പ്രസവത്തിന്‍റെ സാമാന്യസ്ഥലവിശേഷത്തെ പറയുന്നു

രാശ്യംശസമാനഗോചരേ
മാര്‍ഗ്ഗേ ജന്മ ചരേ സ്ഥിരേ ഗൃഹേ
സ്വര്‍ക്ഷാംശഗതേ സ്വമന്ദിരേ
ബലയോഗാത് ഫലമംശകര്‍ക്ഷയോഃ

സാരം :-

ഇതിനുമുമ്പ് ആറ് ശ്ലോകങ്ങളെക്കൊണ്ട് പറഞ്ഞ യോഗങ്ങളിലോന്നുമില്ലെങ്കില്‍ പ്രസവിച്ച സമയത്തെ ഉദയലഗ്നം അതിന്‍റെ നവാംശകം ഇതുകളില്‍ ബലം അധികമുള്ള രാശിയ്ക്ക് അനുരൂപമായ സ്ഥലത്താന് പ്രസവിച്ചതെന്ന് പറയണം. ഇതിനെ ഉദാഹരണസഹിതം വിവരിയ്ക്കാം. മേല്പറഞ്ഞ രാശി മേടമാണെങ്കില്‍ ആടുകള്‍ സഞ്ചരിക്കുന്ന പ്രദേശം, സ്വര്‍ണ്ണാദി ധാതുക്കള്‍ വിളയുന്ന പ്രദേശം, രത്നങ്ങളുള്ളേടം, തോട്, കാട്, പാമ്പിന്‍കാവ് ഇത്യാദി സ്ഥലങ്ങളിലും, ഇടവം രാശിയാണെങ്കില്‍ കൃഷിസ്ഥലം, മനോഹരപ്രദേശം, പശുക്കളും കാളകളും മേയുന്ന സ്ഥലം ഇത്യാദി പ്രദേശത്തും, മിഥുനം രാശിയാണെങ്കില്‍ ഉദ്യാനം, ദേവാലയം, നര്‍ത്തഭൂമി, കിടപ്പുമുറി മുതലായ വിജനസ്ഥലം, പുരം (നാനാജനങ്ങളും രാജധാനിയും കച്ചവടസ്ഥലങ്ങളുമുള്ള പ്രദേശത്തിനാണ് പുരമെന്ന പേര്‍) ഈ വക സ്ഥലത്തും, കര്‍ക്കിടകം രാശിയിലാണെങ്കില്‍ ഞണ്ടുകള്‍ സഞ്ചരിക്കുന്നേടം, ഓര്‍പ്പുളിയുള്ള പ്രദേശം, തോട്, ദേവസ്ത്രീസഞ്ചാരയോഗ്യമായ താമരപ്പൊയ്കയുടെ സമീപം ഈവകപ്രദേശത്തും, ചിങ്ങം രാശിയാണെങ്കില്‍ കാട്, ഗുഹ, ഉയരമുള്ള പര്‍വതാഗ്രപ്രദേശം, ദേവന്മാരും ബ്രാഹ്മണരും പശുക്കളുമുള്ളേടം ഇത്യാദി ദിക്കുകളിലും, കന്നി രാശിയിലാണെങ്കില്‍ അമ്പലം, ആനപ്പന്തി, കുതിരപ്പന്തി, സമുദ്രം, കൃഷിസ്ഥലം, അധികം സസ്യങ്ങളും വെള്ളമുള്ളതിന്‍റെ സമീപം, ഗ്രാമം (രണ്ടുവരിയായി വളരെ ബ്രാഹ്മണഗൃഹങ്ങള്‍ മാത്രമുള്ളതാണ് ഗ്രാമം) ഇവിടങ്ങളിലും, തുലാം രാശിയാണെങ്കില്‍ കച്ചവടസ്ഥലം, ഗ്രാമം, തേര്‍വീഥി, കാടുവക പ്രദേശത്തും, വൃശ്ചികം രാശിയാണെങ്കില്‍ ശ്മശാനം ആഴമുള്ള സ്ഥലം, ഗുഹ, കിണറ്, പുറ്റുള്ളേടം, കുളം ഇത്യാദി സ്ഥലങ്ങളിലും, ധനുരാശിയാണെങ്കില്‍ ഉദ്യാനം, യുദ്ധസ്ഥലം, സൈന്യഗൃഹം, മതിലിന് സമീപപ്രദേശം, കാട്, രാജധാനി, ഇവിടങ്ങളിലും, മകരം രാശിയിലാണെങ്കില്‍ സമുദ്രം, കാട്, പുഴവക്ക്, കാട്ടാളന്മാരുടെ ഭവനം; അഴിമുഖം ഇത്യാദി പ്രദേശങ്ങളിലും, കുംഭം രാശിയാണെങ്കില്‍ കുളം, കുംഭക്കാരന്‍റെ വീട്, അടുക്കള, കാട്ടാളന്മാരുടെ ഭവനം, കാട് എന്നീ പ്രദേശങ്ങളിലും, മീനം രാശിയിലാണെങ്കില്‍ പുഴവക്ക്, സമുദ്രതീരം, പുണ്യതീര്‍ത്ഥസമീപം, ദേവാലയം, ബ്രാഹ്മണഗൃഹം, കുണ്ടും മടകളുമുള്ള പ്രദേശം  ഇത്യാദി സ്ഥലങ്ങളിലുമാണ് പ്രസവിച്ചതെന്ന് പറയണം.  ഈ പറഞ്ഞതിനും പുറമേ ഈ ഗ്രന്ഥത്തിലെ സംജ്ഞാദ്ധ്യായാദികളിലും ഗ്രന്ഥാന്തരങ്ങളിലും  മേഷാദിരാശികളുടേതായി പറഞ്ഞിട്ടുള്ള മറ്റു പ്രദേശങ്ങളേയും ജലസ്ഥലവിഭാഗം ഗ്രാമ്യാരണ്യനഗരാദിഭേദം ഇത്യാദികളേയും വിചാരിച്ച് പ്രസവസ്ഥലത്തെപ്പറയേണ്ടതാണെന്നും അറിയേണ്ടതാണ്.

