കല്യാണരൂപഗുണമാത്മസുഹൃദ്ദൃഗാണേ
ചന്ദ്രോന്യഗസ്തദധിനാഥഗുണം കരോതി
വ്യാളോദ്യതായുധചതുശ്ചരണാണ്ഡജേഷു
തീക്ഷ്ണാതിഹിംസ്രഗുരുതല്പരതാടനാശ്ച.
ജനനസമയത്ത് ചന്ദ്രൻ തന്റേയോ തന്റെ ബന്ധുഗ്രഹത്തിന്റേയോ ദ്രേക്കാണത്തിൽ നിന്നാൽ, അയാൾ നല്ല സൌന്ദര്യശാലിയും സൌശീലാദ്യുൽകൃഷ്ടഗുണസമ്പന്നനുമായിത്തീരും. തന്റേയോ സ്വബന്ധുവിന്റേയുമല്ലാത്ത ഒരന്യഗ്രഹത്തിന്റെ ദ്രേക്കാണസ്ഥനാണെങ്കിൽ, അയാൾ ആ ദ്രേക്കാണാധിപന്റെ ഗുണത്തോടു തുല്യഗുണവാനായിരിയ്ക്കുകയും ചെയ്യും. ചന്ദ്രൻ തന്റെ ഒരു സമഗ്രഹത്തിന്റെ ദ്രേക്കാണത്തിൽ നിന്നാൽ സൌന്ദര്യാദി ഗുണങ്ങൾ മധ്യമങ്ങളായിരിയ്ക്കുമെന്നും, ശത്രുദ്രേക്കാണസ്ഥനായാൽ അയാൾക്കു ആ ഗുണങ്ങൾ തീരെ ഉണ്ടാവില്ലെന്നും അറിക.
ജന്മസമയത്തു ചന്ദ്രൻ നിൽക്കുന്നത് സർപ്പരൂപം ആയ * ദ്രേക്കാണത്തിലാണെങ്കിൽ അയാൾ ഉഗ്രസ്വഭാവയുക്തനും, ചന്ദ്രൻ ആയുധസഹിതദ്രേക്കാണത്തിലാണെങ്കിൽ അത്യന്തം ഹിംസാതല്പരനും, ചന്ദ്രൻ ചതുഷ്പാദ്രേക്കാണസ്ഥനായാൽ ഗുരുഭാര്യയിൽ ആസക്തനും, ചന്ദ്രൻ പക്ഷി സ്വരൂപദ്രേക്കാണസ്ഥനായാൽ അയാൾ സദാ സഞ്ചാരശീലനുമായിരിക്കും. ചന്ദ്രലഗ്നങ്ങൾക്കു തുല്യഫലത്വമുണ്ടാകയാൽ ഈ ദ്രേക്കാണഫലവും, അടുത്ത ശ്ലോകംകൊണ്ടു പറയുന്ന നവാംശകദ്വാദശാംശകഫലങ്ങളും ലഗ്നത്തിനും യോജിപ്പിച്ചു പറയേണ്ടതുമാണ്.
-----------------------------------------------------------------
* ദ്രേക്കാണസ്വരൂപം ഈ ഗ്രന്ഥത്തിലെ ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ പറയുന്നതാണ്.