Showing posts with label ancham bhavam. Show all posts
Showing posts with label ancham bhavam. Show all posts

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

സുതസ്ഥിതസ്യശുക്രസ്യ ദശാ സുതസുഖപ്രദാ
രാജാ വാ തത്സമോ വാ സ്യാദ്യശസ്വീ സകലപ്രിയഃ

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം പുത്രന്മാരും സുഖവും ഉണ്ടാകും. രാജാവോ രാജതുല്യനോ ആയിത്തീരുകയും ഏറ്റവും യശസ്സുള്ളവനാകയും എല്ലാവർക്കും ഇഷ്ടനായിരിക്കുകയും ചെയ്യും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം

പഞ്ചമസ്ഥസ്യ കേതോസ്തു ദശാകാലേ സുതക്ഷയം
ബുദ്ധിഭ്രമം രാജകോപം ധനനാശം ച വിന്ദതി.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന കേതുവിന്റെ ദശാകാലം പുത്രമരണവും ബുദ്ധിഭ്രമവും മനോവിചാരവും രാജകോപവും ധനനാശവും സംഭവിക്കും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

പഞ്ചമസ്ഥശശിഭ്രദശാഗമേ
ക്രൂരബുദ്ധിരതികഷ്ടതാ ഭവേൽ
ഹീനവൃത്തിരവനീശസേവയാ
കൃഛ്റലബ്ധധനമേതി ജീവനം.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ക്രൂരബുദ്ധിയും പലവിധത്തിലുള്ള കഷ്ടതകളും രാജസേവകൊണ്ടോ അനുചിതകർമ്മങ്ങൾകൊണ്ടോ വളരെ പ്രയാസപ്പെട്ടു ലഭിക്കുന്ന ധനവും അതുകൊണ്ടുള്ള ഉപജീവനവും ഫലമാകുന്നു.

ആറാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഷഷ്ഠഗസ്യ ശനേർദായേ വ്യാധിചോരവിഷാരിഭിഃ
ഗൃഹക്ഷേത്രക്ഷയഃ കിഞ്ചിൽ കാര്യസിദ്ധിശ്ച സംഭവേൽ.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം രോഗപീഡയും കള്ളന്മാരിൽ നിന്നും വിഷത്തിൽ നിന്നും ശത്രുക്കളിൽ നിന്നും ഉപദ്രവവും ഗൃഹത്തിനും ഭൂസ്വത്തിനും ഹാനിയും അല്പമായ കാര്യസിദ്ധിയും സംഭവിക്കും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

സുതസ്ഥാർക്കിദശാകാലേ സുതനാശം മനോരുജം
ബുദ്ധിഭ്രമം രാജകോപം ഭൃത്യനാശം ച വിന്ദതി.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പുത്രനാശവും മനോദുഃഖവും ബുദ്ധിഭ്രമവും രാജകോപവും ഭൃത്യജനങ്ങൾക്ക്‌ നാശവും ഉണ്ടാകും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം

പഞ്ചമസ്ഥഗുരോർദായേ മന്ത്രസിദ്ധിം മഹൽസുഖം
സുതാപ്തിം രാജപൂജാം ച വേദാന്തശ്രവണാദികം.

സാരം :-



അഞ്ചാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം മന്ത്രോപാസനയും അതുകൊണ്ടു ദേവതാപ്രസാദവും മഹത്തായ സുഖവും ലഭിക്കുകയും പുത്രലാഭവും രാജപൂജയും വേദാന്തശ്രവണവും ഉണ്ടാവുകയും ചെയ്യും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

ബുദ്ധിഭ്രമം ഭോജനഹാനിമുച്ചൈർ-
വ്വിദ്യവിവാദം കലഹം ച ദുഃഖം
കോപം നരേന്ദ്രസ്യ സുതപ്രണാശം
രാഹോസ്സുതസ്ഥസ്യ ദശാവിപാകേ.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ബുദ്ധിഭ്രമവും മനോദുഃഖവും ഉപവാസവും അല്ലെങ്കിൽ ഭക്ഷണസുഖത്തിനു കുറവും വിദ്യാസംബന്ധമായ വാദപ്രതിവാദവും കലഹവും ദുഃഖവും രാജകോപവും പുത്രനാശവും മറ്റു അനിഷ്ടങ്ങൾ അനുഭവിക്കും.

