ഭൌമക്ഷേത്രഗതോ രവിസ്ത്രിനയനഃ കീടേ സ്വയംഭൂരജേ
മര്‍ത്ത്യൈരുച്ചത ഊര്‍ദ്ധ്വമത്ര തദധോ ദേവൈഃ പ്രതിഷ്ഠാപിതഃ
യക്ഷീ ഗോഗത ഏഷ ജൂകഗൃഹഗഃ കാളീ പുനഃസ്ത്രീഗതഃ
ശ്രീരാമാദ്യവതാരവിഷ്ണുരഥ വിഷ്ണുസ്ത്വേഷ വീണാഗതഃ
സാരം :-
ആദിത്യന്‍ മേടത്തിലോ വൃശ്ചികത്തിലോ നിന്നാല്‍ ശിവനെയാണ് വിചാരിക്കേണ്ടത്. പക്ഷേ വൃശ്ചികത്തില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് സ്വയം ജാതനായ (ആരും പ്രതിഷ്ഠിക്കാതെ ശക്തി വിശേഷം കൊണ്ട് താനേ ഉണ്ടായ) ശിവനെ പറയണം. മേടത്തില്‍ പരമോച്ചകാലം പത്തു തീയതിക്കുള്ളില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് ദേവന്മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവനെ പറയണം. ഈ മേടത്തില്‍ തന്നെ പരമോച്ചകാലം പത്തു തീയതി കഴിഞ്ഞതിനുശേഷമുള്ള ഭാഗത്തില്‍ നില്‍ക്കുന്ന ആദിത്യനെക്കൊണ്ട് മനുഷ്യനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവനെ പറയണം.
ആദിത്യന്‍ ഇടവത്തില്‍ നിന്നാല്‍ യക്ഷിയെ പറയണം.
ആദിത്യന്‍ തുലാം രാശിയില്‍ നിന്നാല്‍ ഭദ്രകാളിയെ പറയണം.
ആദിത്യന്‍ കന്നിരാശിയില്‍ നിന്നാല്‍ ശ്രീരാമന്‍ മുതലായ വിഷ്ണുദശാവതാരങ്ങളായ ദേവന്മാരെ പറയണം.
ആദിത്യന്‍ മിഥുനം രാശിയില്‍ നിന്നാല്‍ മഹാവിഷ്ണുവിനെതന്നെ പറയണം.