ദൃശ്യന്തേ ദിശി യത്ര മനുജാ ദൂതസ്യ വിഷ്വക്സ്ഥിതാ
ദിക്ഷ്വാസ്വാസു ഗൃഹാണി സന്തി സദൃശാം ജാത്യാ ച തൈഃ സംഖ്യയാ
ആയാനേന ധനുഷ്‌മതോത്ര ഹരിതി സ്ഥാനം ച ശാസ്തുർവദേ-
ദ്ദേവ്യാസ്തദ്ദിശി യോഷിതഃ കുപൃഥുകായാനേ പിശാചസ്ഥിതിം.
സാരം :-
പൃച്ഛാസമയം ദൂതന്റെ ചുറ്റും എവിടെയെല്ലാം ജനങ്ങൾ ഇരിക്കുന്നവോ പ്രഷ്ടുഭവനത്തിന്റെ ആ ദിക്കുകളിൽ ആ ഇരിക്കുന്നവരുടെ ജാതിക്കാർ പാർക്കുന്ന ഭവനങ്ങളുണ്ടെന്നു പറയണം. ഭവനങ്ങളുടെ സംഖ്യ ദൂതന്റെ ചുറ്റുമുള്ളവരോട് സമമായിരിക്കും. തത്സമയം വില്ലും ധരിച്ചുകൊണ്ടു് ആരോ വരുന്നുവെങ്കിൽ അയാൾ ഏതൊരു ദിക്കിൽനിന്നുവരുന്നുവോ ആ ദിക്കിൽ ശാസ്താവിന്റെ ക്ഷേത്രമുണ്ടെന്നു പറയണം. ഇതുപോലെ സ്ത്രീ വരുന്നുവോ ആ ദിക്കിൽ ഭഗവതിയുടെ ക്ഷേത്രമുണ്ടെന്നു പറയണം. വിരൂപന്മാരായ കുട്ടികൾ വന്നാൽ ആ ദിക്കിൽ പിശാചുക്കളുടെ ആവാസമുണ്ടെന്നു പറയണം.
ഈ ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ടു പറയപ്പെട്ട ലക്ഷണങ്ങൾ ദൈവജ്ഞനെ ക്ഷണിക്കുന്നതിന് ദൂതൻ ചെന്ന് ആശ്രയിക്കുന്ന ഘട്ടത്തിലും ദൂതൻ സ്വർണ്ണം വച്ചതിനുശേഷം പോയി ഒരു സ്ഥാനത്തെ ആശ്രയിക്കുന്ന ഘട്ടത്തിലും മറ്റും വിചാരിക്കാവുന്നതാണ്. ഉത്തരാർദ്ധംകൊണ്ട് പറയപ്പെട്ടത് പൃച്ഛാകാലം പ്രശ്‌നാരംഭകാലം മുതലായ ഘട്ടങ്ങളിൽ വിചാരിക്കേണ്ടതാണ്.