Showing posts with label water. Show all posts
Showing posts with label water. Show all posts

ഉപ്പുപാത്രം വീണുടഞ്ഞാല്‍ ദുശ്ശകുനമാകുമോ?

  ഭൂമിയുടെ ആത്മാവെന്നു വിശേഷിപ്പിക്കുന്ന ഉപ്പ് ചേരാത്തതൊന്നും മനുഷ്യന് സ്വീകാര്യമല്ല. രുചികരമല്ലാത്ത ഭക്ഷണത്തിന് ഉപ്പ് കൂടിയേ തീരുവെന്നതും എല്ലാവരും അംഗീകരിച്ച കാര്യമാണ്. ഭക്ഷണത്തിലെ ഉപ്പ് നമ്മുടെ ജീവിതത്തേയും രുചികരമാക്കുന്നുവെന്നു സാരം.

  പ്രകൃതി മനുഷ്യനായി കനിഞ്ഞരുളിയ ദാനങ്ങളിലൊന്നാണ് ഉപ്പ്. മറ്റൊന്ന് വെള്ളവും. ഇത് രണ്ടു അനാവശ്യമായി ഉപയോഗിക്കരുതെന്ന ആചാര്യന്മാരുടെ ഉപദേശത്തില്‍ നിന്നുതന്നെ ഇവ എത്രമാത്രം പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കാവുന്നതാണ്. പകരം വയ്ക്കാനാകാത്തവിധം മനുഷ്യജീവിതത്തിലാകട്ടെ ഇവ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്.

  ഇത്രയും പവിത്രവും ജീവിതോദ്ധാരണത്തിനാവശ്യവുമായ ഉപ്പ് സംഭരിച്ചിരിക്കുന്ന പാത്രം തറയില്‍ വീണുടഞ്ഞാല്‍ അതു ജീവന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഇതുകൊണ്ടാണ് പൂര്‍വ്വികര്‍ ചൊല്ലിലൂടെ അതു വെളിവാക്കിയിരുന്നതും.

ഗംഗയുണര്‍ന്നാല്‍ നേരം പുലരുമോ?

   ഗംഗയെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത് വെള്ളത്തിനെയാണ്. ഒരു ദിവസം ആദ്യമുണരുന്നത് ജലമാണെന്നതാണ് സങ്കല്‍പം. പ്രാതകാലത്ത് ആദ്യമുണരുന്നത് ജലമാണെന്ന് അത്മീയശാസ്ത്രം പറയുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞാല്‍ ജലം ഉണരാന്‍ തുടങ്ങും. ഇതിനുശേഷം മാത്രമേ പക്ഷിലതാദികള്‍ പോലും ഉണരാറുള്ളു. വെള്ളം ഉണരുന്നതിന് മുമ്പ് ആവശ്യമില്ലാതെ ഉണര്‍ത്തരുതെന്നും പറയുന്നുണ്ട്.

വെള്ളമോതുന്നത് ശാസ്ത്രീയമോ?

  പ്രായോഗികമായോ ശാസ്ത്രീയമായോ ഒരു ഗുണവുമില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒത്തിരി വിശ്വാസങ്ങള്‍ നാം ഇപ്പോഴും വച്ച് പുലര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളമോതല്‍. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും ഇന്നും ഇതു കാണുന്നുണ്ട്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍. ഒരു വ്യക്തിയില്‍ മറ്റാരുടെയെങ്കിലും കരിങ്കണ്ണ് ഏറ്റാല്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന അസ്വാസ്ഥങ്ങള്‍ മാറികിട്ടാനാണ് വെള്ളമോതുന്നത്. പച്ചവെള്ളത്തില്‍, തുളസിയിലയോ തെറ്റിപ്പൂവോ ഇട്ടശേഷം അതെടുത്ത് പ്രസ്തുത വ്യക്തിക്കഭിമുഖമായി ഇരുന്ന് ചില മന്ത്രങ്ങള്‍ ഉരുവിട്ടശേഷം തലയില്‍ ഇടുന്നതിനേയാണ് വെള്ളമോതുകയെന്നു പറയുന്നത്. തനിക്കേറ്റിരുന്ന കരിങ്കണ്ണ് ഈ വെള്ളമോതലിലൂടെ മാറിക്കിട്ടിയെന്ന് വ്യക്തി മനസ്സില്‍ തറപ്പിക്കുന്നതോടെ അയാളുടെ അസ്വാസ്ഥങ്ങള്‍ മാറിക്കിട്ടുന്നത് സ്വാഭാവികം. ഇത് ഒരുതരം മാനസിക ചികിത്സാസമ്പ്രദായമാണ്. എന്നാല്‍ ഇതിനാകട്ടെ ഭക്തിയുടെയും മന്ത്രത്തിന്‍റെയുമൊക്കെ പരിവേഷം നല്‍കിയിരുന്നു എന്നുമാത്രം. മാത്രമല്ല, തുളസിയിലയുടെയും തെറ്റിപ്പൂവിന്‍റെയുമൊക്കെ ഔഷധഗുണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. രക്തശുദ്ധി വരുത്തി ദുര്‍മേദസ്സ് കുറയ്ക്കാന്‍ തെറ്റിപ്പൂവ് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. 

