വാസ്തുശാസ്ത്രത്തിലെ അദ്ഭുതകരമായ ആശയമാണ് വാസ്തുപുരുഷന്‍. കാലം എന്ന പ്രതിഭാസത്തെ കാലപുരുഷനും, വര്‍ഷം എന്ന പ്രതിഭാസത്തെ സംക്രമപുരുഷനും നിയന്ത്രിക്കുന്നതുപോലെ ഭൂമുഖത്തിലെ ഗൃഹനിര്‍മ്മാണയോഗ്യമായ ഭൂമിഖണ്ഡങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് വാസ്തുപുരുഷനാണ്. വാസ്തു എത്ര ചെറുതായാലും വലുതായാലും അത് നാല് ചുവരുകളാല്‍ വേര്‍തിരിക്കപ്പെട്ടതാണെങ്കില്‍ അതിനെ നിയന്ത്രിക്കുന്ന ഒരു വാസ്തുപുരുഷനുണ്ട്.
ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പരമാത്മതത്ത്വം പോലെയാണ് ലോകവ്യാപിയായ വാസ്തുതത്ത്വം. ഒരു വസ്തുവിലെ വാസ്തുപുരുഷന്‍ ജീവാത്മാവിനെപ്പോലെ ലോകവാസ്തുപുരുഷന്റെ അംശമാണ്. ജ്യോതിഷത്തില്‍ കാലത്തിനെ കാലപുരുഷന്‍ എന്ന് സങ്കല്‍പ്പിച്ചിരിക്കുന്നത് പോലെ വാസ്തുശാസ്ത്രത്തില്‍ ഓരോ വസ്തുവിന്റേയും നാഥനായി വാസ്തുപുരുഷനെ സങ്കല്‍പ്പിച്ചിരിക്കുന്നു. ഒരു വസ്തുവുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാനായി ഒരു വാസ്തുപുരുഷനുണ്ട്. ഓരോ വസ്തുവിലും വസിക്കുന്ന വാസ്തുപുരുഷന്മാര്‍ ബ്രഹ്മാണ്ഡവ്യാപിയായ മഹാവാസ്തുപുരുഷന്റെ സൂക്ഷ്മരൂപങ്ങളാണ്, പരമാത്മാവും ജീവാത്മാക്കളും പോലെ. ഓരോ വസ്തുവിലും എത്ര ചെറുതായാലും എത്ര വലുതായാലും വാസ്തുപുരുഷന്‍ മുഖം മറച്ച് കമിഴ്ന്ന് കിടക്കുകയാണ്. വാസ്തുപുരുഷന്‍ നിവര്‍ന്നു കിടക്കുന്നതായി വര്‍ണ്ണിച്ചുകാണുന്നുണ്ട്.
വാസ്‌തുപുരുഷന്‍ എല്ലാ വാസ്തുഭൂഖണ്ഡങ്ങളിലും അത് ചെറുതായാലും വലുതായാലും മഹാവാസ്തുപുരുഷന്റെ പ്രതീകമായി സ്ഥിതിചെയ്യുന്നു. ഓരോ വാസ്തുവിന്റെയും അതില്‍ സ്ഥിതിചെയ്യുന്ന വീട്ടിന്റെയും ആ വീട്ടില്‍ താമസിക്കുന്നവരുടേയും സുഖശാന്തിപൂര്‍ണ്ണമായ ജീവിതത്തിന്റെ ചുമതല ആ വാസ്തുവിന്റെ വാസ്തുപുരുഷനാണ്. വസ്തു ഉള്ളിടത്തോളം കാലം വാസ്തുപുരുഷന്‍ അവിടെത്തന്നെ സ്ഥിതിചെയ്യുന്നു. ഗൃഹനാഥന്‍ വസ്തു മാറിപ്പോയാലും വാസ്തുപുരുഷന്‍ പോകുന്നില്ല.
അത്യന്തം യുക്തിപൂര്‍ണ്ണമാണെങ്കിലും വാസ്തുപുരുഷനും ഒരു ദിവ്യപരിവേഷം നല്‍കാനാണ് ശ്രമിച്ചുകാണുന്നത്. വാസ്തുശാസ്ത്രത്തിലെ പ്രധാന സങ്കല്‍പമായ വാസ്തുപുരുഷന്റെ ഉദ്ഭവം സൂചിപ്പിക്കുന്നത് മത്സ്യപുരാണത്തിലാണ്. ബൃഹത്സംഹിതയില്‍ വാസ്തുപുരുഷനെ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഒരു വലിയ ജന്തു സ്വന്തം ശരീരം കൊണ്ട് ഭൂമിയേയും ആകാശത്തേയും മറച്ചു. ദേവതകള്‍ ഉടന്‍ തന്നെ ആ ജന്തുവിനെ ഭൂമിക്കഭിമുഖമായി ഭൂമിയോട് ചേര്‍ത്തുപിടിച്ചു. ഏതു ദേവത ഏതു ശരീരാവയവത്തെ അമര്‍ത്തിപ്പിടിച്ചുവോ ആ ദേവത ആ ശരീരഭാഗത്തിന്റെ അധിദേവതയായി കല്‍പ്പിക്കപ്പെട്ടു. ഭൂമിയോടുകൂടി ചേര്‍ത്തുപിടിക്കപ്പെട്ട ജന്തു ആ വസ്തുവിന്റെ സംരക്ഷകനായി കണക്കാക്കപ്പെട്ടു.