അപ്രിയഭാഷിത്വം അപസ്മാരം ക്ഷയം ഈ ദോഷങ്ങളും ഭൃത്യത്വവും അനുഭവിയ്ക്കേണ്ടതിനുള്ള ലക്ഷണങ്ങളേയാണ് ഇനി പറയുന്നത്

പരുഷവചനോപസ്മാരാർത്തഃ ക്ഷയീ ച നിശാപതൌ
സരവിതനയേ വക്രാലോകം ഗതേ പരിവേഷഗേ
രവിയമകുജൈസ്സൌമ്യാദൃഷ്ടൈർന്നഭസ്ഥലമാശ്രിതൈർ-
ഭൃതകമനുജാഃ പൂർവ്വോദ്ദിഷ്ടൈർവ്വരാധമമദ്ധ്യമാഃ

സാരം :-

ജനനസമയത്തെ ചന്ദ്രനു 1). ശനിയുടെ യോഗമുണ്ടാവുക 2). ചൊവ്വയുടെ ദൃഷ്ടിയുണ്ടാവുക 3). ധൂമാദി പഞ്ചദോഷങ്ങളിൽ പരിവേഷം എന്ന ദോഷത്തോടുകൂടുക * ചന്ദ്രനു മേൽപറഞ്ഞ മൂന്നു ദോഷങ്ങളുമുണ്ടായാൽ അയാൾ സദാ അപ്രിയഭാഷിയും അപസ്മാരയുക്തനും രാജയക്ഷ്മാവോടു കൂടിയവനുമായിരിയ്ക്കുന്നതാണ്. ചന്ദ്രനു മുൻപറഞ്ഞ മൂന്നു ദോഷങ്ങളിൽ രണ്ടെണ്ണമേ ഉള്ളൂവെങ്കിൽ മേൽപ്പറഞ്ഞ പരുഷഭാഷിത്വാദി ഫലങ്ങളിൽ  രണ്ടെണ്ണവും ഒരു ദോഷമാണുള്ളതെങ്കിൽ ഒരു ഫലം മാത്രവുമാണ് അനുഭവിയ്ക്കുക എന്നും അറിയുകയും വേണം. "പരിവേഷം" എന്നതിനു ചന്ദ്രമണ്ഡലത്തിന്റെ ചുറ്റുപാടും ചില സമയം കണ്ടുവരാറുള്ള വൃത്താകാരമായ പ്രഭാവിശേഷം എന്നാണ് അർത്ഥമെന്നും ഒരു അഭിപ്രായമുണ്ട്.

ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതിന്റെ പത്താംഭാവത്തിൽ സൂര്യനും ചൊവ്വയും ശനിയും നില്ക്കുക; ഇവർക്കു ഒരു ശുഭഗ്രഹത്തിന്റെ എങ്കിലും ദൃഷ്ടി ഇല്ലാതേയുമിരിയ്ക്കുക; ഈ യോഗസമയത്തു ജനിച്ചവൻ ഭൃത്യനായിത്തീരുന്നതാണ്. മേൽപ്പാറഞ്ഞ മൂന്നു പാപഗ്രഹങ്ങളിൽ ഒരു പാപഗ്രഹം മാത്രം ശുഭഗ്രഹദൃഷ്ടിയോടുകൂടാതെ പത്താം ഭാവത്തിൽ നിന്നാൽ ഭൃത്യശ്രേഷ്ഠനും, അങ്ങിനെ രണ്ടു പാപഗ്രഹങ്ങൾ നിന്നാൽ മദ്ധ്യമഭൃത്യനും, മൂന്നു പാപഗ്രഹങ്ങളും അങ്ങിനെ നിന്നാൽ ഭൃത്യന്മാരിൽ അധമനുമായിത്തീരുന്നതാണ്. 

ഭൃത്യത്വപ്രാപ്തിയെക്കുറിച്ചു ഇനിയും രണ്ടു അഭിപ്രായമുണ്ട്. 1). ആദിത്യകുജമന്ദന്മാരിൽ ഒരുഗ്രഹം മാത്രം ശുഭഗ്രഹദൃഷ്ടിവിഹീനനായി പത്താം ഭാവത്തിൽ നിന്നാൽ നിത്യവൃത്യർത്ഥം ഭൃത്യനായിത്തീരുമെന്നും അങ്ങിനെ മേൽപ്പറഞ്ഞ പാപഗ്രഹങ്ങളിലെ രണ്ടു പാപഗ്രഹങ്ങൾ പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി  നിന്നാൽ ദാസ്യപ്രവൃത്തിയ്ക്കുവേണ്ടി വല്ലവരും വിലയ്ക്കുവാങ്ങുമെന്നും, മൂന്നു പാപഗ്രഹങ്ങളും പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ ഭൃത്യവംശത്തിൽ ജനിയ്ക്കുകയും ഭൃത്യനായിത്തീരുകയും ചെയ്യുമെന്നും ആണ് ഇവർ പറയുന്നത്.  "പൂർവ്വോദ്ദിഷ്ടൈ" എന്നതിനു ഈ അദ്ധ്യായത്തിലെ പതിനാലാം ശ്ലോകത്തിൽ പറഞ്ഞപോലെ എന്നാണ് അർത്ഥമെന്നും കല്പിച്ചിട്ടാണ് ഇവർ ഈ അർത്ഥം പറയുന്നതെന്നും അറിയണം. ഇതാണ് ഒരു അഭിപ്രായം. 2). "പൂർവ്വോദ്ദിഷ്ടൈർവ്വരാധമമദ്ധ്യമാഃ എന്നതിനു, സൂര്യൻ മാത്രം പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ ഭൃത്യശ്രേഷ്ഠനും, ശനിമാത്രം പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ ഭൃത്യന്മാരിൽ അധമനും, ചൊവ്വ മാത്രം പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ മദ്ധ്യമഭൃത്യനുമാകുന്നതാണ് എന്നാണ് അർത്ഥം. ഇതാണ് മറ്റൊരു അഭിപ്രായം. ഈ അഭിപ്രായങ്ങൾക്കു അസാധുത്വമുണ്ടെന്നു മൂലശ്ലോകത്തിന്റെ നില നോക്കിയാൽ തോന്നുന്നതുമില്ലെന്നും അറിയുക.

--------------------------------------------------------
* ധൂമം വ്യതീപാതം പരിവേഷം ഇന്ദ്രചാപം കേതു ഇങ്ങനെ അഞ്ചു ദോഷങ്ങളുണ്ട്. അതിൽ മൂന്നാമത്തേതാണ് പരിവേഷം. ജനനസമയത്തേയ്ക്ക് തല്ക്കാലിച്ചുണ്ടാക്കിയ സൂര്യസ്ഫുടത്തിൽ നാലു രാശിയും 13 തിയ്യതിയും കൂട്ടിയാൽ ധൂമത്തിന്റേയും 12 രാശിയിൽ നിന്ന് ഈ ധൂമത്തെ കളഞ്ഞാൽ അത് വ്യതീപാതത്തിന്റേയും ഈ വ്യതീപാതത്തിൽ ആറു രാശി കൂട്ടിയാൽ പരിവേഷത്തിന്റേയും സ്ഫുടങ്ങളാകുന്നതാണ്. "ധൂമോ വേദഗൃഹൈസ്ത്രയോദശഭിരപ്യംശൈഃ സമേതേ രവൌ സ്യാത്തസ്മിൻ വ്യതീപാതകോവിഗളിതേ ചക്രാദഥാസ്മിൻ യുതേ - ഷൾഭിർഭൈഃ പരിവേഷഃ" എന്ന് പ്രമാണവചനവുമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.