സൂര്യാദിഗ്രഹങ്ങള്‍ക്കുള്ള കാരകത്വത്തെ പറയുന്നു

കാലാത്മാ ദിനകൃന്മനസ്തുഹിനഗുസ്സത്ത്വംകുജോ ജ്ഞോ വചോ
ജീവോ ജ്ഞാനസുഖേ സിതശ്ച മദനോ ദുഃഖം ദിനേശാത്മജഃ
രാജാനൗ രവിശീതഗു ക്ഷിതിസുതോ നേതാ കുമാരോ ബുധഃ
സൂരിര്‍ദ്ദാനവപൂജിതശ്ച സചിവൗ പ്രേഷ്യസ്സഹസ്രാംശുജഃ 

സാരം :-
സൂര്യന്‍, കാലമാകുന്ന പുരുഷന്‍റെ ജീവാത്മാവിന്‍റെ കാരകനാകുന്നു. സൂര്യന്‍ ജീവാത്മാവാകയാല്‍, അതിന്‍റെ ആധാരമായ ദേഹം രാശി ചക്രമാണെന്നും വരുന്നുണ്ട്. 

ചന്ദ്രന്‍ മനസ്സിന്‍റെ കാരകനാണ്‌. മനഃ ശബ്ദം കൊണ്ട് ബുദ്ധി അഹങ്കാരം മുതലായ മറ്റു ചിത്തവൃത്തികളുടെ ആധിപത്യവും ചന്ദ്രനുണ്ടെന്ന് വരുന്നു. 

ജാതകത്തില്‍ സൂര്യചന്ദ്രന്മാര്‍ക്ക് നല്ല ബലവും അന്യോന്യദൃഷ്ടി മുതലായ പരസ്പരസംബന്ധവുമുണ്ടെങ്കില്‍ അവന്‍ ആത്മജ്ഞാനം മുതലായ ഉല്‍കൃഷ്ടമനോഗുണമുള്ളവനാണെന്നും പറയാവുന്നതാണ്. 

സമ്പത്തിലും ആപത്തിലും മനസ്സിന് ക്ഷോഭമില്ലായ്മയാകുന്ന സത്വത്തിന്‍റെ ആധിപത്യം കുജനാകുന്നു. 

ബുധന് വാക്കിന്‍റെ കാരകത്വമാണുള്ളത്. ബുധന് ബലമുണ്ടെങ്കില്‍ അവന്‍ വാദിയ്ക്കുവാന്‍ സമര്‍ത്ഥനും, നല്ല വാഗ്മിയുമായിരിക്കും. 

വ്യാഴം പാരത്രികങ്ങളായ ജ്ഞാനസുഖങ്ങളുടേയും കാരകനാകുന്നു.

ശുക്രന്‍ ഈ ജന്മത്തിലെ അനുഭോഗത്തിനുള്ള ജ്ഞാനം സുഖം കാമവികാരം എന്നിവയുടെ കാരകനാകുന്നു. 

ശനി ദുഃഖത്തിന്‍റെയും കാരകനാകുന്നു. ശനിയ്ക്ക് ബലമുണ്ടെങ്കില്‍ അവന് ദുഃഖമുണ്ടാവില്ലെന്നും ജ്ഞാനിയാവുമെന്നും അറിയേണ്ടതാണ്.

ജാതകപ്രശ്നാദികളില്‍ സൂര്യാദിഗ്രഹങ്ങള്‍ക്ക്‌ നല്ല ബലമുണ്ടായാല്‍ അയാളുടെ ആത്മാവ് മനസ്സ് ഇത്യാദികളും നല്ല ബലമുള്ളതായിരിക്കും.

ആത്മാദയോ ഗഗനഗൈര്‍ബ്ബലിഭിര്‍ബ്ബലവത്തരാഃ
ദുര്‍ബ്ബലൈദ്ദുര്‍ബ്ബലാ ജ്ഞേയാ വിപരീതം ശനേഃ സ്മൃതം.

എന്ന് പ്രമാണവുമുണ്ട്.

സൂര്യന്‍ രാജത്വത്തിന്‍റെയും, ചന്ദ്രന്‍ രാജ്ഞീത്വത്തിന്‍റെയും കാരകന്മാരാകുന്നു. ചൊവ്വയ്ക്ക്‌ സൈന്യാധിപത്യം മുതലായ നേതൃത്വത്തിന്‍റെയും, ബുധന് യുവരാജാവിന്‍റെയും, വ്യാഴത്തിന് കാര്യം നടത്തുന്ന മന്ത്രിയുടേയും, ശുക്രന് നര്‍മ്മസചിവന്‍റെയും കാരകത്വമാണുള്ളത്. വിനോദത്തിനുവേണ്ടി സഹചാരികളും, നേരംപോക്ക് പറയുന്നവരുമായവരേയാണ് നര്‍മ്മസചിവന്‍ എന്ന് പറയുന്നത്. ശനിയ്ക്ക് ദൂതന്‍റെ കാരകത്വമാകുന്നു.

ജാതകത്തില്‍ ഏതു ഗ്രഹമാണോ ബലവാനായിരിക്കുന്നത് അതിന്‍റെ രാജത്വാദി സ്വഭാവമാണ് അവനുണ്ടാവുക. സൂര്യന്‍ ബലവാനാണെങ്കില്‍, രാജാവിനെപ്പോലെ പ്രതാപം ഭരണസാമര്‍ത്ഥ്യം ദാനശീലത്വം മുതലായ രാജഗുണങ്ങളോടുകൂടിയിരിയ്ക്കുമെന്നു പറയണം. മറ്റു ഗ്രഹങ്ങള്‍ക്ക്‌ ഇപ്രകാരം കാണേണ്ടതാകുന്നു.