ആപ്യോദയമാപ്യഗശ്ശശീ സമ്പൂര്‍ണ്ണസ്സമവേക്ഷതേഥവാ
മേഷൂരണബന്ധുലഗ്നഗഃ സ്യാത്സൂതിസ്സലിലേ ന സംശയഃ
സാരം :-
ലഗ്നം ജലരാശിയാവുക, പൂര്‍ണ്ണ - വെളുത്ത ചതുര്‍ദ്ദശി പൌര്‍ണ്ണമാസി ഇതിലൊരു ദിവസത്തെ - ചന്ദ്രന്‍ ലഗ്നാല്‍ ഏഴാംഭാവത്തില്‍ ജലരാശിയില്‍ നിന്നുകൊണ്ട് ലഗ്നത്തെ നോക്കുക. അല്ലെങ്കില്‍ ഈ പറഞ്ഞ ലഗ്നത്തിലോ അതിന്‍റെ 4 - 10 എന്നീ ഭാവങ്ങളിലോ ജലരാശിയില്‍ ചന്ദ്രന്‍ നില്‍ക്കുക. ഈ യോഗമുള്ളപ്പോഴാണ് പ്രസവിച്ചതെങ്കില്‍ പ്രസവിച്ചത് വെള്ളത്തിലാണെന്നും പറയേണ്ടതാണ്. ഇവിടെ "സലിലേ സൂതിഃ" എന്ന് പറഞ്ഞതുകൊണ്ട് ലക്ഷണയാ വെള്ളത്തിന്‍റെ അത്യന്തം സമീപത്താണ് പ്രസവിച്ചതെന്നും പറയാവുന്നതാണ്. ഈ യോഗത്തില്‍ ലഗ്നാധിപന്‍ ലഗ്നഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ നടക്കുമ്പോഴും നാലിലാണെങ്കില്‍ കിടക്കുമ്പോഴും ഏഴിലാണെങ്കില്‍ ഇരിയ്ക്കുമ്പോഴും, ലഗ്നാധിപന്‍ പത്തിലാണെങ്കില്‍ നില്‍ക്കുമ്പോഴുമാണ് പ്രസവിച്ചതെന്ന് പറയാവുന്നതാണ്.
ചിന്ത്യം ചംക്രമണം ലഗ്നാച്ഛയനം തു ചതുര്‍ത്ഥതഃ
സപ്തമേനോപവേശശ്ച ചിന്ത്യാ ദശമതഃ സ്ഥിതിഃ
എന്ന് പ്രമാണമുണ്ട്
ലഗ്നാധിപന്‍ ലഗ്നാല്‍ കേന്ദ്രത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ഭാവംകൊണ്ടും മേല്‍പറഞ്ഞവിധം ചിന്തിയ്ക്കാവുന്നതാണ്. ഈ യോഗത്തില്‍ ചന്ദ്രന്‍ കേന്ദ്രത്തിലല്ലാതെ ഇരിയ്ക്കയില്ലല്ലോ. വര്‍ഷപ്രശ്നത്തിങ്കലും ഈ യോഗംകൊണ്ട് ചിന്തിയ്ക്കാവുന്നതാണ്. എങ്ങിനെയെന്നാല്‍ "സലിലേ" എന്നതിന് "ജലവിഷയമായ" എന്നും 'സൂതി' എന്നതിന്നു 'ഉദ്ഭവം' എന്നും അര്‍ത്ഥം കല്പിയ്ക്കാം. മഴ പെയ്യുമോ ഇല്ലയോ എന്നാ പ്രശ്നത്തിങ്കല്‍ ചന്ദ്രന്‍ പൂര്‍വ്വപക്ഷഗതനും പൂര്‍ണ്ണനുമായി ലഗ്നത്തിലോ ലഗ്നകേന്ദ്രത്തിലോ നിന്നാല്‍ മഴ പെയ്യുമെന്ന് പറയാവുന്നതാണ്.
വര്‍ഷപ്രശ്നേ സലിലനിചയം രാശിമാശ്രിത്യ ചന്ദ്രോ
ലഗ്നം യാതോ ഭവതി, യദി വാ കേന്ദ്രഗഃ ശുക്ലപക്ഷേ
എന്ന് പ്രമാണമുണ്ട്
ഈ യോഗത്തെത്തന്നെ മറ്റൊരുവിധത്തില്‍കൂടി ചിന്തിയ്ക്കാവുന്നതാണ്. ചിന്താപ്രശ്നവിഷയത്തില്‍ മുന്‍പറഞ്ഞ യോഗമുണ്ടായാല്‍, പൂര്‍ണ്ണനും ജലരാശിയില്‍ നില്‍ക്കുന്നവനുമായ ചന്ദ്രന്‍ ലഗ്നകേന്ദ്രത്തില്‍ നിന്നാല്‍ പ്രശ്നം ജലവിഷയമാണെന്നും പറയാവുന്നതാണ്. അവിടെ നാലാം ഭാവത്തിലാണ് ചന്ദ്രന്‍റെ നിലനില്പെങ്കില്‍ കിണറ്, കുളം മുതലായ അധോജലങ്ങളെസംബന്ധിച്ചും, സപ്തമസ്ഥനാണെങ്കില്‍ നദി മുതലായ ഒഴുകുന്ന ജലത്തെ ഉദ്ദേശിച്ചും പത്തിലാണെങ്കില്‍ മഴയുടെ വെള്ളത്തെ വിചാരിച്ചുമാണ് പ്രശ്നം ചെയ്തതെന്ന് വിചാരിയ്ക്കാം.
"ഹിബുകേനാധഃ സലിലം നദ്യാഗമനം തു സപ്തമേനൈവ. ദശമേ ന വൃഷ്ടിപതനം"
എന്ന് പ്രമാണമുണ്ട്.