മരണസ്ഥലത്തേയും മരണകാലത്തുണ്ടായേയ്ക്കാവുന്ന മോഹാലസ്യസംഖ്യയേയുമാണ് ഇനി പറയുന്നത്

ഹോരാനവാംശകപയുക്തസമാനഭൂമൌ
യോഗേക്ഷണാദിഭിരതഃ പരികല്പ്യമന്യൽ
മോഹസ്തു മൃത്യുസമയേനുദിതാംശതുല്യ-
സ്സ്വേശേക്ഷിതേ ദ്വിഗുണിതസ്ത്രിഗുണഃ ശുഭശ്ചൈ.

സാരം :-

ലഗ്നത്തിന്റെ നവാംശകാധിപൻ നില്ക്കുന്ന രാശിയ്ക്കു സദൃശമായ സ്ഥലത്തുവെച്ചാണ് മരിയ്ക്കുക. ഈ ലഗ്നനവാംശകനാഥനു മറ്റു ഗ്രഹങ്ങളുടെ യോഗം ദൃഷ്ടി മുതലായ ബന്ധംകൊണ്ടു ആ മരണഭൂമിയെക്കുറിച്ചുള്ള മറ്റു വിശേഷങ്ങളെ ഒക്കെ പറയുകയും ചെയ്ക, ഇതിനെത്തന്നെ കുറച്ചുകൂടി വ്യക്തമാക്കാം. ആ രാശി മേടമാണെങ്കിൽ പകൽ മരണമായാൽ ആടുകൾക്കു സഞ്ചരിക്കാവുന്നത്ര കാട്ടുപ്രദേശം, രാത്രിയാണെങ്കിൽ ഗ്രാമാന്തരങ്ങളിൽ ആടുകൾ സഞ്ചരിയ്ക്കുന്നേടങ്ങളിൽ സ്വർണ്ണാദി ധാതുക്കളും രത്നങ്ങളും വിളയുന്നേടം ചെറിയ തോപ്രദേശം സർപ്പക്കാവ് ഇവിടങ്ങളിലും, ഇടവമാണെങ്കിൽ കൃഷിഭൂമി പശു കാള തുടങ്ങിയവ സഞ്ചരിയ്ക്കുന്നേടം, കൃഷിക്കാരുടെ പാർപ്പിടം നല്ല ഭംഗിയുള്ള പ്രദേശം ഇവിടങ്ങളിലും, മിഥുനമാണെങ്കിൽ ദമ്പതിമാർ സ്വൈരവിഹാരം ചെയ്യുന്ന നിർജ്ജനപ്രദേശം അവർ കിടക്കുന്ന മുറി നൃത്തശാല അമ്പലം ഉദ്യാനം മറ്റു മനോരഹസ്ഥലങ്ങൾ ഇവിടങ്ങളിലും, കർക്കടകമാണെങ്കിൽ ദേവസ്ത്രീവിഹാരയോഗ്യമായ ജലസമീപം ഞണ്ടുകൾ സഞ്ചരിയ്ക്കുന്നേടം ഈവക ദിക്കുകളിലും, ചിങ്ങമാണെങ്കിൽ പർവ്വതം കുന്ന് കാട് ഗുഹ ദേവഗൃഹം ദേവബ്രാഹ്മണപശുക്കൾ സഞ്ചരിക്കുന്ന പ്രദേശം ഇവിടങ്ങളിലും, കന്നിയാണെങ്കിൽ തോണി മുതലായ ജലയാനങ്ങളുടെ താവളം അവ സഞ്ചരിയ്ക്കുന്ന പ്രദേശം കന്യകാഗൃഹാദികൾ നെല്ക്കണ്ടത്തിന്റേയും വെള്ളത്തിന്റേയും സമീപപ്രദേശം കടൽവക്ക് ആനയുടേയും കുതിരയുടേയും പന്തികൾ ഈവക ദിക്കുകളിലും, തുലാം രാശിയായാൽ അങ്ങാടിത്തെരുവുകൾ കച്ചവടസ്ഥലങ്ങൾ, ചെറുകാടുകൾ ഈ വക ദിക്കുകളിലും വൃശ്ചികമായാൽ ഗുഹകൾ കുണ്ടും കുഴിയുമുള്ള പ്രദേശം, ശ്മശാനസ്ഥലം, പാമ്പിൻപുറ്റുള്ളേടം, കുളം, കുളവക്ക് ഈ വക ദിക്കുകളിലും, ധനുവായാൽ കുതിരപ്പന്തി, രാജഗൃഹം, ആയുധശാല, യുദ്ധഭൂമി, സൈന്യസങ്കേതം, പൂങ്കാവ് ഇവിടങ്ങളിലും, ആ രാശി മകരമായാൽ പുഴവക്ക് പുഴ, മാൻ സഞ്ചരിയ്ക്കുന്ന കാട്ടുപ്രദേശം, കാട്ടാളന്മാരുടെ പുരകൾ ഇവിടങ്ങളിലും കുംഭമാണെങ്കിൽ അടുക്കളപ്പുര, കുമ്പാരക്കുടിലുകൾ, മുമ്പു മകരത്തിനു പറഞ്ഞ സ്ഥലങ്ങൾ ഈവക ദിക്കുകളിലും, ലഗ്നനവാംശകാധിപൻ നില്ക്കുന്ന രാശി മീനമാണെങ്കിൽ പുഴ, പുണ്യതീർത്ഥം, സമുദ്രം ഇവയുടെ സമീപപ്രദേശം, ബ്രാഹ്മണഗൃഹം, കുണ്ടുകളുള്ളേടം, ദേവാലയം ഈവക ദിക്കുകളിൽവെച്ചുമാണ് മരണമെന്നു പറയേണ്ടതാണെന്നു താല്പര്യം. മരണഭൂമിയുടെ ഗ്രാമ്യാരണ്യാദി വിഭാഗങ്ങളേയും ജലസ്ഥലവിഭാഗത്തേയും മറ്റുമൊക്കെ ഈ കാണിച്ച വിധത്തിൽ ഊഹിച്ചുകൊൾകയും വേണം.

