ദൈവജ്ഞന് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ - സൂര്യോദയത്തിന് മുമ്പുള്ള മുഹൂര്‍ത്തം - ഉണര്‍ന്നിട്ട് ശയ്യയില്‍ ഇരുന്ന് കൊണ്ട് തന്നെ അഭീഷ്ടദേവതയെ ധ്യാനിക്കണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അഭീഷ്ടദേവതയെ ധ്യാനിക്കണം. അതിനുശേഷം ദന്തധാവന മലമൂത്ര വിസര്‍ജ്ജനാദി ശരീര ശുദ്ധികള്‍ ചെയ്തിട്ട് കുളിക്കുകയും കുളിക്കുന്ന സമയത്ത് മന്ത്രപൂര്‍വ്വം സലില പ്രോക്ഷണാദികള്‍ ചെയ്യുകയും വേണം. അതിനുശേഷം സന്ധ്യാ വന്ദനാദികള്‍, ദേവര്‍ഷി പിതൃ തര്‍പണം മുതലായവ കഴിച്ച് സമതലമായ ആസനത്തില്‍ ഇരുന്നുകൊണ്ട് കുറഞ്ഞത് 10 പ്രാവശ്യം പ്രാണായാമം ചെയ്യുകയും ഗുരുമുഖത്തില്‍ നിന്ന് ഉപദേശമായി ലഭിച്ച മാത്രം 108 ആവര്‍ത്തിയോ 1008 ആവര്‍ത്തിയോ ജപിക്കുകയും വേണം. അതിനു ശേഷം ഇഷ്ടദേവതാ സ്ത്രോത്രവും ആദിത്യാദി നവഗ്രഹസ്ത്രോത്രവും ജപിക്കുകയും വേണം. ഗൃഹത്തില്‍ നിത്യപൂജ നടത്തുന്നവര്‍ നിത്യപൂജാവിധി പൂര്‍ത്തിയാക്കണം. ഈ ക്രിയകള്‍ കൊണ്ട് ദൈവജ്ഞന് ശരീരശുദ്ധിയും മനഃശുദ്ധിയും ആത്മശുദ്ധിയും ത്രിവിധ കരണശുദ്ധിയും ലഭിക്കും. അതിനുശേഷം സത്ത്വഗുണപ്രധാനവും ലഘുവുമായ ആഹാരം കഴിച്ച് സ്വസ്ഥചിത്തനായി അന്നത്തെ പഞ്ചാംഗകാര്യങ്ങള്‍ നോക്കികുറിച്ച് വയ്ക്കണം.
സൂര്യോദയം, ലഗ്നോദയം, വാരം, നക്ഷത്രം, തിഥി, കാരണം, നിത്യയോഗം, ലാടവൈധൃതങ്ങള്‍, മൃത്യു ദഗ്ധാമൃതാദി യോഗങ്ങള്‍, ഗണ്ഡസമയങ്ങള്‍, അന്നത്തെ നക്ഷത്രത്തിന്‍റെയും രാശികളുടേയും മൃത്യുഭാഗ, ഗുളികോദയം, ധൂമ വ്യതീപാതാദി അപ്രകാശ ഗ്രഹങ്ങള്‍, ഗ്രഹസ്ഫുടങ്ങള്‍, ഗ്രഹങ്ങള്‍ നില്‍ക്കുന്ന നക്ഷത്രങ്ങള്‍, ഓരോ മണിക്കൂറിനുമുളള ഹോര, രാശിധ്രുവങ്ങള്‍, ഉദയാത്പരരാശി, നവദോഷങ്ങള്‍, ഷഡ്ദോഷങ്ങള്‍, അഭിജിത്ത് തുടങ്ങിയവയാണ് പ്രധാന പഞ്ചാംഗ കാര്യങ്ങള്‍. പ്രശ്ന ഫലം പറയുന്നതിന് ഇവയെല്ലാം അനിവാര്യങ്ങളാണ്. ഒരു ഫലകത്തില്‍ രാശി ചക്രം വരച്ച് അന്നത്തെ ഗ്രഹസ്ഥിതി എഴുതിവയ്ക്കണം
ഇത്രയും ചെയ്തതിനുശേഷം ശാന്ത ചിത്തനായി കോപതാപാദികളില്ലാതെ പൃഛകനെ പ്രതീക്ഷിച്ചിരിക്കണം