പഠിക്കാനും ജോലി കിട്ടാനും യോഗമുണ്ടോ?

മനുഷ്യശരീരത്തില്‍ എല്ലാ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും അതിസൂക്ഷ്മമായ ശക്ത്യംശങ്ങള്‍ സദാ വിന്യസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളിലും ആ ശക്ത്യംശങ്ങള്‍ അന്തര്‍ലയം ചെയ്യുന്നുണ്ട്. ഈ ശക്ത്യംശങ്ങള്‍ പരസ്പരമുള്ള സൂക്ഷ്മാകര്‍ഷണ വിസ്ഫോടനാദികളാല്‍ അവയ്ക്കാധാരമായ ശരീരത്തിലൂടെ ജീവിതത്തില്‍ പല പ്രവര്‍ത്തനക്രിയകളും നടത്തുന്നുണ്ട്. ജീവിതഭാഗധേയം പോലും അതിന് വിധേയമാകുന്നു. ജനനസമയത്തുള്ള ഗ്രഹസ്ഥിതിയും നക്ഷത്രസ്ഥിതിയും ഒരാളുടെ ഭാവിജീവിതത്തെ എങ്ങനെ ബാധിക്കപ്പെടുന്നു എന്ന യുക്തിസഹമായ ശാസ്ത്രരഹസ്യം വെളിപ്പെടുത്താനാണ് ജ്യോതിഷം ശ്രദ്ധിക്കുന്നത്. നൂറ്റാണ്ടുകളായുള്ള അനുഭവങ്ങളുടെയും നീരീക്ഷണങ്ങളുടെയും സഞ്ചിതജ്ഞാനത്തില്‍ അധിഷ്ഠിതമാക്കിയിട്ടുള്ളതാണ് ജ്യോതിഷപ്രവചനവും. ജാതകവശാല്‍ ഒരു വ്യക്തിക്ക് വിദ്യാഭ്യാസവും ജോലിയും ലഭിക്കുവാന്‍ ജാതകത്തിലെ ഗ്രഹനില എപ്രകാരമെല്ലാം ഫലപ്രദമായി വരുമെന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വിദ്യായോഗങ്ങള്‍ ജാതകത്തില്‍

ലഗ്നം, രണ്ട്, നാല്, ഭാവാധിപന്മാരും ബുധനും, ഗുരുവും, ശുക്രനും, കേന്ദ്രത്രികോണ ഭാവങ്ങളിലോ ധനലാഭങ്ങളിലോ (1.4.7.10, 5.9.2.11) പാപസംബന്ധം കൂടാതെ നിന്നാല്‍ അത് ഉയര്‍ന്ന വിദ്യാഭ്യാസയോഗമാണ്. 

കുജനെ ശനിയോ, രാഹുവോ വീക്ഷിക്കുക, കുജനെചന്ദ്രനോ ബുധനോ വീക്ഷിക്കുക, നാലാം ഭാവാധിപനും വ്യാഴവും ശുക്രനാല്‍ വീക്ഷിക്കപ്പെടുകയും, ആ വ്യാഴം അഞ്ചാം ഭാവാധിപനെ വീക്ഷിക്കുക. രണ്ടാം ഭാവത്തില്‍ ബുധന്‍ ഉച്ചനായോ ബലവാനായോ നില്‍ക്കുക, ബുധനും ശനിയും ഉച്ചസ്ഥരായും, അഞ്ചാം ഭാവാധിപന്‍ ചന്ദ്രനോട് കൂടിയും നില്‍ക്കുക, വ്യാഴവും ശുക്രനും ചേര്‍ന്ന് രണ്ടാം ഭാവത്തില്‍ നില്‍ക്കുക, നാലാം ഭാവത്തിന്‍റേയും അഞ്ചാം ഭാവത്തിന്‍റേയും അധിപന്മാര്‍ യോഗം ചെയ്ത് നാലാം ഭാവത്തില്‍ നില്‍ക്കുകയോ പത്താം ഭാവത്തില്‍ നില്‍ക്കുകയോ ചെയ്യുക. ആദിത്യനും ബുധനും ചേര്‍ന്ന് രണ്ടിലോ പതിനൊന്നിലോ കേന്ദ്രത്രികോണ ഭാവങ്ങളിലോ നില്‍ക്കുക. എന്നാല്‍ ജാതകന്‍ കണക്കു സംബന്ധമായ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നവനായി ഭവിക്കും.

