രാശിചക്രലേഖനം

ദീപലക്ഷണം നോക്കി അത് ദൈവജ്ഞനെ നേരിട്ടോ ശിഷ്യന്മാരെ കൊണ്ടോ കുറിച്ചിടണം. എന്നിട്ട് അവിടെയുള്ള ആരോടെങ്കിലും രാശിചക്രം വരയ്ക്കാന്‍ പറയണം. ഇത് മിക്കവാറും നടക്കാറില്ല. കാരണം രാശിചക്രം വരയ്ക്കാന്‍ അറിയാവുന്നാവര്‍ പ്രശ്ന സ്ഥലത്ത് ചുരുക്കമായിരിക്കും.

വരച്ചു കാണിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും. ദൈവജ്ഞന്‍ (ജ്യോതിഷി) രാശിചക്രം വരയ്ക്കാന്‍ ശ്രമിക്കരുത്. ദൈവജ്ഞന്‍ രാശിചക്രം വരച്ചാല്‍ രാശി ചക്രലേഖനത്തിന്‍റെ ഫലങ്ങള്‍ പറയാന്‍ സാധിക്കാതെ വരും. പൃഛകന്‍ വരച്ചാലേ ചക്രലേഖനത്തിന്‍റെ ഫലങ്ങള്‍ പറയുവാന്‍ സാധിക്കുകയുള്ളൂ. പ്രശ്നം വെക്കാനുള്ള സ്ഥലം സമതലമായിരിക്കണം. തുടച്ചു വൃത്തിയാക്കിയതായിരിക്കണം. ചാണകം മെഴുകിയാതായിരിക്കണം എന്ന് ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സിമന്‍റ്, മാര്‍ബിള്‍ തറകള്‍ ഉള്ള ഇന്ന് ഈ നിര്‍ദ്ദേശത്തിന് പ്രസക്തിയില്ല. രാശി ചക്രം വരയ്ക്കുന്ന സ്ഥലത്ത് വിളക്കിന് മുമ്പിലായി ഒരിടങ്ങഴി പാത്രത്തില്‍ നല്ല അരി നിറച്ചു വെയ്ക്കണം. ഇങ്ങനെ വൃത്തിയുള്ള സ്ഥലത്ത് രാശിചക്രം വരച്ചു വയ്ക്കണം.

രാശിചക്രം വരയ്ക്കേണ്ട രീതി പ്രശ്നമാര്‍ഗ്ഗത്തില്‍ വിവരിച്ചിരിക്കുന്നത് താഴെ പറയുന്നു.

ഒരു കോല്‍ നീളമുള്ള നാലുവരകളെ കൊണ്ട് ചതുരം വരയ്ക്കുക. അതിനകത്ത് 6 അംഗുലം വീതമുള്ള 16 അറകള്‍ വരത്തക്കവിധത്തില്‍ നെടുകെ 3 വരയും കുറുകെ 3 വരയും വരയ്ക്കുക. അപ്പോള്‍ 16 അറകള്‍ കിട്ടും. അതില്‍ നടുവിലുള്ള 4 അറകളെ കമലദളം (താമരയുടെ ദളം) പോലെ ആക്കുക. കമലദളങ്ങള്‍ക്ക് ചുറ്റും 12 അറകള്‍ കിട്ടും ഇതു തന്നെയാണ് രാശികള്‍.


പ്രശ്നാനുഷ്ഠാനപദ്ധതിയില്‍ രാശി ചക്രം വരയ്ക്കാന്‍ മറ്റൊരു രീതിയാണ് ഉപദേശിക്കുന്നത്. അഞ്ചുവരകള്‍ കുറുകയും 5 വരകള്‍ നേടുകയും വരയ്ക്കുക. കിഴക്കുപടിഞ്ഞാറും തെക്കുവടക്കുമായി നടുക്ക് 4 അറകള്‍ താമര ദളങ്ങളാകുന്നു. ഓരോ ദിക്കിലേയും രണ്ടു രാശികള്‍ ചരസ്ഥിരങ്ങളും കോണ്‍ രാശികള്‍ ഉഭയരാശികളും ആയിവരും. ഇവയാണ് മേഷാദിരാശികള്‍. ഓരോ രാശിക്കും 9 നവാംശങ്ങള്‍ വീതം ഉണ്ട്. രാശിചക്രത്തില്‍ ആകെ 108 നവാംശങ്ങള്‍ ഉണ്ട്. ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതം 27 നക്ഷത്രങ്ങളുണ്ട്.

