയാവുന്നതാണ്.

"വേഷ്ടിതഃ" "ബദ്ധഃ" "ജായതേ" എന്നും മറ്റുമുള്ള പദങ്ങളെക്കൊണ്ട് ജാതകത്തില്‍ മേല്‍പറഞ്ഞ യോഗമുണ്ടായാല്‍ അയാള്‍ ഭാവികാലത്തില്‍ എപ്പോഴെങ്കിലും ഒരിയ്ക്കല്‍ ബന്ധനസ്ഥനാവേണ്ടി വരുമെന്നും, "ഇന്നാള്‍ ഇപ്പോള്‍ ബന്ധനസ്ഥിതനോ അല്ലയോ" എന്നിത്യാദി പ്രശ്നവിഷയത്തിലാണ് ഈ യോഗമുണ്ടായതെങ്കില്‍ അയാള്‍ ഇപ്പോള്‍ ബന്ധനസ്ഥനാണെന്നും, മറ്റു ഫലങ്ങളെക്കൂടി ഈ ശ്ലോകം കൊണ്ട് ഊഹിക്കാവുന്നതാണെന്നും ധരിയ്ക്കേണ്ടതുണ്ട്.

രണ്ടു കുട്ടികളെ പ്രസവിച്ചു എന്ന് പറയണം

ചതുഷ്പദഗതേ ഭാനൗ ശേഷൈര്‍വ്വീര്യസമന്വിതൈഃ
ദിതനുസ്ഥൈശ്ച യമളൗ ഭവതഃ കോശവേഷ്ടിതൗ.

സാരം :- 

ഏതെങ്കിലും ചതുഷ്പാദ്രാശികളില്‍ ഒരേടത്തു സൂര്യനും ഉഭയ രാശികളില്‍ പൂര്‍ണ്ണബലവാന്മാരായ മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുമ്പോഴാണ് പ്രസവമെങ്കില്‍, ജരായുവേഷ്ടിതന്മാരായ രണ്ടു കുട്ടികളാണ് ജനിച്ചതെന്ന് പറയേണ്ടതാണ്. ഈ യോഗത്തില്‍ "വീര്യസമന്വിതൈഃ" എന്നതിന് ഉഭയരാശിസ്ഥിതന്മാരായ ഗ്രഹങ്ങളൊക്കെയും കേന്ദ്രത്തില്‍ വരണമെന്നാണ് താല്പര്യമെന്നും ഒരു പക്ഷമുണ്ട്. ഈ യോഗത്തിനും പരിപൂര്‍ണ്ണതയുണ്ടെങ്കില്‍ മാത്രമേ ഫലവും പറയേണ്ടതുള്ളു. അല്പമെങ്കിലും അപൂര്‍ണ്ണതയുണ്ടെങ്കില്‍ ഇങ്ങിനെ യോഗത്തില്‍ ജനിച്ച ഓരോരുത്തനുമായി കോശശബ്ദത്തില്‍ അറിയപ്പെടുന്ന ധനവുമായി വേഷ്ടിത - സംബന്ധപ്പെട്ട - നാവുമെന്നാണ് പറഞ്ഞതെന്നും ഒരു പക്ഷക്കാരും കൂടിയുണ്ടെന്നറിക.

"ദിതനുസ്ഥൈശ്ച യമളൗ ഭവതഃ" എന്നതുകൊണ്ട്‌ ജാതകം പ്രശ്നം നിമിത്തം മുഹൂര്‍ത്തം ഇത്യാദി ഫലവിചാരത്തിങ്കലൊക്കയും ഉഭയരാശികളെക്കൊണ്ടും, അതുകളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ദ്വിത്വപരമായ ഫലം വിചാരിയ്ക്കാമെന്നു സൂചിപ്പിക്കുന്നുണ്ട്.

ലഗ്നേന്ദുജാമിത്രതദീശശുക്രൈര്‍ദ്വിദേഹരാശ്യംശഗതൈര്‍ദ്വിഭാര്യഃ - എന്ന് വിവാഹവിഷയത്തില്‍ പ്രമാണവും കാണുന്നുണ്ട്. 

ആഴ്ചയും ശ്വാസഫലവും

തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ ഇടത് മൂക്കില്‍ കൂടി പോകുന്ന ശ്വാസം ശുഭഫലം നല്‍കും.

തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ വലത് മൂക്കില്‍ കൂടി പോകുന്ന ശ്വാസം നല്ല ഫലം നല്‍കുകയില്ല. 

ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ വലത് മൂക്കില്‍ കൂടി പോകുന്ന ശ്വാസം നല്ല ഫലം ചെയ്യും.

ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ എന്നീ ദിവസങ്ങളില്‍ ഇടത് മൂക്കില്‍ കൂടി പോകുന്ന ശ്വാസം നല്ല ഫലം ചെയ്യുകയില്ല.

ദിവസം  ഏതായാലും രാവിലെ ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ ശ്വാസഗതി അനുകൂലമായിരുന്നാല്‍ അന്നത്തെ അനുഭവങ്ങളെല്ലാം നന്നായിരിക്കും. നേരെ മറിച്ച് ഏത് ദിവസമായാലും രാവിലെ ശ്വാസഗതി പ്രതികൂലമായിരുന്നാല്‍  ക്ലേശാനുഭവങ്ങള്‍ ഉണ്ടായിരിക്കും. വഴക്കുണ്ടാകും, ഉറക്കം ഉണ്ടാകുകയില്ല, മലമൂത്രാദിവിസര്‍ജനത്തില്‍ പോലും ക്ലേശം അനുഭവപ്പെടും.

ശ്വാസ പരീക്ഷണം

പ്രശ്നകര്‍ത്താവ് ദൈവജ്ഞനോട് തന്‍റെ ആഗ്രഹം പറയുമ്പോള്‍ ദൈവജ്ഞന്‍ തന്‍റെ ശ്വാസം ഏത് മൂക്കില്‍ കൂടി സഞ്ചരിക്കുന്നു എന്ന് സ്വയം പരീക്ഷിക്കുന്നതാണ് ശ്വാസ പരീക്ഷണം. 

ദൈവജ്ഞന്‍ എന്നും രാവിലെ എഴുന്നേറ്റ ഉടന്‍ തന്‍റെ ശ്വാസം ഏത് മൂക്കില്‍ കൂടിയാണ് സഞ്ചരിക്കുന്നത് എന്ന് പരീക്ഷിച്ച് അറിയണം. അതായത് ശ്വാസം സഞ്ചരിക്കുന്നത് ഇഡയായിട്ടാണോ പിംഗലയായിട്ടാണോ സുഷുമ്നയായിട്ടാണോ എന്ന് നോക്കണം. പ്രശ്ന കര്‍ത്താവിന്‍റെ ചോദ്യ സമയത്ത് ദൈവജ്ഞന്‍ സ്വയം തന്‍റെ ശ്വാസ പരീക്ഷണം നടത്തി പ്രശ്നകര്‍ത്താവിന്‍റെ  ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.

ഇതു കൂടാതെ ശ്വാസം പഞ്ചഭൂതങ്ങളില്‍  ഏത് ഭൂതവുമായി (പൃഥ്വി, ജലം, അഗ്നി, വായു, ആകാശം) ബന്ധപ്പെടുന്നു എന്ന് നോക്കണം.

പ്രശ്നസമയത്തെ ഭൂതോദയം കണക്കാക്കുക. പ്രശ്നകര്‍ത്താവിന്‍റെ ചോദ്യ സമയത്ത് ദൈവജ്ഞന്‍റെ ശ്വാസം ഏത് ഭൂതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നത് നാസാദ്വാരത്തില്‍ നിന്നും ശ്വാസത്തിന്‍റെ ദൈര്‍ഘ്യം കൊണ്ടാണ്. ശ്വാസത്തിന്‍റെ ദൈര്‍ഘ്യം 16 അംഗുലമായാല്‍ ഭൂമി ഭൂതവും, 12 അംഗുലമായാല്‍ ജലഭൂതവും, 8 അംഗുലമായാല്‍ അഗ്നിഭൂതവും, 6 അംഗുലമായാല്‍ വായുഭൂതവും, 2 അംഗുലമായാല്‍ ആകാശഭൂതവുമാകുന്നു.

പ്രഷ്ടാവ് ദൈവജ്ഞന്‍റെ അടുക്കല്‍ വരുമ്പോള്‍ പ്രഷ്ടാവിന്‍റെ അവയവ സ്പര്‍ശനം കൊണ്ടും ഇന്നിന്ന ബാധകളാണ് ഉപദ്രവിക്കുന്നത് എന്ന് അറിയാന്‍ കഴിയും

വക്ഷോലലാടതലഗുഹ്യതലാനി നാഭിം
പ്രഷ്ടാസ്പൃശേദ്യദി വദന്തി ഹി ദേവതാര്‍ത്തിം
പാര്‍ശ്വേ കരാംഗുലിദളേ ച ഭുജംഗപീഡാം
ഭ്രുകര്‍ണ്ണകക്ഷയുഗളേഷു പിശാചപീഡാം

സാരം :-

പ്രഷ്ടാവിന്‍റെ സ്പര്‍ശനം മാറിടം, നെറ്റി, പൊക്കിള്‍ എന്നീ പ്രദേശങ്ങളിലായിരുന്നു എങ്കില്‍ ദേവതകളു (അമരാദി ഗ്രഹങ്ങളു) ടെ പീഡയുണ്ടെന്ന് പറയണം. പാര്‍ശ്വങ്ങള്‍, കൈവിരല്‍, കഴുത്ത്, ഈ ഭാഗങ്ങളില്‍ തൊട്ടിരുന്നുവെങ്കില്‍ സര്‍പ്പപീഡയുണ്ടെന്ന് പറയണം. പുരികം, ചെവി, കക്ഷങ്ങള്‍ ഈ ഭാഗങ്ങളില്‍ തൊട്ടിരുന്നു എങ്കില്‍ പിശാചുക്കളുടെ ഉപദ്രവമുണ്ടെന്ന് പറയണം. 

ശ്വാസം എന്നാല്‍ എന്ത്?

