തതഃ പ്രഷ്ടാ നിജാഭീഷ്ടം ധ്യായംസ്തിഷ്ഠതു സാഞ്ജലിഃ
ദൈവജ്ഞോഥ സ്മരൻ പ്രഷ്ടുരഭീഷ്ടം താ വരാടികാഃ
സംസ്പൃശൻ സംസ്‌പൃശന്മന്ത്രം മൂർത്തിത്വേപൂർവ്വകം ജപേൽ
ത്രിവാരം തജ്ജപസ്യാന്തേ ദൂതം ബ്രൂയാന്ന്യസേരിതി.
സാരം :-
ദൂതൻ സ്വർണ്ണവും വാങ്ങി നിന്നാൽ പ്രഷ്ടാവു തന്റെ ആഗ്രഹത്തെ മനസ്സിൽ വിചാരിച്ചുകൊണ്ടു കൂപ്പുകയ്യോടുകൂടി ഈശ്വരധ്യാനനിഷ്ഠയോടുകൂടി ഒരു ഭാഗത്തു നില്ക്കണം. ദൈവജ്ഞൻ പ്രഷ്ടാവിന്റെ അഭീഷ്ടത്തെ മനസ്സിൽ വിചാരിച്ചുകൊണ്ടു കവിടികളെ തലോടണം. അപ്പോൾ മുൻപറഞ്ഞവണ്ണം ഗ്രഹങ്ങളേയും ഗുരുക്കന്മാരേയും മറ്റും ധ്യാനിച്ചുകൊള്ളണം. കവിടികളെ തലോടുമ്പോൾ "മൂർത്തിത്വേ പരികല്പിതഃ " ഇത്യാദിയായ ശ്ലോകത്തെ മൂന്നുപ്രാവശ്യം ജപിക്കണം. മറ്റുള്ള ഇഷ്ടദേവതകളേയും ധ്യാനിക്കണം. അതിനുശേഷം ദൂതനോട് (സ്വർണ്ണം ധരിച്ചുകൊണ്ടു നിൽക്കുന്ന ആളോട്) സ്വർണ്ണംവയ്ക്കാം എന്നു പറയണം.