രണ്ടാം ഭാവാധിപനും ഗുരുവും ചേര്‍ന്ന് കേന്ദ്രത്രികോണ ഭാവത്തില്‍ നില്‍ക്കുക, കുജനും, ചന്ദ്രനും ചേര്‍ന്ന് രണ്ടില്‍ നില്‍ക്കുക, പ്രത്യേകിച്ചു ശുക്രന്‍ നാലില്‍ നില്‍ക്കുക. എന്നാല്‍ ജാതകന്‍ സംഗീതസംബന്ധമായ പ്രവൃത്തിയിലേര്‍പ്പെടും. സൂര്യനില്‍നിന്ന് കുജന്‍ പത്താം ഭാവത്തില്‍ നിന്നാല്‍ ഉയര്‍ന്ന അധികാരമുള്ള ഉദ്യോഗലക്ഷണമാണ് പറയുന്നത്. രണ്ടാമിടത്ത് ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍ വിദ്യയും ധനവും മറ്റനേകം ഗുണങ്ങളുമുള്ളവനായി ഭവിക്കും, സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നത്തിലും, നാലിലും ഏഴിലും മുപ്പതില്‍ അധികം വീതം അക്ഷങ്ങള്‍ ഉണ്ടെങ്കില്‍ ജാതകന്‍ അധികാരമുള്ള ഉന്നതപദവി (രാജകീയ പദവി) സിദ്ധിക്കുന്നവനായി തീരും. ഈ പറഞ്ഞ പന്ത്രണ്ട് യോഗങ്ങളും വിദ്യായോഗങ്ങളാണ്. ഇവയില്‍ ഏതെങ്കിലും ഒരു യോഗമുള്ളവര്‍ അതത് രംഗത്ത് വിദ്യാഭ്യാസം കൊണ്ട് സമൂഹത്തില്‍ ഉന്നതരായിത്തീരും.

വിദ്യാസാമർത്ഥ്യം

ശുക്രന്‍, വ്യാഴം, ബുധന്‍ എന്നീ മൂന്ന് ഗ്രഹങ്ങളായി നിന്നാല്‍ വിദ്യയില്‍ സമര്‍ത്ഥനായി തീരും.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാനുള്ള ഗ്രഹനില ധനു, മീനം, മകരം, കര്‍ക്കിടകം ഈ രാശികളില്‍ ഒന്നില്‍ കുജന്‍ നില്‍ക്കുക, ധനു, മേടം രാശികളില്‍ ആദിത്യന്‍ നില്‍ക്കണം. കന്നി, ധനു രാശികളില്‍ ബുധന്‍ നില്‍ക്കണം. ധനു, മീനം, വൃശ്ചികം, ചിങ്ങം ഈ രാശികളില്‍ വ്യാഴം നില്‍ക്കണം. മകരം, മീനം, ധനു, ശനി നില്‍ക്കണം, വൃശ്ചികം, മകരം രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുക, ഇടവം, മിഥുനം രാശികളില്‍ ശുക്രന്‍ നില്‍ക്കുക. ഈവിധം രാശികളില്‍ ഗ്രഹങ്ങള്‍ സ്ഥിതി ചെയ്താല്‍ ഈ ഗ്രഹസ്ഥിതി ജാതകന് സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ സാദ്ധ്യത നല്‍കുന്നവയാണ്. എന്നാല്‍ ഗ്രഹങ്ങള്‍ക്ക് ബലവും ശുഭയോഗവും അല്ലെങ്കില്‍ ശുഭദൃഷ്ടികളും നീചത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് നീചഭംഗത്വവും, ഉണ്ടായിരിക്കണമെന്നുള്ളത് നിര്‍ബന്ധവുമാണ്.

മേടത്തില്‍ നില്‍ക്കുന്ന ചന്ദ്രനെ ഗുരുവോ കുജനോ നോക്കിയാല്‍ സര്‍ക്കാര്‍ ജോലിയാണ് ഫലം, കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനെ കുജന്‍ നോക്കിയാല്‍, പട്ടാളത്തിലോ പോലീസിലോ, നിയമവകുപ്പിലോ ഉദ്യോഗമാണ് ഫലം, കുജന്‍ സ്വക്ഷേത്രത്തിലോ, ഉച്ചത്തിലോ ബലവാനായി നില്‍ക്കുകയും വ്യാഴം വീക്ഷിക്കുകയും അതോടൊപ്പം ആ കുജന് ലഗ്നാല്‍ ഏതെങ്കിലും ഒരു ത്രികോണസ്ഥിതി വരികയും ചെയ്താല്‍ സര്‍ക്കാര്‍ സംബന്ധമായ ജോലി തന്നെ ലഭിക്കും. വര്‍ഗ്ഗോത്തമം ചെയ്ത് കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനെ ജലരാശിയായ മീനത്തില്‍ നിന്നുകൊണ്ട് വ്യാഴം വീക്ഷിക്കുകയും, ആ വ്യാഴത്തിന് നാലാം ഭാവാധിപത്യം സിദ്ധിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഉയര്‍ന്ന ജോലി ലഭിക്കും.

