മേടലഗ്നവിചാരം

മേഷലഗ്നേ തുജാതസ്യ ധനസപ്തമനായകഃ
ശുക്രഃ കരോതി നിധനം വ്യയസ്ഥസ്യ ധനപ്രദഃ

മന്ദസൗമ്യസിതാഃ പാപാശ്ശുഭൗ ഗുരുദിവാകരൗ
ന ശുഭം യോഗമാത്രേണ പ്രഭവേച്ശനിജീവയോഃ.

യോഗാദോ രാജ്യദോ വാപി ഗുരുഃ പാപശ്ച മാരകഃ
ബുധയുക്തകുജഃ കുര്യാന്മരണം മൂർദ്ധ്നി കൃന്തനം.

സശുക്രോ യോഗദസ്സോപി മാരകോƒപ്യഥവാ ഭവേൽ
രിപുഭാവഗതൗ ജ്ഞാതൗ വ്രണസ്ഫോടാദിരോഗദൗ.

ശുക്രജ്ഞജ്ഞമന്ദാഃ പാപാസ്തേ നിഹന്തി ബലവത്തരാഃ
രവിര്യോഗപ്രദസ്സാക്ഷാൽ പൂർണ്ണചന്ദ്രശ്ച ശോഭനം.

സാരം :-

മേടലഗ്നത്തിൽ ജനിച്ചവർക്കുള്ള ഇഷ്ടാനിഷ്ടഫലങ്ങളെയാണ് ഇനി ഇവിടെ പറയുന്നത്.

മേടലഗ്നത്തിൽ ജനിച്ചവനു രണ്ടാം ഭാവാധിപനും ഏഴാം ഭാവാധിപനുമായ  ശുക്രൻ ഏറ്റവും പാപഫലപ്രദനും മാരകനുമാകുന്നു. രണ്ടാംഭാവാധിപനാണെങ്കിലും ശുക്രൻ പന്ത്രണ്ടാം ഭാവത്തിൽ (മീനം രാശിയിൽ) നിന്നാൽ ധനം വളരെയുണ്ടാകും. ശനിയും ബുധനും ശുക്രനും പാപന്മാരാണ്. ഇവർക്ക് ഉത്തരോത്തരം പാപത്വദോഷം കുറയുന്നുമുണ്ട്. സൂര്യനും വ്യാഴവും ശുഭഫലപ്രദന്മാരാണ്. വ്യാഴത്തിനു വ്യയാധിപത്യം (പന്ത്രണ്ടാം ഭാവാധിപത്യം) കൂടിയുള്ളതിനാൽ പാപഫലംകൂടെ അനുഭവിയ്ക്കും. ശനിയുടേയും വ്യാഴത്തിന്റേയും യോഗം മാത്രംകൊണ്ട് ശുഭം സംഭവിയ്ക്കുകയില്ല. മൂന്നും ആറും ഭാവങ്ങളുടെ അധിപനായ ബുധനേക്കാൾ പതിനൊന്നാം ഭാവാധിപനായ ശനിയ്ക്ക് പാപത്വമുണ്ട്. ത്രിഷഡേകാദശഭാവങ്ങൾക്ക് ഉത്തരോത്തരം പാപത്വമുണ്ടെന്നു സാരം. വ്യാഴം യോഗകർത്താവും രാജയോഗപ്രദനുമാണെങ്കിലും പാപനും മാരകനുമാണ്. ബുധയുക്തനായ ചൊവ്വ മരണത്തേയും ശിരച്ഛേദത്തേയും ചെയ്യും. ശുക്രയുക്തനായ ചൊവ്വ യോഗകർത്താവാണെങ്കിലും മാരകഗ്രഹസഹിതനാകയാൽ മരണത്തേയും കൊടുക്കുന്നതാണ്. ആറാം ഭാവത്തിൽ ബുധനോടുകൂടി നിൽക്കുന്ന ചൊവ്വ മുറിവ്, വ്രണം, സ്ഫോടനം, കുരുക്കൾ മുതലായ ഉപദ്രവങ്ങളെ ഉണ്ടാക്കും. ശുക്രബുധമന്ദന്മാർ പാപന്മാരും ഉത്തരോത്തരം ബലവാന്മാരും മരണാദ്യനിഷ്ടഫലപ്രദന്മാരുമായിരിക്കും. ചൊവ്വ എട്ടാം ഭാവാധിപനാണെങ്കിലും ലഗ്നാധിപനാകയാൽ ദോഷമില്ല. " ഭാഗ്യവ്യയാധിപത്യേന രന്ധ്രേശോ നശുഭ പ്രദഃ സ ഏവ ശുഭസന്ധാതാ ലഗ്നാധീശോപിഷ്ടചൽ സ്വയം " എന്നുള്ള വചനം മേലേഴുതിയ അഭിപ്രായത്തെ സാധുകരിക്കുന്നു. മേടലഗ്നത്തിൽ ജനിച്ചവന് സൂര്യനും പൂർണ്ണചന്ദ്രനും ശുഭഫലപ്രദാന്മാർതന്നെ.  വ്യാഴവും പ്രകാരാന്തരേണ ശുഭഫലപ്രദനായിരിക്കും. രാഹുകേതുക്കൾക്ക് പ്രത്യേകം രാശികളില്ലാത്തതിനാൽ അവർ നിൽക്കുന്ന രാശിയുടെ അധിപന്മാരുടേയും അവരോടുകൂടിനിൽക്കുന്ന ഗ്രഹങ്ങളുടേയും വിശേഷിച്ച് അതിൽ ബലവാനായ ഗ്രഹത്തിന്റേയും ഫലങ്ങളെ കൊടുക്കുന്നതാകുന്നു. ശുഭഗ്രഹങ്ങളുടെ കേന്ദ്രാധിപത്യം ദോഷവും പാപഗ്രഹങ്ങളുടെ കേന്ദ്രാധിപത്യം ശുഭവുമാണ്. ഇവയിൽ വ്യാഴശുക്രന്മാരുടെ കേന്ദ്രാധിപത്യത്തിനു ദോഷാധിക്യമുണ്ട്. അഞ്ച് ഒമ്പത് എന്നീ ഭാവങ്ങളുടെ അധിപന്മാരായ എല്ലാ ഗ്രഹങ്ങളും ശുഭഫലപ്രദന്മാരാണെന്നും അറിഞ്ഞുകൊള്ളണം.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.