ഛാഗസിംഹവൃഷേ ലഗ്നേ തത്‌സ്ഥേ സൗരേഥവാ കുജേ
രാശ്യംശസദൃശേ ഗാത്രേ ജായതേ നാളവേഷ്ടിതഃ
മേടം, ഇടവം, ചിങ്ങം എന്നീ മൂന്നു രാശികളില്‍ ഏതെങ്കിലും ഒന്ന് പ്രസവകാലോദയലഗ്നമാവുകയും, ശനികുജന്മാരില്‍ ഒന്ന് ലഗ്നത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകം കൊണ്ട് വിധിച്ചപ്രകാരം ആ ലഗ്നരാശി അല്ലെങ്കില്‍ നവാംശകരാശി ഏത് അവയവത്തില്‍ വരുന്നു, പ്രസവിക്കുമ്പോള്‍ അവിടെ, നാഭിനാളം (പൊക്കിള്‍ക്കൊടി) അല്ലെങ്കില്‍ അതിനോട് തുല്യമായ മറ്റൊരു പദാര്‍ത്ഥം ചുറ്റിയിരുന്നുവെന്ന് പറയാവുന്നതാണ്.
"വേഷ്ടിതഃ" "ബദ്ധഃ" "ജായതേ" എന്നും മറ്റുമുള്ള പദങ്ങളെക്കൊണ്ട് ജാതകത്തില്‍ മേല്‍പറഞ്ഞ യോഗമുണ്ടായാല്‍ അയാള്‍ ഭാവികാലത്തില്‍ എപ്പോഴെങ്കിലും ഒരിയ്ക്കല്‍ ബന്ധനസ്ഥനാവേണ്ടി വരുമെന്നും, "ഇന്നാള്‍ ഇപ്പോള്‍ ബന്ധനസ്ഥിതനോ അല്ലയോ" എന്നിത്യാദി പ്രശ്നവിഷയത്തിലാണ് ഈ യോഗമുണ്ടായതെങ്കില്‍ അയാള്‍ ഇപ്പോള്‍ ബന്ധനസ്ഥനാണെന്നും, മറ്റു ഫലങ്ങളെക്കൂടി ഈ ശ്ലോകം കൊണ്ട് ഊഹിക്കാവുന്നതാണെന്നും ധരിയ്ക്കേണ്ടതുണ്ട്.