ന ലഗ്നമിന്ദുഞ്ച ഗുരുര്‍ന്നിരീക്ഷിതേ
ന വാ ശശാംകോ രവിണാ സമാഗതഃ
സപാപകോര്‍ക്കേണ യുതോഥവാ ശശീ
പരേണ ജാതം പ്രവദന്തി നിശ്ചയാത്
1). ലഗ്നത്തിനും ചന്ദ്രനും വ്യാഴത്തിന്‍റെ ഒരു പ്രകാരത്തിലുള്ള ദൃഷ്ടിയോഗങ്ങളില്‍ ഒന്നോ, അല്ലെങ്കില്‍ ദ്രേക്കാണ ഹോരനവാംശകാദി ഷഡ്വര്‍ഗ്ഗങ്ങളില്‍ ഒന്നിന്‍റെയെങ്കിലും ബന്ധമോ ഇല്ലാത്ത സമയത്താണ് ജനനമെങ്കില്‍, ആ ശിശു ജാരപുരുഷങ്കല്‍ നിന്ന് ജനിച്ചതാണെന്നും പറയണം.
2). ലഗ്നത്തിനും ചന്ദ്രനും വ്യാഴത്തിന്‍റെ മുന്‍പറഞ്ഞ യോഗദൃഷ്ട്യാദിബന്ധങ്ങളൊന്നുമില്ലെങ്കിലും ജനനസമയത്ത് സൂര്യചന്ദ്രന്മാര്‍ ഒരേ രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ആ ശിശു ജാരപുരുഷനില്‍ നിന്ന് ജനിച്ചവനല്ല എന്നേ പറയേണ്ടതുള്ളു.
ലഗ്നചന്ദ്രന്മാര്‍ക്ക് വ്യാഴത്തിന്‍റെ യാതൊരു സംബന്ധവുമില്ല. സൂര്യചന്ദ്രന്മാര്‍ ഒരേ രാശിയില്‍ നില്‍ക്കുന്നതുമുണ്ട്, പക്ഷേ ആ ചന്ദ്രനും വേറെ ഒരു പാപനും അത്യന്തം (ഒരംശകം) അടുത്തും ആദിത്യന്‍ ആ ചന്ദ്രസ്ഥിതരാശിയിലും നില്‍ക്കുന്നു. ഇങ്ങനേയുള്ള സമയത്താണ് ജനനമെങ്കില്‍ ആ ശിശു ജാരപുരുഷസന്തതിയാണെന്നുതന്നെ പറയുകയും വേണം.
ഇവിടെ "ഗുരുര്‍ന്നിരീക്ഷതേ" എന്ന മൂലത്തിന് യോഗവും ഷഡ്വര്‍ഗ്ഗബന്ധവും മറ്റും വ്യാഖ്യാനിച്ചതെങ്ങനെ എന്ന് ശങ്കിക്കേണ്ടതില്ല.
"ഗുരുക്ഷേത്രഗതേ ചന്ദ്രേ തദ്യുക്തേ വാന്യരാശിഗേ
തദ്രേക്കാണേ തദംശേ വാ ന പരൈര്‍ജ്ജാത ഇഷ്യതേ"
മേല്‍പറഞ്ഞ യോഗത്തിന്‍റെ സ്വഭാവം ദേശം കാലം ജാതി അവസ്ഥ എന്നിവയേയും, സംഭാവ്യാസംഭാവ്യാദ്യവസ്ഥാ വിശേഷങ്ങളേയും ഊഹാപോഹങ്ങളെക്കൊണ്ട് നല്ലപോലെ സൂക്ഷമമായി ആലോചിച്ചേ മേല്‍പറഞ്ഞ ജാരപുത്രത്വാദി ഫലം പറയാവു എന്നതിനേയാണ് "നിശ്ചയാല്‍" എന്ന പദംകൊണ്ട് ആചാര്യന്‍ സൂചിപ്പിച്ചിട്ടുള്ളത്. അങ്ങനെ ജാരപുരുഷജാതനാണ് ആ ശിശു എന്ന് തീര്‍ച്ചപ്പെട്ടാല്‍, ലഗ്നാല്‍ ഒന്‍പതാം ഭാവം, ഒന്‍പതാം ഭാവാധിപന്‍ എന്നിവയെക്കൊണ്ട് സംജ്ഞാദ്ധ്യായത്തില്‍ അവരവര്‍ക്ക് പറഞ്ഞ ജാതി ദേഹസ്വഭാവം നിറം മുതലായി ജാരഗതങ്ങളായുള്ള എല്ലാ വിശേഷങ്ങളേയും പറയുകയും ആവാം.