ഉദയസ്ഥേപി വാ മന്ദേ കുജേ ചാസ്തം സമാഗതേ
സ്ഥിതേ ചാന്തഃ ക്ഷപാനാഥേ ശശാംകസുതശുക്രയോഃ
സാരം :-
ഈ ശ്ലോകംകൊണ്ട് മൂന്നുയോഗമാണ് പറയുന്നത്. "ദിവാകരേ മദ്ധ്യാല്‍ ഭ്രഷ്ടേ" എന്ന് ഈ മൂന്നു യോഗങ്ങളിലേയ്ക്കും അന്വയിയ്ക്കയും വേണം. 1). ശനി ഉദയലഗ്നത്തിലും, ആദിത്യന്‍ വിദേശരാശികളിലൊന്നിലും നില്‍ക്കുക. 2). ചൊവ്വ ഉദയലഗ്നത്തില്‍ നിന്ന് ഏഴാം ഭാവത്തിലും ആദിത്യന്‍ വിദേശരാശിയിലും നില്‍ക്കുക. 3). ചന്ദ്രന്‍, ബുധശുക്രന്മാരുടെ മദ്ധ്യത്തിലും, ആദിത്യന്‍ വിദേശരാശിയിലും നില്‍ക്കുക; ജാതകവശാല്‍ മേല്‍പറഞ്ഞ മൂന്നുയോഗങ്ങളിലൊന്നുണ്ടായാലും ജനനസമയം ആ ശിശുവിന്‍റെ പിതാവ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയണം. പിതാവ് അകലെയോ അടുത്തോ ആയിരുന്നതെന്നും മറ്റും ചിന്തിയ്ക്കേണ്ടത് സൂര്യന്‍റെ ചരരാശിസ്ഥിതികൊണ്ടാണെന്നും മുമ്പ് പറഞ്ഞിട്ടുമുണ്ടല്ലോ.
ഇവിടെ "ദിവാകരേ മദ്ധ്യാല്‍ ഭ്രഷ്ടേ" എന്നല്ല അന്വയിയ്ക്കേണ്ടതെന്നും, "ഇന്ദൗ ലഗ്നം അപശ്യതി" എന്നാണ് വേണ്ടതെന്നും ഒരു പക്ഷക്കാരുണ്ട്. ആ പക്ഷപ്രകാരം 1). ചന്ദ്രന്‍ ലഗ്നത്തെ നോക്കാതിരിക്കുകയും ശനി ലഗ്നത്തില്‍ നില്‍ക്കുകയും ചെയ്ക. 2). ചന്ദ്രന്‍ ലഗ്നത്തെ നോക്കാതെ ഇരിയ്ക്കുകയും കുജന്‍ ഏഴാംഭാവത്തില്‍ നില്‍ക്കുകയും ചെയ്ക, 3). ലഗ്നത്തെ നോക്കാതിരിക്കുന്ന ചന്ദ്രന്‍ ബുധശുക്രന്മാരുടെ മദ്ധ്യത്തില്‍ നില്‍ക്കുക ഇങ്ങിനെയാണ് യോഗങ്ങളെന്നും അറിയുക.
ആദ്യം പറഞ്ഞതിനാണ് അധികം പ്രാമാണ്യമെന്ന് തോന്നുന്നുണ്ട്. കാരണം മുന്‍ശ്ലോകത്തില്‍ സൂചിപ്പിച്ചതാണല്ലോ. ജാതകത്തില്‍ മേല്‍പറഞ്ഞ നാല് യോഗങ്ങളിലൊന്നുണ്ടായാല്‍ അയാളുടെ പിതാവ് പരോക്ഷ (അപ്രത്യക്ഷ) നാവുമെന്ന് പറഞ്ഞ യുക്തിസാമര്‍ത്ഥ്യം കൊണ്ട് ആ ശിശുവിനെ ദത്തെടുക്കുക, വിലയ്ക്ക് മറ്റാരെങ്കിലും വാങ്ങുക, കൃത്രിമപുത്രനാക്കി വെയ്ക്കുക, ഇത്യാദി കാരണങ്ങളാല്‍ ഉല്‌പാദകനായ പിതാവിന് പുറമേ ഒരു പിതാവുംകൂടി ഉണ്ടാവുന്നതാണ്.