ദൈവജ്ഞന്‍റെ മൂക്കില്‍ കൂടി അകത്തു കടക്കുകയും പുറത്തുപോകുകയും ചെയ്യുന്ന വായുവിനേയാണ് "ശ്വാസം" എന്ന് പറയുന്നത്. ഇതിനെ സംസ്കൃതത്തില്‍ "സ്വരം" എന്ന് പറയുന്നു. ഇതു ലോപിച്ച് മലയാളത്തില്‍ "ശരം" എന്ന് മാറിയിട്ടുണ്ട്. സാമാന്യ രീതിയില്‍ ശരീര ശാസ്ത്രമനുസരിച്ച്  ശരീരത്തിന്‍റെ നിലനില്പിന് വേണ്ടിയുള്ള ശ്വാസകോശത്തിന്‍റെ ഒരു ധര്‍മ്മമായിട്ടാണ് ശ്വാസക്രിയ കണക്കാക്കപ്പെടുന്നത്. പക്ഷെ ഭാരതത്തില്‍ ശ്വാസത്തിനെ  വെറും ശരീരധര്‍മ്മമായി കണക്കാക്കാതെ യോഗസാധനയുമായും പ്രപഞ്ച ചൈതന്യവുമായും ബന്ധപ്പെടുത്തിയാണ് ചിന്തിക്കുന്നത്. യോഗശാസ്ത്രത്തില്‍ ശ്വാസത്തെ സംബന്ധിച്ച ഒരു പ്രത്യേക ശാഖ തന്നെ ഉണ്ട്. "ശിവ സ്വരോദയം" , "സ്വരചിന്താമണി" എന്നിവ ഈ  ജ്ഞാനശാഖയിലെ പ്രമുഖ ഗ്രന്ഥങ്ങളാണ്. ജ്യോതിഷത്തിലും വൈദ്യത്തിലും സ്വരശാസ്ത്ര സിദ്ധാന്തത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ശ്വാസ പരീക്ഷണം എന്നൊരു പ്രക്രിയ ജ്യോതിഷികളും (ദൈവജ്ഞാന്മാരും) വൈദ്യന്മാരും വിശേഷിച്ച് വിഷവൈദ്യന്മാരും നടത്താറുണ്ട്‌. ദൈവജ്ഞന്മാര്‍ക്കും വൈദ്യന്മാര്‍ക്കും ശ്വാസ ശാസ്ത്ര ജ്ഞാനം - സ്വര ശാസ്ത്ര ജ്ഞാനം - അനിവാര്യമാണ്. ദൈവജ്ഞനെ സംബന്ധിച്ചിടത്തോളം പ്രശ്ന ക്രിയയിലും ദൂത പൃഛക സമാഗമ സമയത്തും ഫലാദേശത്തിന് തന്‍റെ ശ്വാസഗതിയുടെ പരീക്ഷണം സഹായകമാണ്. ശ്വാസ പരീക്ഷണം ദൈവജ്ഞന് എങ്ങനെ ഫലാദേശത്തിന് സഹായിക്കുന്നു എന്ന് വിവരിക്കുന്നതിന് മുമ്പ് ശ്വാസത്തെപ്പറ്റി ഒരു ലഘു വിവരണം നല്‍കേണ്ടത് ആവശ്യമാണ്‌.

സ്വരം അഥവാ ശ്വാസം എന്ന് പറയുന്നത് ദൈവജ്ഞന്‍റെ മൂക്കില്‍ കൂടി ശരീരത്തില്‍ പ്രവേശിക്കുകയും മൂക്കില്‍ കൂടി തന്നെ പുറത്തു പോകുകയും ചെയ്യുന്ന വായുവാണ്. "ശിവസ്വരോദയം" . "സ്വരചിന്താമണി" എന്നീ ഗ്രന്ഥങ്ങളില്‍ സ്വരത്തെപ്പറ്റി നല്‍കിയിട്ടുള്ള വിവരണങ്ങളുടെ സാരാംശം താഴെ  ചേര്‍ക്കുന്നു.

സ്വരം (ശ്വാസം) ത്രിലോക വ്യാപിയാണ്. ബ്രഹ്മാണ്ഡഖണ്ഡ പിണ്ഡാദികള്‍ സ്വരം കൊണ്ട് നിര്‍മിക്കപ്പെട്ടവയാണ്. ജീവനുള്ള എല്ലാ പ്രാണികളിലും സമാനമായി കാണുന്ന ധര്‍മ്മമാണ് സ്വരം (ശ്വാസം). ലോകത്തില്‍ ചൈതന്യത്തെ നിലനിര്‍ത്തുന്നതാണ് സ്വരം (ശ്വാസം). സ്വരം (ശ്വാസം) എന്ന് പറയുന്നത് സൃഷ്ടി സ്ഥിതി സംഹാര തത്ത്വമായ മഹേശ്വരനാണ്. സ്വരജ്ഞാനത്തേക്കാള്‍ ഗുഹ്യമായോ ശ്രേഷ്ടമായോ ഉള്ള മറ്റൊരു ജ്ഞാനശാഖയില്ല. സ്വരബലം കൊണ്ട് ശത്രു നശിക്കുന്നു. മിത്രസമാഗമം ഉണ്ടാകുന്നു. ഐശ്വര്യലാഭവും കീര്‍ത്തിലാഭവും ഉണ്ടാകുന്നു. പ്രാണായാമസാധന കൊണ്ട് യോഗികള്‍ പ്രപഞ്ച ചൈതന്യനിയാമകമായ ശ്വാസത്തില്‍ നിയന്ത്രണം നേടുകയും അങ്ങനെ പ്രപഞ്ചത്തെത്തന്നെ നിയന്ത്രിക്കാനുള്ള കഴിവ് നേടുകയും ചെയ്യുന്നു. സ്വരശാസ്ത്രം അറിഞ്ഞുകൂടാത്ത ദൈവജ്ഞന്‍ നാഥനില്ലാത്ത വീടുപോലെയും ശിരസ്സില്ലാത്ത ശരീരം പോലെയുമാണ്. സ്വരശാസ്ത്ര സിദ്ധാന്ത പ്രകാരം ശരീരത്തില്‍ 72000 നാഡികളുണ്ട്. ഇതില്‍ 24 നാഡികളാണ് പ്രധാനം. ഇവ നാഭിയില്‍ സര്‍പ്പാകാരത്തില്‍ കിടക്കുന്ന കുണ്ഡലിനിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുണ്ഡലിനിയില്‍ നിന്ന് 10 നാഡികള്‍ മുകളിലോട്ടും 10 നാഡികള്‍ താഴോട്ടും രണ്ടു നാഡികള്‍ വീതം ഇടതു വലതു ഭാഗത്തും പോകുന്നു. ഈ 24 നാഡികളില്‍ താഴെ പേര് പറയുന്ന നാഡികള്‍ പ്രമുഖങ്ങളാണ്.


  1. ഗാന്ധാരി
  2. ഹസ്തി ജിഹ്വ
  3. പുഷ
  4. യശസ്വിതി
  5. അലംബുഷ
  6. കുഹു
  7. ശംഖിനി
  8. ഇഡ
  9.  പിംഗല
  10. സുഷുമ്ന


ഇവയില്‍ വച്ച് ശ്വാസത്തിന് അഥവാ സ്വരത്തിന് സംബന്ധം ഇഡ, പിംഗല, സുഷുമ്ന നാഡികളുമായിട്ടാണ്. ഇഡ ഇടത്ത് ഭാഗത്തും പിംഗല വലത്ത് ഭാഗത്തും സുഷുമ്ന മധ്യഭാഗത്തും സഞ്ചരിക്കുന്നു. 

ഗാന്ധാരി ഇടത്തേ കണ്ണിലും ഹസ്തി ജിഹ്വ വലത്തേ കണ്ണിലും കുഹു ലിംഗപ്രദേശത്തും ശംഖിനി ഗുദ സ്ഥാനത്തും സഞ്ചരിക്കുന്നു. 

ഇഡ, പിംഗല, സുഷുമ്ന എന്നിവ ശരീരത്തിലെ പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍, നാഗന്‍, കൂര്‍മ്മന്‍, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്നീ  പത്ത് വായുക്കുകളുമായി ബന്ധപ്പെടുന്നു. ഈ പത്തു വായുക്കള്‍ ശരീരാവയവവുമായി ബന്ധപ്പെടുന്നത് താഴെ പറയുന്ന പ്രകാരമാണ്

പ്രാണന്‍ - ഹൃദയം, അപാനന്‍ - മലദ്വാരം, സമാനന്‍ - കടിപ്രദേശം (അരക്കെട്ട്), ഉദാനന്‍ - കണ്ഠം, വ്യാനന്‍ - ശരീരമാസകലം, നാഗന്‍ - ഏമ്പക്കം, കൂര്‍മ്മന്‍ - നേത്രനിമേഷം, കൃകലന്‍ - തുമ്മല്‍, ദേവദത്തന്‍ - കോട്ടുവാ, ധനഞ്ജയന്‍ - മൃതശരീരം.

ഇഡ, പിംഗല, സുഷുമ്ന ശ്വാസഗതിയുമായി ബന്ധപ്പെടുന്നു. 

ഇഡ ഇടതു മൂക്കില്‍ കൂടിയും പിംഗല വതു മൂക്കില്‍ കൂടിയും സുഷുമ്ന മധ്യമൂക്കില്‍ കൂടിയും സഞ്ചരിക്കുന്നു. പ്രാണായാമത്തില്‍ കൂടി യോഗിവര്യന്മാര്‍ ഇഡയുടെ ഗതിയും പിംഗലയുടെ ഗതിയും നിയന്ത്രണം സ്ഥാപിച്ച് ശ്വാസഗതിയെ സുഷുമ്നയില്‍ കൂടി കടത്തി വിടാന്‍ ശ്രമിക്കുന്നു. ഇവയില്‍ ഇടതു ഭാഗത്തുള്ള ഇഡ ചന്ദ്രനുമായും വലതു ഭാഗത്തുള്ള പിംഗല സൂര്യനുമായും മധ്യസ്ഥിതയായ സുഷുമ്ന അഗ്നിയുമായും ബന്ധപ്പെടുന്നു.

പ്രഷ്ടാവ് ദൈവജ്ഞന്‍റെ അടുത്തു വന്നപ്പോള്‍ വലത്ത് വശമായി മേല്‍പോട്ടായിരുന്നു നോക്കിയത് എങ്കില്‍

വ്യാധേശ്ശാന്തിര്‍ഭവതി മുഖജൈര്‍ദ്ദക്ഷിണോര്‍ദ്ധ്വാവലോകേ
പ്രഷ്ടുര്‍ ദൃഷ്ടാവിഹ പുനരഥോ ദേവതാഗായകൈശ്ച
വാമോര്‍ദ്ധ്വാധസ്സുദൃഢനിഹിതപ്രേക്ഷണേ തു പ്രശസ്തൈഃ
ചണ്ഡാലാനാമപി  തദധമൈഃ സാനിരുകതാ ക്രമേണ - ഇതി

സാരം :-

പ്രഷ്ടാവ് ദൈവജ്ഞന്‍റെ അടുത്തു വന്നപ്പോള്‍ വലത്ത് വശമായി മേല്‍പോട്ടായിരുന്നു നോക്കിയത് എങ്കില്‍ ബ്രാഹ്മണനെക്കൊണ്ട് രോഗശമനത്തിന് വേണ്ട ക്രിയ ചെയ്യിക്കേണ്ടതാണെന്നു പറയണം. വലത്ത് ഭാഗത്തുകൂടിതന്നെ കീഴ്പ്പോട്ടു നോക്കിയിരുന്നാല്‍ ദേവാലയങ്ങളില്‍ പാട്ട് നടത്തി വരുന്ന പണിക്കര്‍ മുതലായവരെക്കൊണ്ട് പ്രതിക്രിയ ചെയ്യിക്കേണ്ടതാണെന്നും പറയണം. ഇടതുവശത്തായി മേല്‍പ്പോട്ടു നോക്കിയാല്‍ ചണ്ഡാലന്മാരിലുള്ള ഉത്തമ ജനങ്ങളെക്കൊണ്ടും ഇടതുഭാഗത്തുകൂടി കീഴ്പ്പോട്ടു നോക്കിയാല്‍  ചണ്ഡാലവര്‍ഗ്ഗത്തിലുള്ള അധമജനങ്ങളെക്കൊണ്ടും പ്രതിക്രിയ ചെയ്യിക്കേണ്ടതാണെന്നും പറയണം.

