ശാക്തേയം എന്താണ്?

സാധകനായ മനുഷ്യന്റെ ജീവിതചര്യയാണ് ശാക്തേയം. സഗുണോപാസനയിലൂടെ സ്വജീവിതം അർത്ഥപൂർണ്ണമാക്കി കൈവല്യാവസ്ഥ പ്രാപിക്കാനുള്ള ഒരു സോപാനമാണ് ഇത്. യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധികളാകുന്ന അഷ്ടാംഗ യോഗചര്യതന്നെയാണ് ഈ മാർഗ്ഗം. നിരന്തരമായ മന്ത്രാനുസന്ധാനമാണ് ഇതിന്റെ പ്രത്യേകത. അതായത് ആദിപരാശക്തിയുടെ ഉപാസന തന്നെ. അതാവട്ടെ ദശമഹാവിദ്യകളായി സങ്കല്‌പിച്ച് അവയിൽ ഏതെങ്കിലും ഒരു വിദ്യയെ നിരന്തരം അനന്യഭക്തിയോടെ സേവിക്കുകയെന്നതാകുന്നു. പൂജാദികളൊക്കെ ഇതിന്റെ ഉപാധികളായി വർത്തിക്കുന്നു.

ഭാരതത്തിലുടനീളം കൗളധർമ്മം എന്ന പേരിലറിയപ്പെടുന്ന ഈ സമ്പ്രദായത്തിൽ ദശമഹാവിദ്യകളെ പൂജിക്കുന്നു. അവയാകട്ടെ, കാളി, താര, ഛിന്നമസ്ത, ബഗളാമുഖി, ധൂമാവതി, മാതംഗി, ഭുവന, ഭൈരവി, കമല, ഷോഢശി എന്നിവയാകുന്നു. ഈ ദശമഹാവിദ്യകളുടെ ഉപാസന അദ്വൈത സാക്ഷാത്കാരത്തിനുള്ള ഉപാധിയുമാകുന്നു.