ചക്രം വിലിഖ്യ ചരണൗ പ്രക്ഷാള്യ തനുശോധനം
ആത്മപൂജാം ഗണേശാർചാമപി കൃത്വാ മഹേശ്വരം
ചക്രമധ്യസ്ഥിതേ പത്മേ പീഠപൂജാ പുരസ്സരം
പരിവാരനിവേദ്യാഢ്യം പഞ്ചാക്ഷര്യാ സമർചയേൽ.
സാരം :-
രാശിചക്രം എഴുതിത്തീർന്നാൽ കാലുകഴുകി ശരീരശുദ്ധിവരുത്തി ദേഹപൂജാ, ഗണപതിപൂജ മുതലായവ ചെയ്ത് രാശിചക്രത്തിന്റെ മദ്ധ്യേയുള്ള പത്മത്തിൽ പരമശിവനെ പീഠസങ്കല്പം ചെയ്ത് ആവാഹിച്ച് പീഠപൂജ ചെയ്ത് വിധിപ്രകാരം ധ്യാനിച്ച് അർച്ചിക്കണം. രാശികളേയും ഗ്രഹങ്ങളേയും പരമശിവന്റെ പരിവാരങ്ങളെന്നു സങ്കല്പിച്ച് നിവേദ്യം വച്ചുകൊള്ളണം. പൂജിക്കേണ്ടതു പഞ്ചാക്ഷരികൊണ്ടാണ്. ഇവിടെ രാശിചക്രലേഖനം, ദേവപൂജ മുതലായ കർമ്മങ്ങൾ ദൈവജ്ഞനാണ് ചെയ്യേണ്ടതെന്നു വെളിവാകുന്നുണ്ട്. എന്നാൽ രാശിചക്രം എഴുതിക്കുന്നത് ആ വിഷയത്തിൽ അറിവില്ലാത്ത ഒരാളിനെക്കൊണ്ടാണ് വേണ്ടത്. സദാചാരം അങ്ങിനെയാണ്. ദേവപൂജ ദൈവജ്ഞന് കഴിവുണ്ടെങ്കിൽ ദൈവജ്ഞൻതന്നെയും ഇല്ലെങ്കിൽ പൂജാഭിജ്ഞനായ മറ്റൊരാളെക്കൊണ്ടും സാധിച്ചുവരാറുണ്ട്.