ശിശു സര്‍പ്പത്തെപ്പോലെ ക്രൂരസ്വഭാവനായോ അല്ലെങ്കില്‍ അഭ്യാസവിശേഷാദികളാല്‍ പാമ്പിനെ ശരീരത്തില്‍ ചുറ്റുക മുതലായത് ചെയ്യുന്നവനായോ

ശശാംകേ പാപലഗ്നേ വാ വൃശ്ചികേശത്രിഭാഗഗേ
ശുഭൈഃ സ്വായസ്ഥിതൈര്‍ജ്ജാതസ്സര്‍പ്പസ്തദ്വേഷ്ടിതോപി വാ.

സാരം :-

1). ജനനസമയത്തെ ചന്ദ്രന്‍റെ ദ്രേക്കാണാധിപന്‍ കുജനാവുക ആ ചന്ദ്രന്‍റെ രണ്ടിലും പതിനൊന്നിലുമായി മൂന്നു ശുഭന്മാരും നില്‍ക്കുക, 2). പ്രസവകാലോദയലഗ്നം പാപരാശിയാവുക, ആ ലഗ്നത്തിന്‍റെ ദ്രേക്കാണാധിപന്‍ കുജനാവുക, ലഗ്നത്തിന്‍റെ രണ്ട്, പതിനൊന്ന് എന്നീ ഭാവങ്ങളില്‍ ശുഭന്മാര്‍ മൂന്നും നില്‍ക്കുകയും ചെയ്ക. ഈ പറഞ്ഞ രണ്ടില്‍ ഒരു യോഗമുള്ളപ്പോള്‍ ജനിയ്ക്കുന്ന ശിശു സര്‍പ്പമോ സര്‍പ്പവേഷ്ടിതനോ ആയിരുന്നുവെന്നും പറയണം.

മേല്‍പറഞ്ഞ യോഗങ്ങള്‍ ധാരാളം സംഭാവ്യമായും, യോഗഫലമായ സര്‍പ്പത്തേയോ സര്‍പ്പവേഷ്ടിതനേയോ പ്രസവിച്ചു കാണുന്നത് തീരെ അസംഭാവ്യമായും ഇരിയ്ക്കുന്നതിനാല്‍ ഈ പറഞ്ഞ ഫലം അനുഭവഗോചരമല്ലെന്ന് ചിലര്‍ക്ക് പക്ഷമുണ്ടാവാമെങ്കിലും അങ്ങിനെ അസംഭാവ്യഫലമാണെങ്കില്‍ ആ സംഗതി ആചാര്യന്‍തന്നെ പറയുമായിരുന്നു. മുകളില്‍ നാഭസയോഗാദ്ധ്യായത്തില്‍

"പൂര്‍വ്വശാസ്ത്രാനുസാരേണ മയാ വജ്രാദയഃ കൃതാഃ
ചതുര്‍ത്ഥഭവനേ സൂര്യാദ്ജ്ഞസിതൗ ഭവതഃ കഥം?"

എന്ന് പറയുന്നുണ്ട്. ആ സ്ഥിതിയ്ക്ക് യോഗത്തിന്‍റെ പരിപൂര്‍ത്തിയില്‍ ഒന്നുകൂടി നിഷ്കര്‍ഷിയ്ക്കുന്നത് നന്നായിരിയ്ക്കുമെന്നു തോന്നുന്നു. എങ്ങിനെയെന്നാല്‍ ലഗ്നം പാപരാശിയാവുക, ആ ലഗ്നത്തോട് തുല്യകലയായി ചന്ദ്രന്‍ (ലഗ്നത്തില്‍ തന്നെ) നില്‍ക്കുക, ശുഭന്മാരൊക്കെ രണ്ടും പതിനൊന്നും ഭാവങ്ങളില്‍ ലഗ്നചന്ദ്രന്മാരോട് തുല്യകലയായി  നില്‍ക്കുക; ഇങ്ങിനെ യോഗമുണ്ടായാല്‍ ജനിച്ചത് സര്‍പ്പം തന്നെ ആയിരിയ്ക്കുമെന്ന് പറയണം. യോഗത്തിനു സ്വല്പം മാത്രം പൂര്‍ത്തിക്കുറവുണ്ടെങ്കില്‍ ശിശു സര്‍പ്പത്തെപ്പോലെ ക്രൂരസ്വഭാവനായോ അല്ലെങ്കില്‍ അഭ്യാസവിശേഷാദികളാല്‍ പാമ്പിനെ ശരീരത്തില്‍ ചുറ്റുക (അങ്ങിനെ സുലഭമായി കാണാറുണ്ടല്ലോ) മുതലായത് ചെയ്യുന്നവനായോ ഇരിയ്ക്കുമെന്നു പറയണം.

പൃഛകന്‍ ദൈവജ്ഞനെ കാണേണ്ട രീതി

പൃഛകന്‍ ദൈവജ്ഞനെ കാണാന്‍ പോകുന്നത് ശുഭ നക്ഷത്ര ദിവസങ്ങളിലും ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലും നല്ല മുഹൂര്‍ത്തങ്ങളിലുമായിരിക്കണം. ജ്യോതിഷി (ദൈവജ്ഞന്‍) സന്തോഷിക്കത്തക്ക വിധത്തില്‍ ജ്യോതിഷനെ (ദൈവജ്ഞനെ) കാണുമ്പോള്‍ എന്തെങ്കിലും ഉപരാഹം - കാഴ്ച ദ്രവ്യം - സമര്‍പ്പിക്കണം.

പ്രശ്നത്തിന് യോജിക്കാത്ത ഭൂമി


വലിയ കാട്, ശ്മശാനം, ഉയര്‍ന്നതും താഴ്ന്നതുമായ പ്രദേശം, ആള്‍പാര്‍പ്പില്ലാത്ത വീട്, പ്രേതപൂജ, പ്രേതോച്ചാടനം തുടങ്ങിയ അശുഭക്രിയകള്‍ നടക്കുന്ന വീടുകള്‍, വെള്ളം നിറഞ്ഞ വീട്, തീ പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രശ്നം വെച്ചാല്‍ പ്രഷ്ടാവിന് അഭീഷ്ടലാഭം ഉണ്ടാകുകയില്ല. മുകളില്‍ പറഞ്ഞ പ്രദേശങ്ങളുടെ ക്ലേശപ്രദവും ഭയപ്രദവും ബീഭത്സവും ആയ ചുറ്റുപാടില്‍ ജ്യോതിഷനും (ദൈവജ്ഞനും) പൃഛകനും മനസ്സിന് ഏകാന്തതയും സന്തുലനവും നഷ്ടപ്പെട്ടുപോയിട്ട് ഭയവും ഉദ്വേഗവും മുന്നിട്ടു നിന്നിട്ട് അത് പ്രശ്ന ഫലത്തെ സ്വാധീനിക്കും എന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ പ്രശ്നം വെക്കരുത് എന്ന് അനുശാസിക്കുന്നത്.

പ്രശ്നാനുകൂല പ്രദേശം

പ്രശ്നം വയ്ക്കുന്ന പ്രദേശം സുന്ദരവും സ്വഛവും മനസ്സിനിണങ്ങിയതുമായിരിക്കണം. അവിടെ പുഷ്പഫലസമൃദ്ധങ്ങളായ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കണം. ആ പ്രദേശത്തെ കണ്ടാലും അവിടെ നിന്നാലും മനസ്സിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും സന്തോഷം നല്‍കുന്നതായിരിക്കണം. സമതലമായ ഭൂമിയില്‍ ചാണക വെള്ളം തെളിച്ച് ശുദ്ധമാക്കിയിരിക്കണം. പ്രശ്നസ്ഥലത്ത് മംഗള പ്രവൃത്തികള്‍ നടക്കുന്നതായിരിക്കണം. മാംഗല്യവതികളായ സ്ത്രീകള്‍ ഉണ്ടായിരിക്കണം. ബന്ധുക്കള്‍ സന്തുഷ്ടരായിരിക്കണം. ഇത്തരത്തിലുള്ള സ്ഥലത്തുവെച്ച് പ്രശ്നം വെച്ചാല്‍ പ്രഷ്ടാവിന്‍റെ മനോഗതം പൂര്‍ത്തിയാകും.

ദൂതദൈവജ്ഞന്മാരുടെ ആദ്യമായ സംവാദത്തില്‍ ദൂതന്‍ ഉപയോഗിക്കുന്ന വാക്കിന്‍റെ ആദ്യക്ഷരം

ദൂതോക്താദ്യക്ഷരേ ദീര്‍ഘേ രോഗശാന്തിസ്തു ഗാനതഃ
ഹ്രസ്വേ ഭോജനപൂജാദ്യൈസ്സംയുക്തേ നൃത്തകര്‍മ്മണാ


സാരം :-

ദൂതദൈവജ്ഞന്മാരുടെ ആദ്യമായ സംവാദത്തില്‍ ദൂതന്‍ ഉപയോഗിക്കുന്ന വാക്കിന്‍റെ ആദ്യക്ഷരം "ആ" "ഈ" മുതലായ ദീര്‍ഘാക്ഷരങ്ങളാണെങ്കില്‍ പാട്ടുകഴിപ്പിച്ചാല്‍ രോഗശാന്തിയുണ്ടാകുമെന്നും അത് "അ" "ഇ" മുതലായ ഹ്രസ്വാക്ഷരങ്ങളാണെങ്കില്‍ അന്നദാനം പൂജ മുതലായ കര്‍മ്മങ്ങള്‍ കൊണ്ടും രോഗശാന്തി വരുമെന്നും "ത്ത" "ക്ക" മുതലായ കൂട്ടക്ഷരങ്ങള്‍ ആദ്യക്ഷരമായി വന്നാല്‍ നൃത്തം ചെയ്യിച്ചാല്‍ രോഗശമനം വരുമെന്ന് പറയണം.

