മധ്യാന്ത്യാദ്യഖിലേഷു ഗാ ജ സ ഭ മാഃ സൂര്യാനിലേന്ദുക്ഷമാ
ദേവാ സ്ഫീതരുഗന്യദേശഗമനപ്രഖ്യാതകീർത്തിശ്രിയഃ
തദ്വത്സ്യു൪ലഘവോ ഗണാ ര ത യ നാ വഹ്ന്യംബരാംഭോദിവോ-
ƒമർത്യാഃ സ്യുർമൃതിശൂന്യതോത്തമസമൃദ്ധ്യായൂംഷി തേ തന്വതേ.
സാരം :-
പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞവാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ് അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ് ഈ ശ്ലോകംകൊണ്ടു പറയുന്നത്.
ഗണങ്ങൾ ആകെ എട്ടാണ്.
1. ജഗണം
2. സഗണം
3. ഭഗണം
4. മഗണം
5. രഗണം
6. തഗണം
7. യഗണം
8. നഗണം
ഇവയിൽ ജഗണം മദ്ധ്യഗുരുവും സഗണം അന്ത്യഗുരുവും ഭഗണം ആദ്യഗുരുവും മഗണം അഖിലഗുരുവും ആകുന്നു. ജഗണത്തിന്റെ ദേവത സൂര്യനും അതിന്റെ ഫലം രോഗവൃദ്ധിയും ആകുന്നു. സഗണത്തിന്റെ ദേവത വായുവും അതിന്റെ ഫലം അന്യദേശഗമനവുമാണ്. ഭഗണത്തിന്റെ ദേവത ചന്ദ്രനും അതിന്റെ ഫലം ഉൽകൃഷ്ടമായ കീർത്തിലാഭവും മഗണത്തിന്റെ ദേവത ഭൂമിയും ഇതിന്റെ ഫലം ഐശ്വര്യമാണ്.
ഇതുപോലെ പ്രശ്നവാക്യത്തിലെ ആദ്യമുള്ള മൂന്നക്ഷരങ്ങളിൽ മദ്ധ്യേയുള്ള അക്ഷരം ലഘുവായിരുന്നാൽ രഗണമെന്നും ഒടുവിലത്തെ അക്ഷരം ലഘുവായിരുന്നാൽ തഗണമെന്നും ആദ്യത്തെ അക്ഷരം ലഘുവായിരുന്നാൽ യഗണമെന്നും മൂന്നരക്ഷരങ്ങളും ലഘുവായിരുന്നാൽ നഗണമെന്നും പറയപ്പെടുന്നു. രഗണത്തിന്റെ ദേവത അഗ്നിയാകുന്നു. ഇത് മൃതിയെ ചെയ്യും. തഗണത്തിന്റെ ദേവത ആകാശമാണ്. ഇത് ശൂന്യത്തെ ചെയ്യും. യഗണത്തിന്റെ ദേവത ജലമാകുന്നു. ഇത് ഉൽകൃഷ്ടങ്ങളായ പദാർത്ഥങ്ങളുടെ അഭിവൃദ്ധിയെ ഉണ്ടാകും. നഗണത്തിന്റെ ദേവത സ്വർഗ്ഗമാകുന്നു. ഇതിന്റെ ഫലം ദീർഘായുസ്സാകുന്നു.
ഇങ്ങിനെയുള്ള പ്രശ്നവാക്യം കൊണ്ട് ഗണങ്ങളേയും ദേവതകളേയും അറിഞ്ഞിട്ട് അതിനുള്ള ഫലങ്ങളെ പ്രഷ്ടാക്കന്മാർക്ക് പറയണം. ഗണങ്ങളെ അറിയുന്നതിനുള്ള ക്രമം, ചുരുക്കമായി താഴെ പറയാം. ഗണം നിശ്ചയിക്കുന്നത് അക്ഷരങ്ങളുടെ ഗുരുവും ലഘുവും അറിഞ്ഞിട്ടാണല്ലോ വേണ്ടത്. ഹ്രസ്വാക്ഷരങ്ങൾ ലഘുവാകുന്നു. ദീർഘാക്ഷരങ്ങളും അനുസ്വാരത്തോടും വിസർഗ്ഗത്തോടും കൂടിയ ഹ്രസ്വാക്ഷരങ്ങളും കൂട്ടക്ഷരത്തിന്റെ ആദ്യമുള്ള ഹ്രസ്വാക്ഷരങ്ങളും ഗുരുവാകുന്നു. ഗണങ്ങളെ അറിയുന്നതിന് ഉദാഹരണമായി താഴെ എഴുതുന്നു.
മനക്കുരുന്നിൽ ജഗണം മദ്ധ്യഗുരു
പുടവയ്ക്കു സഗണം അന്ത്യഗുരു
വാഴയില ഭഗണം ആദ്യഗുരു
വന്നിട്ടാട്ടെ മഗണം സർവ്വഗുരു
കാലമായി രഗണം മദ്ധ്യലഘു
പാലാഴി തഗണം അന്ത്യലഘു
വരാനായി യഗണം ആദ്യലഘു
വിളവിന് നഗണം സർവ്വലഘു