വിലിഖ്യ ചക്രം പ്രവികീര്യ ചാക്ഷതം
സംപൂജ്യ ഭക്ത്യാഥ കൃതേƒഷ്ടമംഗലേ
ആരാധ്യ രാശിം കനകേന സംസ്‌പൃശേൽ
പ്രഷ്ടാ, വരാടീർവിഭജേച്ച ദൈവവിൽ.
സാരം :-
രാശിചക്രമെഴുതിയിട്ട് ആ രാശിഖണ്ഡങ്ങളിൽ അക്ഷതം (പുഷ്പം) വിതറണം. പിന്നീട് ഭക്ത്യാദരങ്ങളോടു കൂടെ പരമശിവൻ മുതലായവരെ പൂജിക്കണം. പിന്നെ വിധിപ്രകാരം അഷ്ടമംഗലം ഉണ്ടാക്കുന്നതിന് ആരംഭിക്കണം. അപ്പോൾ പ്രഷ്ടാവ് ഈശ്വരപ്രാർത്ഥനയോടുകൂടി സ്വർണ്ണത്തെ രാശിഖണ്ഡത്തിൽ വയ്ക്കണം. അപ്പോൾ ദൈവജ്ഞൻ (ജ്യോതിഷി) കവിടികളെ മൂന്നായി ഭാഗിക്കയും വേണം. ഈ ഘട്ടത്തിൽ അഷ്ടമംഗലം എന്നുപറയപ്പെടുന്നത് കവിടികളെ മൂന്നായി വിഭജിച്ച് അവയിൽ ഓരോ ഭാഗങ്ങളിൽ നിന്നും എട്ടു കവിടി വീതം കളഞ്ഞു ബാക്കി ശേഷിക്കുന്ന സംഖ്യക്കാണെന്നു ഗ്രാഹ്യമാകുന്നു. ഇത് ഗണിതാന്യായപ്രകാരം ഏകസ്ഥാനദശസ്ഥാനശതസ്ഥാനമായിരിക്കും.
****************************
രക്താനി കുസുമാന്യത്ര ഗൃഹന്തേ കൈശ്ചനാപരൈഃ
ശുക്ലാനി ദൃശ്യതേ പ്രായേണാദ്യ തുംബാഭിധാർത്തവം.
ചില ദൈവജ്ഞന്മാർ പ്രശ്നവിഷയമായ പൂജയ്ക്ക് ചുവന്ന പുഷ്പങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. മറ്റു ചിലർ വെളുത്ത പുഷ്പങ്ങളും സ്വീകരിച്ചുവരാറുണ്ട്. എങ്കിലും ഇപ്പോൾ സാധാരണ ദൈവജ്ഞന്മാർ അനുവർത്തിച്ചുകാണുന്നത് തുമ്പപ്പൂവാണ്. ഇതുകൊണ്ട് വെളുത്ത പുഷ്പമാണ് വേണ്ടതെന്നും വിശേഷിച്ച് തുമ്പപ്പൂവിന് പ്രാമാണ്യമുണ്ടെന്നും വെളിവാകുന്നു. പോരെങ്കിൽ ചുവന്ന പുഷ്പം അശുഭ നിമിത്തങ്ങളുടെ കൂട്ടത്തിൽ ഗണിച്ചിട്ടും ഉണ്ടല്ലോ.