ജനനസമയം ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം

ഉദയസ്ഥേപി വാ മന്ദേ കുജേ ചാസ്തം സമാഗതേ
സ്ഥിതേ ചാന്തഃ ക്ഷപാനാഥേ ശശാംകസുതശുക്രയോഃ

സാരം :-

ഈ ശ്ലോകംകൊണ്ട് മൂന്നുയോഗമാണ് പറയുന്നത്. "ദിവാകരേ മദ്ധ്യാല്‍ ഭ്രഷ്ടേ" എന്ന് ഈ മൂന്നു യോഗങ്ങളിലേയ്ക്കും അന്വയിയ്ക്കയും വേണം. 1). ശനി ഉദയലഗ്നത്തിലും, ആദിത്യന്‍ വിദേശരാശികളിലൊന്നിലും നില്‍ക്കുക. 2). ചൊവ്വ ഉദയലഗ്നത്തില്‍ നിന്ന് ഏഴാം ഭാവത്തിലും ആദിത്യന്‍ വിദേശരാശിയിലും നില്‍ക്കുക. 3). ചന്ദ്രന്‍, ബുധശുക്രന്മാരുടെ മദ്ധ്യത്തിലും, ആദിത്യന്‍ വിദേശരാശിയിലും നില്‍ക്കുക; ജാതകവശാല്‍ മേല്‍പറഞ്ഞ മൂന്നുയോഗങ്ങളിലൊന്നുണ്ടായാലും ജനനസമയം ആ ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം. പിതാവ് അകലെയോ അടുത്തോ ആയിരുന്നതെന്നും മറ്റും ചിന്തിയ്ക്കേണ്ടത് സൂര്യന്‍റെ ചരരാശിസ്ഥിതികൊണ്ടാണെന്നും മുമ്പ് പറഞ്ഞിട്ടുമുണ്ടല്ലോ.

ഇവിടെ "ദിവാകരേ മദ്ധ്യാല്‍ ഭ്രഷ്ടേ" എന്നല്ല അന്വയിയ്ക്കേണ്ടതെന്നും, "ഇന്ദൗ ലഗ്നം അപശ്യതി" എന്നാണ് വേണ്ടതെന്നും ഒരു പക്ഷക്കാരുണ്ട്. ആ പക്ഷപ്രകാരം 1). ചന്ദ്രന്‍ ലഗ്നത്തെ നോക്കാതിരിക്കുകയും ശനി ലഗ്നത്തില്‍ നില്‍ക്കുകയും ചെയ്ക. 2). ചന്ദ്രന്‍ ലഗ്നത്തെ നോക്കാതെ ഇരിയ്ക്കുകയും കുജന്‍ ഏഴാംഭാവത്തില്‍ നില്‍ക്കുകയും ചെയ്ക, 3). ലഗ്നത്തെ നോക്കാതിരിക്കുന്ന ചന്ദ്രന്‍ ബുധശുക്രന്മാരുടെ മദ്ധ്യത്തില്‍ നില്‍ക്കുക ഇങ്ങിനെയാണ് യോഗങ്ങളെന്നും അറിയുക.

ആദ്യം പറഞ്ഞതിനാണ് അധികം പ്രാമാണ്യമെന്ന് തോന്നുന്നുണ്ട്. കാരണം മുന്‍ശ്ലോകത്തില്‍ സൂചിപ്പിച്ചതാണല്ലോ. ജാതകത്തില്‍ മേല്‍പറഞ്ഞ നാല് യോഗങ്ങളിലൊന്നുണ്ടായാല്‍ അയാളുടെ പിതാവ് പരോക്ഷ (അപ്രത്യക്ഷ) നാവുമെന്ന് പറഞ്ഞ യുക്തിസാമര്‍ത്ഥ്യം കൊണ്ട് ആ ശിശുവിനെ ദത്തെടുക്കുക, വിലയ്ക്ക് മറ്റാരെങ്കിലും വാങ്ങുക, കൃത്രിമപുത്രനാക്കി വെയ്ക്കുക, ഇത്യാദി കാരണങ്ങളാല്‍ ഉല്‌പാദകനായ പിതാവിന് പുറമേ ഒരു പിതാവുംകൂടി ഉണ്ടാവുന്നതാണ്.

പൃഛക ദൈവജ്ഞ സമാഗമം

നിത്യവൃത്തികളും പഞ്ചാംഗഗണനയും കഴിച്ചതിന് ശേഷം ദൈവജ്ഞന്‍ പൃഛകനെ  പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ആയിരിക്കും പൃഛകന്‍ ദൈവജ്ഞനെ കാണാന്‍ വരുന്നത്. ഇതിന് ദൂത ദൈവജ്ഞസമാഗമം എന്ന് പറയുന്നു. ഈ സമയത്ത് ദൈവജ്ഞന്‍ വളരെ ശ്രദ്ധയോട് കൂടി പൃഛകന്‍ വന്ന സമയം, പൃഛകന്‍ വന്നു നിന്ന രാശി, ആസമയത്തുള്ള ദൈവജ്ഞനായ തന്‍റെ ശ്വാസസ്ഥിതി, മനോദശ, പൃഛകന്‍ ആദ്യമായി പറയുന്ന വാക്കിലെ അക്ഷരങ്ങള്‍, പൃഛകന്‍റെ ചേഷ്ട, നോട്ടം, മറ്റു ഭാവങ്ങള്‍, പൃഛകന്‍റെ വസ്ത്രധാരണം, സമാഗമസമയത്ത് നാലുപാടും കാണുന്ന ശുഭാശുഭ നിമിത്തങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കി വെക്കണം. എന്തുകൊണ്ടെന്നാല്‍ ഇവയെല്ലാം പ്രശ്ന ഫല പ്രവചനത്തിന് അനിവാര്യമാണ്. 

ആഭിചാരത്തിന്‍റെ പ്രതിശാന്തി ചെയ്യാനുള്ള രീതി പറയുന്നു

അഥവാ ദശമേനൈവ രാശിനാ തദ്ഗതേന വാ
തദ്ദൃഷ്ടാ വാ വിഹംഗേന വിധീയന്താമിമാഃ ക്രിയാഃ

സാരം :-

മറ്റൊരു വിധത്തില്‍ ആഭിചാരത്തിന്‍റെ പ്രതിശാന്തി ചെയ്യാനുള്ള രീതി പറയുന്നു.

ആരൂഢത്തിന്‍റെ പത്താം ഭാവംകൊണ്ടോ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ടോ അല്ലെങ്കില്‍ അവിടെ നോക്കുന്ന ഗ്രഹത്തെക്കൊണ്ടോ ആഭിചാരത്തിന്‍റെ പരിഹാരക്രിയ നിശ്ചയിച്ചുകൊള്ളണം.

പത്താം ഭാവം ആദിത്യക്ഷേത്രമാവുകയോ ആദിത്യന്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്‌താല്‍ അഘോരബലിയെ വിധിക്കണം. ഇങ്ങിനെ തന്നെ ചന്ദ്രാദികളെക്കൊണ്ടും കപാലഹോമാദികളെ നിശ്ചയിച്ചുകൊള്ളണം. ഏതെങ്കിലും ഒരു ഗൃഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ ആ ഗൃഹത്തെക്കൊണ്ടുവേണം പറയേണ്ടത്. ആരുടേയും ദൃഷ്ടിയില്ലെങ്കില്‍ അവിടെ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ട് പറയണം. ദൃഷ്ടിയും യോഗവുമില്ലെങ്കില്‍ ഭാവംകൊണ്ടുതന്നെ പറഞ്ഞുകൊള്ളുക.

പ്രസവിക്കുന്ന സമയം ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം

പിതുര്‍ജ്ജാതഃ പരോക്ഷസ്യ ലഗ്നമിന്ദാവപശ്യതി
വിദേശസ്ഥസ്യ ചരഭേ മധ്യാദ് ഭ്രഷ്ടേ ദിവാകരേ

സാരം :-

രാശികളുടെ ചരചക്രാവസ്ഥിതി നോക്കുമ്പോള്‍ ലഗ്നഭാവം കിഴക്കേദിക്കിലും, പത്താം ഭാവം ആകാശമദ്ധ്യത്തിലും (നേരെ മുകളിലും), സപ്തമഭാവം പടിഞ്ഞാറ് ദിക്കിലും, നാലാം ഭാവം പാതാള മദ്ധ്യത്തി (നേരെ ചുവട്ടി) ലുമാണ്. ലഗ്നത്തില്‍ ഏത് ഭാവമാണോ ഉദിയ്ക്കുന്നത്  അവിടെ നിന്ന് മുകളിലേയ്ക്കും ചുവട്ടിലേയ്ക്കും മുമ്മൂന്നു ഭാവങ്ങള്‍ സ്വദേശഭാവങ്ങളും, ശേഷം ആറ് ഭാവങ്ങള്‍ വിദേശഭാവങ്ങളുമാകുന്നു എന്ന് ആദ്യമേ ധരിയ്ക്കേണ്ടതാണ്‌.

ചന്ദ്രന്‍ പ്രസവകാലോദയലഗ്നത്തെ നോക്കാതിരിയ്ക്കയും ആദിത്യന്‍ ഒമ്പത് എട്ട് മുതലായ ആറ് വിദേശഭാവങ്ങളിലൊന്നില്‍ നില്‍ക്കുകയും ചെയ്‌താല്‍, പ്രസവിക്കുന്ന സമയം ആ ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം. ഇവിടെ സൂര്യന്‍ നില്‍ക്കുന്നത് ചരരാശിയിലാണെങ്കില്‍ വളരെ അകലെ ആയിരുന്നു പിതാവ് എന്നും സ്ഥിരരാശിയിലാണെങ്കില്‍ സ്വദേശത്തായിരുന്നു എന്നും, ഉഭയരാശിയിലാണെങ്കില്‍ നന്നെ അടുത്തും അകലെയുമല്ലാത്ത ഒരു സ്ഥലത്തായിരുന്നുവെന്നും പറയേണ്ടതാണ്. ഇവിടെ ചന്ദ്രന്‍ ലഗ്നത്തെ നോക്കാതിരിയ്ക്കുക, സൂര്യന്‍റെ വിദേശഭാവസ്ഥിതി എന്നിവ പിതാവിന്‍റെ പരോക്ഷതയേയും, സൂര്യന്‍റെ ചരാദിസ്ഥിതി അയാളുടെ വിദേശാദിസ്ഥിതിയേയുമാണ് സൂചിപ്പിയ്ക്കുന്നതെന്ന് അറിയേണ്ടതാണ്. ഈ യോഗത്തില്‍ ലഗ്നത്തെ (ലഗ്നം എന്നുവെച്ചാല്‍ ശിശു എന്ന് താല്പര്യം) നോക്കാതിരിക്കേണ്ടത് മാതൃകാരകനായ ചന്ദ്രനല്ല, പിതൃകാരകനായ സൂര്യനാണ് വേണ്ടതെന്നും ചില വ്യാഖ്യാതാക്കന്മാര്‍ക്ക് അഭിപ്രായമുണ്ട്. പക്ഷേ "ദിവാകരേ ലഗ്നം അപശ്യതി" എന്നന്വയിച്ചാല്‍ "ഇന്ദൊ" എന്ന പദം അന്വയിയ്ക്കാതെ ഇരിയ്ക്കുന്നതാകയാല്‍, ഈ ഒടുവിലത്തെ അഭിപ്രായം യുക്തിവിരുദ്ധമാണെന്നും തോന്നുന്നുണ്ട്. ഭ്രഷ്ടന്‍ എന്നതിന് ബലഹീനന്‍ എന്നും പരോക്ഷന്‍ എന്നതിന് വിയുക്തന്‍ എന്നും അര്‍ത്ഥം വിചാരിക്കാം. സൂര്യന്‍ ശത്രുക്ഷേത്രസ്ഥിതി നീചസ്ഥിതി മുതലായവയാല്‍ ബലഹീനനാവുകയും, അത് ലഗ്നത്തെ നോക്കാതിരിയ്ക്കുകയും ചെയ്‌താല്‍ ആ ശിശു അധികകാലം പിതാവിനോടുകൂടിയിരിയ്ക്കുകയില്ല; പിതാവ് ഉടനെ മരിയ്ക്കുമെന്ന് പറയണം.