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ?

  ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് പണ്ടേ തന്നെ പതിഞ്ഞതാണ്.

  ഇതിനു പിന്നിലെ അര്‍ത്ഥം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു.

  ശരീരകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉപ്പാണ്. നാം കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം തന്നെ ഉപ്പിന്‍റെ അംശം കൂടിയും കുറഞ്ഞും കാണുന്നുമുണ്ട്. വൃക്കകളില്‍ വച്ച് ശരീരത്തിനകത്തെ മലിന ദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നുവെന്ന കാര്യം പുത്തന്‍ തലമുറയ്ക്ക് സുപരിചിതമാണ്.

  ഉപ്പിന്‍റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളില്‍ നിന്നും വൃക്കയിലേക്കുള്ള ജലപ്രവാഹം വന്‍തോതിലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ ജലത്തിന്‍റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങള്‍ അറിയിക്കുമ്പോഴാണ് കൂടുതലായി ദാഹം തോന്നുന്നതും അത് ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടി വരുന്നു.

  ഇതില്‍ നിന്നാണ് ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന വിശ്വാസം ബലപ്പെട്ടത്.

കൂപപ്രശ്നത്തില്‍ ജലസ്ഥിതി കണ്ടുപിടിക്കുന്നത് എങ്ങനെ?

1.  പൃശ്ചകന്‍ കഴുത്തിനു മുകളില്‍ സ്പര്‍ശിച്ചാല്‍ വടക്കുകിഴക്ക്‌ മൂലയില്‍ ജലം ഉള്ളതായി പറയണം.

2. പൃശ്ചകന്‍ തന്‍റെ ശരീരത്തിലെ ഇടതുഭാഗത്തെയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ ജലം തെക്കുപടിഞ്ഞാറെ മൂലയിലുണ്ടെന്നു പറയണം.

3. പൃശ്ചകന്‍ ശരീരത്തിലെ മാംസളമായ ഭാഗത്തെയാണ് സ്പര്‍ശിക്കുന്നത് എങ്കില്‍ കിണറ്റിലെ വെള്ളത്തില്‍            ചെളി കാണും.

4. പൃശ്ചകന്‍ നെറ്റിയെയാണ് സ്പര്‍ശിച്ചതെങ്കില്‍ കിണറ്റില്‍ പാറകള്‍ ഉള്ളതായി പറയാം.

   കൂപപ്രശ്നത്തില്‍ ലഗ്നമോ ആരൂഡമോ ചരരാശിയില്‍ വരികയും അവിടെ രാഹുവും ചന്ദ്രനും നില്‍ക്കുകയും ചെയ്‌താല്‍ ഉദ്ദിഷ്ടസ്ഥലത്ത് കിണറ് കുഴിച്ചാല്‍ വെള്ളം ഉണ്ടാകും.

  ഏതു വ്യക്തിയുടെ ആവശ്യത്തിനു വേണ്ടിയാണോ  പ്രശ്നം വയ്ക്കുന്നത് ആ വ്യക്തിയെ "പൃശ്ചകന്‍" എന്നുപറയുന്നു

കൂപപ്രശ്നം വയ്ക്കുന്നത് എന്തിന്?

