പ്രഷ്ടുർവാക്യാദിവർണേന ലഗ്നം സംഗൃഹ്യ ചാമുനാ
വാച്യം ശുഭാശുഭം സർവം തൽപ്രകാരോഥ കഥ്യതേ.
സാരം :-
പ്രഷ്ടാവ് പറഞ്ഞ വാക്യത്തിന്റെ ആദ്യക്ഷരം കൊണ്ടു ലഗ്നരാശിയുണ്ടാക്കി അത് ആരൂഢമായി കല്പിച്ച് അതുകൊണ്ട് പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്.
****************************
അകചടതപയാ വർഗാ രവികുജസിതസൗമ്യജീവസൗരാണാം
ചന്ദ്രസ്യ ച നിർദിഷ്ടം പ്രശ്നേ പ്രഥമോദ്ഭവം വർണം.
ജ്ഞാത്വാ തസ്മാല്ലഗ്നം സംഗൃഹ്യ ശുഭാശുഭം വദേൽ പ്രഷ്ടുഃ
വർഗ്ഗാദിമദ്ധ്യപരമൈർവർണൈഃ പ്രഥമോദ്ഭവൈർവിഷമം
രാശിം ലഗ്നം പ്രവദേച്ഛിഷ്ടൈര്യുഗ്മം കുജജ്ഞജീവാനാം
സിതരവിജയോശ്ച നൈവം രവിശശിനോരേകരാശിത്വാൽ
തസ്മാലഗ്നാൽ പ്രവദേൽ പൃച്ഛാസമയേ ശുഭാശുഭം സർവം
കാലസ്യാƒവിജ്ഞാനാദേതച്ചിന്ത്യം ബഹു പ്രശ്നേ.
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ വരെയുള്ള അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് ആദിത്യന്റേതാണ്.
ക. ഖ. ഗ. ഘ. ങ എന്നീ അക്ഷരങ്ങൾ ഒരു വർഗ്ഗമാണ്. ഇത് ചൊവ്വയുടേതാകുന്നു.
ച. ഛ. ജ. ഝ. ഞ. എന്നീ അഞ്ച് അക്ഷരങ്ങൾ ശുക്രന്റെ വർഗ്ഗമാകുന്നു.
ട. ഠ. ഡ. ഢ. ണ. എന്നീ അക്ഷരങ്ങൾ ബുധന്റെ വർഗ്ഗമാകുന്നു.
ത. ഥ. ദ. ധ. ന എന്നീ അഞ്ച് അക്ഷരങ്ങൾ വ്യാഴത്തിന്റെ വർഗ്ഗങ്ങളാകുന്നു.
പ. ഫ. ബ. ഭ. മ. എന്നീ അക്ഷരങ്ങൾ ശനിയുടെ വർഗ്ഗങ്ങളാകുന്നു.
യ ര ല വ ശ ഷ സ ഹ ള ഴ റ എന്നീ അക്ഷരങ്ങൾ ചന്ദ്രന്റേതാണ്.
പ്രശ്നത്തിന്റെ ആദ്യാക്ഷരം ഏതൊരു ഗ്രഹത്തിന്റേതായി വരുന്നുവോ ആ ഗ്രഹത്തിന്റെ രാശി ലഗ്നമാണെന്ന് അറിയണം.
അ മുതൽ ഔ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ ചിങ്ങം ലഗ്നമാണെന്നും
യ മുതൽ ഹ വരെയുള്ള അക്ഷരങ്ങൾ ആദ്യമായി വന്നാൽ കർക്കടകം രാശി ലഗ്നമാണെന്നും അറിയണം.
ചൊവ്വ മുതൽ ശനി വരെയുള്ള ഗ്രഹങ്ങൾക്ക് ഈ രണ്ടു രാശി ഉണ്ടല്ലോ.
ക. ഖ. ഗ. ഘ. ങ കുജന്റെ വർഗ്ഗം
ച. ഛ. ജ. ഝ. ഞ. ശുക്രന്റെ വർഗ്ഗം
ട. ഠ. ഡ. ഢ. ണ. ബുധന്റെ വർഗ്ഗം
ത. ഥ. ദ. ധ. ന വ്യാഴത്തിന്റെ വർഗ്ഗം
പ. ഫ. ബ. ഭ. മ. ശനിയുടെ വർഗ്ഗം
ഈ അഞ്ച് വർഗ്ഗങ്ങളുടേയും ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും അക്ഷരങ്ങൾ ആദ്യക്ഷരമായി വന്നാൽ മേടം, തുലാം, മിഥുനം, ധനു, കുംഭം ഈ ഓജരാശികൾ ലഗ്നമാണെന്നും അറിയണം.
മേൽകാണിച്ച അഞ്ച് വർഗ്ഗങ്ങളുടേയും രണ്ടാമത്തേയും നാലാമത്തേയും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യാക്ഷരമായി വന്നാൽ വൃശ്ചികം, ഇടവം, കന്നി, മീനം, മകരം ഈ രാശികൾ ലഗ്നമാണെന്ന് അറിയണം.
എങ്ങനെയെന്നാൽ ചൊവ്വയുടെ അക്ഷരങ്ങൾ ക. ഖ. ഗ. ഘ. ങ ഇത്രയുമാണല്ലോ. ഇവയിൽ ക. ഗ. ങ എന്ന് ഒന്നും മൂന്നും അഞ്ചും അക്ഷരങ്ങൾ പ്രശ്നത്തിന്റെ ആദ്യ അക്ഷരമായാൽ ചൊവ്വായുടെ ക്ഷേത്രങ്ങളിൽ ഓജരാശിയായ മേടം ലഗ്നമെന്നും
ഖ ഘ എന്ന രണ്ടും നാലും അക്ഷരങ്ങൾ ആദ്യക്ഷരമായാൽ ചൊവ്വായുടെ യുഗ്മരാശിയായ വൃശ്ചികം രാശി ലഗ്നമെന്നും അറിയണം.
ഇങ്ങനെ വർഗ്ഗാക്ഷരങ്ങളെക്കൊണ്ട് ശുക്രൻ മുതലായവരുടെ രാശി ഭേദങ്ങളും ഗ്രാഹ്യമാകുന്നു. ഈ ലഗ്നം ആസ്പദമാക്കി പ്രഷ്ടാക്കന്മാരുടെ സകല ഗുണദോഷങ്ങളും പറയാവുന്നതാണ്. ഒട്ടധികം പ്രശ്നങ്ങൾ ഒരേ സമയത്ത് ഉണ്ടായാൽ ഇപ്രകാരം ലഗ്നമറിഞ്ഞു ഫലം പറയേണ്ടതാണ്.