യദി നീചാരി ലഗ്നമാരൂഢം വാ ന പശ്യതി
അര്‍ക്കഃ സ്ത്രിയാഃ പിതാ നാസ്തി

എന്ന് വിവാഹപ്രശ്നത്തില്‍ പ്രമാണവും കണ്ടിട്ടുണ്ട്.

"വിദേശസ്ഥസ്യ ചരഭേഃ" എന്നുള്ള ദിങ്മാത്രസൂചനകൊണ്ട് പ്രോഷിതപ്രശ്നവിഷയവും കൂടി ഇവിടെ ചിന്തിയ്ക്കാവുന്നതാണ്. ഫലദാതാവിന്‍റെയും ലഗ്നാധിപന്‍റെയും നിദര്‍ശനമാണ് ദിവാകരപദം എന്നും കല്പിയ്ക്കുക. ലഗ്നരാശി അതിന്‍റെ ദ്രേക്കാണം അതിന്‍റെ നവാംശകം എന്നിവയില്‍ ഒന്ന് ചരമാവുകയും, ലഗ്നാധിപനോ അധികം ബലമുള്ള (ഫലദാതാവായ) ഗ്രഹമോ മുമ്പ് പറഞ്ഞ നവമാദി വിദേശ രാശികളിലൊന്നില്‍ നില്‍ക്കുകയും ചെയ്‌താല്‍ - ഈ പറഞ്ഞ നാല് കൂട്ടത്തിലൊന്നുണ്ടായാല്‍ - പ്രശ്നം പ്രോഷിതവിഷയമാണെന്നു വിചാരിയ്ക്കണം.

ചരരാശൌ തു വിലഗ്നേ ദ്രേക്കാണേ വാ ചരാംശകേƒഭ്യുദിതേ
മദ്ധ്യാത് ച്യുതേ ഗ്രഹേ വാ പ്രവാസചിന്താം വിജാനീയാത്.

എന്ന് പ്രമാണമുണ്ട്.

നിഷേകലഗ്നത്തിലെ ഗ്രഹസ്ഥിതികൊണ്ട് പ്രസവകാലത്തിനുണ്ടാകുന്നതായ കാലഭേദത്തെ പറയുന്നു

ഉദയതിമൃദുഭാംശേ സപ്തമസ്ഥേ ച മന്ദേ
യദി ഭവതി നിഷേകസ്സൂതിരബ്ദത്രയേണ
ശശിനി തു വിധിരേഷ ദ്വാദശാബ്ദേ പ്രകുര്യാ-
ന്നിഗദിതമിഹ ചിന്ത്യം സൂതികാലേപി യുക്ത്യാ.

സാരം :-

ലഗ്നം ശനിക്ഷേത്രത്തില്‍ ശനി നവാംശകമായിരിയ്ക്കയും, ശനി ഏഴില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആധാനം ചെയ്‌താല്‍ പ്രസവത്തിന് മൂന്നു കൊല്ലം വേണ്ടിവരും. അപ്രകാരം ചന്ദ്രക്ഷേത്രത്തിലെ ചന്ദ്രനവാംശകം ലഗ്നമാവുകയും, ഏഴില്‍ ചന്ദ്രന്‍ നില്‍ക്കുകയും ചെയ്‌താല്‍ പ്രസവത്തിന് 12 കൊല്ലവും വേണ്ടിവരും. മറ്റൊരു യോഗവും ഇല്ലാതിരുന്നാലേ ഈ യോഗം സംഭവിക്കുകയുള്ളൂ.

ഈ നിഷേകാദ്ധ്യായത്തില്‍ പറഞ്ഞ യോഗങ്ങള്‍ ജനനകാലസ്ഥിതികൊണ്ടും യുക്തിവശാലും ചിന്തിയ്ക്കേണ്ടതാണ്. 

പ്രസവകാലത്തെ പറയുന്നു

തത്കാലമിന്ദുസഹിതോ ദ്വിരസാംശകോ യ-
സ്തത്തുല്യരാശിസഹിതേ പുരതശ്ശശാംകേ
യാവാനുദേതി ദിനരാത്രിസമാനഭാഗ-
സ്താവദ് ഗതേ ദിനനിശോഃ പ്രവദന്തി ജന്മ.

സാരം :-

ചന്ദ്രന്‍ ബലവാനാണെങ്കില്‍ ഗര്‍ഭാധാനസമയത്തേയ്ക്കുണ്ടാക്കിയ ചന്ദ്രന്‍ നില്‍ക്കുന്നത് ആ നില്‍ക്കുന്ന രാശിയിലെ എത്രാമത്തെ ദ്വാദശാംശകത്തിലാണോ അത്രാമത്തെ രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴാണ് പ്രസവമെന്ന് പറയണം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. ചന്ദ്രന്‍ നില്‍ക്കുന്നത് കന്നിരാശിയില്‍ ആദ്യത്തെ ദ്വാദശാംശകത്തിലാണെങ്കില്‍ മേടത്തിലോ കന്നിയിലോ ചന്ദ്രന്‍ ചെല്ലുമ്പോഴും, രണ്ടാം ദ്വാദശാംശകത്തിലാണെങ്കില്‍ തുലാത്തിലോ ഇടവത്തിലോ ചന്ദ്രന്‍ ചെല്ലുമ്പോഴും - ഇങ്ങനെ ക്രമത്തില്‍ കന്നിയിലെ ഒടുവിലാതെ ദ്വാദശാംശകത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ചിങ്ങത്തിലോ മീനത്തിലോ ചന്ദ്രന്‍ ചെല്ലുമ്പോഴും ആണ് പ്രസവമുണ്ടാവുക എന്ന് സാരം. 

ചന്ദ്രനേക്കാള്‍ ചന്ദ്രന്‍റെ സ്ഫുടത്തില്‍ നിന്ന് രാശി വേറെവെച്ച് തിയ്യതിയും ഇലിയും 12 ല്‍ പെരുക്കി അറുപതിലും മുപ്പതിലും കയറ്റി സ്ഫുടമാക്കി വേറെ വെച്ച രാശിയും അതില്‍ കൂട്ടുക. അപ്പോള്‍ അവിടെ കാണുന്ന രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴാണ് ജനിക്കുക. ഇതു ആദ്യം ഉണ്ടാക്കിയ ചന്ദ്രസ്ഫുടം പ്രഥമദ്രേക്കാണത്തിലായാലത്തെ സ്ഥിതിയാണ്. സ്ഫുടം രണ്ടാം ദ്രേക്കാണത്തിലാണെങ്കില്‍ 12 ല്‍ പെരുക്കി സ്ഫുടം നില്‍ക്കുന്ന രാശിയുടെ അഞ്ചാം രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴും മൂന്നാം ദ്രേക്കാണത്തിലാണെങ്കില്‍ ഒമ്പതാം രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴുമാണ് പ്രസവമെന്നു പറയണം.

ഭാനുഘ്നേന്ദുഗതര്‍ക്ഷതത്സുതതപഃ പ്രാപ്തേ ദൃഗാണക്രമാത്
ചന്ദ്രേ സ്യാദ് ജനിരേവമിന്ദുരവിഭാഗേശേ ബലിഷ്ഠേ സതി

ദൈവജ്ഞ നിത്യകൃത്യങ്ങള്‍

ദൈവജ്ഞന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ - സൂര്യോദയത്തിന് മുമ്പുള്ള മുഹൂര്‍ത്തം - ഉണര്‍ന്നിട്ട് ശയ്യയില്‍ ഇരുന്ന് കൊണ്ട് തന്നെ അഭീഷ്ടദേവതയെ ധ്യാനിക്കണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അഭീഷ്ടദേവതയെ ധ്യാനിക്കണം. അതിനുശേഷം ദന്തധാവന മലമൂത്ര വിസര്‍ജ്ജനാദി ശരീര ശുദ്ധികള്‍ ചെയ്തിട്ട് കുളിക്കുകയും കുളിക്കുന്ന സമയത്ത് മന്ത്രപൂര്‍വ്വം സലില പ്രോക്ഷണാദികള്‍ ചെയ്യുകയും വേണം. അതിനുശേഷം സന്ധ്യാ വന്ദനാദികള്‍, ദേവര്‍ഷി പിതൃ തര്‍പണം മുതലായവ കഴിച്ച് സമതലമായ ആസനത്തില്‍ ഇരുന്നുകൊണ്ട് കുറഞ്ഞത് 10 പ്രാവശ്യം പ്രാണായാമം ചെയ്യുകയും ഗുരുമുഖത്തില്‍ നിന്ന് ഉപദേശമായി ലഭിച്ച മാത്രം 108 ആവര്‍ത്തിയോ 1008 ആവര്‍ത്തിയോ ജപിക്കുകയും വേണം. അതിനു ശേഷം ഇഷ്ടദേവതാ സ്ത്രോത്രവും ആദിത്യാദി നവഗ്രഹസ്ത്രോത്രവും ജപിക്കുകയും വേണം. ഗൃഹത്തില്‍ നിത്യപൂജ നടത്തുന്നവര്‍ നിത്യപൂജാവിധി പൂര്‍ത്തിയാക്കണം. ഈ ക്രിയകള്‍ കൊണ്ട് ദൈവജ്ഞന് ശരീരശുദ്ധിയും മനഃശുദ്ധിയും ആത്മശുദ്ധിയും ത്രിവിധ കരണശുദ്ധിയും ലഭിക്കും. അതിനുശേഷം സത്ത്വഗുണപ്രധാനവും ലഘുവുമായ ആഹാരം കഴിച്ച് സ്വസ്ഥചിത്തനായി അന്നത്തെ പഞ്ചാംഗകാര്യങ്ങള്‍ നോക്കികുറിച്ച് വയ്ക്കണം.