   കൂപപ്രശ്നമെന്നാല്‍ കിണറിനെ സംബന്ധിക്കുന്ന പ്രശ്നം എന്നര്‍ത്ഥം. ശുചിത്വത്തിനും ശുദ്ധിക്കും വലിയ പ്രാധാന്യം നല്‍കിയിരിക്കുന്ന കേരളീയര്‍ അവരുടെ ജീവിതത്തില്‍ ശുദ്ധജലത്തിന് അത്ര തന്നെ പ്രാധാന്യം നല്‍കിവരുന്നു. അതിനാല്‍ കിണര്‍, കുളം ഇവ ഓരോ വീടിന്‍റെയും ക്ഷേത്രത്തിന്‍റെയും പ്രധാന ഭാഗമാകുന്നു. കൂപപ്രശ്നത്തിന്‍റെ സഹായത്തോടുകൂടിയാണ് ക്ഷേത്രപരിസരത്തും ഗൃഹപരിസരത്തും കൂപം (കിണര്‍) ഏതു സ്ഥാനത്താണ് നിര്‍മ്മിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. കൂപ പ്രശ്നത്തില്‍കൂടി ഗൃഹപരിസരത്തും ക്ഷേത്രപരിസരത്തും ഭൂമിയുടെ അന്തര്‍ഭാഗത്ത് ജലം എവിടെയുണ്ടെന്ന് കണ്ടുപിടിച്ച് അവിടെ കിണറും കുളവും കുഴിക്കുന്ന സമ്പ്രദായമാണ് പണ്ടുമുതല്‍ക്കേ നിലനിന്നിരുന്നത്. ഇന്നും പ്രാചീന വാസ്തുക്കാരന്‍മാര്‍ ഇത് അനുഷ്ഠിച്ചു വരുന്നു.

എന്തെല്ലാം ചേര്‍ന്നതാണ് അഷ്ടാംഗാര്‍ഘ്യം?

  അഷ്ടദ്രവ്യങ്ങളാല്‍ നിര്‍മ്മിതമായ ഒരു പൂജോപകരണമാണ് അഷ്ടാംഗാര്‍ഘ്യം, ക്ഷീരപദാര്‍ത്ഥങ്ങളായ പാല്‍, നെയ്യ്, തൈര് എന്നിവയും അരി, യമം, കടുക് തുടങ്ങിയ ധാന്യങ്ങളും ജലം, കുശാശ്രം എന്നിവയും ചേര്‍ന്നതാണ് അഷ്ടാംഗാര്‍ഘ്യം.

വാസ്തുവില്‍ പഞ്ചഭൂതങ്ങള്‍ക്കുള്ള സ്ഥാനമെന്ത്?

  പഞ്ചഭൂതങ്ങള്‍ അല്ലെങ്കില്‍ അഞ്ച് മൂലധാതുക്കളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം.ഈ പഞ്ചഭൂതങ്ങള്‍ 1. ഭൂമി, 2. ജലം, 3. അഗ്നി, 4. വായു, 5. ആകാശം. 

  പ്രപഞ്ചം പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് അടിസ്ഥാന ഘടകങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് ഘടകങ്ങളെയും വീടിന്റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും ഉള്‍കൊള്ളിക്കുന്നതിനും വാസ്തുശാസ്ത്രം സഹായിക്കുന്നു.

ഭൂമി:-
  ഭൂമി കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട്‌ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ തമ്മില്‍ ആകര്‍ഷണശക്തിമൂലം ചേര്‍ന്ന് ഭൂമി ഇന്നത്തെ ആകൃതിയില്‍ ഉണ്ടായി എന്നുകരുതപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് ഭൂഗോളം അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി തിരിയുവാനാരംഭിച്ചു. കാലക്രമത്തില്‍ അത് പല ഭാഗങ്ങളായി പിളരുവാന്‍ ആരംഭിച്ചു. അതിന്റെ ഭാഗം അതേ പോലെ നിലകൊണ്ടപ്പോള്‍ ഭാഗം ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ അതിനെ ചുറ്റിത്തിരിയുവാന്‍ ആരംഭിച്ചു. അതേപോലെ നിലകൊണ്ട ഭാഗം സൂര്യനായും ചുറ്റിത്തിരിയുന്ന ഭാഗം ഒന്‍പതുഗ്രഹങ്ങളായും വിഘടിച്ച് രൂപം പ്രാപിച്ചു. ഇവയില്‍ ഒന്ന് ഭൂമിയാണ്‌.

ജലം :-
  ജലം അന്തരീക്ഷത്തിലെ കാര്‍മേഘം ഘനീഭവിച്ച് ജലകണികകള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു. ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് ജലം.

അഗ്നി :-
  അഗ്നി ആറ്റങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം മൂലം ഭൂമി ഗോളാകൃതി പ്രാപിച്ചു. ആറ്റങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമ്പോള്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്നു. സൂര്യനില്‍ താപം ഉല്‍പാദിക്കപ്പെടുന്നത് താപ ആറ്റോമിക പ്രവര്‍ത്തനം വഴിയാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് ഭൂമിക്ക് ആവശ്യമായ താപം ലഭിക്കുന്നത്.

വായു :-
  ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് വായു. ഭൂമിയെ ചുറ്റി സ്ഥിതിചെയ്യുന്ന അന്തരീക്ഷത്തിന്റെ പ്രധാന ഭാഗമാണ് വായു.