ആ - ലഗ്നനവാംശകാധിപൻ - നില്ക്കുന്ന - രാശി ഊർദ്ധ്വമുഖമാണെങ്കിൽ ഊർദ്ധ്വപ്രദേശത്തും, അതു തിര്യങ്മുഖമാണെങ്കിൽ സമനിലത്തും, അധോമുഖമാണെങ്കിൽ അധഃപ്രദേശത്തും, അതു ശുഭക്ഷേത്രമാവുകയോ അവിടേയ്ക്കു ശുഭദൃഷ്ടിയുണ്ടാവുകയോ ചെയ്‌താൽ ദേവാലയം ബ്രഹ്മാലയം മറ്റു മനോഹര പ്രദേശങ്ങൾ ഇങ്ങനെയുള്ള ശുഭസ്ഥലങ്ങളിലും, അത് പാപക്ഷേത്രമാവുക അല്ലെങ്കിൽ പാപബന്ധം മറ്റു വിധത്തിലുണ്ടാവുക, ഇങ്ങനെ വന്നാൽ ദുഷ്കർമ്മികളും നീചന്മാരും മലിനന്മാരും സഞ്ചരിയ്ക്കുന്ന മനസ്സിന് അപ്രീതികരമായ അസൽപ്രദേശത്തുവെച്ചും ആയിരിയ്ക്കും മരണം.

ആ ലഗ്നനവാംശകാധിപന് ഒട്ടും ബലമില്ലെങ്കിൽ ലഗ്നാൽ അഷ്ടമരാശികൊണ്ടും അതുമല്ലെങ്കിൽ ബലവാനായ ലഗ്നാധിപൻ നില്ക്കുന്ന രാശികൊണ്ടും മുൻപറഞ്ഞപ്രകാരം മൃതിസ്ഥലചിന്ത ചെയ്യാമെന്നും ഒരു അഭിപ്രായം കാണുന്നുണ്ട്. ഇതും ഗ്രാഹ്യമാണെന്നറിയണം.

