ദീപലക്ഷണം

എല്ലാ മംഗളക്രിയകളിലും ദീപത്തിന് പ്രാധാന്യം കല്‍പിച്ചിരിക്കുന്നതുപോലെ പ്രശ്നക്രിയകളിലും വിശേഷിച്ച് അഷ്ടമംഗലപ്രശ്നത്തില്‍ ദീപത്തിന് പ്രമുഖത്വം കല്‍പിച്ചിരിക്കുന്നു. ദീപം പൃഛകന് അനുഭവപ്പെടേണ്ട ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്നത് കൊണ്ടാണ് പ്രശ്നത്തില്‍ ദീപത്തിന് പ്രാമുഖ്യം കല്‍പിച്ചിരിക്കുന്നത്.

ദീപം ദേവതാത്മാവാണ്. അതുകൊണ്ട് വിളക്ക് പൃഛകന്‍റെ ചരിത്രത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണ പൃഛകന്‍റെ ദേഹത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ തിരി പൃഛകന്‍റെ ആത്മാവാണ്. ജ്വാലയുടെ ദൗര്‍ബല്യവും മാലിന്യവും പൃഛകന്‍റെ സുഖദുഃഖങ്ങളെ വ്യക്തമാക്കുന്നു. ദീപപാത്രം പ്രഷ്ടാവിന്‍റെ ശരീരമാണ്. ദീപത്തിലേല്‍ക്കുന്ന പരുഷമോ മൃദുവോ ആയ കാറ്റ് പൃഛകന്‍റെ ബന്ധുക്കളേയും ശത്രുക്കളേയും സൂചിപ്പിക്കുന്നു.

വിളക്കിലെ എണ്ണയുടെ പൂര്‍ണ്ണത, ചൂട്, മാലിന്യം, തെളിവ്, അതില്‍ കിടക്കുന്ന മാലിന്യങ്ങള്‍ ഇവയെക്കൊണ്ട് പ്രഷ്ടാവിന്‍റെ ദേഹപുഷ്ടി, പ്രകാശം, തേജസ്സ്, ബലം, കൃമികളുടേയും മറ്റും ഉപദ്രവം എന്നിവ പറയാം.

എണ്ണയുടെ ഉള്ളില്‍ കിടക്കുന്ന തിരിയുടെ സ്വഭാവമനുസരിച്ച് ആത്മാവിന്‍റെ അവസ്ഥയെ പറയണം. തിരി മുഷിഞ്ഞതാണെങ്കില്‍ ബുദ്ധി പ്രസാദം കുറവായിരിക്കും. തിരി നന്നായിരുന്നാല്‍ ആത്മസുഖം ഉണ്ടായിരിക്കും. തിരി ഒന്നിനുമേല്‍ മറ്റൊന്നായിരുന്നാല്‍ പ്രാണാദിവായുക്കള്‍ക്ക് ആവരണം വരും. കത്താതെ ഇരിക്കുന്ന തിരികൊണ്ട് സന്താനങ്ങളുടെ സ്ഥിതി മനസ്സില്ലാക്കണം.

ജ്വാലക്ക് തെളിച്ചമുണ്ടായാല്‍ പൃഛകന് ദീര്‍ഘായുസായിരിക്കും. മങ്ങലുണ്ടായാല്‍ ദുഃഖം അനുഭവപ്പെടും എന്ന് പറയണം.

ദീപം വലുതാണെങ്കില്‍ പൃഛകന്‍റെ ഗൃഹം വലുതാണെന്നു പറയാം. ദീപത്തില്‍ എണ്ണ ചോരുന്നുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് ധനം ചോര്‍ന്നു പോകുന്നു എന്ന് പറയാം.  ദീപം ആദ്യം വെച്ച സ്ഥലത്ത് നിന്ന് മാറ്റി വേറെ ഒരു സ്ഥലത്ത് മാറ്റി വെച്ചാല്‍ വീട് മൂലകുടുംബമല്ല എന്ന് പറയാം. ദീപത്തില്‍ കരിപിടിച്ചിരുന്നാല്‍ വീടിന് അഗ്നിസ്പര്‍ശമുണ്ടായിട്ടുള്ളതായി പറയണം. എണ്ണയുടെ അളവ് കുറവായിരുന്നാല്‍ പൃഛകന്‍റെ ശരീരത്തില്‍ രക്തം കുറവുള്ളതായിരിക്കും. എണ്ണയ്ക്ക് ചൂട് കൂടുതലായിരുന്നാല്‍ പൃഛകനെ മാനസിക പ്രശ്നങ്ങള്‍ അലട്ടുകയാണെന്ന് പറയണം.

വിളക്കിലെ ജ്വാല അപ്രദക്ഷിണമായിരിക്കുക ജ്വാല മങ്ങിയിരിക്കുക, വിളക്കില്‍ തീപ്പൊരി പറക്കുക, ജ്വാല നീളം കുറയുക, നല്ല തിരിയും എണ്ണയും ഉണ്ടായിട്ടും പെട്ടെന്ന് കെട്ടുപോകുക, ജ്വാല ശബ്ദത്തോടുകൂടി വിറച്ചു വിറച്ചും ജ്വലിക്കുക, ഇരട്ട ജ്വാല കാണുക, ഈ ദീപലക്ഷണങ്ങള്‍ പാപാനുഭവത്തെ സൂചിപ്പിക്കുന്നവയാണ്.

ഈ ലക്ഷണങ്ങള്‍ക്ക് പകരം വിളക്കിന്‍റെ ജ്വാല നീളമായി തടിച്ചിരിക്കുക, വിറയില്ലാതെ ജ്വലിക്കുക, പ്രകാശമാനമായിരിക്കുക. കാണാന്‍ ഭംഗിയുള്ളതായിരിക്കുക, പൊട്ടുന്ന ശബ്ദമില്ലാതെയിരിക്കുക, ജ്വാല പ്രദക്ഷിണമായിരിക്കുക, ജ്വാലയ്ക്ക് വൈഡൂര്യത്തിന്‍റെയും സ്വര്‍ണ്ണത്തിന്‍റെയും ശോഭ ഉണ്ടായിരിക്കുക. വിളക്കിലെ ജ്വാല മുകളിലോട്ട് തന്നെ പോയ്ക്കൊണ്ടിരിക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പൃഛകന് ഐശ്വര്യം അനുഭവപ്പെടുമെന്ന് പറയണം.

ദീപ ജ്വാല കിഴക്കോട്ടാണ് തിരിയുന്നതെങ്കില്‍ പൃഛകന് അഭീഷ്ട സിദ്ധി ഉണ്ടാകും. കിഴക്കുതെക്കായാല്‍ അഗ്നിഭയം, തെക്കായാല്‍ പ്രാണഹാനി, തെക്കുപടിഞ്ഞാറായാല്‍ അപസ്മാരാദി രോഗങ്ങള്‍ പടിഞ്ഞാറേ ദിക്കില്‍ മനശാന്തി, വടക്കുപടിഞ്ഞാറ് നിഷ്ഫലം, വടക്കുദിക്കില്‍ മൃത്യുജയം, വടക്കുകിഴക്ക് മംഗളാനുഭവം, ദീപജ്വാലയുടെ സ്ഥിതി അനുസരിച്ച് ഈ നല്ല അനുഭവങ്ങളും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.