വിപ്രായാനേ ബ്രഹ്മരക്ഷോനിവാസ-
ശ്ചോരോത്ഥാപദ്ദുർമതേരാഗമേന
ദൂതസ്യൈതത്സംഭവോ യദ്ദിശായാം
പ്രഷ്ടുർധാമ്നസ്തൽഫലം തദ്ദിശി സ്യാൽ. ഇതി.
പൃച്ഛാസമയം ബ്രാഹ്മണൻ വന്നാൽ ആ ദിക്കിൽ ബ്രഹ്മരക്ഷസ്സിന്റെ ആവാസമുണ്ടെന്നു പറയണം. ദുഷ്ടബുദ്ധിയായ ഒരാൾ വന്നാൽ ആ ദിക്കിലുള്ള കള്ളന്മാരിൽനിന്നും ഉപദ്രവമുണ്ടെന്നു പറയണം. ദിക്ക് നിർണ്ണയിക്കുന്നത് ദൂതനെ കേന്ദ്രമായി നിശ്ചയിച്ചിട്ടു വേണ്ടതാണ്. ശാസ്താവിന്റെ ആലയം മുതലായത് പ്രഷ്ടാവിന്റെ ഭവനത്തെ ലാക്കാക്കിയാണ് പറയേണ്ടത്. ഈ വക നിമിത്തങ്ങൾ ഏതൊന്നിനെക്കുറിച്ചു വിചാരിക്കുന്നുവോ ആ അവസരങ്ങളിലെല്ലാം വിചാരിക്കപ്പെടാവുന്നതാണ്. എങ്ങിനെയെന്നാൽ ദേവകോപത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ വില്ലും ധരിച്ച് ഒരാൾ വന്നാൽ ശാസ്താവിന്റെ കോപമാണെന്നും ബാധാചിന്ത ചെയ്യുമ്പോൾ ബ്രാഹ്മണൻ വന്നാൽ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമാണെന്നും മറ്റും പറയാവുന്നതാണ്.