ചതുഷ്പദഗതേ ഭാനൗ ശേഷൈര്‍വ്വീര്യസമന്വിതൈഃ
ദിതനുസ്ഥൈശ്ച യമളൗ ഭവതഃ കോശവേഷ്ടിതൗ.
ഏതെങ്കിലും ചതുഷ്പാദ്രാശികളില്‍ ഒരേടത്തു സൂര്യനും ഉഭയ രാശികളില്‍ പൂര്‍ണ്ണബലവാന്മാരായ മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുമ്പോഴാണ് പ്രസവമെങ്കില്‍, ജരായുവേഷ്ടിതന്മാരായ രണ്ടു കുട്ടികളാണ് ജനിച്ചതെന്ന് പറയേണ്ടതാണ്. ഈ യോഗത്തില്‍ "വീര്യസമന്വിതൈഃ" എന്നതിന് ഉഭയരാശിസ്ഥിതന്മാരായ ഗ്രഹങ്ങളൊക്കെയും കേന്ദ്രത്തില്‍ വരണമെന്നാണ് താല്പര്യമെന്നും ഒരു പക്ഷമുണ്ട്. ഈ യോഗത്തിനും പരിപൂര്‍ണ്ണതയുണ്ടെങ്കില്‍ മാത്രമേ ഫലവും പറയേണ്ടതുള്ളു. അല്പമെങ്കിലും അപൂര്‍ണ്ണതയുണ്ടെങ്കില്‍ ഇങ്ങിനെ യോഗത്തില്‍ ജനിച്ച ഓരോരുത്തനുമായി കോശശബ്ദത്തില്‍ അറിയപ്പെടുന്ന ധനവുമായി വേഷ്ടിത - സംബന്ധപ്പെട്ട - നാവുമെന്നാണ് പറഞ്ഞതെന്നും ഒരു പക്ഷക്കാരും കൂടിയുണ്ടെന്നറിക.
"ദിതനുസ്ഥൈശ്ച യമളൗ ഭവതഃ" എന്നതുകൊണ്ട് ജാതകം പ്രശ്നം നിമിത്തം മുഹൂര്‍ത്തം ഇത്യാദി ഫലവിചാരത്തിങ്കലൊക്കയും ഉഭയരാശികളെക്കൊണ്ടും, അതുകളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ദ്വിത്വപരമായ ഫലം വിചാരിയ്ക്കാമെന്നു സൂചിപ്പിക്കുന്നുണ്ട്.
ലഗ്നേന്ദുജാമിത്രതദീശശുക്രൈര്‍ദ്വിദേഹരാശ്യംശഗതൈര്‍ദ്വിഭാര്യഃ - എന്ന് വിവാഹവിഷയത്തില്‍ പ്രമാണവും കാണുന്നുണ്ട്.