സൂര്യോദയം, ലഗ്നോദയം, വാരം, നക്ഷത്രം, തിഥി, കാരണം, നിത്യയോഗം, ലാടവൈധൃതങ്ങള്‍, മൃത്യു ദഗ്ധാമൃതാദി യോഗങ്ങള്‍, ഗണ്ഡസമയങ്ങള്‍, അന്നത്തെ നക്ഷത്രത്തിന്‍റെയും രാശികളുടേയും മൃത്യുഭാഗ, ഗുളികോദയം, ധൂമ വ്യതീപാതാദി അപ്രകാശ ഗ്രഹങ്ങള്‍, ഗ്രഹസ്ഫുടങ്ങള്‍, ഗ്രഹങ്ങള്‍ നില്‍ക്കുന്ന നക്ഷത്രങ്ങള്‍, ഓരോ മണിക്കൂറിനുമുളള ഹോര, രാശിധ്രുവങ്ങള്‍, ഉദയാത്പരരാശി, നവദോഷങ്ങള്‍, ഷഡ്ദോഷങ്ങള്‍, അഭിജിത്ത് തുടങ്ങിയവയാണ് പ്രധാന പഞ്ചാംഗ കാര്യങ്ങള്‍. പ്രശ്ന ഫലം പറയുന്നതിന് ഇവയെല്ലാം അനിവാര്യങ്ങളാണ്. ഒരു ഫലകത്തില്‍ രാശി ചക്രം വരച്ച് അന്നത്തെ ഗ്രഹസ്ഥിതി എഴുതിവയ്ക്കണം

ഇത്രയും ചെയ്തതിനുശേഷം ശാന്ത ചിത്തനായി കോപതാപാദികളില്ലാതെ പൃഛകനെ പ്രതീക്ഷിച്ചിരിക്കണം 

പ്രശ്നത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രശ്നകര്‍ത്താവ് പ്രശ്നഫലത്തില്‍ താത്പര്യമില്ലാതെ ചോദ്യം ചോദിക്കരുത്. അത്തരത്തിലുള്ള ചോദ്യം സഫലമാവുകയില്ല. ചോദ്യങ്ങള്‍ ഉള്ളില്‍തട്ടി വരുന്നവയല്ലാത്തതുകൊണ്ട് ഗ്രഹങ്ങളുടെ സ്വാധീനം കുറവായിരിക്കും.

ഒരേ സമയത്ത് ഒരു ചോദ്യമേ ചോദിക്കാവു, പ്രധാനവും അപ്രധാനവുമായ ചോദ്യങ്ങളോ, തന്‍റെയും മറ്റുള്ളവരുടേയും കാര്യങ്ങള്‍ ഇടകലര്‍ത്തിയോ ചോദിക്കരുത്.

ഒരു സമയത്ത് ഒരു വിഷയത്തിന് പകരം അനേകം വിഷയങ്ങളെപ്പറ്റി ചോദിച്ചാല്‍ പ്രശ്നം തെളിയുകയില്ല. ഒരേ കാര്യത്തിന് വേണ്ടി ഒരു ജ്യോതിഷനോടോ പല ജ്യോതിഷനോടോ (ദൈവജ്ഞനോടോ) പല പ്രാവശ്യം പ്രശ്നം വയ്ക്കരുത്.

പ്രതികാരബലി നടത്തേണ്ടതാണ്

ശുക്രാന്വിതേക്ഷിതേ യോഗേ പ്രതികാരബലിക്രിയാം
കരോതു ശാന്തയേ വ്യധേര്‍ബലിം വാ ഭൂതമാരണം


സാരം :-

ലഗ്നത്തിന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ശുക്രന്‍റെ യോഗദൃഷ്ടികളുണ്ടെങ്കില്‍ പ്രതികാരബലി നടത്തേണ്ടതാണ്. ഭൂതമാരണബലി നടത്തിയാലും മതി. രോഗശാന്തിക്ക് ഇപ്രകാരം ചെയ്യേണ്ടതാണെന്ന് പറയണം. 

ഭൂതമാരണബലി നടത്തി ആഭിചാരത്തെ ശമിപ്പിക്കണം

ഭൂമിജേക്ഷിതയുതേƒഥ യോഗഭേ
ഭൂതമാരണ ബലിര്‍വിധിയതാം
ഖഡ്ഗരാവണബലിം കരോതു വാ
കൃത്തികാബലിമഥാതനോതു വാ


സാരം :-

ലഗ്നത്തിന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ഭൂതമാരണബലി നടത്തി ആഭിചാരത്തെ ശമിപ്പിക്കണം. അല്ലെങ്കില്‍ ഖഢ്ഗരാവണ ബലിയോ കൃത്തികാബലിയോ നടത്തിയാലും മതിയാവും ഇതില്‍ ഏതെങ്കിലും ഒന്നുതന്നെ ചെയ്യേണ്ടതാണ്.

ജനനസമയത്ത് തന്നെ നേത്രങ്ങള്‍ ഇല്ലാതെ ഇരിക്കുവാനുള്ള ലക്ഷണത്തെ പറയുന്നു

രവിശശിയുതേ സിംഹേ ലഗ്നേ കുജാര്‍ക്കിനിരീക്ഷിതേ
നയനരഹിതസ്സൗമ്യാസൗമ്യൈസ്സബുദ്ബുദലോചനഃ
വ്യയഗൃഹഗതശ്ചന്ദ്രോ വാമം ഹിനസ്ത്യപരം രവി
യ്യ ഇഹ ഗദിതാ യോഗാ യപ്യാ ഭവന്തി ശുഭേക്ഷിതാഃ

സാരം :-

ഗര്‍ഭാധാനലഗ്നം ചിങ്ങം രാശിയാവുകയും , അവിടെ സൂര്യചന്ദ്രന്മാര്‍ നില്‍ക്കുകയും, ആ ലഗ്നത്തിലേയ്ക്ക് ചൊവ്വയും ശനിയും നോക്കുകയും ചെയ്‌താല്‍, ജനിയ്ക്കുമ്പോള്‍ തന്നെ ശിശുവിന് കണ്ണുകള്‍ ഉണ്ടായിരിക്കുകയില്ല. ഈ ലഗ്നത്തില്‍ സൂര്യന്‍ മാത്രം നില്‍ക്കുകയും അവിടേയ്ക്കു കുജമന്ദന്മാര്‍ നോക്കുകയും ചെയ്‌താല്‍ വലത്തുകണ്ണും, ചന്ദ്രന്‍ മാത്രം ചിങ്ങലഗ്നത്തില്‍ നിന്ന് ആ ചന്ദ്രനെ കുജമന്ദന്മാര്‍ നോക്കിയാല്‍ ഇടത്തുകണ്ണുമാണ് ഇല്ലാതിരിയ്ക്കുക. മേല്‍പറഞ്ഞ യോഗത്തില്‍ കുജമന്ദന്മാരുടെ ദൃഷ്ടിയ്ക്ക് പുറമേ വ്യാഴവും കൂടി നോക്കുന്നുണ്ടെങ്കില്‍ കേവലം കുരുടനാവില്ല, പൊള്ളപുറപ്പെട്ട (നേത്രവികാരി എന്ന് സാരം)കണ്ണുകളുമായിരിക്കും. പന്ത്രണ്ടാം ഭാവത്തില്‍ ബലഹീനനായി ചന്ദ്രന്‍ നില്‍ക്കുകയും ആ ചന്ദ്രന് കുജമന്ദന്മാരുടെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ ഇടത്തേക്കണ്ണും, അപ്രകാരം കുജമന്ദന്മാരുടെ ദൃഷ്ടിയുള്ള സൂര്യനാണ് 12 ല്‍ നില്‍ക്കുന്നതെങ്കില്‍ വലത്തേക്കണ്ണും ഇല്ലാതേയാണ് ജനിയ്ക്കുക. ഇവിടേയും ശുഭദൃഷ്ടി ഉണ്ടായാല്‍ കേവലം നേത്രഹാനി ഇല്ല. വികൃതമാകയേ ഉള്ളുവെന്നും അറിയുക. അശുഭപ്രദമായി പറഞ്ഞിട്ടുള്ള ഏതു യോഗങ്ങളുടേയും കര്‍ത്താകന്മാര്‍ക്ക് ശുഭ ദൃഷ്ടിയുണ്ടായാല്‍ ആ അശുഭഫലത്തിന് ശക്തി കുറയുമെന്നും സര്‍വ്വത്ര വിചാരിയ്ക്കണം. 

പ്രശ്നക്രിയക്കായി ആളുകള്‍ ദൈവജ്ഞനുമായി ബന്ധപ്പെടുന്നത്

പ്രശ്നക്രിയക്കായി ആളുകള്‍ ദൈവജ്ഞനുമായി ബന്ധപ്പെടുന്നത് താഴെപറയുന്ന രീതികളിലാണ്

1). പൃഛകന്‍ തന്നെ ഏതെങ്കിലും ദിവസം സൂര്യോദയത്തിന് ശേഷം ദൈവജ്ഞ ഗൃഹത്തില്‍ ചെന്ന് ദൈവജ്ഞനെ കാണുക. ഉടന്‍ തന്നെയോ അല്ലെങ്കില്‍ ദൈവജ്ഞന്‍റെ സൗകര്യമനുസരിച്ച് കുറെക്കഴിഞ്ഞോ തന്‍റെ ആഗ്രഹം അറിയിക്കുക. ദൈവജ്ഞന്‍ അതനുസരിച്ച് ഫലം പറയുക.

2). സ്വന്തം വീട്ടില്‍ വച്ച് പ്രശ്നം വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ അല്ലെങ്കില്‍ ദൂതന്‍ മുഖാന്തിരമോ ദൈവജ്ഞനെ കണ്ടിട്ട് ദൈവജ്ഞനു വീട്ടില്‍ വരാന്‍ സൗകര്യം ഉള്ള ദിവസം നിശ്ചയിച്ച് ആ ദിവസം ദൈവജ്ഞന്‍ പൃഛകന്‍റെ വീട്ടില്‍ ചെന്ന് പ്രശ്നം വെക്കുക.

3). പൃഛകന്‍ ടെലിഫോണില്‍ കൂടിയോ എഴുത്തില്‍ കൂടിയോ, ഇ-മെയില്‍ വഴിയോ ദൈവജ്ഞനുമായി ബന്ധപ്പെട്ട് ദൈവജ്ഞഗൃഹത്തില്‍ വച്ചോ സ്വന്തം ഗൃഹത്തില്‍ വെച്ചോ പ്രശ്നം നടത്തേണ്ട സമയം നിശ്ചയിച്ച് ദൈവജ്ഞഗൃഹത്തില്‍ വെച്ചോ സ്വഗൃഹത്തില്‍ വെച്ചോ പ്രശ്നം നടത്തുക.

