ഭഗവത്ഭക്തിയുണ്ടാകുവാന്‍ ഉപായങ്ങള്‍

കാമം, ലോഭം, മോഹം മുതലായവ ചെറുതിരകളെപ്പോലെയാണ്. ഒരുപക്ഷേ ക്രമേണ അതൊരു കടലായി മാറാം എന്ന് മനോഹരമായ മന്ത്രം - ‘തരംഗായിതാ അപി മേ സംഗാത സമുദ്രായന്തി(45).’ ‘കസ്തരതികസ്തരതിമായാം?’ (മായയെ ആര് മറികടക്കും?) എന്നൊരു മുനകൂര്‍ത്ത ചോദ്യം ശ്രീനാരദന്‍ തൊടുക്കുന്നു. ഉത്തരവും ഋഷി നല്‍കുകയുണ്ടായി. ‘കഃ തരതി’ എന്നതിനു മറുപടി ‘സഃ തരതി.’ ‘അവന്‍ എങ്ങനെ?’ യഃസംഗം ത്യജതി. യഃമഹാനുഭാവം സേവ്യതേ.’ കുറഞ്ഞപക്ഷം സംഗവിവര്‍ജ്ജിതനെങ്കിലുമാവുക.

നാരദഭക്തിസൂത്രത്തിലെ അമ്പത്തൊന്നാം സൂത്രം മുതല്‍ ഉദാത്തമായ ഒരു ഭാവഗരിമയിലേക്ക് ഋഷിയുടെ ഭക്തിചിന്ത ഉഡ്ഡയനം ചെയ്യുകയാണ്. ‘അനിര്‍വ്വചനീയം പ്രേമസ്വരൂപം’ എന്ന് സ്വയം മറന്ന് ശ്രീനാരദന്‍ പാടിപ്പോകുന്നു. ഇതാവട്ടെ ദേവര്‍ഷിയുടെ ഭാഷയില്‍ ഗുണരഹിതമാണ്, കാമനാരഹിതമാണ്. പ്രതിക്ഷണ വര്‍ദ്ധമാനവും അവിച്ഛിന്നവും സൂക്ഷ്മതരവുമാണ്. ഭക്തിസാധനയ്ക്ക് മറ്റു പ്രമാണങ്ങളൊന്നും തന്നെ വേണ്ട. ഭക്തിക്ക് പ്രമാണം ഭക്തി തന്നെ.

ആര്‍ത്തന്‍, ജിജ്ഞാസു, അര്‍ത്ഥാര്‍ത്ഥി എന്നീ മൂന്നുതരം ഭക്തന്മാരെപ്പറ്റി വിവരിച്ചതിനുശേഷം ഭക്തി അഭ്യസിക്കേണ്ട രീതികള്‍ പ്രതിപാദിക്കുകയാണ് ശ്രീനാരദന്‍. ഭക്തിഭാവം എങ്ങനെ വളര്‍ത്തി വികസിപ്പിച്ചെടുക്കാം? ഒന്നുമാത്രം. ശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിധിച്ചിട്ടുള്ള സാധനകള്‍ അനുഷ്ഠിക്കുക. ഭക്തിയുടെ ഫലശ്രുതിയെന്ത്? എണ്‍പതാം സൂത്രം ഇത് സ്പഷ്ടമാക്കുന്നു. സ കീര്‍ത്ത്യമാനഃ ശീഘ്രമേവാവിര്‍ഭവതി അനുഭാവയതി ച ഭക്താന്‍.’ ഭഗവാനെ സ്തുതിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുകയും തന്റെ ഭക്തന്മാര്‍ക്ക് യഥാര്‍ത്ഥ സ്വരൂപത്തെ അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

ഭഗവത്ഭക്തിയുണ്ടാകുവാന്‍ പതിനൊന്ന് ഉപായങ്ങളും രീതികളും നാരദഭക്തിസൂത്രം വിവരിക്കുന്നു.
അവ:-

1. ഗുണമാഹാത്മ്യാസക്തി

2. രൂപാസക്തി

3. പൂജാസക്തി

4. സ്മരണാസക്തി

5. ദാസ്യാസക്തി

6. സഖ്യാസക്തി

7. കാന്താസക്തി

8. വാത്സല്യാസക്തി

9. ആത്മനിവേദനാസക്തി

10. തന്മയതാസക്തി

11. പരമവിരഹാസക്തി.