മൂന്നാം ഭാവത്തിൽ / നാലാം ഭാവത്തിൽ / അഞ്ചാം ഭാവത്തിൽ / ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഭ്രാതൃസ്ഥാനഗതസ്തു സൗഖ്യഫലദോ
ഭൂനന്ദനോƒരാതിഹാ
ധൈര്യം വിത്തസുതാർത്ഥദാരസഹജൈ-
സ്സംഗം നൃപാൽ പൂജ്യതാം
പുത്രസ്ഥാനഗതസ്യ പുത്രമരണം
ബുദ്ധിഭ്രമം ജാഡ്യതാം
ശത്രുക്ഷേത്രഗതസ്യ ഭൂമിസഹജൈർ-
ദുഃഖം മഹാരോഗഭാക്

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സുഖപ്രാപ്തിയും കാര്യഗുണവും  ശത്രുക്കൾക്ക് ഹാനിയും ധൈര്യവും ധനം പുത്രൻ ഭാര്യ സഹോദരൻ മറ്റു കാര്യങ്ങൾ ഇത്യാദി ഗുണപ്രാപ്തിയും രാജാക്കന്മാരിൽ നിന്ന് ബഹുമതിയും ലഭിക്കും.

നാലാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സ്ഥാനഭ്രംശം, ബന്ധുവിരോധം, ചോരാഗ്നിപീഡ, രാജകോപം, വിദേശവാസം എന്നിവ സംഭവിക്കും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം പുത്രമരണം, ബുദ്ധിഭ്രമം, ജളത്വം. യശസ്സ്. നേത്രരോഗം, ശ്രവണരോഗം, ധനനഷ്ടം, കലഹം എന്നിവ സംഭവിക്കും. 

ആറാം ഭാവത്തിൽ നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ഭൂമി നിമിത്തവും സഹോദരൻ (സഹോദരി) നിമിത്തവും ദുഃഖവും മുറിവും വ്രണവും ശത്രുഭയവും മഹത്തായ രോഗവും സംഭവിക്കുന്നതാണ്.

പുത്രഭാവഫലം

ലഗ്നാമരേഡ്യശശിനാം സുതഭേഷു പാപൈ-
ര്യുക്തേക്ഷിതേഷ്വഥ ശുഭൈരയുതേക്ഷിതേഷു
പാപാന്വിതേഷു സുതഭേഷു തദീശ്വരേഷു
ദുഃസ്ഥാനഗേഷു ന ഭവന്തി സുതാഃ കഥഞ്ചിൽ.

സാരം :-

ലഗ്നം, വ്യാഴം നിൽക്കുന്ന രാശി, ചന്ദ്രൻ നിൽക്കുന്ന രാശി എന്നിവയുടെ അഞ്ചാം ഭാവം കൊണ്ടാണ് സന്താനഭാവത്തെ പറയേണ്ടത്.

സ്ത്രീ ജാതകത്തിൽ ലഗ്നം, വ്യാഴം നിൽക്കുന്ന രാശി, ചന്ദ്രൻ നിൽക്കുന്ന രാശി എന്നിവയുടെ ഒമ്പതാം ഭാവം പുത്രസ്ഥാനമായിരിക്കുകയും ചെയ്യും. 

ലഗ്നം, വ്യാഴം നിൽക്കുന്ന രാശി, ചന്ദ്രൻ നിൽക്കുന്ന രാശി എന്നിവയുടെ അഞ്ചാം ഭാവത്തിൽ പാപഗ്രഹങ്ങളുടെ സ്ഥിതിയും ദൃഷ്ടിയും സംഭവിക്കുക, ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളില്ലാതെയിരിക്കുക, സന്താനഭാവാധിപനായ ഗ്രഹം ദുഃസ്ഥാനത്തിൽ നിൽക്കുകയും ദുഃസ്ഥാനാധിപനായ ഗ്രഹം സന്താനഭാവത്തിലും ബലമില്ലാതെയും ശുഭഗ്രഹസംബന്ധമില്ലാതെയും നിൽക്കുക മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ജാതകത്തിലുണ്ടായാൽ ഒരു പ്രകാരത്തിലും സന്താനമുണ്ടാകാൻ പ്രയാസമായിരിക്കും.

