ഗ്രഹങ്ങളുടെ ചേഷ്ടാബലം

ഉദഗയനേ രവിശീതമയൂഖൗ
വക്രസമാഗമഗാഃ പരിശേഷാഃ
വിപുലകരാ യുധി ചോത്തരസംസ്ഥാ - 
ശ്ചേഷ്ടിതവീര്യയുതാഃ പരികല്പ്യാഃ

സാരം :- 

ചേഷ്ടാബലം :- സൂര്യചന്ദ്രന്മാര്‍ക്ക് ഉത്തരായനത്തില്‍ (ഈ രണ്ടു ഗ്രഹങ്ങളും മകരാദി ആറ് രാശികളില്‍ സഞ്ചരിയ്ക്കുമ്പോള്‍) ആണ് ചേഷ്ടാബലം ഉള്ളത്.

കുജാദി അഞ്ചു ഗ്രഹങ്ങള്‍ക്ക്‌ ചേഷ്ടാബലം മൂന്നു വിധത്തിലുണ്ട്. അവ 1). വക്രഗതിയുള്ള കാലം 2). സമാഗമകാലം. 3). യുദ്ധത്തില്‍ വിജയമുണ്ടാവുന്ന കാലം ഇതുകളാകുന്നു.

**********************

കുജാദിഗ്രഹങ്ങള്‍ ചന്ദ്രനൊരുമിച്ച് ഒരേ രാശിയില്‍ നില്‍ക്കുന്ന കാലത്തെയാണ് സമാഗമം എന്ന് പറയുന്നത്.

കുജന്‍ മുതല്‍ ശനികൂടിയ അഞ്ചുഗ്രഹങ്ങള്‍ ഒരംശത്തിലധികം അകലെയല്ലാതെ വരുമ്പോഴാണ് യുദ്ധം എന്ന് പറയുന്നത്. യുദ്ധത്തില്‍ പരാജയമുണ്ടാവുന്നത് പ്രായേണ തെക്കുവശത്ത് നില്‍ക്കുന്ന ഗ്രഹത്തിനാകുന്നു. നമുക്ക് കാഴ്ചയില്‍തന്നെ തെക്കുവശത്തു നില്‍ക്കുന്ന ഗ്രഹം പ്രകാശം കുറഞ്ഞും, വിറയലോടുകൂടിയും, വടക്കുവശത്തുനില്‍ക്കുന്ന ഗ്രഹത്തെ ഭയപ്പെടുന്നപോലെയും ഇരിയ്ക്കും. എന്നാല്‍ ശുക്രന്‍ മാത്രം തെക്കുവശത്ത് നില്‍ക്കുമ്പോഴും വിജയിയാകാറുണ്ട്. "ദക്ഷിണസംസ്ഥഃ പുരുഷോ വേപഥുമാന്‍ പ്രാപ്യസന്നിവൃത്തോന്നു" എന്ന് തുടങ്ങി ഇതിനെക്കുറിച്ച് പ്രമാണവും ഉണ്ട്.