ഉയർന്ന ഉദ്യോഗം

ചന്ദ്രന്‍റെ പത്താം ഭാവത്തില്‍ ശുദ്ധനായ ഒരു ഗ്രഹം യാതൊരു പാപന്‍റെയും ദൃഷടിയോ യോഗമോ കൂടാതെ നില്‍ക്കുക, ചന്ദ്രലഗ്നാധിപനായ ഗ്രഹം ശുഭനായിരിക്കുക എന്നിങ്ങനെ യോഗമുണ്ടായാല്‍ ഉയര്‍ന്ന ഉദ്യോഗം -കീര്‍ത്തി ധനം ഇവ സിദ്ധിക്കും. കര്‍ക്കിടകത്തില്‍ ചന്ദ്രനും, മീനത്തില്‍ വ്യാഴം, ശുക്രന്‍, ബുധന്‍ മേടത്തില്‍ സൂര്യനും ഇടവത്തില്‍ രാഹുവും നില്‍ക്കുന്ന ജാതകന്‍ വരുമ്പോള്‍ ഒരു നല്ല ഡോക്ടറായി ഭവിക്കും. ബുധന്‍ ചൊവ്വയോടുകൂടി ശുഭഗ്രഹങ്ങളുടെ ക്ഷേത്രത്തില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ ചൊവ്വ ശുഭഗ്രഹയോഗം ചെയ്തു ആദിത്യദൃഷ്ടിയോടുകൂടി ശനിക്ഷേത്രത്തില്‍ നില്‍ക്കുകയോ ചെയ്താല്‍ ഉന്നതവിദ്യാഭ്യാസമുള്ളവനായി തീരും. വ്യാഴക്ഷേത്രമായ ധനുരാശിയില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവനായും, ഭരണാധികാരമുള്ളവനായും ഭവിക്കും.

ദോഷകരം

മേല്‍പ്പറഞ്ഞ ഫലങ്ങളെല്ലാം ലഭിക്കണമെങ്കില്‍ ദോഷകരമായ ഇരുപത്തിയൊന്ന് അവസ്ഥകളില്‍ ഒന്നുപോലും ഉണ്ടായിരിക്കരുത്. ഭാവാധിപന് ബലമില്ലാതെ വരിക, ഭാവത്തിന് ബലമില്ലാതെ വരിക, കാരകഗ്രഹത്തിന് ബലമില്ലാതെ വരിക, ഭാവാധിപന്‍റെ ഇരുവശത്തും പാപന്മാര്‍ നില്‍ക്കുക, കാരകഗ്രഹത്തിന്‍റെ രണ്ടുവശത്തും പാപന്മാര്‍ നില്‍ക്കുക, ഭാവാധിപന് പാപയോഗമോ പാപദൃഷ്ടിയോ ഉണ്ടാകുക, കാരകഗ്രഹത്തിന് പാപയോഗമോ പാപദൃഷ്ടിയോ ഉണ്ടാകുക, ഭാവാധിപന് ശത്രുയോഗമോ ശത്രുദൃഷ്ടിയോ ഉണ്ടാകുക, ഭാവത്തില്‍ ശത്രുയോഗമോ ശത്രുദൃഷ്ടിയോ ഉണ്ടാകുക, കാരകനിഗ്രഹത്തിന് ശത്രുയോഗമോ ശത്രുദൃഷ്ടിയോ ഉണ്ടാകുക, ഭാവാധിപന് ശുഭയോഗമോ ശുഭദൃഷ്ടിയോ ബന്ധുയോഗമോ ബന്ധുദൃഷ്ടിയോ ഇല്ലാതെ വരിക, ഭാവത്തില്‍ ഭാവാധിപന്‍റെ ബന്ധുയോഗമോ ബന്ധുദൃഷ്ടിയോ ഇല്ലാതെ വരിക, ഭാവാധിപന്‍റെ നാല്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ പാപന്മാര്‍ നില്‍ക്കുക, ഭാവത്തിന്‍റെ നാല്, എട്ട്, പന്ത്രണ്ടില്‍ പാപന്മാര്‍ നില്‍ക്കുക, കാരകഗ്രഹത്തിന്‍റെ നാല്, എട്ട്, പന്ത്രണ്ടില്‍ പാപന്മാര്‍ നില്‍ക്കുക, ഭാവാധിപന്‍റെ ത്രികോണരാശിയില്‍ പാപന്മാര്‍ വരിക, ഭാവത്തിന്‍റെ ത്രികോണത്തില്‍ പാപന്മാര്‍ വരിക, കാരകഗ്രഹത്തിന്‍റെ ത്രികോണരാശിയില്‍ പാപന്മാര്‍ വരിക എന്നിവയാണത്. 

ഈ അവസ്ഥകളില്‍പ്പെടാതെ വരുന്ന എല്ലാ ഭാവങ്ങളും ജാതകവശാല്‍ പുഷ്ടിപ്രദമാണ്. വിദ്യാഭ്യാസവും ജോലിയും കിട്ടാന്‍ സാദ്ധ്യതയേകുന്നതുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.