Showing posts with label karanam. Show all posts
Showing posts with label karanam. Show all posts

കരണഫലം പറയുമ്പോൾ ശ്രദ്ധിക്കണം

വർദ്ധമാനതിഥൗ ജാതഃ ക്രമേണ പരിവർദ്ധതേ
ക്ഷീയമാണതിഥൗ ജാതഃ ക്ഷീയതേ ധനബാന്ധവൈഃ

കരണേസ്ഥിരസംജ്ഞേƒത്ര സ്ഥിരകർമ്മരതസ്സദാ
പരാഖ്യേ കരണേ ജാതാ ബഹുകാര്യോപജീവിനഃ

സാരം :-

ശുക്ളപക്ഷത്തിലുള്ള കരണങ്ങളിൽ ജനിക്കുന്നവന്റെ ഫലങ്ങൾക്ക് പുഷ്ടി സംഭവിക്കും.

കൃഷ്ണപക്ഷത്തിൽ കരണങ്ങളിൽ ജനിക്കുന്നവന്റെ  ധനം, ബന്ധു മുതലായ ഫലങ്ങൾക്ക് ഹാനിയും സംഭവിക്കും. 

പുള്ള്, നാൽക്കാലി, പാമ്പ്, പുഴു എന്നീ നാല്‌ സ്ഥിരകരണങ്ങളിൽ ജനിക്കുന്നവൻ സ്ഥിരകർമ്മങ്ങളിൽ താൽപര്യമുള്ളവനായിരിക്കും.

സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി എന്നീ ഏഴു ചരകരണങ്ങളിൽ ജനിക്കുന്നവൻ പല കാര്യങ്ങൾകൊണ്ട് ഉപജീവിക്കുന്നവരായിരിക്കുകയും ചെയ്യും. 

പുഴുക്കരണത്തിൽ ജനിക്കുന്നവൻ

കിംസ്തുഘ്നേ ബലവാംസ്തബ്ധഃ സ്വകാര്യപരകാര്യകൃൽ
അല്പായുർഭോഗരഹിതേഃ ഛന്നപാപഃ പ്രജായതേ.

സാരം :-

പുഴുക്കരണത്തിൽ ജനിക്കുന്നവൻ ബലവാനായും സ്തബ്ധനായും തന്റേയും അന്യന്മാരുടെയും കാര്യങ്ങളെ ചെയ്യുന്നവനായും അല്പായുസ്സായും അനുഭവസുഖമില്ലാത്തവനായും ഭവിക്കും.

പാമ്പുകരണത്തിൽ ജനിക്കുന്നവൻ

സർവ്വലോകേഷു വിഖ്യാതോ ധീമാൻ കോപരതസ്സദാ
ഛന്നപാപസ്സ്വതന്ത്രശ്ച കരണേ ചോരഗാഭിധേ

സാരം :-

പാമ്പുകരണത്തിൽ ജനിക്കുന്നവൻ എല്ലായിടത്തും പ്രസിദ്ധനായും ബുദ്ധിയും വിദ്യയും ഉള്ളവനായും എപ്പോഴും കോപിക്കുന്നവനായും പാപകർമ്മങ്ങളെ മറച്ചുവയ്ക്കുന്നവനായും സ്വാതന്ത്രനായും ഭവിക്കും.

ചതുഷ്പദ (നാൽക്കാലി) കരണത്തിൽ ജനിക്കുന്നവൻ

സർവ്വശാസ്ത്രസമാരൂഢോ രോഗവാൻ ബഹുഭാഷണഃ
പ്രജ്ഞാവാൻ പശുമാൻ വിദ്വാൻ ദീർഘായുസ്സ്യാച്ചതുഷ്പദേ

സാരം :-

ചതുഷ്പദ (നാൽക്കാലി) കരണത്തിൽ ജനിക്കുന്നവൻ എല്ലാ ശാസ്ത്രങ്ങളിലും സമർത്ഥനനായും രോഗിയായും വളരെ പറയുന്നവനായും ബുദ്ധിമാനായും വിദ്വാനായും വളരെ പശുക്കളും ദീർഘായുസ്സും ഉള്ളവനായും ഭവിക്കും.

ശകുന (പുള്ളു) കരണത്തിൽ ജനിക്കുന്നവൻ

ത്രികാലജ്ഞാനനിരതഃ ക്ഷീണാർത്ഥോ ദുഃഖഭാക്സദാ
ശകുനേ കരണേ ജാതസ്സർവ്വകാര്യകൃതോദ്യമഃ

സാരം :-

ശകുന (പുള്ളു) കരണത്തിൽ ജനിക്കുന്നവൻ ത്രികാലജ്ഞാനമുള്ളവനായും അല്പമായ ധനത്തോടുകൂടിയവനായും എപ്പോഴും ദുഃഖമുള്ളവനായും എല്ലാകാര്യത്തിലും ഉത്സാഹമുള്ളവനായും ഭവിക്കും. 