മുൻപറഞ്ഞ പ്രകാരമല്ലാതെ ലഗ്നാധിപൻ ലഗ്നനവാംശകാധിപൻ ഇവരിൽ ബലാധികനോടുകൂടിയവരും വീക്ഷിയ്ക്കുന്നവരുമായ ഗ്രഹങ്ങളിൽ ബലവാന്മാരെക്കൊണ്ടും ലഗ്നാധിപനെക്കൊണ്ടും മറ്റും മൃതിസ്ഥലത്തെ (മരണസ്ഥലത്തെ) ചിന്തിയ്ക്കുകയും ചെയ്യാം. സൂര്യന് ദേവാലയം, കലഹപ്രിയകളും പൂർണ്ണയൌവനയുക്തകളുമായ സ്ത്രീകളുടെ ഗൃഹം, അടുക്കളപ്പുര, ഹോമപ്പുര എന്നിവകളും, ചന്ദ്രനു വെള്ളം, ജലത്തിനു സമീപം, വേശ്യാസ്ത്രീഗൃഹം ഈവക ദിക്കുകളും, കുജനു അടുക്കളപ്പുര, ഹോമം അഗ്നിഹോത്രം മുതലായതുകൾക്കുള്ള ഗൃഹം, ആശാരി തട്ടാൻ മുതലായ കൈവേലക്കാരുടെ പുര ഇതുകളും, ബുധനു യൌവനമോ അല്ലെങ്കിൽ ആഭരണങ്ങളോ അതുമല്ലെങ്കിൽ സൌന്ദര്യമോ ഉള്ള സ്ത്രീകളുടെ ഗൃഹം, കളിസ്ഥലം, വിദ്യാലയങ്ങൾ ഇത്യാദി സ്ഥലങ്ങളും, വ്യാഴത്തിനു ഗോശാല, നിധി കുഴിച്ചുമൂടിയ സ്ഥലം, യാഗത്തിന്റെയോ പതിവ്രതാസ്ത്രീകളുടേയോ ഗൃഹം, അമ്പലം ഇത്യാദികളും, ശുക്രനു കിടപ്പുമുറി, ഉദ്യാനം, കുളം, കിണർ മുതലായ ജലാശയങ്ങൾ, അവയുടെ സമീപസ്ഥലം, സുന്ദരിമാരുടെ ഗൃഹം ഗന്ധമാല്യാദിഗൃഹം ഇവകളും, ശനിയ്ക്കു കുപ്പ അടിച്ചുവാരി ഇടുന്ന സ്ഥലം, ചളിപ്രദേശം, വൃദ്ധസ്ത്രീകളുടെ ഗൃഹം ഇവകളുമാകുന്നുവെന്നറിയണം.

ഇങ്ങനെ പലവിധത്തിലും യുക്തിയുക്തമാകുംവിധത്തിൽ ആലോചിച്ചു മരണസ്ഥലത്തേയും മൃതികാരണത്തേയും സൂക്ഷ്മമായി പറയുകയും ചെയ്ക. എന്നാൽ മുമ്പു ദുർമ്മരണപ്രദങ്ങളായി പറഞ്ഞയോഗപ്രകാരമാണ് മരണമെങ്കിൽ (ആവക യോഗങ്ങളിൽ ഏതെങ്കിലുമുണ്ടെങ്കിൽ എന്നു സാരം) അതിൽ പറഞ്ഞ സ്ഥാനത്തും കാരണത്താലും മാത്രമാണ് മരിയ്ക്കുന്നതെന്നും പറയേണ്ടതാണ്. പ്രായേണ മുമ്പു ഏഴാം അദ്ധ്യായത്തിൽ പറഞ്ഞപ്രകാരം വരുത്തിയ ആയുർദ്ദായദശയുടെ അവസാനഘട്ടത്തിലാകുമെന്നും ചിലപ്പോൾ ദുഷ്കർമ്മ ശക്തിയും ചിലപ്പോൾ വിഷപാനയുദ്ധമദ്ധ്യപ്രവേശനസമുദ്രതരണാദികളായ സാഹസപ്രവൃത്തികളിൽ ഏർപ്പെടുകയും കാരണമായി ആ ആയുർദ്ദായദശാവസാനത്തിനു മുമ്പുതന്നെ ചിലർക്കു മരണം സംഭവിച്ചേക്കാവുന്നതാണെന്നും മറ്റും വിഷയങ്ങളേയും ഈ മരണവിഷയത്തിൽ ചിന്തിയ്ക്കേണ്ടതുണ്ടെന്നും അറിയണം.

ലഗ്നത്തിനു എത്ര നവാംശകം ഉദിയ്ക്കുവാൻ ബാക്കിയുണ്ടോ മരണസമയത്തു അത്ര പ്രാവശ്യമാണ് മോഹാലസ്യമുണ്ടാവുക, എന്നാൽ ലഗ്നാധിപന്റെ ദൃഷ്ടിയുണ്ടെങ്കിൽ ആ ഉദിക്കുവാനുള്ള അംശകസംഖ്യയുടെ ഇരട്ടിപ്രാവശ്യവും, ലഗ്നത്തിനു ശുഭദൃഷ്ടിയുണ്ടെങ്കിൽ മൂന്നിരട്ടി സംഖ്യയോളം പ്രാവശ്യവും മോഹാലസ്യമുണ്ടാവുമെന്നും അറിയുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.