ദുഃസ്ഥാനാധിപനായ ഗ്രഹം തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ

ദുഃസ്ഥാനപസ്തദിതരസ്സ്വഗൃഹസ്ഥിതശ്ചേൽ
സ്വക്ഷേത്രഭാവഫലമേവ കരോതി നാന്യൽ
മന്ദോ മൃഗേ സുതഗൃഹേ യദി പുത്രസിദ്ധിഃ
ഷഷ്ഠാധിപത്യകൃതദോഷഫലം ന ചാത്ര.

സാരം :-

ദുഃസ്ഥാനാധിപനായ ഗ്രഹം (അനിഷ്ടഭാവാധിപനായ ഗ്രഹം) തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ താൻ ഇരിക്കുന്ന ആ ഭാവത്തിന്റെ ഫലമല്ലാതെ ദുഃസ്ഥാനത്തിന്റെ ഫലം സംഭവിക്കുകയില്ല.

കന്നിലഗ്നത്തിൽ ജനിക്കുന്നവർക്ക് ആറാംഭാവാധിപത്യംകൂടിയുള്ള ശനി പഞ്ചമഭാവമായ (അഞ്ചാം ഭാവമായ) മകരം രാശിയിൽ നിന്നാൽ പുത്രഭാവഫലം പുഷ്ടമായിരിക്കുന്നതും ഷഷ്ഠാധിപത്യദോഷം (ആറാംഭാവാധിപത്യ ദോഷം) സംഭവിക്കാത്തതുമാണെന്ന് സാരം. ഇങ്ങനെ തന്നെ ശേഷം ഭാവഫലങ്ങളേയും പറഞ്ഞുകൊള്ളണം.

അഞ്ചാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍

പാപേ പഞ്ചമഗേƒസ്യ ദോഷവശതോ മൗഡ്യാദിനാ രുങ്മൃതിര്‍-
വാപത്യസ്യ പുരാണപുണ്യവിലയോ വേദ്യം മനഃകുണ്ഠതാ
ക്രോധാമാതൃരുഗാദികം ത്വഥ ശുഭേ പുത്രസ്യ ലാഭോƒഥവാ
രോഗ്യം ധീപ്രതിഭോദയശ്ച മനസ്സ്തുഷ്ടിശ്ച പുണ്യോദയഃ

സാരം :-

  അഞ്ചാം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ പുത്രമരണവും പുത്രന്മാര്‍ക്ക് രോഗവും പറയാം. ആ പാപന് മൗഡ്യം നീചസ്ഥിതി മുതലായ അനിഷ്ടങ്ങളുണ്ടെങ്കില്‍ പുത്രന്മാര്‍ക്ക്  മരണത്തെയും അല്ലെങ്കില്‍ രോഗത്തെയും പറഞ്ഞുകൊള്ളണം. കൂടാതെ പൂര്‍വ്വപുണ്യത്തിന്‍റെ നാശം, മനസ്സിന് മന്ദത കോപം, മന്ത്രിമാര്‍ മുതലായവര്‍ക്ക് രോഗം മുതലായ അനിഷ്ടം എന്നീ ഫലങ്ങളേയും പറയണം.

  അഞ്ചാം ഭാവത്തില്‍  ശുഭഗ്രഹം നിന്നാല്‍ പുത്രലാഭവും പുത്രന്മാര്‍ക്ക് ആരോഗ്യവും ബുദ്ധിഗുണവും സമയോചിതം ബുദ്ധിക്കു ചൈതന്യവും മനസ്സന്തോഷവും പുണ്യവൃദ്ധിയും പറഞ്ഞുകൊള്ളണം.

നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം


നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം

ബന്ധുസ്ഥാനാന്മാതുലം ഭാഗിനേയം
തോയം വേശ്മാജാവികാദ്യം സുഖം ച;
ബുദ്ധിം പുത്രം പൂര്‍വ്വപുണ്യം ത്വമാത്യം
പുത്രാദ് വ്യാധിം ശാത്രവാദ് ദ്വിഡ് വ്രണാദീന്‍.

  മാതുലന്‍, മരുമകള്‍, വെള്ളം, ഗൃഹം, ആട്, കോലാട് മുതലായവ, സുഖം, ഇതുകള്‍ നാലാം ഭാവം കൊണ്ട് ചിന്തിക്കണം.

  ബുദ്ധി, പുത്രന്‍, പൂര്‍വ്വാര്‍ജ്ജിതസുകൃതം, മന്ത്രി ഇവ അഞ്ചാം ഭാവം കൊണ്ട് ചിന്തിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.