ഗര്‍ഭാധാനത്തിങ്കലെ ദ്വന്ദ്വധര്‍മ്മത്തെസ്സംബന്ധിച്ചുള്ള ചില വിശേഷത്തേയും ശൃംഗാരകോപാദിചേഷ്ടാ വിശേഷങ്ങളേയുമാണ് പറയുന്നത്

യഥാസ്തരാശിര്‍മ്മിഥുനം സമേതി
തഥൈവ വാച്യോ മിഥുനപ്രയോഗഃ
അസദ് ഗ്രഹാലോകിതസംയുതേസ്തേ
സരോഷ ഇഷ്ടൈസ്സവിലാസഹാസഃ

സാരം :-

സ്ത്രീപുരുഷന്മാരുടെ മിഥുനപ്രയോഗം ഗര്‍ഭാധാനലഗ്നത്തിന്‍റെയോ, അത് നിശ്ചയമില്ലെങ്കില്‍ പ്രശ്നലഗ്നത്തിന്‍റെയോ ഏഴാം ഭാവത്തിന്‍റെ സമ്പ്രദായത്തിലായിരിക്കുമെന്നാണ് പറയേണ്ടത്. ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഏഴാം ഭാവം ചതുഷ്പാദ്രാശിയാണെങ്കില്‍ നാല്ക്കാലികളുടെ സമ്പ്രദായത്തിലും, മനുഷ്യരാശിയിലാണെങ്കില്‍ മനുഷ്യരെപ്പോലെയും, സരീസൃപരാശിയാണെങ്കില്‍ സരീസൃപങ്ങളുടെ മട്ടിലും ആയിരിയ്ക്കും മിഥുനപ്രയോഗമുണ്ടായിട്ടുള്ളതെന്നു പറയണം. ഏഴാം ഭാവം ഊര്‍ദ്ധ്വമുഖരാശിയാണെങ്കില്‍ ഉപരിവിഹരമാണെന്നും, അധോമുഖമാണെങ്കില്‍ വിപരീതമാണെന്നും, തിര്യങ്മുഖമാണെങ്കില്‍ ഇരുവരും ചരിഞ്ഞുമായിരിക്കുമെന്നും, ഏഴാം ഭാവം രാത്രിരാശിയാണെങ്കില്‍ മിഥുനപ്രയോഗം രാത്രിയിലും ദിനരാശിയാണെങ്കില്‍ പകലിലും, ആണെന്നും മറ്റുള്ള വിശേഷങ്ങളെക്കൂടി പറയാവുന്നതാണ്. സുരതപ്രശ്നത്തിലും ഏഴാംഭാവംകൊണ്ട് മേല്‍പറഞ്ഞ വിശേഷങ്ങളൊക്കെ പറയാം. "സൌമ്യഗ്രഹൈരന്വിതേ ദൃഷ്ടേ വാ മദഭേ വിലാസ സഹിതം പാപൈസ്തു തദ്രോഷയുക്" എന്ന പ്രമാണമുണ്ട്.

ഏഴാമേടത്തേയ്ക്ക് പാപന്മാരുടെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ദമ്പതിമാര്‍ കോപത്തോടുകൂടിയും, ശുഭന്മാരുടെയോ ഏഴാം ഭാവാധിപന്‍റെയോ യോഗദൃഷ്ടികളുണ്ടെങ്കില്‍ സന്തോഷത്തോടും ശൃംഗാരരസപ്രധാനമായും, രണ്ടിന്‍റെയും യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഇടകലര്‍ന്നുമാണ് മിഥുനപ്രയോഗ ചെയ്തിട്ടുള്ളതെന്നും  പറയണം. 

ഏഴാം ഭാവത്തില്‍ നില്‍ക്കുന്നവന്‍, അതില്ലെങ്കില്‍ അവിടേയ്ക്ക് നോക്കുന്നവന്‍, ഇവരേക്കൊണ്ടാണ് മുന്‍ പറഞ്ഞ ഫലങ്ങള്‍ ചിന്തിയ്ക്കേണ്ടത്. അത് രണ്ടുമില്ലെങ്കില്‍ ഈ പറഞ്ഞ വിശേഷങ്ങളെല്ലാം വിചാരിയ്ക്കേണ്ടത് സപ്തമാധിപനെക്കൊണ്ടാകുന്നു. ആ ഗ്രഹം ഉച്ചസ്ഥാനാണെങ്കില്‍ പ്രയോഗസ്ഥലം കട്ടില്‍ മുതലായ ഉയര്‍ന്ന സ്ഥലത്തും, നീചസ്ഥനാണെങ്കില്‍ നിലത്തും ആണെന്ന് പറയണം. ആദിത്യന്‍റെ യോഗദൃഷ്ട്യാദികള്‍ ഏഴിലേയ്ക്കുണ്ടെങ്കില്‍ വിരിപ്പ് പുല്പായയും, ചന്ദ്രന്‍റെ എങ്കില്‍ മരപ്പടിയും, കുജന്‍റെ എങ്കില്‍ കരിമ്പടവും, ബുധമന്ദന്മാരുടെയെങ്കില്‍ തോലും, ഗുരുശുക്രന്മാരുടെ യോഗദൃഷ്ട്യാദികള്‍ ഏഴിലേയ്ക്കുന്ടെങ്കില്‍ വിരിപ്പ് വസ്ത്രാദികളുമായിരിയ്ക്കുന്നതാണ്. അങ്ങനെ തന്നെ ഏഴിലേയ്ക്ക് ശനിയുടെ അംശകമോ ദൃഷ്ടിയോ യോഗമോ ഉണ്ടാവുക, ആ ഭാവം ശനിക്ഷേത്രമാവുകയോ ജലരാശിയാവുകയോ ചെയ്ക, ഇതിലൊന്നുണ്ടായാല്‍ മിഥുനപ്രയോഗം ഇരുട്ടത്തായിരുന്നുവെന്നും, സൂര്യചന്ദ്രന്മാരുടെ യോഗദൃഷ്ട്യാദികള്‍ ഏഴിലേയ്ക്കുണ്ടായിരുന്നുവെങ്കില്‍ മിഥുനപ്രയോഗം വെളിച്ചത്തായിരുന്നുവെന്നും മറ്റും, ദേശം കാലം ജാതി അവസ്ഥ ഇതുകളെ ആലോചിച്ച് യുക്തിയ്ക്കനുസരിച്ച് ഫലങ്ങളെ പറയേണ്ടതാകുന്നു.