4). ദൂരദേശത്തുള്ളവര്‍ എഴുത്തില്‍ കൂടിയോ, ഇ-മെയില്‍ വഴിയോ സ്വന്തം പ്രശ്നം ദൈവജ്ഞനെ അറിയ്ക്കുകയും എഴുത്തില്‍ കൂടിയോ, ഇ-മെയില്‍ വഴിയോ ഫലം അറിയുകയും ചെയ്യുക

ഏതുതരത്തിലുള്ള പ്രശ്നമായാലും ഫലം അറിയേണ്ട വ്യക്തി ദൈവജ്ഞനുമായി ബന്ധപ്പെടേണ്ടതുണ്ട്. ഫലം അറിയേണ്ട വ്യക്തി നേരിട്ട് ബന്ധപ്പെടുമ്പോള്‍ ജ്യോതിഷഭാഷയില്‍ അദ്ദേഹത്തെ പ്രഷ്ടാവ്, പൃഛകന്‍, പ്രശ്നകര്‍ത്താവ് എന്നൊക്കെ പറയുന്നു. തനിക്ക് പകരം മറ്റൊരാളെയാണ് ദൈവജ്ഞനെ കാണാന്‍ അയക്കുന്നതെങ്കില്‍ ആ ആളെ "ദൂതന്‍" എന്ന് പറയുന്നു.

അഘോരബലി / കപാലഹോമം / ചക്രഹോമം / പ്രതികാരബലി എന്നിവ നടത്തണം

യുക്ത്വാ ഷഷ്ഠപതിം വിലഗ്നപതിനാ യോ രാശിരത്രാഗതഃ
സോƒദിത്യാന്വിതവീക്ഷിതോ യദിബലിം കുര്യാദഘോരാഹ്വയം

കാര്യം ചന്ദ്രമസാ കപാലഹവനം സ്യാച്ചക്രഹോമം വിദാ
കര്‍ത്തവ്യം പ്രതികാരകര്‍മ്മ ഗുരുണാ പ്രോക്തം തദേവാര്‍ക്കിണാ

സാരം :- 

ലഗ്നാധിപന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏത് രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ആദിത്യന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ മഹാഭിചാര ശമനത്തിനായി "അഘോരബലി" ചെയ്യണം. ആ യോഗസ്ഫുട രാശിയില്‍ ചന്ദ്രന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ "കപാലഹോമം" നടത്തണം. ബുധന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ "ചക്രഹോമം" നടത്തണം, വ്യാഴത്തിന്‍റെയോ ശനിയുടേയോ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ "പ്രതികാരബലി" നടത്തണം.

ഉയരം വളരെ കുറഞ്ഞതും അംഗവൈകല്യമുള്ളതുമായ പ്രജയുണ്ടാകുന്ന ലക്ഷണത്തെ പറയുന്നു

സൗരശശാംകദിവാകരദൃഷ്‌ടേ
വാമനകോ മകരാന്ത്യവിലഗ്നേ
ധീനവമോദയഗൈശ്ച ദൃഗാണൈഃ
പാപയുതൈരഭുജാംഘ്രിശിരാഃ സ്യാത്

സാരം :-

മകരം രാശിയിലെ ഒടുവിലെ നവാംശകം ലഗ്നമായി വരികയും, ആ ലഗ്നത്തിലേയ്ക്ക് ശനി, ചന്ദ്രന്‍, ആദിത്യന്‍ എന്നീ മൂന്നു ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍, ജനിയ്ക്കുന്നത് വളരെ ഉയരം കുറഞ്ഞ പ്രജയായിരിക്കും. ഈ യോഗത്തില്‍ മകരത്തിലേയ്ക്ക് ശനി, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ മാത്രമാണ് നോക്കുന്നതെങ്കില്‍ അരയ്ക്കു മേല്പട്ടു മാത്രവും, ശനിസൂര്യന്മാര്‍ മാത്രമാണ് നോക്കുന്നതെങ്കില്‍ അരയ്ക്കു കീഴ്പ്പട്ടു മാത്രവും ദീര്‍ഘം കുറഞ്ഞ പ്രജയാണ് ജനിയ്ക്കുക എന്ന് ഒരു വിഭാഗവും കൂടി ഉണ്ടെന്നും ധരിയ്ക്കണം. നോക്കുന്നവരായ മൂന്നു ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ മാത്രമേ കേവലം കൃശഗാത്രനാവുകയുള്ളുവെന്നും, ബലമില്ലെങ്കില്‍ ഉയരത്തിന് ഏതാണ്ടൊരു വികാരം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയുക. അപ്രകാരം തന്നെ ലഗ്നം ഏതു ദ്രേക്കാണമാണോ അഞ്ചാംഭാവത്തില്‍ ആ ദ്രേക്കാണത്തില്‍ കുജരാഹുകേതു എന്നീ ഗ്രഹങ്ങളില്‍ രണ്ടെണ്ണം നില്‍ക്കുകയും ആ ദ്രേക്കാണത്തിലേയ്ക്ക് ശനി സൂര്യന്‍ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ നോക്കുകയും ചെയ്‌താല്‍ ജനിയ്ക്കുന്ന ശിശുവിന് കയ്യുകള്‍ ഉണ്ടാവുകയില്ല. അങ്ങനെതന്നെ ഒമ്പതാം ഭാവത്തിലെ ലഗ്നതുല്യദ്രേക്കാണത്തിലാണ് മേല്‍പറഞ്ഞവര്‍ നിന്ന് ശനി ചന്ദ്രന്‍ സൂര്യന്‍ എന്നീ മൂന്നു ഗ്രഹങ്ങളുടേയും ദൃഷ്ടിയുണ്ടാവുന്നതെങ്കില്‍ പ്രജയ്ക്ക് കാലുകള്‍ ഉണ്ടാകയില്ലെന്നും, ഉദയലഗ്നദ്രേക്കാണത്തിലാണ് മേല്‍പറഞ്ഞവിധം  സംഭവിയ്ക്കുന്നതെങ്കില്‍ ശിരസ്സുണ്ടാവുകയില്ലെന്നും പറയണം. ഈ യോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ പരിപൂര്‍ണ്ണമായി കണ്ടാല്‍ മാത്രമേ ഫലവും ശരിക്കൊക്കുകയുള്ളു. അല്ലെങ്കില്‍ അതാത് അവയവങ്ങള്‍ക്ക് വൈകൃതാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയുക. 

പ്രശ്ന ഭേദങ്ങള്‍

പ്രശ്ന കര്‍ത്താവ് ചോദിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശ്നത്തിന് പല പേരുകള്‍ പറയാറുണ്ട്‌. പ്രശ്നത്തില്‍ പ്രധാനമായവ അഷ്ടമംഗലപ്രശ്നം അഥവാ കുടുംബപ്രശ്നം, ദേവ പ്രശ്നം എന്നിവയാണെങ്കിലും ഇവയെക്കൂടാതെ മറ്റു വിഷയങ്ങളെ ആധാരമാക്കിയുള്ള ചില പ്രധാന പ്രശ്നങ്ങളുള്ളവയുടെ പേര് താഴെ കൊടുക്കുന്നു.

വിവാഹ പ്രശ്നം, സന്താന പ്രശ്നം, രോഗ പ്രശ്നം, ആയുഃ പ്രശ്നം, മരണ പ്രശ്നം, സ്വപ്ന പ്രശ്നം, യാത്രാ പ്രശ്നം, യുദ്ധ വിജയ പരാജയ പ്രശ്നം, സന്ധി പ്രശ്നം, വൃഷ്ടി പ്രശ്നം - മഴ പെയ്യുമോ ഇല്ലയോ - എപ്പോള്‍ മഴ പെയ്യും, കൂപ പ്രശ്നം - വെള്ളം ഉണ്ടോ എന്നറിയല്‍, നഷ്ട പ്രശ്നം - നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ വസ്തു തിരിച്ചു കിട്ടുമോ എന്ന പ്രശ്നം, നഷ്ട ജാതക പ്രശ്നം - ജാതകം നഷ്ടപ്പെട്ടു പോയവര്‍ക്കും ഇല്ലാത്തവര്‍ക്കും ജാതകം തയാറാക്കി കൊടുക്കല്‍, ഭോജന പ്രശ്നം - ഞാന്‍ എന്ത് ആഹാരം കഴിച്ചു എന്നുള്ള ചോദ്യം, പ്രോഷിതാഗമന പ്രശ്നം - വീട് വിട്ടു പോയ ആള്‍ എപ്പോള്‍ തിരിച്ചു വരും, സുരത പ്രശ്നം - സ്ത്രീക്ക് പുരുഷനുമായി ബന്ധം ഉണ്ടായോ?, വിദേശ യാത്രാ പ്രശ്നം. താംബൂലം, നാളികേരം ഇവയെ അടിസ്ഥാനമാക്കി താംബൂല പ്രശ്നവും നാളികേര പ്രശ്നവും പറയാറുണ്ട്‌. ഇങ്ങനെ പ്രശ്നത്തിന് വിഷയമാക്കാന്‍ സാധിക്കാത്ത ഒരു വിഷയവുമില്ല എന്ന് വരുന്നു.

ക്ഷുദ്രം ഇരിക്കുന്ന ദിക്ക് / പ്രയാസം കൂടാതെ ക്ഷുദ്രം എടുത്തുകളയാന്‍ സാധിക്കുമെന്നും

യുക്തേ തസ്മിന്‍ രാഹുകേതുഗുളികൈഃ സര്‍പ്പസന്നിധൌ
ദിഗത്ര രിപുനാഥസ്യ വാച്യാ വാ ബാധകേശിതുഃ

ബാധാകാധിപസംയുക്തരാശേരപ്യംശകസ്യ വാ
അയത്നോദ്ധാര്യമേവസ്യാദ്ബാധേശേ ചരരാശിഗേ.

ഉഭയസ്ഥേ പ്രയത്നേനനോദ്ധാര്യം തല്‍സ്ഥിരസ്ഥിതേ

സാരം :-

ബാധകാധിപന്‍ രാഹു കേതു ഗുളികന്മാരോടുകൂടി നില്‍ക്കുന്നുവെങ്കില്‍ സര്‍പ്പകാവിന്‍റെ സമീപത്താണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം. 

ആറാം ഭാവാധിപന് പറഞ്ഞ ദിക്കിലോ ബാധകാധിപന്‍റെ ദിക്കിലോ ബാധകാധിപന്‍ നില്‍ക്കുന്ന രാശിയുടെ അംശകത്തിന്‍റെയോ ആറിലോ ആയിരിക്കും ക്ഷുദ്രം വച്ചിരിക്കുന്നത്. ഇവിടെയും ബലാധിക്യം നോക്കി നിശ്ചയിച്ചുകൊള്ളണം. 

ബാധകാധിപന്‍ ചരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രയാസം കൂടാതെ ക്ഷുദ്രം എടുത്തുകളയാന്‍ സാധിക്കുമെന്നും, ഉഭയരാശിയില്‍ നില്‍ക്കുകയാണെങ്കില്‍ കുറച്ചു പ്രയാസപ്പെട്ടതിനു ശേഷമേ ക്ഷുദ്രം എടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും, ബാധകാധിപന്‍ സ്ഥിരരാശിയിലാണെങ്കില്‍ ക്ഷുദ്രം എടുത്തുകളയുവാന്‍ സാധിക്കുകയില്ലെന്നും പറയണം. 

