വര്‍ഗ്ഗോത്തമനവാംശകം, മൂലത്രികോണരാശികള്‍

വര്‍ഗ്ഗോത്തമാശ്ചരഗൃഹാദിഷു പൂര്‍വ്വമധ്യ-
പര്യന്തതഃ സുശുഭദാ നവഭാഗസംജ്ഞാഃ
സിംഹോ വൃഷഃ പ്രഥമഷഷ്ഠഹയാംഗതൗലി-
കുംഭാസ്ത്രികോണഭവനാനി ഭവന്തി സൂര്യാത്.

സാരം :-

ചരരാശികളില്‍ ആദ്യത്തേയും, സ്ഥിരരാശികളില്‍ അഞ്ചാമത്തേയും, ഉഭയരാശികളില്‍ ഒമ്പതാമത്തേയും നവാംശകങ്ങള്‍ക്ക് "വര്‍ഗ്ഗോത്തമനവാംശകങ്ങള്‍" എന്ന് പേരുണ്ട്. ഈ വര്‍ഗ്ഗോത്തമങ്ങള്‍ ശുഭഫലപ്രദങ്ങളുമാകുന്നു. "ശുഭം വര്‍ഗ്ഗോത്തമേ ജന്മ" എന്നുണ്ട്. ലഗ്നാദിഭാവങ്ങളോ സൂര്യാദിഗ്രഹങ്ങളോ വര്‍ഗ്ഗോത്തമത്തില്‍ നിന്നാല്‍ അതിന് ബലം അധികമുണ്ടെന്ന് പറയണം.

1) ചിങ്ങം, 2) ഇടവം 3) മേടം, 4) കന്നി, 5). ധനു, 6) തുലാം, 7) കുംഭം എന്നീ രാശികള്‍ സൂര്യന്‍ മുതല്‍ക്കുള്ള ഏഴു ഗ്രഹങ്ങളുടേയും മൂലത്രികോണങ്ങളാകുന്നു.

സൂര്യന് ചിങ്ങത്തില്‍ ആദ്യം മുതല്‍ 20 തിയ്യതികള്‍ കഴിയുന്നതുവരെ മൂലത്രികോണവും, ശേഷം ഭാഗം സ്വക്ഷേത്രവുമാണ്.

മൂലത്രികോണത്തില്‍ മുക്കാല്‍ബലവും സ്വക്ഷേത്രത്തില്‍ അരബലവുമാണ് ഗ്രഹങ്ങള്‍ക്കുള്ളതെന്നും അറിയുക.

ചന്ദ്രന് ഇടവത്തില്‍ മൂന്നു തിയ്യതികള്‍ കഴിയുന്നതുവരെ ഉച്ചവും, ശേഷം മൂലത്രികോണവുമാണ്. 

ചൊവ്വയ്ക്ക്‌ മേടത്തില്‍ 12 തിയ്യതികള്‍ കഴിയുന്നതുവരെ മൂലത്രികോണവും, ശേഷം സ്വക്ഷേത്രവുമാണ്

ബുധന് കന്നിയില്‍ ആദ്യം മുതല്‍ 15 തിയ്യതികള്‍ കഴിയുന്നതുവരെ ഉച്ചവും, 16 മുതല്‍ 20 കൂടിയ അഞ്ചു തിയ്യതികള്‍ മൂലത്രികോണവും, ഒടുവിലത്തെ 10 തിയ്യതികള്‍ സ്വക്ഷേത്രവുമാണ്.

ശുക്രന് തുലാത്തില്‍ അഞ്ചുതിയ്യതികള്‍ മൂലത്രികോണങ്ങളും ബാക്കി സ്വക്ഷേത്രവുമാണ്.

ശനിക്കു കുംഭത്തില്‍ ആദ്യം മുതല്‍ 20 തിയ്യതികള്‍ മൂലത്രികോണങ്ങളും, ശേഷം സ്വക്ഷേത്രവുമാകുന്നു.