ഭാഗവതകാരന്റെ നവവിധഭക്തിയോട് ഒരു ചാര്‍ച്ചയുള്ളതായി തോന്നുന്നത് യാദൃച്ഛികമല്ലതന്നെ. ‘വാദോ നാവലംബ്യ’ (74) എന്നൊരു സൂത്രമുണ്ട്. യഥാര്‍ത്ഥ ഭക്തന്‍ നിരര്‍ത്ഥകങ്ങളായ വിവാദങ്ങളേയും ചര്‍ച്ചകളേയും ഒരിക്കലും ആശ്രയിക്കരുത്. ഭക്തന്‍ വാദപ്രതിവാദങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏതു വിവാദവും ബൗദ്ധികമാണ്. ഭക്തന്‍ അതിനതീതനായി ഉയരണം. ദ്വൈതമാണ് ശ്രേഷ്ഠം. അല്ല, അദ്വൈതം പരമവിശിഷ്ടം. രണ്ടുമല്ല, വിശിഷ്ടാദ്വൈതം കേമം. ഇങ്ങനെയുള്ള വിതണ്ഡകളില്‍പ്പെട്ട് പരമസത്യം കാണാതെ പോകരുത്.

ഭക്തിയുടെ പരമാചാര്യന്മാര്‍ ആരൊക്കെ? ഒരു നീണ്ട പട്ടിക തന്നെ ‘നാരദഭക്തിസൂത്രം’ വരച്ചു കാണിക്കുന്നുണ്ട്. സനത്കുമാരന്മാര്‍, വ്യാസന്‍, ശുകന്‍, ശാണ്ഡില്യന്‍, ഗര്‍ഗ്ഗന്‍, വിഷ്ണു, കൗണ്ഡിന്യന്‍, ശേഷന്‍, ഉദ്ധവന്‍, ആരുണി, മഹാബലി, ഹനുമാന്‍, വിഭീഷണന്‍ തുടങ്ങിയവരാണ് ഭക്തി ആചാര്യന്മാര്‍.

പരമശിവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ശ്രീനാരദന്‍ നിര്‍വചിച്ചു വിവരിക്കുന്ന ഭക്തിയുടെ സൂത്രഗ്രന്ഥം അനുശീലിച്ചാല്‍ മുക്തി സുനിശ്ചിതമെന്ന ചിന്തയോടെ ‘നാരദഭക്തിസൂത്രം’ പര്യവസാനിക്കുന്നു. നിയന്ത്രിതവും ക്രമീകൃതവുമായ വിധത്തില്‍ മനോവൃത്തികളെ ലക്ഷ്യോന്മുഖമാക്കുവാന്‍ നാരദസൂത്രത്തിലെ എണ്‍പത്തിനാലു മന്ത്രങ്ങള്‍ക്കും കഴിയുന്നു. ഭക്തിസിദ്ധാന്തം അവതരിപ്പിക്കുന്ന എക്കാലത്തേയും മികച്ച ദാര്‍ശനികഗ്രന്ഥം തന്നെയിത്.

ശ്രീകൃഷ്ണഭഗവാനൊരിക്കല്‍ കലശലായ തലവേദന. വിട്ടുമാറുന്നില്ല. ശ്രീനാരദനടുത്തുണ്ട്. ഭഗവാന്‍ മരുന്നും നിര്‍ദ്ദേശിച്ചു ഔഷധമെന്തെന്നോ? ഭക്തന്മാരുടെ പാദധൂളി. ആ മണ്ണുകൊണ്ടുവന്ന് പുരട്ടിയാല്‍ മതിയാവും. ദേവര്‍ഷി ശ്രീകൃഷ്ണഭക്തരെ സമീപിച്ചു. കാലിലെ മലീമസമായ മണ്ണ് ഭഗവാന്റെ തിരുനെറ്റിയില്‍ പുരട്ടുന്ന കാര്യം ഒരു ഭക്തനുപോലും സങ്കല്‍പ്പിക്കാനായില്ല. ഇതില്‍ കവിഞ്ഞൊരു പാപമുണ്ടോ? ശ്രീനാരദന്‍ ഗോകുലത്തിലോടിയെത്തി. വിവരം ഗോപികമാരോടു പറഞ്ഞു. അവരുടെ കാലുകളില്‍ പുരണ്ടിരുന്ന മണ്ണത്രയും കൊടുത്തയച്ചു. അവരുടെ ഹൃദയേശ്വരനാണല്ലോ ശ്യാമസുന്ദരന്‍. ഇല്ലാത്ത തലവേദന എങ്ങനെ മാറാന്‍? അര്‍ത്ഥവാദനകഥകളില്‍ ചോദ്യമില്ലല്ലോ. ഗാഢഭക്തിയും ദൃഢവിശ്വാസവും ഗോപീജനങ്ങള്‍ക്കേറിയതുകൊണ്ടാണല്ലോ ‘യഥാവ്രജഗോപികാനാം…’ എന്ന സൂത്രം നിബന്ധിച്ച് പരമപ്രേമഭക്തിയെ ഉദാഹരിച്ചതും.