പുറത്ത് കൂന് മറ്റു വൈകല്യങ്ങളുടെ ലക്ഷണത്തെ പറയുന്നു

സൗമ്യര്‍ക്ഷാംശേ രവിജരുധിരൗ ചേത് സദന്തോത്ര ജാതഃ
കുബ്ജസ്സ്വര്‍ക്ഷേ ശശിനി തനുഗേ മന്ദമാഹേയദൃഷ്‌ടേ
പംഗുര്‍മ്മീനേ യമശശികുജൈര്‍വ്വീക്ഷിതേ ലഗ്നസംസ്ഥേ
സന്ധൗ പാപേ ശശിനി ച ജഡഃ സ്യാന്ന ചേത് സൗമ്യദൃഷ്ടീഃ

സാരം :-

ശനിയും ചൊവ്വയും ബുധന്‍റെ ക്ഷേത്രത്തിലോ ബുധക്ഷേത്രാംശകത്തിലോ നിന്നാല്‍ ജനിയ്ക്കുമ്പോള്‍ തന്നെ കുട്ടിയ്ക്ക് പല്ലുണ്ടായിരിക്കും. 

ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടകത്തില്‍ നില്‍ക്കുകയും, ആ കര്‍ക്കിടകം ലഗ്നമായി വരികയും, ആ ചന്ദ്രനെ കുജമന്ദന്മാര്‍ നോക്കുകയും ചെയ്‌താല്‍ പ്രജ ജനിയ്ക്കുമ്പോള്‍ തന്നെ കൂനനായിരിക്കും. 

മീനം രാശി ലഗ്നമാവുകയും, ആ ലഗ്നത്തിലേയ്ക്ക് ചന്ദ്രന്‍റെയും ചൊവ്വയുടേയും ശനിയുടേയും ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ ശിശുവിന് മുടന്തലുണ്ടായിരിക്കും. 

കര്‍ക്കിടകം, വൃശ്ചികം, മീനം ഇതിലൊന്നില്‍ പാപഗ്രഹവും ചന്ദ്രനും നില്‍ക്കുകയും, അവര്‍ക്ക് ശുഭദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്‌താല്‍ പ്രജ ജഡനായിരിയ്ക്കുകയും ചെയ്യും. പറഞ്ഞത് മനസ്സിലാക്കുവാനും, മനസ്സിലാക്കിയത് പറയാനും ശക്തിയില്ലത്തവനേയാണ് "ജഡന്‍" എന്ന് പറയുന്നത്.

മേല്‍പറഞ്ഞ യോഗകര്‍ത്താക്കന്മാര്‍ക്ക് ശുഭദൃഷ്ടിയുണ്ടെങ്കില്‍ ആ ശുഭഗ്രഹങ്ങളുടെ ബലമനുസരിച്ച് യോഗഫലത്തിനു ശക്തി കുറയുകയോ യോഗഫലം തന്നെ കേവലം ഇല്ലാതാവുകയോ ചെയ്യുമെന്നും പറയേണ്ടതാണ്.

ദൈവജ്ഞന്‍ ജ്യോതിഷ പ്രവചനം ആരംഭിക്കേണ്ടത് എങ്ങനെ?

ജ്യോതിഷ സിദ്ധാന്തങ്ങള്‍ പഠിച്ചതിനുശേഷം ജ്യോതിഷന്‍ (ദൈവജ്ഞന്‍) ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ശാസ്ത്രം അനുസരിച്ച് ഗുരുവില്‍ നിന്ന് മന്ത്രോപദേശം സ്വീകരിക്കണം. അതുപോലെ തന്‍റെ ഉപാസ്യദേവതയെ ജപഹോമാദികളെക്കൊണ്ട് സന്തോഷിപ്പിക്കണം. എന്തുകൊണ്ടെന്നാല്‍ സിദ്ധമന്ത്രനായ ദൈവജ്ഞന് മാത്രമേ ജാതകഫലം അറിയാനും വിശ്വാസ്യമായ രീതിയില്‍ അത് പറയാനും സാധിക്കുകയുള്ളൂ.

അതുപോലെ ആദിത്യാദി ഗ്രഹങ്ങളേയും മേടം മുതലായ പന്ത്രണ്ടു രാശികളേയും  ബലി, പൃഷ്പം, ഹോമം, ഗന്ധം മുതലായവയെക്കൊണ്ട് പൂജിക്കുകയും അതുപോലെ ഗുരുപൂജയും ചെയ്തിട്ട് വേണം ജ്യോതിശാസ്ത്ര പ്രവചനം ആരംഭിക്കേണ്ടത്.

മുകളില്‍ പറഞ്ഞ അനുശാസനം അനുസരിച്ച് ജ്യോതിഷം കൈകാര്യം ചെയ്യുന്നതിന് മുമ്പേ ഗുരുവിന്‍റെ അനുഗ്രഹം തേടണം. വിശേഷിച്ചും പ്രശ്നം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഗുരുവില്‍ നിന്ന് കവിടി വാങ്ങുക എന്നൊരു ചടങ്ങ് അനുഷ്ഠിച്ചു വരുന്നു. അതിനുശേഷം ചിലര്‍ മൂകാംബികയിലോ മറ്റ് അഭീഷ്ട ദേവതാ സന്നിധിയിലോ കവിടി വെച്ച് അനുഗ്രഹം നേടി ജ്യോതിഷം കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നു.

ദൈവജ്ഞ ലക്ഷണം

ജ്യോതിഷന്‍ (ദൈവജ്ഞന്‍) എത്ര പണ്ഡിതനായാലും പ്രശ്നം എത്ര ലളിതമായാലും അഹംഭാവത്തോടു കൂടി അത് കൈകാര്യം ചെയ്യരുത്.

ദൈവജ്ഞനില്‍ വിനയവും ഗുരുത്വവും ഈശ്വര വിശ്വാസവും ഇല്ലെങ്കില്‍ എത്ര ലളിതമായ പ്രശ്ന ക്രിയയും പരാജയത്തില്‍ കലാശിക്കുകയേ ഉള്ളു.

ദൈവജ്ഞന്‍ ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ദൈവജ്ഞ ലക്ഷണങ്ങളെ ആത്മസാത്കരിക്കാന്‍ നിരന്തരം യത്നിക്കണം.

ദൈവജ്ഞന്‍ ജ്യോതിശാസ്ത്രത്തില്‍ പണ്ഡിതനും കണക്കില്‍ സമര്‍ത്ഥനും സത് സ്വഭാവം ഉള്ളവനും സത്യം പറയുന്നവനും വിനയവാനും വേദം പഠിച്ചവനും സൂര്യാദിഗ്രഹങ്ങളെ സംബന്ധിച്ച യാഗാദി കര്‍മ്മങ്ങളില്‍ സമര്‍ത്ഥനും ആയിരിക്കണം.

ദൈവജ്ഞന്‍ പല ഹോരാശാസ്ത്രഗ്രന്ഥങ്ങളുടേയും തത്ത്വം അറിയാവുന്നവനായിരിക്കണം. പ്രസിദ്ധങ്ങളായ 5 ജ്യോതിഷ ഗണിത ശാഖകള്‍ പഠിച്ചവനായിരിക്കണം. ഗ്രഹ സ്ഥിതിയെ അടിസ്ഥാനമാക്കി ഫലങ്ങള്‍ ഊഹിച്ചു പറയാന്‍ കഴിവുള്ളവനായിരിക്കണം. ഏതെങ്കിലും മന്ത്രസിദ്ധി വരുത്തിയവനായിരിക്കണം.

ജ്യോതിഷന്‍ നല്ല കുടുംബത്തില്‍ ജനിച്ചവനും ആളുകള്‍ക്ക് പ്രിയപ്പെട്ടവനും ലളിതമായ വേഷം ധരിയ്ക്കുന്നവനും സത്യം പറയുന്നവനും മറ്റുള്ളവരോട് അസൂയ തോന്നാത്തവനും സമമായും നല്ലപോലെ ഉറച്ചുയോജിച്ചതായും ഉള്ള ശരീരത്തോട് കൂടിയവനും അംഗവൈകല്യം ഇല്ലാത്തവനും മനോഹരങ്ങളായ കൈകള്‍ കാലുകള്‍ നഖങ്ങള്‍ കണ്ണുകള്‍ താടി പല്ലുകള്‍ ചെവികള്‍ നെറ്റി പുരികങ്ങള്‍ ഇവ ഉള്ളവനും നല്ല ശരീരം ഉള്ളവനും ഗാംഭീരവും ഉദാത്തവും മുഴക്കവുമുള്ള ശബ്ദം ഉള്ളവനും ആയിരിക്കണം.

ശുചിത്വം ഉള്ളവന്‍, സമര്‍ത്ഥന്‍, പ്രഗല്ഭന്‍, നല്ല വാക് ശക്തിയുള്ളവന്‍, പ്രതിഭാശാലി, ദേശകാലങ്ങള്‍ അറിയാവുന്നവന്‍, സത്ത്വഗുണം ഉള്ളവന്‍, പൊതുസഭകളില്‍ പരിഭ്രമിക്കാത്തവന്‍, , സഹപാഠികളെക്കൊണ്ട് തോല്പിക്കപ്പെടാന്‍ കഴിയാത്തവന്‍, പ്രവര്‍ത്തന സാമര്‍ത്ഥ്യം ഉള്ളവന്‍, ദുശീലങ്ങള്‍ ഇല്ലാത്തവന്‍, ഗ്രഹശാന്തി കര്‍മ്മങ്ങള്‍ അറിയാവുന്നവന്‍, ജാതകന് സുഖം, സന്തോഷം, ധനം, ആയുസ്സ്, ഐശ്വര്യം, പദവി, യശസ്സ് തുടങ്ങിയവ ലഭിക്കാനുള്ള പൌഷ്ടിക ക്രിയകള്‍ചെയ്യാന്‍ അറിയുന്നവന്‍, സ്നാന വിധികള്‍ അറിയാവുന്നവന്‍, സ്നാനവിധികളിലും വ്രതോപവാസാദികളിലും താല്പര്യം ഉള്ളവന്‍, സ്വന്തം പാണ്ഡിത്യം കൊണ്ട് ആളുകളെ ആശ്ചര്യ ഭരിതരാക്കാനും സ്വാധീനിക്കാനും കഴിയുന്നവന്‍, ഗ്രഹഗണിതം ഹോര സംഹിത എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചവന്‍, മേല്‍പറഞ്ഞവയാണ് ജ്യോതിഷന് (ദൈവജ്ഞന്) ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍.

മുകളില്‍ പറഞ്ഞിട്ടുള്ള യോഗ്യതകള്‍ നേടിയിട്ടുള്ള ദൈവജ്ഞന്‍ പ്രശ്ന കര്‍ത്താവിന്‍റെ ശുഭാശുഭങ്ങളെപ്പറ്റി പറയുന്ന വാക്ക് ഒരിക്കലും മിഥ്യയാവുകയില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.