രാശിചക്രം ഗ്രഹസഞ്ചാര മാര്‍ഗ്ഗത്തിന്‍റെ  പ്രതിപ്രകൃതിയാണ്. രാശിചക്രത്തിലെ നാല് ഭാഗത്തുള്ള ഈ 12 അറകള്‍ ഗ്രഹ സഞ്ചാരമാര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നു. ഈ രാശിചക്രം അഥവാ 12 രാശികള്‍ 8 ദിക്കുമായിട്ടും 27 നക്ഷത്രങ്ങളുമായിട്ടും ബന്ധപ്പെടുന്നു.

രാശിചക്ര ലേഖനം പ്രദക്ഷിണ രീതിയിലാണ് ചെയ്യേണ്ടത്. കുറച്ചു പ്രദക്ഷിണമായും കുറച്ച് അപ്രദിക്ഷിണമായും വരയ്ക്കുന്നതായി കണ്ടാല്‍ പൃഛകന്‍റെ കാര്യത്തിന് തടസ്സം ഉണ്ടാകുമെന്ന് പറയണം.

രാശിചക്രം വരയ്ക്കാന്‍ ഭസ്മം ആണ് സാധാരണ ഉപയോഗിക്കുന്നത്. പക്ഷെ അശുഭസൂചകമായ ഭസ്മം കൊണ്ട് രാശിചക്രം വരക്കരുതെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സാധാരണയായി സ്ത്രീകള്‍ കോലം ഇടാനായി ഉപയോഗിക്കുന്ന കോലപ്പൊടിയോ ചാക്കുപൊടിയോ അരിമാവുപൊടിയൊ ഉപയോഗിച്ചാല്‍ ഈ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയില്ല.

രാശിചക്രം വരയ്ക്കുമ്പോള്‍ വരകള്‍ തടിച്ചു വന്നാല്‍ അത് സുഖഫലത്തെ സൂചിപ്പിക്കുന്നു. രേഖ വളരെ നേരത്ത് വന്നാല്‍ ദുഃഖത്തെ സൂചിപ്പിക്കും. രേഖകള്‍ മുറിഞ്ഞു പോയാല്‍ പൃഛകന് സുഖാനുഭവങ്ങള്‍ക്ക് തടസ്സം വരാം.

രേഖ വരയ്ക്കാന്‍ തുടങ്ങുന്ന ദിക്കും ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്നു. വടക്ക് ദിക്കില്‍ നിന്നാണ് വരയ്ക്കാന്‍ തുടങ്ങുന്നതെങ്കില്‍ പണം (ധനം) വരും. പടിഞ്ഞാറ് നിന്നാണ് തുടങ്ങിയതെങ്കില്‍ രോഗം വരും. കിഴക്ക് ദിക്കില്‍ നിന്നാണെങ്കില്‍ സന്താന സുഖം വരും. തെക്ക് ദിക്കില്‍ നിന്നാണെങ്കില്‍ മരണം സംഭവിക്കും.

സന്താന പ്രശ്നത്തില്‍ രാശി ചക്രത്തിന്‍റെ ആദ്യവര ഈശാനകോണില്‍ - വടക്കുകിഴക്ക്‌ - തുടങ്ങി കിഴക്കോട്ട് വരച്ചാല്‍ സന്താനം ലഭിക്കും. അഗ്നികോണില്‍ - തെക്കുകിഴക്ക്‌ - തുടങ്ങി തെക്കോട്ട്‌ വരച്ചാല്‍ സന്താനം പെണ്‍കുട്ടിയായിരിക്കും. നിര്‍ഋതി കോണില്‍ - തെക്കുപടിഞ്ഞാര്‍ - തുടങ്ങിട്ട് പടിഞ്ഞാറോട്ട് വരച്ചാല്‍ രോഗമായിരിക്കും ഫലം. വായുകോണില്‍ - വടക്കുപടിഞ്ഞാറ് - തുടങ്ങിയിട്ട് വടക്കോട്ട് വരച്ചാല്‍ ധനലാഭത്തെ സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.