ചന്ദ്രനെ നോക്കുന്ന ഗ്രഹത്തിന്റെ സ്ഥിതിഭേദം തുടങ്ങിയുള്ളവകൊണ്ട് ചന്ദ്രൻ കൊടുക്കുന്ന ഫലത്തിനു വ്യത്യാസമുണ്ടാവുമെന്നതിനേയും, മേഷാദി ദ്വാദശാംശകസ്ഥിതനായ ചന്ദ്രനെ മറ്റു ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലാദികളേയും മറ്റുമാണ് പറയുന്നത്

ഹോരേശർക്ഷദളാശ്രിതൈഃ ശുഭകരോ
ദൃഷ്ടശ്ശശീ തദ്ഗത-
സ്ത്ര്യംശേ തൽപതിഭിസ്സുഹൃദ് ഭവനഗൈർവ്വാ
വീക്ഷിതശ്ശസ്യതേ
യൽ പ്രോക്തം പ്രതിരാശി വീക്ഷണഫലം
തദ്ദ്വാദശാംശേ സ്മൃതം
സൂര്യാദ്യൈരവലോകിതേ ശശിനി വി-
ജ്ഞേയം നവാംശേഷ്വതഃ

സാരം :-

 നിൽക്കുന്നത് ഏതു രാശിയിലായാലും ശരി, ചന്ദ്രൻ സൂര്യഹോരയിൽ നിൽക്കുകയും, മറ്റു ഗ്രഹങ്ങൾ സൂര്യഹോരയിൽ നിന്നുകൊണ്ടുതന്നെ ആ ചന്ദ്രനെ നോക്കുകയും ചെയ്ക; അല്ലെങ്കിൽ ചന്ദ്രഹോരയിൽ നിൽക്കുന്ന ചന്ദ്രനെ അന്യഗ്രഹങ്ങൾ ചന്ദ്രഹോരയിൽ നിന്നുകൊണ്ടു നോക്കിയാലും മതി. ഇങ്ങനെയായാൽ ആ ചന്ദ്രൻ ശുഭഫലത്തെ പ്രദാനം ചെയ്യുന്നതാകുന്നു. നേരെ മറിച്ചു സൂര്യഹോരസ്ഥിതനായ ചന്ദ്രനെ മറ്റു ഗ്രഹങ്ങൾ ചന്ദ്രഹോരാസ്ഥിതന്മാരായിട്ടോ, സ്വഹോരാസ്ഥിതനായ ചന്ദ്രനെ സൂര്യഹോരാസ്ഥിതന്മാരായിട്ടോ നോക്കുന്നതായാൽ അങ്ങനെയുള്ള ചന്ദ്രൻ അശുഭഫലത്തേയും കൊടുക്കുന്നതാണ്.

ചന്ദ്രൻ നിൽക്കുന്ന ദ്രേക്കാണാധിപന്റേയോ ബന്ധുക്ഷേത്രസ്ഥിതന്മാരായ മറ്റേതെങ്കിലും ഗ്രഹങ്ങളുടേയോ ദൃഷ്ടിയോടുകൂടിയ ചന്ദ്രൻ ശുഭഫലത്തേയും, മറിച്ച് ശത്രുക്ഷേത്രഗതനായ ദ്രേക്കാണാധിപന്റേയോ അപ്രകാരം ശത്രുക്ഷേത്രഗതന്മാരായ മറ്റേതെങ്കിലും ഗ്രഹങ്ങളുടേയോ ദൃഷ്ടിയോടുകൂടിയ ചന്ദ്രൻ അശുഭഫലത്തേയും അനുഭവിപ്പിയ്ക്കുന്നതാകുന്നു. ഇവിടെ മൂലശ്ലോകത്തിൽ  ദ്രേക്കാണത്തെ മാത്രമേ പറഞ്ഞിട്ടുള്ളുവെങ്കിലും "തത്പതിഭി" എന്ന ബഹുവചനമായി പറഞ്ഞിട്ടുള്ളതിനാൽ നവാംശകദ്വാദശാംശകാദി മറ്റു വർഗ്ഗാധിപന്മാരയും, "സുഹൃത്ഭവനഗൈഃ" എന്നേടത്തു സ്വോച്ചസ്വക്ഷേത്രാദി സ്ഥിതന്മാരേയും ഗ്രഹിയ്ക്കേണ്ടതാകുന്നു. അപ്പോൾ ചന്ദ്രനു സ്വോച്ചസ്വക്ഷേത്രാദിസ്ഥിതിനിമിത്തം ബലവാന്മാരായ തന്റെ ഏതു വർഗ്ഗാധിപന്റെ ദൃഷ്ടിയുണ്ടായാലും ആ ചന്ദ്രൻ ശുഭപ്രദനാകുമെന്നും, അതിനു വിപരീതദൃഷ്ടിയാണ് ചന്ദ്രനുള്ളതെങ്കിൽ ആ ചന്ദ്രൻ അശുഭപ്രദനാകുമെന്നും വന്നുവല്ലോ. ദ്രേക്കാണാധിപന്മാരും ബന്ധുക്ഷേത്രാദിസ്ഥിതന്മാരും ചന്ദ്രനെ നോക്കുന്നവരുമായ മേൽപറഞ്ഞ ഗ്രഹങ്ങൾ ശുഭന്മാരാണെങ്കിൽ ചന്ദ്രൻ അധികശുഭപ്രദനും, അവർ പാപന്മാരാണെങ്കിൽ ചന്ദ്രൻ മധ്യമഫലപ്രദനുമാകുമെന്നും മറ്റും ഊഹിയ്ക്കുകയും ചെയ്യാം.

ഇവിടെ ചന്ദ്രൻ മേഷാദി രാശികളിൽ നിൽക്കുമ്പോൾ മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടിയാൽ അനുഭവപ്പെടുമെന്നു പറഞ്ഞ ഫലങ്ങൾതന്നെയാണ് മേഷാദിദ്വാദശാംശകങ്ങളോടുകൂടി നിൽക്കുന്ന ചന്ദ്രനെ മറ്റു ഗ്രഹങ്ങൾ നോക്കിയാലും അനുഭവപ്പെടുക എന്നു പറയേണ്ടതാണ്. മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രനു ചൊവ്വയുടെ ദൃഷ്ടിയുണ്ടായാൽ രാജവാകുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. ചൊവ്വയുടെ ദൃഷ്ടിയോടുകൂടി ചന്ദ്രൻ മേടദ്വാദശാംശത്തിൽ നിന്നാലും ആ ഫലംതന്നെ അനുഭവിയ്ക്കുമെന്നു സാരം. ഇതുപോലെ മറ്റെല്ലാം ഊഹിച്ചുകൊൾക. ചന്ദ്രലഗ്നങ്ങൾക്കു ഫലസാമ്യമുണ്ടെന്ന് മുമ്പ് പറഞ്ഞുവല്ലോ. അതിനെ അനുസരിച്ചു ഈ ദൃഷ്ടിപ്രകരണത്തിലും ചന്ദ്രന്റെ സ്ഥാനത്ത് ലഗ്നത്തെ കല്പിച്ച് ചന്ദ്രനു ഇവിടെ പറഞ്ഞ എല്ലാ ഫലങ്ങളും ലഗ്നത്തിനും യോജിപ്പിയ്ക്കുകയും ചെയ്യാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.