നക്ഷത്രദശാ കണ്ടുപിടിക്കുന്നത് എങ്ങനെ?
ചന്ദ്രസ്ഫുടംനാള്‍ കണ്ട് എത്ര വിനാഴിക ലഭിച്ചിട്ടുണ്ടോ അത്ര നാഴിക വിനാഴികകള്‍ 60 ല്‍ നിന്ന് കളഞ്ഞ് (കുറച്ച്) ശിഷ്ടം ലഭിക്കുന്ന നാഴിക വിനാഴികകളെ ജന്മനക്ഷത്രനാഥന്റെ ദശാസംവത്സരംകൊണ്ട് പെരുക്കി (ഗുണിച്ച്) 60 ല്‍ ഹരിച്ച് കിട്ടുന്ന ഫലം ജനനാനന്തരം ആ ദശാനാഥന്റെ സംവത്സരത്തില്‍ കഴിവാനുള്ള വത്സരമാകുന്നു. അതില്‍ ശിഷ്ടത്തെ 12 ല്‍ പെരുക്കി (ഗുണിച്ച്) 60 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഫലം ദിവസവും അതില്‍ ശിഷ്ടം വരുന്നത് നാഴികയാകുന്നു. ഇതാണ് ജനനാന്തരം ജന്മനക്ഷത്രംകൊണ്ട് നക്ഷത്രദശവരുത്തുവാനുള്ള ക്രിയ.
ഉദാഹരണം :-
ചന്ദ്രസ്ഫുടം 7-1-58 (7 രാശി, 1 ദിവസം, 58 കല (നാഴിക))
മേല്‍വിവരിച്ച ചന്ദ്രസ്ഫുടത്തില്‍ വിശാഖം നാളില്‍ ചെന്ന നാഴിക 53. വിനാഴിക 51. ഇത് 60 ല്‍ നിന്ന് കളഞ്ഞാല്‍ കിട്ടുന്നത് 6 നാഴിക 9 വിനനാഴികയാണ്. വിശാഖം നാളില്‍ ജനാനന്തരം കഴിയുവാനുള്ളതാണ്. ഇതിനെ വിശാഖം നക്ഷത്രനാഥനായ വ്യാഴത്തിന്റെ നക്ഷത്രദശാസംവത്സരമായ 16 പെരുക്കണം (ഗുണിക്കണം). 6 നാഴിക 9 വിനാഴിക x 16 = 96 നാഴിക 144 വിനാഴിക. ഇതിലെ വിനാഴികയായ 144 നെ 60 ല്‍ ഹരിച്ച് നാഴികയായ 96 ല്‍ കൂട്ടി അതിനെ 60 ല്‍ ഹരിക്കണം. ആ ഫലമാണ് ദശാസംവത്സരം.
അതായത്
144 ÷ 60 = ഹരണഫലം 2. ശിഷ്ടം 24.
ഹരണഫലം സംഖ്യ 2 നെ 96 ല്‍ കൂട്ടിയാല്‍ 98 ആകുന്നു.
98 നെ 60 ല്‍ ഹരിച്ചാല്‍
98 ÷ 60 = ഹരണഫലം 1 ശിഷ്ടം 38
അപ്പോള്‍ ജനനശിഷ്ടം വ്യാഴദശ കഴിയുവാന്‍ ഒരു കൊല്ലം എന്ന് ലഭിച്ചു.
ശിഷ്ടസംഖ്യകളായ 38, 24 നെ 12 ല്‍ പെരുക്കി (ഗുണിച്ച്) 60 ല്‍ ഹരിക്കണം.
38 x 12 = 456
24 x 12 = 288
288 ÷ 60 = ഹരണഫലം 4 ശിഷ്ടം 48.
ഹരണഫലസംഖ്യ 4 നെ 456 ല്‍ കൂട്ടിയാല്‍ 460 ആകും. 460 നെ 60 ല്‍ ഹരിച്ചാല്‍ ഹരണഫലം 7. ശിഷ്ടം 40. ഹരണഫല സംഖ്യയ 7 നെ നക്ഷത്രദശയില്‍ കഴിയുവാനുള്ള 7 മാസമാകുന്നു.
ശിഷ്ട സംഖ്യകളായ 40, 48 നെ 30 ല്‍ പെരുക്കിയാല്‍
അതായത്
40 x 30 = 1220
48 x 30 = 1440
1440 നെ 60 ല്‍ ഹരിച്ചാല്‍ ഹരണഫലം 24. ശിഷ്ടമില്ല. ഹരണഫലം 24 നെ 1200 ല്‍ കൂട്ടിയാല്‍ 1224 ആകുമല്ലോ. 1224 നെ 60 ല്‍ ഹരിച്ചാല്‍ 1224 ÷ 60 = ഹരണഫലം 20. ഇത് ദിവസമാകുന്നു. ശിഷ്ടമുള്ള 24 നാഴികയുമാകുന്നു. അപ്പോള്‍ ജനാനന്തരം കഴിവാന്‍ ജന്മതാരാധിപനായ വ്യാഴദശാകാലം 1 വയസ്സ് 7 മാസം 20 ദിവസം 24 നാഴികയുമാകുന്നു.
തുടര്‍ന്ന് മുന്‍പ് ദശാനാഥന്മാരെയും ദശാസംവത്സരത്തെയും കാണിച്ചപ്രകാരം ദശാസംവത്സരങ്ങള്‍ ഇതില്‍ കൂട്ടികൊണ്ടാല്‍ മതി. 1 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക ജനനശിഷ്ടം വ്യാഴദശ കിട്ടിയല്ലോ. തുടര്‍ന്ന് വ്യാഴം കഴിഞ്ഞാല്‍ ശനി ദശ 19 കൊല്ലം കൂട്ടണം. അപ്പോള്‍ 20 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക കഴിയും വരെ ശനിദശ. പിന്നെ ബുധദശാകാലം 17 കൂട്ടണം. അപ്പോള്‍ 37 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക കഴിവോളം ബുധദശ. പിന്നീട് കേതു ദശാകാലം 7 കൊല്ലം കൂട്ടിയാല്‍ 44 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക വരെ കേതുദശ. തുടര്‍ന്ന് 20 കൊല്ലം ശുക്രദശ ചേര്‍ത്താല്‍ 64 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക വരെ ശുക്രദശാകാലം. തുടര്‍ന്ന് ആദിത്യദശാവര്‍ഷം 6 ചേര്‍ത്താല്‍ 70 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക ആദിത്യദശാകാലം. തുടര്‍ന്ന് ചന്ദ്രദശാകാലം 10 കൊല്ലം ചേര്‍ത്താല്‍ 80 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക ചന്ദ്രദശാകാലം. തുടര്‍ന്ന് 7 കൊല്ലം ചൊവ്വാദശ ചേര്‍ത്താല്‍ 87 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക കുജദശാകാലം. അവസാനം രാഹുദശാകാലം 18 കൂട്ടിയാല്‍ 105 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക രാഹുദശ. തുടര്‍ന്ന് വ്യാഴദശയില്‍ ജനനാദുപരി ലഭിച്ച വ്യാഴദശാകാലം കഴിച്ച് ബാക്കിയുള്ള 14 വര്‍ഷം 4 മാസം 9 ദിവസം 36 നാഴിക കൂടി ഇതില്‍ ചേര്‍ത്താല്‍ 120 വയസ്സായി. ഒരു പുരുഷായുസ്സ് തികഞ്ഞു. ഇങ്ങനെയാണ് നക്ഷത്രദശാകാലമുണ്ടാക്കി ദശാകാലം അറിയേണ്ടത്.
നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.