ആകാശം :-
  ആകാശം അന്തമില്ലാതെ പരന്നു കിടക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം മുഴുവന്‍ ഒരു സ്ഫോടകവസ്തു നിറഞ്ഞിരുന്നു എന്നും ഒരു സ്ഫോടനത്തിന്റെ ഫലമായി ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും ഉപരിയായാണ് ആകാശത്തിന്റെ നിലനില്‍പ്പ്‌.

നീര്‍ക്കോലി ആത്താഴം മുടക്കുമോ?

    ഈ ചൊല്ലിന് അര്‍ത്ഥം രണ്ട് ഉണ്ട്. നീര്‍ക്കോലി വിഷമില്ലാത്തതും വെള്ളത്തില്‍ ജീവിക്കുന്നതുമായ ഒരിനം പാമ്പാണ്. ഇത് സാധാരണ ആരെയും കടിക്കുന്ന പതിവില്ല. യാദൃശ്ചികമായോ അബദ്ധത്തിലോ അങ്ങനെ സംഭവിച്ചാല്‍ ഒരു രാത്രി അത്താഴ പട്ടിണി കിടക്കണമെന്നാണ് വൈദ്യവിധി. മറ്റുള്ള പാമ്പ് കടിച്ചാലും ആഹാരം വര്‍ജ്ജിക്കാറുണ്ട്. അങ്ങനെയെങ്കില്‍ വിഷമില്ലാത്ത നീര്‍ക്കോലി കടിച്ചാല്‍പ്പോലും ആത്താഴം മുടക്കാന്‍ കഴിയുമെന്നര്‍ത്ഥം. അതായത്, നിസ്സാരന്മാരായവര്‍ക്കുപോലും നമ്മുടെ സ്വൈരമായ ജീവിതത്തില്‍ ചെറിയ തടസ്സങ്ങളെങ്കിലും  ഉണ്ടാക്കാന്‍ കഴിയുമെന്ന് മറ്റൊരര്‍ത്ഥം.

കുടിക്കും മുമ്പ് ഏറ്റണം. എന്തിന്?

   വെള്ളം കുടിക്കുന്നതിന് മുമ്പ് തുള്ളിയെങ്കിലും ഏറ്റിക്കളയണമെന്നൊരു വിശ്വാസം ഉണ്ട്. അതായത് നമുക്ക് ചുറ്റുമുള്ള ഭൂതഗണങ്ങള്‍ക്കായി അങ്ങനെ ചെയ്യണമെന്നതാണ് സങ്കല്‍പ്പം. കുടിക്കാന്‍ ജലം എടുക്കുന്നതിന് മുമ്പ് അതില്‍ നിന്നും രണ്ടുതുള്ളി ഏറ്റിക്കളയുക പതിവുമാണ്. ഇത് നല്ലതാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടിവരും. കാരണം ഗ്ലാസ്സിലായാലും കിണ്ടിയിലായാലും കുടിക്കാന്‍ വെള്ളമെടുക്കുമ്പോള്‍ പൊടി കിടക്കാനുള്ള സാധ്യതയുണ്ട് അത് ഏറെക്കുറെ പൊങ്ങിത്തന്നെ കിടക്കുകയും ചെയ്യും. രണ്ടുതുള്ളി ഏറ്റികഴിഞ്ഞാല്‍ പൊങ്ങിക്കിടക്കുന്ന പൊടിമാറി കുടിക്കാന്‍ ശുദ്ധജലം കിട്ടും.

അത്തിയുണ്ടെങ്കില്‍ അടിയില്‍ വെള്ളം കാണുമോ?

    അത്തിമരം ഉള്ള സ്ഥലമാണെങ്കില്‍ അതിനടിയില്‍ വെള്ളം കാണുമെന്ന് കൂപശാസ്ത്രത്തില്‍ പറയുന്നുണ്ട്. സാധാരണ കിണറ് കുഴിക്കാനും ഉറവകള്‍ കണ്ടെത്താനും സ്ഥാനം നിര്‍ണ്ണയിക്കുന്നത് അത്തിമരത്തിനടുത്താണ്. അത്തിമരം ദൈവീകമായ ഒരനുഭവമായതിനാല്‍ അത് നീരുറവയ്ക്ക് മേലെയാണ് വളരുന്നതെന്നാണ് വിശ്വസിച്ചുപോരുന്നത്. എന്നാല്‍ നീരുറവയ്ക്കുമേല്‍ അത്തിക്ക് നന്നായി വളരാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അത്തിമരത്തിനടുത്ത് കിണറു കുഴിക്കുമ്പോള്‍ അധികം താഴാതെ തന്നെ ജല സാമീപ്യം ദൃശ്യമാകുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.