വിഷ്ടിക്കരണത്തിൽ ജനിക്കുന്നവൻ

സ്വബന്ധുകലഹഃ ക്രോധീ ഹീനവൃത്തിഃ കുഭോജനഃ
വിഷ്ടിഭൃഭ്വിഷമാക്ഷശ്ച വിഷ്ട്യാം മന്ദമതിസ്സദാ.

സാരം :-

വിഷ്ടിക്കരണത്തിൽ ജനിക്കുന്നവൻ തന്റെ ബന്ധുക്കളുമായി കലഹിക്കുന്നവനായും കോപമുള്ളവനായും ഉപജീവനമാർഗ്ഗം കുറഞ്ഞവനായും അഭക്ഷ്യങ്ങളും നിന്ദ്യങ്ങളുമായ വസ്തുക്കളെ ഭക്ഷിക്കുന്നവനായും ചുമടെടുക്കുന്നവനായും വിഷമനേത്രനായും (കോണ്‍കണ്ണോ, ഒറ്റകണ്ണോ ഉള്ളവനായും) അല്പബുദ്ധിയുള്ളവനായും ഭവിക്കും.

പശുക്കരണത്തിൽ ജനിക്കുന്നവൻ

പരദാരരതോ ഭീരുശ്ചാല്പസാരഃ കുശില്പവാൻ
സദാ വ്യാധിയുതഃ കാമീ കരണേ പശുസംജ്ഞിതേ.

സാരം :-

പശുക്കരണത്തിൽ ജനിക്കുന്നവൻ പരസ്ത്രീസക്തനായും ഭയചഞ്ചലനായും നിന്ദ്യമായ ശില്പകർമ്മത്തെ ചെയ്യുന്നവനായും എപ്പോഴും വ്യാധികളാൽ പീഡിതനായും കാമശീലമുള്ളവനായും ഭവിക്കും.

ആനക്കരണത്തിൽ ജനിക്കുന്നവൻ

സ്ഥൂലാസ്യോ ദീർഘവൈരീ ച ബലവാൻ ബഹുഭോജനഃ
സുഭഗസ്സർവവിഖ്യാതോ ഗജേ ഭഗ്നവ്രതസ്സദാ

സാരം :-

ആനക്കരണത്തിൽ ജനിക്കുന്നവൻ വിശാലമായ മുഖത്തോട് കൂടിയവനായും വളരെ നീണ്ടുനിൽക്കുന്ന വിരോധമുള്ളവനായും ബലവാനായും വളരെ ഭക്ഷിക്കുന്നവനായും സുന്ദരനായും ഏറ്റവും പ്രസിദ്ധനായും വ്രതങ്ങളെ മുടക്കുന്നവനായും ഭവിക്കും.

കഴുതക്കരണത്തിൽ ജനിക്കുന്നവൻ

ചപലോƒത്യന്തമേധാവീ നൈകവാസരതസ്സദാ
അസ്വതന്ത്രോƒല്പബുദ്ധിശ്ച കരണേ ഖരസംജ്ഞിതേ.

സാരം :-

കഴുതക്കരണത്തിൽ ജനിക്കുന്നവൻ ചപലനായും ധാരണാശക്തിയുള്ളവനായും ഒരിടത്തും സ്ഥിരവാസമില്ലാത്തവനായും പരാധീനനായും സ്വാതന്ത്ര്യമില്ലാത്തവനായും ബുദ്ധിശക്തിയില്ലാത്തവനായും ഭവിക്കും. 

ഇവിടെ അത്യന്തമേധാവി എന്നും അല്പബുദ്ധി എന്നുമുള്ള രണ്ടുപദങ്ങൾ അന്യോന്യവിരുദ്ധങ്ങളായി വിചാരിക്കരുത്. ബുദ്ധി കുറഞ്ഞവർക്ക് ധാരണാശക്തിയുണ്ടായി എന്ന് വരാവുന്നതാണ്.

പന്നിക്കരണത്തിൽ ജനിക്കുന്നവൻ

ക്വചിൽ സൗഖ്യം ക്വചിദ്ദുഃഖം ക്വചിദ്രാജ്യം ക്വചിദ്യശഃ
വരാഹകരണേ ജാതഃ പശുമാൻ വീര്യവാൻ ഭവേൽ.

സാരം :-

പന്നിക്കരണത്തിൽ ജനിക്കുന്നവൻ ചിലപ്പോൾ സുഖവും ചിലപ്പോൾ ദുഃഖവും ചിലപ്പോൾ രാജ്യവും ചിലപ്പോൾ യശസ്സും ഉള്ളവനായും പശുക്കളും വീര്യവും ഉള്ളവനായും ഭവിക്കും.

പുലിക്കരണത്തിൽ ജനിക്കുന്നവൻ

ഹിംസ്രോ വിഘാതകുശലോ ദീപ്തിമാനല്പജീവിതഃ
അല്പബന്ധുസ്സ്വതന്ത്രാത്മാ കരണേ വ്യാഘ്രസംജ്ഞിതേ.

സാരം :-

പുലിക്കരണത്തിൽ ജനിക്കുന്നവൻ ഹിംസാശീലവും പരോപദ്രവബുദ്ധിയും (അന്യന്മാരെ ഉപദ്രവിക്കുക) ഉള്ളവനായും തേജസ്വിയായും അല്പായുസ്സായും ബന്ധുക്കൾ കുറഞ്ഞിരിക്കുന്നവനായും സ്വാതന്ത്ര്യശീലമുള്ളവനായും ഭവിക്കും.