ഈ (ഉദയലഗ്നം അതിന്‍റെ നവാംശകം ഇതുകളില്‍ ബലമുള്ള) രാശി ചരമാണെങ്കില്‍ സ്വഗൃഹത്തില്‍ നിന്ന് ദൂരത്തുവെച്ചും, സ്ഥിരരാശിയാണെങ്കില്‍ സ്വഗൃഹത്തിലുമാണ് പ്രസവിച്ചതെന്നും പറയണം. ഇവിടെ ഉദയരാശിയെപ്പറ്റിപറഞ്ഞിട്ടിലാത്തതിനാല്‍ ഉദയരാശിയുടെ പൂര്‍വ്വാര്‍ദ്ധമാണ്‌ ലഗ്നമെങ്കില്‍ സ്ഥിരരാശിപോലേയും ഉത്തരാര്‍ദ്ധമാണെങ്കില്‍ ചരരാശിപോലെയും വിചാരിയ്ക്കേണ്ടതെന്നും സൂചിപ്പിച്ചിരിക്കുന്നു. "ചരാസന്നമര്‍ദ്ധം ചരവല്‍, സ്ഥിരാസന്നമര്‍ദ്ധം സ്ഥിരവല്‍" എന്ന് പ്രമാണമുണ്ട്.

ലഗ്നാധിപന്‍ സ്വക്ഷേത്രത്തിലോ, സ്വനവാംശകത്തിലോ ആണ് നില്‍ക്കുന്നതെങ്കില്‍ സ്വഗൃഹത്തില്‍വെച്ചാണ് പ്രസവിച്ചതെന്ന് പറയണം. ഇതുകൊണ്ടുതന്നെ ലഗ്നാധിപന്‍ ഉച്ചസ്ഥനാണെങ്കില്‍ ദേവഗൃഹം, രാജഭവനം മുതലായ സ്ഥലത്തും, അതിബന്ധുക്ഷേത്രത്തിലാണെങ്കില്‍ തന്‍റെ ഏറ്റവും ബന്ധുവായ ഒരാളുടെ ഭവനത്തിലും ബന്ധുക്ഷേത്രത്തിലാണെങ്കില്‍ തന്‍റെ ബന്ധുഗൃഹത്തിലും, സമക്ഷേത്രത്തിലാണെങ്കില്‍ ബന്ധുവും ശത്രുവമല്ലാത്ത സമന്‍റെ ഗൃഹത്തിലും, ലഗ്നാധിപനോ അംശകാധിപനോ  നില്‍ക്കുന്നത് ശത്രുക്ഷേത്രത്തിലോ ശത്രുഭവനാംശകത്തിലോ ആണെങ്കില്‍ ശത്രുഭവനത്തിലും, നീചസ്ഥനാണെങ്കില്‍ തന്നേക്കാള്‍ എല്ലാ അംശംകൊണ്ടും താഴ്ചയുള്ള ഒരുവന്‍റെ ഭവനത്തിലുമാണ് പ്രസവിച്ചതെന്ന് പറയണം.

ഈ ശ്ലോകം കൊണ്ട് പ്രസവിച്ച പ്രദേശം മുതലായതിനേയാണ് വിവരിച്ചിരിയ്ക്കുന്നത്. എങ്കിലും ജാതകപ്രശ്നാദിഫലവിചാരത്തില്‍ ഏതേതു ദിക്കിലാണോ സ്ഥലം, ദൂരസാമീപ്യാദികള്‍, ഉല്‍കര്‍ഷാപകര്‍ഷാദികള്‍  ഇത്യാദിഫലങ്ങളെ അറിയേണ്ടതായി വരുന്നത് അവിടങ്ങളിലൊക്കെയും മേല്‍പറഞ്ഞ ചിന്താരീതിയനുസരിച്ച് ഫലം വിചാരിയ്ക്കാവുന്നതുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.