ഉദയോഡുപയോര്‍വ്യയസ്ഥിതേ
ഗുപ്ത്യാം പാപനിരീക്ഷിതേ യമേ
അളികര്‍ക്കിയുതേ വിലഗ്നഗേ
സൗരേ ശീതകരേക്ഷിതേƒവടേ
സാരം :-
ലഗ്നം ചന്ദ്രന്‍ ഇതുകളിലൊന്നിന്‍റെ പന്ത്രണ്ടാം ഭാവത്തില്‍ പാപദൃഷ്ടിയോടുകൂടിയ ശനി നിന്നാല്‍ - ഇങ്ങിനെ യോഗമുള്ളപ്പോഴാണ് പ്രസവിച്ചതെങ്കില്‍ എന്ന് സാരം - തടവുമുറിയുടെ ഉള്ളില്‍ കിടന്നിട്ടാണ് പ്രസവിച്ചതെന്ന് പറയണം. ഇവിടെ ശനിയും അതിനെ നോക്കുന്ന പാപനും നല്ല ബലമുള്ളവരും, ഇവര്‍ ചങ്ങല, കയറ്, സര്‍പ്പം ഇവ ധരിച്ചുകൊണ്ടുള്ള ദ്രേക്കാണത്തില്‍ നില്‍ക്കാതിരിയ്ക്കുന്നവരും ആണെങ്കില്‍, ഏതോ കാര്യവശാല്‍ തടവുമുറിയില്‍ ചെന്നപ്പോള്‍ അവിടെ വെച്ച് പ്രസവിച്ചതായും, ഈ രണ്ടു ഗ്രഹങ്ങളും വിബലന്മാരും സര്‍പ്പപാശാദികളെ ധരിച്ചിരിയ്ക്കുന്ന ദ്രേക്കാണത്തില്‍ നില്‍ക്കുന്നവരുമാണെങ്കില്‍ ഏതോ നികൃഷ്ടകര്‍മ്മം ചെയ്യുക നിമിത്തം തടവില്‍ കിടക്കേണ്ടിവന്നപ്പോള്‍ പ്രസവിച്ചതായും യുക്തിയ്ക്കനുസരിച്ച് പറയുകയും വേണം. "ഹോരാദ്വാദശരാശൌ ഷഷ്ഠേ വാ ഭവതി ബന്ധനം രവിജേ" എന്ന് പ്രമാണമുണ്ട്. "ഗുപ്ത്യാം എന്നതിന് തടവുമുറി എന്നല്ല വിജനസ്ഥലമെന്നാണ് അര്‍ത്ഥമെന്നും ഒരു പക്ഷക്കാരുണ്ട്.
കര്‍ക്കിടകം വൃശ്ചികം ഇതിലൊന്ന് ലഗ്നമാവുക, ആ ലഗ്നത്തില്‍ ശനി നില്‍ക്കുക, ആ ശനിയെ ബലവാനായ ചന്ദ്രന്‍ ഏഴില്‍ നിന്ന് നോക്കുകയും ചെയ്ക, ഈ യോഗമുള്ളപ്പോഴാണ് പ്രസവിച്ചതെങ്കില്‍ പ്രസവം കുഴിയിലാണുണ്ടായതെന്ന് പറയണം. പ്രശ്നത്തിലും ഈ യോഗം ചിന്തിക്കാവുന്നതാണ്. കര്‍ക്കിടവൃശ്ചികങ്ങളില്‍ ഒന്ന് ലഗ്നമാവുകയും; അവിടേയ്ക്ക് പാപഗ്രഹദൃഷ്ടിയോ പാപഗ്രഹയോഗമോ ഉണ്ടാവുകയും ചെയ്‌താല്‍ പ്രഷ്ടാവ് കിണറ് കുഴി മുതലായ അഗാധസ്ഥലത്ത് വീഴുമെന്ന് പറയുക. - "പാപവീക്ഷിതേ കൂപാദൗ പതനം വാച്യമാരൂഢേƒളിനി വേന്ദുഭേ" എന്ന് പ്രമാണമുണ്ട്.