സിംഹക്കരണത്തിൽ ജനിക്കുന്നവൻ

സിംഹേ സാഹസവാൻ ഖ്യാതഃ പ്രബലോ വിക്രമീ ഗുണീ
ഗിരിദുർഗ്ഗരതഃ കോപീ ദീർഘായുസ്സ്യാദരിഷ്ടവാൻ

സാരം :-

സിംഹക്കരണത്തിൽ ജനിക്കുന്നവൻ സാഹസിയായും പ്രസിദ്ധനായും ഏറ്റവും ബലവും പരാക്രമവും ഉള്ളവനായും ഗുണവാനായും വനപർവ്വതങ്ങളിൽ സഞ്ചരിക്കുന്നവനായും ദീർഘായുസ്സും അരിഷ്ടയുള്ളവനായും ഭവിക്കും.

തിഥിസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?


  ചന്ദ്രനില്‍ സ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം നീക്കിയാല്‍ (കുറച്ചാല്‍) തിഥിസ്ഫുടം വരും. ഇതാണ് നിയമം. 

    ജനനസമയത്തിനു സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടത്തില്‍നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ ശിഷ്ടം വരുന്നതാണ് തിഥിസ്ഫുടം. ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം പോകാതെ വരുമ്പോള്‍ ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്നും സൂര്യസ്ഫുടം കളയണം (കുറയ്ക്കണം). ഈ തിഥിസ്ഫുടത്തെ തിഥികണ്ടാല്‍ ജനനസമയത്തിനുള്ള തിഥിയും ആ തിഥിയില്‍ ചെന്ന നാഴികയും ലഭിക്കും.

ഉദാഹരണം :-

1152 വൃശ്ചികം 6 (ആറാം) തിയ്യതിക്കുള്ള സൂര്യസ്ഫുടം 7-5-30 ഉം ചന്ദ്രസ്ഫുടം 7-1-58 ഉം ആണല്ലോ ലഭിച്ചിരിക്കുന്നത്. 



ഈ ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം കളയണം. സൂര്യസ്ഫുടത്തെക്കാള്‍ കുറവായതുകൊണ്ട് ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്ന് സൂര്യസ്ഫുടം കളഞ്ഞാല്‍ (കുറച്ചാല്‍) (19.1.58 - 7.5.39) = 11-26 = 19 കിട്ടും. ഇതാണ് തിഥിസ്ഫുടം. 

എങ്ങനെയെന്നാല്‍ 58 ല്‍ നിന്ന് 39 പോയാല്‍ ശിഷ്ടം 19.

 1 ല്‍ നിന്ന് 5 പോകാത്തതിനാല്‍ രാശിയില്‍ നിന്ന് ഒരു രാശി തിയ്യതിയില്‍ ചേര്‍ത്താല്‍ 31 ആയി. അതില്‍ നിന്ന് 5 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 26. രാശി സംഖ്യ 18 ല്‍ നിന്ന് 7 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 11. ഇങ്ങനെയാണ് ക്രിയ ചെയ്യേണ്ടത്.

ഇനി തിഥിയില്‍ ചെന്ന നാഴികയും തിഥിയും അറിയുവാന്‍ പറയുന്നു.


11 രാശിക്ക് ത്രയോദശി 1/2 യ്ക്ക് 30 നാഴിക.

1 തിയ്യതിക്ക് 5 നാഴിക പ്രകാരം 26 തിയ്യതിക്ക് 130 നാഴിക.

ഒരു കലയ്ക്ക് 5 വിനാഴിക പ്രകാരം 19 കലയ്ക്ക് 1 നാഴിക 35 വിനാഴിക.

ഇവ ഒന്നിച്ചു ചേര്‍ത്താല്‍ 30 + 130 + 1.35 = 161.35 നാഴിക കിട്ടുന്നു.

  ഇതില്‍ നിന്ന് ത്രയോദശിക്കും ചതുര്‍ദ്ദശിക്കും കൂടിയുള്ള പൂര്‍ണ്ണ നാഴികകളായ 120 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്ന 41 നാഴിക 35 വിനാഴികയാണ് ജനനസമയത്ത് വാവില്‍ ചെന്ന നാഴികകള്‍. വാവിന് ചതുഷ്പാത്തും നാഗവുമാണ് കരണങ്ങള്‍. 30 നാഴിക കഴിവോളം ചതുഷ്പാത് കരണവും, പിന്നെ 30 നാഴിക കഴിവോളം നാഗവും ആണ് കരണം. അതിനാല്‍ 41 നാഴിക 35 വിനാഴിക ചെന്നതുകൊണ്ട് ജനനസമയത്തെ കരണം നാഗമാണ്. കരണത്തില്‍ 11 നാഴിക 35 വിനാഴികയും കഴിഞ്ഞിരിക്കുന്നു എന്നും അറിയണം.

തിഥി കാണുവാന്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.