ഗ്രഹങ്ങളുടെ ഉച്ചനീചാദികളെ പറയുന്നു

അജവൃഷഭമൃഗാംഗനാകുളീരാ
ഝഷവണിജൗ ച ദിവാകരാദിതുംഗാഃ
ദശശിഖിമനുയുക്തിഥീന്ദ്രിയാംശൈ-
സ്ത്രിനവകവിംശതിഭിശ്ച തേƒസ്തനീചാഃ

സാരം :-

മേടം രാശി സൂര്യന് ഉച്ചവും, അതില്‍ തന്നെ പത്താമത്തെ തിയ്യതി അത്യുച്ചഭാഗവും തുലാം നീചവും, അതില്‍ പത്താമത്തെ തിയ്യതി അതിനീചവുമാകുന്നു.ഇങ്ങിനെ തന്നെ ഇടവം ചന്ദ്രന് ഉച്ചവും അതില്‍ മൂന്നാമത്തെ തിയ്യതി അത്യുച്ചവും, കുജന് മകരം ഉച്ചവും, അതില്‍ ഇരുപത്തിയെട്ടാമത്തെ (28 മത്തെ)  തിയ്യതി അത്യുച്ചവും, ബുധന് കന്നി ഉച്ചവും, അതില്‍ പതിനഞ്ചാമത്തെ (15 മത്തെ) തിയ്യതി അത്യുച്ചവും, കര്‍ക്കിടകം വ്യാഴത്തിനു ഉച്ചവും അതില്‍ അഞ്ചാമത്തെ തിയ്യതി അത്യുച്ചവും, ശുക്രന് മീനം ഉച്ചവും അതില്‍ ഇരുപത്തിയെഴാമത്തെ (27 മത്തെ) തിയ്യതി അത്യുച്ചവും, ശനിക്കു തുലാം ഉച്ചവും അതില്‍ ഇരുപതാമത്തെ (20 മത്തെ) തിയ്യതി അത്യുച്ചവുമാകുന്നു. അതാതു ഗ്രഹങ്ങള്‍ക്ക്‌ അവരവരുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചവും, ആ നീചത്തില്‍ അത്യുച്ചമായി പറഞ്ഞ തിയ്യതികള്‍ അതിനീചങ്ങളുമാകുന്നു.